•|മാച് പ്രിവ്യു|• ബാഴ്‌സലോണ vs ലെഗാനെസ്
ലാലിഗ വീക് 23
ഇന്ന് രാത്രി 1:15 AM
🏟️കാമ്പ് നൗ
സോണി സിക്സ് , സോണി സിക്സ് HD ചാനലുകളിൽ തത്സമയം
ലാലിഗയിൽ ഇന്ന് ലെഗാനെസിനെ നേരിടുമ്പോൾ ടൈറ്റിൽ റേസിൽ നിലനിൽക്കുക എന്നതിനോടൊപ്പം പാരീസിലെ ആ രാത്രിയിൽ നിന്ന് ഒരു തിരിച്ചുവരവ് കൂടെ ലക്ഷ്യമിട്ടാകും ബാഴ്‌സ ടീം ഇറങ്ങുക. 4 ലാലിഗ മത്സരങ്ങൾക്കപ്പുറം പി എസ് ജി യുമായുള്ള രണ്ടാം പാദ മത്സരം ബാഴ്‌സയെ കാത്തിരിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവിന്റെ സമ്മർദ്ദം ലാലീഗയിൽ ടീമിന്റെ റിസൾട്ടുകളെ ബാധിച്ചുകൂടാ.
ഇന്നലത്തെ വിജയത്തോടുകൂടെ റയൽ മാഡ്രിഡ് ലീഡ് വർധിപ്പിച്ചതിനാൽ ലെഗാനെസ് മത്സരം ബാഴ്‌സയ്ക്ക് നിർണായകമാണ്. ഹോം മത്സരമാണെങ്കിൽ കൂടി അതിന്റേതായ പ്രാധാന്യം കൊടുത്തില്ലെങ്കിൽ ലെഗാനെസ് ബാഴ്‌സയുടെ ടൈറ്റിൽ പ്രതിഗീക്ഷകൾക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. ടീമിന്റെ ഇപ്പോഴത്തെ മനസികാവസ്ഥ മുതലെടുക്കാനായിരിക്കും ലെഗാനെസ് ലക്ഷ്യമിടുക. അതിനാൽ മത്സരത്തിനിടെ പ്രകോപനങ്ങൾക്കും മറ്റും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പാരീസ് മത്സരം ടീമിന്റെ പോരാട്ട വീര്യത്തെ വർധിപ്പിച്ചിട്ടേയുള്ളൂവെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണ്.
പി എസ് ജി മത്സരത്തിലെ ലൈനപ്പിനെ ചെറിയ മാറ്റങ്ങളോടെ ഇറക്കാനാണ് സാധ്യത. അന്നത്തെ തോൽവിയോട് ബാഴ്സ ഒരു ടീം എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും ഇന്ന് സാധിക്കും. സസ്പെൻഷൻ നേരിടുന്ന ബുസ്കെറ്റ്സിന് പകരം റാക്കിറ്റിച് മിഡ്ഫീൽഡിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. ഗോമസിന് പകരം ഡെനിസിനും അവസരം ലഭിച്ചേക്കാം.
മുറിവേറ്റ ബാഴ്‌സലോനയെ നേരിടാനെത്തുന്ന ലെഗാനെസ് പ്രതിരോധത്തിൽ ഊന്നിയ ഗെയിം പ്ലാൻ പുറത്തെടുക്കാനാണ് സാധ്യത. റെലെഗെഷൻ സോണിന് അടുത്തെത്തിയതിനാൽ കൂടുതൽ റിസ്ക് എടുക്കാൻ അവർ തയ്യാറാവില്ല എന്നുവേണം കരുതാൻ. എങ്കിലും ഒരു സമനില പോലും ബാഴ്‌സയുടെ നിലവിലെ സാഹചര്യം കൂടുതൽ വഷളാക്കുമെന്നതിനാൽ ടീമിന്റെ വിശ്വരൂപം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. സീസണിലെ തുടക്കത്തിൽ ലെഗാനെസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ നേടിയ ആധികാരിക വിജയം ബാഴ്‌സയ്ക്ക് പ്രചോദനം നൽകുന്ന ഘടകങ്ങളിലൊന്നാണ്.
പരീക്ഷണങ്ങളുടെ ഒരാഴ്ചയാണ് കടന്നുപോയത്. പരിഹാസങ്ങളും വിമർശനങ്ങളും ടീമിന് നേരിടേണ്ടി വന്നു. ഒരു രാത്രിയിലെ മോശം പ്രകടനം മുൻനിർത്തി വിധിയെഴുതേണ്ട ടീമല്ല ബാഴ്‌സ എന്ന് തെളിയിക്കാൻ ഈ മത്സരത്തിലും തുടർന്നുള്ള ലാലിഗ മത്സരങ്ങളിലും മികച്ച വിജയങ്ങൾ അനിവാര്യമാണ്. വിമർശനങ്ങൾക്കുള്ള മറുപടി ഇന്ന് ലൂച്ചോയും കൂട്ടരും നൽകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
©Penyadel Barca Kerala
