മാച്ച് റിവ്യൂ – അത്ലറ്റിക് ബിൽബാവോ 0 – 2 ബാഴ്‌സലോണ
ഗ്രാഷ്യസ് .. ഗ്രാഷ്യസ് ടെർ സ്റ്റീഗൻ.. സ്റ്റീഗന് ഒരു നന്ദി പറയാതെ ഇന്നലത്തെ മത്സരത്തെ കുറിച്ച് വിവരിക്കാനാകില്ല. ഗോൾ അടിച്ചവരും അസിസ്റ്റ് നൽകിയവരുമൊക്കെ ഉണ്ടെങ്കിലും കളിക്കളത്തിൽ ഉയർന്നു നിന്നത് ഈ ജർമ്മൻ വന്മതിൽ തന്നെ. പിന്നിൽ സ്റ്റീഗനും, മുന്നിൽ മെസ്സിയും നയിച്ചപ്പോൾ ശക്തമായ ഒരു എവേ മാച്ചിൽ ബാഴ്‌സക്ക് വിജയം. രണ്ടാം പകുതിയിൽ ടീം നിരാശപ്പെടുത്തിയെങ്കിലും അവസാനം നമുക്കെല്ലാം സന്തോഷമേകി വിലപ്പെട്ട മൂന്ന് പോയിന്റുകൾ. ലാലിഗയിൽ പത്തു മത്സരം പിന്നിടുമ്പോൾ തോൽവിയറിയാതെ ബാഴ്‌സ മുന്നോട്ട്.
ടീം ലൈൻ അപ്പ് കണ്ടപ്പോൾ നമ്മുടെ എല്ലാവരുടെയും നെറ്റി ചുളിഞ്ഞിരുന്നു. അത്ലെറ്റിയുമായുള്ള മുൻമത്സരത്തിലെന്ന പോലെ റോബെർട്ടോയും ഗോമസും ഒരുമിച്ചു ലൈൻ അപ്പിൽ ഇടം നേടിയപ്പോൾ, ഗോമസിനെ റൈറ്റ് വിങ്ങിൽ വീണ്ടും പരീക്ഷിക്കാൻ ശ്രമം നടത്തുമെന്ന് തോന്നി. അന്ന് പിഴച്ച ആ നീക്കം വീണ്ടും ഉപയോഗിക്കുമെന്ന ആശങ്ക എല്ലാവരിലും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് കൂടുതൽ മിഡ് ഫീൽഡർമാരെ ഉൾക്കൊള്ളിച്ചു 4 – 4 -2 ഫോർമേഷൻ ആണ് വൽവെർദേ തിരഞ്ഞെടുത്തത്. പ്രബലരായ ഒരു ടീമിനെതിരെ ശക്തമായ മധ്യനിര വേണമെന്ന തീരുമാനം തീർച്ചയായും മികച്ചതാണ്. നാല് പേർ അണിനിരന്ന മധ്യനിരയിൽ ഇടത് ഭാഗത്തായി ഗോമസും, മധ്യഭാഗത്തായി പൊളിഞ്ഞോയും അറ്റാക്കിങ് മിഡ് ആയും, റാക്കിറ്റിച് സെൻട്രൽ മിഡ് ഫീൽഡറായും ബുസി പതിവ് പോലെ ഡിഫെൻസിവ് മിഡ് ആയും രംഗത്തെത്തി. മുന്നേറ്റത്തിൽ മെസ്സിയും സുവാരസും ഇറങ്ങിയപ്പോൾ, പിൻനിരയിൽ മാറ്റങ്ങളൊന്നുമില്ലാതെ റോബർട്ടോ – പിക്വെ – ഉംറ്റിറ്റി – ആൽബ എന്നിവർ എത്തി.
താരതമ്യേന അധികം പരീക്ഷിക്കാത്ത ലൈൻ അപ്പ് ആയത് കൊണ്ടാകണം, ആദ്യ നിമിഷങ്ങളിൽ ടീം അതീവശ്രദ്ധയോടെയാണ് കളിച്ചത്. അനാവശ്യമായ നീക്കങ്ങൾക്ക് മുതിർന്നു പന്ത് നഷ്ട്ടപെടുത്താതിരിക്കാൻ ടീം ശ്രദ്ധിച്ചപ്പോൾ ആദ്യനിമിഷങ്ങളിൽ ചലങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല. ബാഴ്‌സയുടെ ഈ ആലസ്യം മുതലെടുത്തു ബിൽബാവോ ആക്രമിക്കാൻ തുനിഞ്ഞതോടെയാണ് ബാഴ്‌സ ഒന്ന് ഉണർന്നത്. തുടരെ രണ്ട് സുവർണ്ണാവസരങ്ങൾ സൃഷ്ട്ടിച്ച അവർ ബാഴ്‌സയെ ഞെട്ടിച്ചു. അതിൽ പതിനെട്ടാം നിമിഷം അടൂരിസ് ടെർ സ്റ്റീഗനുമായി മുഖാമുഖം വന്നെങ്കിലും സ്റ്റീഗന്റെ അസാമാന്യ സേവ് ആണ് ബാഴ്‌സയെ രക്ഷിച്ചത്. മടിച്ചു നിന്നാൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ബാഴ്‌സയും പ്രത്യാക്രമണത്തിന് മുതിർന്നപ്പോൾ ബിൽബാവോ ബാക് ഫൂട്ടിലായി. കളിയിലെ ആദ്യ സുവർണാവസരം വന്നത് ഇരുപത് മിനിറ്റുകൾക്ക് ശേഷമാണ്. മെസ്സി – പൊളിഞ്ഞോ കോംബോ നടത്തിയ നീക്കത്തിനൊടുവിൽ മെസ്സി കീപ്പറെയും മറികടന്നെങ്കിലും പന്ത് പോസ്റ്റിൽ തട്ടി മടങ്ങി. സീസണിൽ മെസ്സിയുടെ പത്താമത്തെ ഷോട്ടാണ് ഇത്തരത്തിൽ പോസ്റ്റിൽ തട്ടി മടങ്ങിയത്. പിന്നെയും ആക്രമണങ്ങൾ തുടർന്ന ബാഴ്‌സക്ക് അർഹിച്ച ഗോൾ വന്നത് മുപ്പത്തിയാറാം മിനിറ്റിലാണ്. ഇത്തവണയും മെസ്സി – പൊളിഞ്ഞോ – ആൽബ – മെസ്സി കോമ്പിനേഷൻ ആണ് ബാഴ്‌സക്ക് തുണയായത്. മധ്യനിരക്കടുത്തു നിന്നും ലഭിച്ച പന്ത് മെസ്സി ബോക്‌സിന് വെളിയിൽ നിൽക്കുകയായിരുന്ന പൊളിഞ്ഞോക്ക് നൽകി ഒരു റൺ ആരംഭിച്ചു. അത് അതേപടി മെസ്സിക്ക് പൊളിഞ്ഞോ തിരികെ നൽകി. ഓടിക്കയറുകയായിരുന്ന മെസ്സി അത് ഇടതു വിങ്ങിൽ കയറി വരികയായിരുന്ന ആൽബക്ക് ഒരു പാസ് നൽകി. ഓടിയെത്തിയ ആൽബ, അത് ബോക്സിലേക്ക് ഓടിയെത്തിയ മെസ്സിക്ക് തന്നെ നൽകിയപ്പോൾ മെസ്സിയുടെ ഒരു അടിപൊളി ഫിനിഷിങ്. കഴിഞ്ഞ സീസണിലെ എൽ ക്ലസിക്കോയിലെ അവസാന നിമിഷത്തിലെ ഗോളിനെ അനുസ്മരിപ്പിക്കുന്ന ഒരു ഗോൾ. അതിനു ശേഷം പൊളിഞ്ഞോയുടെ ഒരു ശ്രമം ക്രോസ്സ് ബാർ വിഫലമാക്കുന്നതു കണ്ടിട്ടാണ് ഇടവേളക്ക് പിരിഞ്ഞത്.
ആദ്യ പകുതിയിലെ മികച്ച പ്രകടനം രണ്ടാം പകുതിയിലും കാണുമെന്നു പ്രത്യാശിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ആദ്യ പകുതിയിൽ നിന്നും വിഭിന്നമായി ഒത്തിണക്കം ഇല്ലാത്ത ടീമിനെയാണ് കളത്തിൽ കണ്ടത്. തുടർച്ചയായി അഞ്ച് പാസുകൾ കാണാനാകില്ല, അതിന് മുൻപേ അനാവശ്യമായ രീതിയിൽ പന്ത് നഷ്ടപ്പെടുത്തും. ബാഴ്‌സയിലെ എല്ലാവരും തന്നെ ശരാശരിയിലും താഴ്ന്നപ്പോൾ ബിൽബാവോ ആ അവസരം പൂർണ്ണമായും മുതലെടുക്കാൻ തുടങ്ങി. ഇടതടവില്ലാതെ അവർ അറ്റാക്ക് നടത്തിയപ്പോൾ ബാഴ്‌സ ശരിക്കും പ്രതിരോധത്തിലായി. അടൂരിസും ഇനാക്കി വില്യംസും തുടരെ ബാഴ്‌സ ഗോൾ പോസ്റ്റ് റെയ്ഡ് ചെയ്തപ്പോൾ പലപ്പോഴും രക്ഷകനായത് ടെർ സ്റ്റീഗനാണ്. അവരുടെ എണ്ണം പറഞ്ഞ ഒരു പിടി അവസരങ്ങൾ പോസ്റ്റിന് മുന്നിൽ വന്മതിലായി നിലയുറപ്പിച്ച സ്റ്റീഗന് മുന്നിൽ മാത്രമാണ് അടിയറവ് പറഞ്ഞത്. ഒരിക്കൽ സ്റ്റീഗനും പരാജിതനായപ്പോൾ ക്രോസ് ബാറാണ് ബാഴ്‌സയെ രക്ഷിച്ചത്. സാധാരണഗതിയിൽ ഇത്തരം അവസരങ്ങളിൽ തിരിച്ചടിക്കാൻ ശ്രമിച്ചു കൊണ്ട് ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വരുന്നതാണ് രീതിയെങ്കിലും ഇന്നലെ പക്ഷെ ടീം ടൈം വേസ്റ്റ് ചെയ്‌തു കൊണ്ട് വിജയത്തിലേക്കെത്താൻ ആണ് ശ്രമിച്ചത്. ബാഴ്‌സയെ കൂടുതൽ പ്രധിരോധത്തിലാക്കുകയാണ് സത്യത്തിൽ ഈ രീതികൊണ്ട് ഉണ്ടായത്. അവസാന നിമിഷങ്ങളിൽ പലതവണ ബിൽബാവോ സമനിലക്ക് അടുത്ത് എത്തിയെങ്കിലും ഭാഗ്യവും സ്റ്റീഗനും തുണയായി. മത്സരം അവസാനിക്കാൻ ഒരു നിമിഷം മാത്രം ബാക്കി നിൽക്കെ ബാഴ്‌സ ആരംഭിച്ച കൗണ്ടർ അറ്റാക്ക് രണ്ടാം ഗോൾ നേടാനും ഈ മത്സരം വരുതിയിലാക്കാനും ബാഴ്‌സയെ സഹായിച്ചു. പിൻനിരയിൽ നിന്നും വന്ന പാസ് മധ്യനിരയിൽ മെസ്സിക്ക് ലഭിക്കുമ്പോൾ ബിൽബാവോ പ്രതിരോധത്തിൽ രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളൂ. ഇടതു വശത്തു സുവാരസും വലത് വശത്തു പൊളിഞ്ഞോയും ചേർന്ന് മെസ്സിയോടൊപ്പം ബിൽബാവോ ബോക്സിലേക്ക് കുതിച്ചെത്തി. ഇടതു വശത്തു മികച്ച പൊസിഷനിൽ നിന്ന സുവാരസിന് മെസ്സി പന്ത് കൈമാറി. സുവാരസിന്റെ ഷോട്ട് കീപ്പർ ആയാസപ്പെട്ട് തടഞ്ഞെങ്കിലും പന്ത് ചെന്നെത്തിയത് പൊളിഞ്ഞോയുടെ കാൽക്കീഴിലേക്കായിരുന്നു. അനായാസമായ ഒരു ഗോളിലൂടെ പൊളിഞ്ഞോ ഈ മത്സരം ബാഴ്‌സയുടെ പേരിലേക്കെഴുതി.
ആദ്യമേ പറഞ്ഞത് പോലെ ഇന്നത്തെ മത്സരത്തിന് ഇണങ്ങുന്ന ലൈൻ അപ്പ്. നമ്മുടെ സ്ഥിരം രീതിയല്ലെങ്കിലും ശക്തരായ എതിരാളികളോട് അവരുടെ തട്ടകത്തിൽ ഇറങ്ങുമ്പോൾ ഇത്തരം ലൈൻ അപ്പ് നല്ലതാണ്.അതിന്റെ ഗുണം ഇന്ന് കാണാനുമുണ്ടായിരുന്നു.ശക്തമായ മധ്യനിര, ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ സഹായിക്കാൻ കഴിയുന്ന ഒരു പറ്റം മിഡ് ഫീൽഡർമാർ ഉള്ള ബാഴ്‌സയ്ക്ക് എവേ മത്സരങ്ങളിൽ മുതൽക്കൂട്ടാണ്. അതിന്റെ ഫലമാണ് രണ്ട് ഗോളുകളും. ആദ്യ പകുതി നമ്മളെയെല്ലാം തൃപ്തരാക്കിയെങ്കിലും രണ്ടാം പകുതി അമ്പേ നിരാശപ്പെടുത്തി. കേവലം പതിനഞ്ച് നിമിഷത്തിന്റെ ഇടവേളക്ക് ശേഷം വന്ന ടീം ആദ്യ പകുതിയിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. നന്നായി കളിച്ച ബിൽബാവോ, ബാഴ്‌സ കളിക്കാരുടെ മാനസികമായ ഐക്യം തകർത്തപ്പോൾ ബാഴ്‌സ ടൈം വേസ്റ്റിങ് രീതിയാണ് പരീക്ഷിച്ചത്. നമുക്ക് പരിചിതമല്ലാത്ത ഈ രീതി ബാഴ്‌സയെ കൂടുതൽ അപകടത്തിലാക്കുകയാണ് ചെയ്തത്. ഒരു ഗോളിന്റെ നേരിയ ആനുകൂല്യത്തിൽ തൂങ്ങി മത്സരം പൂർത്തിയാകുക എന്നത് ഒരു ഞാണിന്മേൽ കളി പോലെയാണ്. ഏതു നിമിഷം വേണമെങ്കിലും ഒരു ഗോൾ വഴങ്ങാം. കളിയുടെ അവസാന നിമിഷങ്ങളിൽ എങ്ങാനും ഒരെണ്ണം തിരികെ നമ്മുടെ പോസ്റ്റിലേക്ക് വന്നാൽ തീർന്നു. ഭാഗ്യവും സ്റ്റീഗനും തുണച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഇന്ന് ബാഴ്‌സയുടെ സ്ഥിതിയും ഇതാകുമായിരുന്നു.
കളിക്കാർ ഒട്ടുമിക്കവരും ഇന്ന് പ്രതീക്ഷക്കൊത്തു തന്നെ കളിച്ചിരുന്നു. അപവാദമെന്ന് പറയാനാവുക ഗോമസിന്റെയും റാക്കിയുടെയും സുവാരേസിന്റെയും പ്രകടനമാണ്. എങ്കിലും മൂവരും കുഴപ്പമില്ലാതെ കളിച്ചിരുന്നു. മുൻമത്സരങ്ങളിൽ നിന്നും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. മെസ്സി എന്നത്തേയും പോലെ മികവിൽ തന്നെ . എങ്കിലും രണ്ടാം പകുതിയിൽ എല്ലാവരെയും പോലെ അദ്ദേഹവും താഴെ പോയി. മെസ്സിക്കും മുകളിലാണ് ടെർ സ്റ്റീഗന്റെ റേറ്റിംഗ്, നിലവിൽ ലോകത്തു ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച കീപ്പർമാരുടെ ഗണത്തിലേക്ക് അദ്ദേഹവും ഉയർന്നു വന്നിട്ടുണ്ട്. ഈ പ്രകടനം തുടരുക. മധ്യനിരയിൽ പൊളിഞ്ഞോ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സാധാരണ മിഡ് ഫീൽഡറിൽ നിന്നും ബാഴ്‌സ രീതിയിലേക്ക് കൂടുതൽ ഇണങ്ങിച്ചേരാൻ അദ്ദേഹത്തിനായിട്ടുണ്ട്. മികച്ച പാസിംഗ്. മെസ്സിയും പൊളിഞ്ഞോയും തമ്മിലുള്ള കോമ്പിനേഷൻ സീസണിന്റെ തുടക്കത്തിൽ തന്നെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട് . ഇന്നലെയും അത്തരത്തിൽ ഒരുപിടി മികച്ച നീക്കങ്ങൾ ഉണ്ടായിരുന്നു.ആദ്യ ഗോൾ അത്തരത്തിൽ വന്നതാണ്. അർഹിച്ച അംഗീകാരം പോലെ ഒരു ഗോളും. ബുസ്കെറ്റ്സ് തന്റെ സാധാരണ ഗതിയിലുള്ള കളിയാണ് പുറത്തെടുത്തത്. ഇനിയേസ്റ്റയുടെ അഭാവം ബുസ്കെറ്റ്സിന്റെ കളിയിൽ കാണാമായിരുന്നു.
ഉംറ്റിറ്റി പ്രതിരോധത്തിൽ വന്മതിൽ സൃഷ്ടിച്ചപ്പോൾ പിക്വെ ശരാശരി പ്രകടനമാണ്.സമീപകാലത്തു ഫോം ഔട്ട് ആയ പിക്വെ , ഇനിയും തന്റെ ഫോമിലേക്കെത്തിയിട്ടില്ല. ബെഞ്ചിലിരിക്കുന്ന മാഷെ പിക്വെക്ക് ഒരു ഭീഷണിയാണ്.റോബർട്ടോ മികച്ച രീതിയിൽ റൈറ്റ് വിങ് നല്ല രീതിയിൽ ശ്രദ്ധിച്ചു. പ്രതിരോധത്തിൽ പാളിയെങ്കിലും ഇടത് വിങ്ങിൽ ആക്രമണത്തിൽ ആൽബ നല്ലൊരു പങ്ക് വഹിച്ചു. ആൽബ – മെസ്സി കൂട്ടുകെട്ടിന്റെ മറ്റൊരു മികച്ച ഗോളിനാണ് ഇന്നലെ നമ്മൾ സാക്ഷ്യം വഹിച്ചത്. മൂന്ന് പോയിന്റ്, അതായിരുന്നു ലക്ഷ്യം. ശക്തരായ എതിരാളികളോട് എവേ മത്സരത്തിൽ വിജയിക്കാനായത് തീർച്ചയായും വലിയ ഉണർവ്വാണ് നൽകുന്നത്. മുൻവർഷങ്ങളിൽ ഇത്തരം മത്സരങ്ങളിൽ നഷ്ടപ്പെടുത്തിയ പോയിന്റുകൾ ആണ് കിരീടം ബാഴ്‌സയിൽ നിന്നും തട്ടിയകറ്റിയത്. ഇത്തരം കഠിനമായ മത്സരങ്ങളിൽ മികച്ച ലൈൻ അപ്പിനെ രംഗത്തിറക്കി നല്ല രീതിയിൽ കളിച്ചാൽ ലീഗിൽ ഇപ്പോൾ തുടരുന്ന മേധാവിത്വം കൂടുതൽ കാലം നീണ്ട് നിൽക്കും.കളിക്കാരുടെ ആത്മവിശ്വാസം ഉയർത്തുകയും വലിയ മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനവും കാണാനാകും. ഇന്നലത്തെ വിജയം ടീമിന്റെ മൊത്തം ആത്മവിശ്വാസം ഉയർത്തുമെന്നും വരും മത്സരങ്ങളിൽ അതിന്റെ ഗുണങ്ങളും കാണാനാകും എന്ന് പ്രതീക്ഷിക്കുന്നു.
©Penyadel Barca Kerala