• Follow

“ബെർലിൻ അതിശയകരമായ മുഹൂർത്തം തന്നെയായിരുന്നു”- ടെർ സ്റ്റേഗൻ.

  • Posted On April 19, 2020

ആരാധകരിൽ നിന്നുള്ള ചില മികച്ച ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളുമൊക്കെയായി Cupra യുടെ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിൽ ബാഴ്‌സ കീപ്പർ ടെർ സ്റ്റേഗൻ പങ്കെടുക്കുന്നു!

ലോക്ക്ഡൗൺ:-

നിലവിലെ സാഹചര്യം മെച്ചപ്പെടാൻ നമ്മളെല്ലാവരും പരമാവധി ശ്രമിക്കേണ്ടതുണ്ട്. നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. ളരെയധികം സ്വാതന്ത്ര്യമുള്ളപ്പോൾ നിങ്ങൾക്ക്‌ കാര്യങ്ങളുടെ മൂല്യമറിയാൻ കഴിയില്ല. വീട്ടിലായിരിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പാചകം ചെയ്യുക എന്നിങ്ങനെ ലളിതവും എന്നാൽ ഒഴിച്ചുകൂടാനാവത്തതുമായ പലതിന്റേയും വിലയറിയാൻ ഈ ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചു.

വ്യക്തിപരമായ ഇഷ്ടങ്ങൾ:-

എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിലൊന്ന് ബ്രെഡും തക്കാളിയുമാണ്‌. സംഗതി സിമ്പിൾ ആണെങ്കിലും വളരേ നല്ലതാണ്‌‌ കേട്ടോ. പിന്നെ വിൽ സ്മിത്തിന്റെ സിനിമകൾ കാണാൻ‌ ഭയങ്കര ഇഷ്ടമാണ്. ലുക്കാസ്‌ ഗ്രഹാമിന്റെ പാട്ടുകൾ എനിക്ക്‌ ഒരുപാടിഷ്‌ടമാണ്‌. കാറോടിക്കുമ്പോഴെക്കെ ഞാനത്‌ കേൾക്കാറുണ്ട്‌. കാരണം ഡ്രൈവ്‌ ചെയ്യുമ്പോൾ മനസ്സിനെ ശാന്തമാക്കുന്ന മ്യൂസിക്‌ കേൾക്കാനാണെനിക്കിഷ്ടം.കാറുകളുടെ കാര്യത്തിൽ ലിയോൺ (ഒരു സ്പാനിഷ്‌ കാർ) ഒരുപാടിഷ്ട്മാണ്‌. പിന്നെ ഫോർമെന്ററിന്റെ (Cupra കമ്പനിയുടെ പുതിയ SUV ) വ്യത്യസ്തമായ ആ സ്റ്റൈലും. ഭാര്യക്കൊപ്പം മണി ഹീസ്റ്റ്‌ സീരീസ്‌ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്‌ ഞാൻ. അവൾ മുമ്പ്‌ കണ്ടിട്ടില്ല. സംഗതി അടിപൊളി ആണ്‌.!

റോൾ മോഡൽ:-

എന്റെ ഭാര്യ എനിക്ക്‌ വളരെയധികം പ്രചോദനം നൽകുന്നുണ്ട്‌. കാരണം, ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെയധികം ആസ്വദിച്ചാണവൾ ചെയ്യാറുള്ളത്‌.

Perfectionist:- (പരിപൂർണ്ണതാവാദി)

ഞാൻ എന്നെ ഒരു പെർഫെക്ഷനിസ്റ്റ്‌ എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. സത്യത്തിൽ, എന്നെത്തന്നെ വിശേഷിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണത്.

മികച്ച ദിനം:-

തോന്നുമ്പോൾ എണീക്കുക. എന്റെ മകനെ റെഡിയാക്കാനുണ്ടാകും. അവൻ ഉള്ളത്‌ കൊണ്ട്‌ എപ്പോഴും തിരക്കാണ്‌. ബ്രേക്ക്ഫാസ്റ്റ്‌ കഴിഞ്ഞ്‌ ഒരു കോഫി, അൽപം വ്യായാമം, ഉച്ചഭക്ഷണം എന്നിവ കഴിഞ്ഞ്‌ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. കുട്ടികളൊക്കെ ഉറങ്ങിയ ശേഷം മണി ഹീസ്റ്റ്‌ പോലുള്ള സീരീസ്‌ കണ്ടിരിക്കും.

കോഫിയോടുള്ള പ്രേമം:-

ഞാൻ എന്റെ ടീമംഗങ്ങൾക്കാർക്കും ഇത്‌ വരെ കോഫിയുണ്ടാക്കി കൊടുത്തിട്ടില്ല. പക്ഷെ സിയുറ്റാറ്റ്‌ എസ്പോർട്ടീവയിലെ (ബാർസ്സയുടെ ട്രെയിനിംഗ്‌ ഗ്രൗണ്ട്‌) ആ കോഫി മെഷീനിൽ ഞാനത്ര തൃപ്തനല്ല. ബാഴ്സലോണയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ഗ്രാഷ്യ (ഒരു സ്റ്റ്രീറ്റ്‌) ആണ്‌. അവിടെ അടിപൊളി കോഫി കിട്ടുന്ന ഒരുപാട്‌ സ്ഥലങ്ങളുണ്ട്‌.

ഓർത്തുവെക്കുന്ന മൽസരങ്ങൾ:-

ബെർലിനിലെ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ (2015) ആണ്‌ ഒരു ഫുട്ബോളർ എന്ന നിലയിൽ ഞാൻ ഏറ്റവും കുടുതൽ ആസ്വദിച്ച മാന്ത്രിക നിമിഷം. എന്റെ പ്രൊഫഷണൽ കരിയർ ഞാൻ അരങ്ങേറിയത്‌ കോൾ ക്ലബ്ബിനെതിരെ മോൻഷെൻഗ്ലാഡ്ബാക്കിനു വേണ്ടിയാണ്‌. അത്‌ വേറിട്ടൊരു അനുഭവമായിരുന്നു. പക്ഷെ മൈതാനത്ത്‌ ആയിരിക്കുന്ന സമയങ്ങളിലെല്ലാം ഏത്‌ മൽസരമാണെങ്കിലും ഞാനത്‌ ആസ്വദിക്കാറുണ്ട്‌.

ഗോൾകീപ്പർമാർക്കുള്ള നിർദ്ദേശങ്ങൾ:-

എങ്ങനെ പരിശീലിക്കണമെന്ന് എല്ലാവർക്കും അറിയാം, പക്ഷേ പ്രധാന കാര്യം പിച്ചിൽ ആസ്വദിച്ചു പരിശീലിക്കുക എന്നതാണ്. നിങ്ങൾ എന്ത്‌ ചെയ്യുമ്പോഴും അത്‌ ആസ്വദിക്കണം. നിങ്ങൾക്ക് ലഭിച്ച ചെറിയതുമായി ഒരിക്കലും തൃപ്തിപ്പെടരുത്‌; എപ്പോഴും വലിയതിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കണം.

പരിശീലനം:-

ലോക്ക്ഡൗൺ കാലത്ത്‌ എപ്പോഴും ആരോഗ്യത്തോടെയിരിക്കണം. വ്യായാമം ഒരു ദിനചര്യയാക്കണം. ചില ദിവസങളിൽ വിശ്രമിക്കുക എന്നതും പ്രധാനമാണ്. എന്റെ സ്പോൺസർമാരിലൊരാൾ നിർമ്മിച്ച ഫ്രീലറ്റിക്സ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഞാൻ ഒരുപാട്‌ വ്യായാമങ്ങൾ ചെയ്യുന്നുണ്ട്‌. മതിലിലേക്ക്‌ പന്തടിച്ച്‌ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്‌. കൈ കൊണ്ടും കാലു കൊണ്ടും ഞാനങ്ങനെ ചെയ്യാറുണ്ട്‌. നമ്മുടെ കഴിവ്‌ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടാൻ അത്‌ സഹായിക്കുന്നു. പക്ഷെ ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

Content and image courtesy www.fcbarcelona.com
Translation ©www.culesofkerala.com