• Follow

ബ്രെത്‌വെറ്റിന്റെ ഐസൊലേഷൻ കാലത്തെ അനുഭവങ്ങൾ

  • Posted On March 28, 2020

ബ്രെത്‌വെറ്റ്‌: “ശരിക്കും ഒരു സിനിമ പോലെ തോന്നുന്നു. പക്ഷെ എനിക്കുറപ്പുണ്ട്‌, നമ്മൾ ഇത്‌ അതിജീവിക്കുക തന്നെ ചെയ്യും.”

എഫ്‌. സി. ബാഴ്സലോണയുടെ യൂറ്റൂബ്‌ ചാനലിലെ ഒരു ലൈവ്‌ ചാറ്റ്‌ സെഷനിൽ, ഈ ഐസൊലേഷൻ കാലത്തെ അനുഭവങ്ങൾ എങ്ങനെയൊക്കെയാണെന്ന് , ഡാനിഷ് സ്ട്രൈക്കർ ബ്രെത്‌വെറ്റ് വിശദീകരിക്കുന്നു. ഈ കാലയളവ്‌ ബുദ്ധിമുട്ടാണെങ്കിലും, “ഇഷ്ടപ്പെടുന്ന ആളുകളുമായി സമയം ചിലവഴിക്കാൻ കഴിയുന്നത് ഒരാശ്വാസമാണ് ” എന്ന് താരം അഭിപ്രായപ്പെട്ടു. ശേഷം അദ്ദേഹം നിരവധി ചോദ്യങ്ങൾക്ക്‌ തൽസമയം തന്നെ ഉത്തരം നൽകി.
വീട്ടിലെ ദിനചര്യ

“നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ ചുറ്റുമുള്ളത് ഈയൊരു അവസ്ഥയെ ഞാൻ വിചാരിച്ചതിലും എളുപ്പമാക്കുന്നു. തീർച്ചയായും ട്രൈയിനിംഗ്‌ ന്‌ പോകാൻ ആഗ്രഹിക്കുന്നുണ്ട്‌. പക്ഷെ ഞാൻ വീട്ടിൽതന്നെ ട്രെയിൻ ചെയ്യുന്നുണ്ട്. എന്റെ ഈ ദിനചര്യ നഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്‌. രാവിലെ 8.00 മണിയോടെ എഴുന്നേറ്റു, പ്രഭാതഭക്ഷണം കഴിച്ച് എന്തെങ്കിലുമൊക്കെ വായിക്കും അല്ലെങ്കിൽ ഒരു വീഡിയോ കാണും . രാവിലെ 9.30 ഓടെ ഞാൻ പരിശീലനം ആരംഭിക്കും. ഉച്ചയ്ക്ക് 12.00 ഓടെ എനിക്ക് ഒരു ചെറിയ ലഘുഭക്ഷണം. പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. 2.00 മണിക്ക്‌ ഞങ്ങളെല്ലാരും ചേർന്ന് ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് എന്തെങ്കിലുമൊക്കെ നേരമ്പോക്കുകളിൽ ഏർപ്പെടുന്നു”

കുടുംബത്തോടോപ്പമുള്ള സാഹചര്യം:-

“കുടുംബം സന്തോഷമായിരിക്കുന്നു. എല്ലാവരും ആഹ്ലാദത്തിലാണ്‌. എന്റെ ഭാര്യ ഗർഭിണിയാണ്, അതിനാൽ ഒരർഥത്തിൽ ഇങ്ങനൊരു അവസ്ഥ ഉണ്ടായത് എന്നെ സംബന്ധിച്ചിടത്തോളം മികച്ചൊരു മുഹൂർത്തത്തിലാണ്‌. പ്രസവത്തിന്‌ ഇനി നാല് ആഴ്ച കൂടിയുണ്ട്‌, അത്‌ കൊണ്ട്‌ തന്നെ മാഡ്രിഡിൽ അവളോടൊപ്പം ഞാൻ ഉണ്ടായിരിക്കുമെന്നതിൽ അവൾക്ക്‌ അതിയായ സന്തോഷവുമുണ്ട്‌. കുട്ടികളോടൊപ്പം ഞങ്ങൾ ഗാർഡനിൽ കളിക്കുന്നു, ഒരുമിച്ച്‌ സിനിമ കാണുന്നു, ഞങ്ങൾക്ക് സന്തോഷകരമായ സമയം തന്നെയാണിത്‌. കുട്ടികളിൽ രണ്ടാൾ ഫുട്ബോൾ കളിക്കും, മൂത്തയാൾ പിയാനോ വായിക്കും, ഇപ്പോൾ അവന്‌ പരിശീലനത്തിന് ധാരാളം സമയം കിട്ടുന്നുണ്ട്‌. ഈയൊരു കാര്യത്തിൽ അവൻ എന്നെക്കാൾ മികച്ചവനാണ്. ഇതിന്റെയെല്ലം അനുകൂലമായ വശങ്ങൾ കണ്ടെത്താൻ ആണ്‌ ഞാൻ ശ്രമിക്കുന്നത്‌. ഇത് ഇനിയും നീണ്ട്‌ പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ, ഞാനിതിനെ ഓരോദിവസവും അങ്ങനെയാണ്‌ കാണുന്നത്‌‌.”

വീട്ടിലെ ട്രെയിനിംഗ്‌

“ക്ലബ്ബിൽ പരിശീലിക്കാൻ കഴിയാതായ അന്ന് മുതൽ തന്നെ ഞാൻ വീട്ടിൽ ട്രെയിനിംഗ്‌ തുടങ്ങിയിട്ടുണ്ട്‌. വീക്‌-എൻഡിൽ മൽസരങ്ങൾ ഒന്നും ഇല്ലാത്തത്‌ കൊണ്ട്‌ സാധാരണ ദിനങ്ങളിലെക്കാൾ തീവ്രമായി ട്രെയിൻ ചെയ്യുന്നുണ്ട്‌‌. എനിക്കു തോന്നുന്നു, എന്റെ സാധാരണ ദിവസത്തേക്കാൾ കൂടുതൽ ഞാൻ ട്രെയിൻ ചെയ്യുന്നുണ്ടെന്ന്. കാരണം, നമ്മൾ ഒറ്റക്ക്‌ ചെയുമ്പോൾ, ടീം അംഗങളോടൊപ്പം ചെയ്യുന്നതിനേക്കാൾ കൂടുതൽ നന്നായി പരിശീലിക്കാൻ ആവുമെന്ന് തോന്നുന്നു. ഒരുപാട്‌ വീഡിയോസ്‌ കാണാനും, അതുവഴി ടീമുകളെ പഠിക്കാനുമൊക്കെ സമയമുണ്ട്‌. ഞാനത്‌ എല്ലാ ദിവസവും ചെയ്യുന്നുമുണ്ട്‌”

“ഞങ്ങൾക്ക് വളരെ മികച്ചൊരു കോച്ചിംഗ് സ്റ്റാഫ് ഉണ്ട്. അന്റോണിയോയിൽ നിന്ന് കിട്ടുന്ന ടീമിന്റെ നിർദ്ദേശങ്ങൾ പിന്തുടരാൻ ഞാൻ ശ്രമിക്കുന്നുണ്ട്‌. അദ്ദേഹത്തിന് ഫോട്ടോകളും വീഡിയോകളും അയയ്ക്കുന്നുമുണ്ട്‌. അതിനാൽ ഞാൻ പരിശീലിക്കുന്നുണ്ടെന്നതിൽ അദ്ധേഹത്തിന്‌ സംശയമൊന്നുമുണ്ടാവില്ല. എന്റെ ഡയറ്റ്‌ വിചാരിച്ചതിലും മികച്ച രീതിയിൽ പോകുന്നുണ്ട്‌. ഭാര്യ വളരെ നന്നായി പാചകം ചെയ്യുന്നത്‌ കൊണ്ടും എനിക്ക് ആവശ്യമുള്ളത് കൃത്യമായി കഴിക്കാമെന്നതു കൊണ്ടും അക്കാര്യത്തിലും ഞാൻ ഭാഗ്യവാനാണ്. സത്യം പറയാമല്ലോ, ഇതെല്ലാം ആരംഭിച്ചതുമുതൽ എനിക്ക് തൂക്കം കുറഞ്ഞിട്ടുണ്ട്‌!”

ഭാവി

“ഇതിനെക്കുറിച്ച് വിലയിരുത്തുകയാണെങ്കിൽ, ഇത്‌ വളരെ വിചിത്രമായൊരു അനുഭവമാണ്‌‌. ശരിക്കും ഒരു സിനിമ പോലെ. ഇതെല്ലാം അവസാനിക്കുമ്പോൾ, അത്‌ തീർത്തും മനോഹരമായിരിക്കും. ഞങ്ങൾ വീണ്ടും കളിക്കുന്നതിന്‌ വേണ്ടി കാത്തിരിക്കുന്നു. ഏറ്റവും മിസ്‌ ചെയുന്നത്‌ എന്താണെന്നോ? മൈതാനത്ത്‌ ആയിരിക്കുന്ന ,ഒരു ഫുട്ബോൾ കളിക്കാരൻ ആണെന്ന് തോന്നുന്ന സമയം തന്നെ. ”

ഉപദേശം

“സിനിമയാണെങ്കിൽ… ഞാൻ ഡികാപ്രിയോയുടെ ഇൻസെപ്ഷൻ റെക്കമന്റ്‌ ചെയ്യുന്നു. അല്ലെങ്കിൽ ജോ ബ്ലാക്ക്‌ അറിയാമോ..,? അത്‌ നിങ്ങളെ ജീവിതത്തെ കുറിച്ച്‌ ചിന്തിക്കാൻ പ്രേരിപ്പിക്കും. കുട്ടികൾക്കാണെങ്കിൽ… ആഹ്‌, ഞങളിന്നലെ ടോയ്‌ സ്റ്റോറി 4 കണ്ടു. വല്യ മോശമല്ല. സീരീസ്‌ ആണെങ്കിൽ, ഒരു ഡാനിഷുകാരൻ എന്ന നിലയിൽ വിക്കിങ്ങ്സ്‌ നെ ഞാൻ നിർദ്ദേശിക്കുന്നു. പുസ്തകമാണെങ്കിൽ, ഇപ്പോൾ ഞാൻ ‘ദ പെർഫക്റ്റ്‌ റീഡർ’ ആണ്‌ വായിക്കുന്നത്‌. പത്തു പുസ്തകം വായിക്കുന്നത്‌ പോലെയാണ്‌ അത്‌. വായിക്കുക എന്നത്‌ ഞാനേറെ ഇഷ്ടപ്പെടുന്ന കാര്യമാണ്‌. അത്‌ നമുക്ക്‌ അറിവ്‌ മാത്രമല്ല, നിങ്ങളെ തന്നെ അറിയാൻ സമയവും നൽകുന്നു”

©culesofkerala