• Follow

എൽ നിനോ – ദി ലെജെന്‍റെ

  • Posted On June 21, 2019

ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രബലരായ ടീം ആരായിരുന്നു എന്ന് ചോദിക്കുകയാണെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ ലഭിക്കുന്ന ഉത്തരം പെപ് ഗ്വാര്‍ഡിയോളയുടെ ബാഴ്സലോണ എന്നാകും. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറിയ അവർ ആ കാലഘട്ടത്തിലെ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ബാഴ്‌സയോട് അടിയറവു പറഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഐതിഹാസിക കോച്ച് സർ അലക്സ് ഫെർഗൂസൻ അത് പലതവണ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. ബാഴ്‌സയുടെ മുന്നേറ്റം ലോകം അവിശ്വസനീയതയോടെ നോക്കിനിന്ന നാളുകളിലും പക്ഷെ ബാഴ്‌സ കരഞ്ഞിട്ടുണ്ട്. ഏറ്റവും വേദന നിറഞ്ഞ നാളുകൾ ഒരു പക്ഷെ 2012 സീസണിലെതാകും. വെംബ്ലിയിലെ വിജയത്തിന് ശേഷം തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു ബാഴ്‌സ പക്ഷെ ഒരു കളിക്കാരന് മുൻപിൽ അടിയറവ് പറഞു. അതും സ്വന്തം മൈതാനത്ത്, സ്വന്തം ആരാധകരുടെ മുൻപിൽ, കളിയുടെ അന്ത്യ നിമിഷങ്ങളിൽ. കളിയിൽ പകരക്കാരനായി കളത്തിലെത്തി അവസാന നിമിഷത്തിലെ ഗോളിൽ ബാഴ്‌സയുടെ ഫൈനൽ പ്രവേശനം തച്ചുടച്ച അയാളുടെ പേര് ഒരു ബാഴ്‌സ ആരാധകനും മറക്കാനിടയില്ല. സ്വാഭാവികമായും വിദ്വെഷം തോന്നേണ്ട ആ കളിക്കാരൻ പക്ഷെ ബാഴ്‌സ ആരാധകർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കാലൂന്നിയ തട്ടകങ്ങളിൽ എല്ലാം തന്റേതായ പാദമുദ്ര പാകിയ ആ കളിക്കാരന്റെ പേര് ഫെർണാണ്ടോ ഹോസെ ടോറസ് സാൻസ് അഥവാ ഫെർണാണ്ടോ ടോറസ്.!!!

1995 ൽ, തന്റെ പതിനൊന്നാം വയസ്സിൽ അത്ലറ്റികോ മാഡ്രിഡിന്റെ പടികടന്നെത്തിയ ടോറസ് ഒരു വലിയ പ്രയാണം അവിടെ ആരംഭിക്കുകയായിരുന്നു. ഏഴ് വർഷം നീണ്ട അത്ലറ്റികോ മാഡ്രിഡ്‌ യൂത്ത് ടീമിലെ പ്രകടനത്തിന് ശേഷം സീനിയർ ടീമിലേക്ക് വിളിയെത്തി. മൂന്നാം മില്ലേനിയം ആരംഭത്തോടെ ലോകത്തിനു ലഭിച്ച ഒരു അനുഗ്രഹീത കളിക്കാരനായിരുന്നു ടോറസ്. 2001 ൽ അത്ലറ്റികോ മാഡ്രിഡിൽ സീനിയർ കരിയർ ആരംഭിക്കുമ്പോൾ ടോറസിന് പ്രായം കേവലം 17 വയസ്സ്. രണ്ട് വർഷത്തിനുള്ളിൽ അത്ലറ്റികോ മാഡ്രിഡിന്റെ കപ്പിത്താൻ ആയി അവരോധിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം കേവലം 19 വയസ്സായിരുന്നു. ഒരു വ്യാഴവട്ടക്കാലം നീണ്ട അത്ലറ്റികോ മാഡ്രിഡ് കരിയറിനൊടുവിൽ ഇംഗ്ലീഷ് ഭീമന്മാരായ ലിവർപൂളിലേക്ക് കുടിയേറ്റം. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെയായിരുന്നു അന്ന് ടോറസ് കടന്ന് പോയിക്കൊണ്ടിരുന്നത്. ലിവർപൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ 50 ഗോളുകൾക്ക് ഉടമയാകാൻ അദ്ദേഹത്തിന് ദ്രുതഗതിയിൽ സാധിച്ചു. നാല് വർഷം നീണ്ട ആൻഫീൽഡിലെ ജീവിതത്തിനു ശേഷം അദ്ദേഹം മറ്റൊരു ഇംഗ്ലീഷ് ഭീമന്മാരായ ചെൽസിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതും ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു. ഒരു സ്പാനിഷ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് തുകക്കായിരുന്നു അദ്ദേഹം അന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയത്. അവിടെ അദ്ദേഹം പിന്നെയും ചരിത്രങ്ങളും കിരീട നേട്ടങ്ങളും സ്വന്തമാക്കി. ശേഷം മിലാനിലും അത്ലറ്റിക്കോ മാഡ്രിഡിലും ചെറിയ ലോൺ സ്പെല്ലിന് ശേഷം വീടായി കരുതുന്ന അത്ലറ്റികോ മാഡ്രിഡിലേക്ക് വീണ്ടും തിരികെയെത്തി. വർത്തമാന കാല ഫുട്ബോളിലെ ഏറ്റവും മികവുറ്റ കോച്ചുകളിൽ ഒരാളായി കരുതുന്ന ഡിയേഗോ സിമിയോണി എന്ന തന്ത്രഞ്ജന് പിന്നിൽ അണിനിരന്ന അത്ലറ്റികോ മാഡ്രിഡ് അന്ന് ചാമ്പ്യസ് ലീഗ് ഫൈനൽ വരെ എത്തിച്ചേർന്നു. പ്രായാധിക്യം വില്ലനായപ്പോൾ യൂറോപ്യൻ ഫുട്ബാളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച അദ്ദേഹം ജപ്പാനിലേക്ക് കുടിയേറി. സഗാൻ തോഷുവിലെ ഒരു വർഷക്കാലം നീണ്ട കരിയറിന് ശേഷം ഇന്ന് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ അടർന്നു വീഴുന്നത് നമ്മുടെ ഓർമ്മകളിലെ ഏറ്റവും പ്രഗൽഭനായ ഒരു സ്‌ട്രൈക്കർ കൂടിയാണ്.

കേളീ മികവിനപ്പുറം കിരീടങ്ങളെയും വ്യക്തിഗത നേട്ടങ്ങളെയും കണക്കാക്കി മഹത്വമളക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹം ആർക്കും പിന്നിലല്ല. ക്ലബ്ബിനു വേണ്ടിയും രാജ്യത്തിന് വേണ്ടിയും അദ്ദേഹം എത്തിപ്പിടിക്കാത്ത മേജർ കിരീടങ്ങളില്ല. ക്ലബ് കരിയറും കിരീടനേട്ടങ്ങളും ബാഴ്‌സയുടെ വൈരികളോടൊപ്പമായിരുന്നെങ്കിൽ രാജ്യത്തിന് വേണ്ടി അദ്ദേഹം പൊരുതിയത് ബാഴ്‌സയുടെ ജീവനാഡികൾക്കൊപ്പമായിരുന്നു. ബാഴ്‌സ ഹൃദയമായി നിലകൊണ്ട 2008 – 2012 കാലഘട്ടത്തിലെ സ്പാനിഷ് ടീമിലെ അഭിവാജ്യ ഘടകമായതും ഇദ്ദേഹം തന്നെ. ഡേവിഡ് വിയ്യയുടെയും, ഇനിയേസ്റ്റയുടെയും, ചാവിയുടെയും, ബുസ്കെറ്റ്സിന്റെയും , പീക്കെയുടെയും, ആൽബയുടെയും തോഴൻ അങ്ങനെ ബാഴ്‌സ ആരാധകർക്കും പ്രിയങ്കരനായി. യൂറോകപ്പുകളും ലോകകപ്പും കൊണ്ട് ഷെൽഫ് നിറച്ച ടോറസ് ഏതൊരു ഫുട്ബാൾ താരവും കൊതിക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് മടങ്ങുന്നത്.

ഇന്നത്തെ യുവതലമുറ കണ്ടു വളർന്ന ഒരു കളിക്കാരനായിരുന്നു ടോറസ്. ഓർമ്മ വെച്ച നാളുകളിൽ തന്നെ മനസ്സിൽ പതിഞ്ഞ ഒരു നാമം ആയിരുന്നു ടോറസ്. ഫുട്ബാളിൽ ഇനിയുമേറെ ഇതിഹാസങ്ങൾ വരാനിരിക്കുന്നു.അവർ റെക്കോർഡുകൾ ഇനിയുമേറെ കടപുഴകിയേക്കാം. പക്ഷെ മനസ്സിൽ പതിഞ്ഞ ചില മുഖങ്ങൾ നമ്മെ വിട്ടുപിരിയില്ല.നീളൻ മുടിയുമായി നമ്മുടെ മനസ്സിലേക്ക് രംഗപ്രവേശനം ചെയ്ത എൽ നിനോ അത്തരത്തിൽ ഒരാളാണ്. കാലമെത്ര കഴിഞ്ഞാലും ആ മുഖം മനസ്സിൽ മായാതെ കിടക്കും. എല്ലാ ഓർമ്മകൾക്കും നന്ദി ടോറസ്. ജീവിതത്തിലെ ഇനിയുള്ള മുന്നേറ്റങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് ടീം കൂളെസ് ഓഫ് കേരള..

  • SHARE :