• Follow

‘എൽ ജെഫെസിറ്റൊ’ – കുറിയ സൈന്യാധിപൻ

  • Posted On July 28, 2017

‘എൽ ജെഫെസിറ്റൊ’ എന്നറിയപ്പെടുന്ന നമ്മുടെ മഷെരാനോയ്ക്ക് ബാർസ ജഴ്സിയിൽ ഇത് എട്ടാം സീസൺ. എൽ ജെഫെസിറ്റൊ എന്നാൽ കുറിയ സൈന്യാധിപൻ എന്നാണ് അർത്ഥം. കരിയറിന്‍റെ ആരംഭം മുതലിതുവരെവരെ, നയിക്കാനുള്ള പാടവത്തിനും ടാക്റ്റിക്കൽ അഡാപ്ഷനും മികച്ച പാസിങ്ങിനും പേരു കേട്ട മഷെരാനോ കാറ്റലൻ ടീമിലെ വല്യേട്ടനാണ്.

തന്‍റെ മാതൃ ക്ലബ് ആയ റിവർപ്ലേറ്റിന്‍റെ യൂത്ത് ടീമിലും സീനിയർ ടീമിലുമായി കരിയറിലെ ആദ്യ ഏഴ് സീസണുകൾ അദ്ദേഹം ചെലവഴിച്ചു. ബ്രസീലിയൻ ലീഗിലെ രണ്ട് വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ എത്തിയ മഷെ തന്‍റെ കരിയറിന്‍റെ സുവർണ്ണ കാലത്തിനു തുടക്കമിട്ടത് ലിവർപൂളിലായിരുന്നു. വെസ്റ്റ് ഹാമിനു ഒരു വേൾഡ് റെക്കോർഡ് ഫൈൻ നേടിക്കൊടുത്ത ലോൺ മൂവിലൂടെ ലിവർപൂളിൽ എത്തിയ മഷെ പതിയെ ആൻഫീൽഡിന്‍റെ മനം കവർന്നു. മിറക്കിൾ ഓഫ് ഇസ്താംബുളിനു രണ്ട് വർഷം പ്രായമായപ്പോൾ ലിവർപൂൾ മിലാനെതിരെ മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ കളിക്കാനിറങ്ങുന്നു. മധ്യനിരയിൽ ജെറാർദിനും അലൊൺസൊയ്ക്കും ഒപ്പം മഷെ. കക്കയുടെയും സീഡോർഫിന്റെയും മൂർച്ചയുള്ള നീക്കങ്ങളെ മഷെ നുള്ളിയെറിഞ്ഞു. ലിവർപൂൾ പരാജയപ്പെട്ടെങ്കിലും അന്ന് കളിക്കളത്തിൽ മികച്ച് നിന്നത് ആ ലോൺ പ്ലയറായിരുന്നു. മഷെയെ സ്വന്തമാക്കാൻ ലിവർപൂൾ രണ്ടാമതൊന്ന് ആലോചിച്ചില്ല. കോപ്പൈറ്റ്സ് അയാളെ നെഞ്ചിലേറ്റി അയാൾക്കായ് മാത്രം പാടാനൊരു പാട്ടും അവർക്കുണ്ടായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി മഷെ എണ്ണപെട്ടുതുടങ്ങി.

സ്പെയ്നിൽ കളിക്കുക എന്നത് മഷെയുടെ സ്വപ്നമായിരുന്നു. ലിവർപൂളിൽ മിന്നും ഫോമിലായിരുന്ന മഷെയെത്തേടി പെപ് ഗ്വാർഡിയോളയുടെ വിളിയെത്തി. സെക്സ്റ്റപ്പിൾ നേടിയ ടീമിന്റെ ഭാഗമാകാനുള്ള വിളിയും തന്റെ സ്വപ്നവും ചേർന്ന് വന്നപ്പോൾ അയാൾ തന്നെ സ്നേഹിച്ചിരുന്ന ലിവർപൂളിനെ വിഷമിപ്പിച്ച് ആൻഫീൽഡ് വിട്ടിറങ്ങി. ബ്ലോഗ്രാന ജഴ്സിയണിയാൻ അയാൾ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നു. പെപ് ആവശ്യപ്പെട്ടതനുസരിച്ച് 21 വയസുകാരനായ ബുസ്കെറ്റ്സിനു വേണ്ടി തന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിൽ നിന്ന് മാറിക്കളിക്കാൻ മഷെരാനൊ മനസ്സ് കാണിച്ചു. 2011 ൽ ഒരിക്കൽ കൂടെ പഴയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി യു സി എൽ നേടിയപ്പോൾ പിക്വെയ്ക്കൊപ്പം പ്രതിരോധം കാത്തത് മഷെരാനോ ആയിരുന്നു. അന്ന് പുറത്തിരുന്ന ക്യാപ്റ്റൻ പുയോളിനു പകരം ആ പൊസിഷനിൽ മഷെ തിളങ്ങി. ആ വിജയം ലിവർപൂൾ ആരാധകർക്ക് സമർപ്പിച്ച മഷെ അവരുടെ മനസിലെ ദേഷ്യം കഴുകിക്കളഞ്ഞു. തുടർന്ന് 2012ൽ 100 മില്യൺ റിലീസ് ക്ലോസ് വച്ച് ബാർസയുമായി പുതിയ കരാർ അദ്ദേഹം ഒപ്പിട്ടു. നിരാശ സമ്മാനിച്ചവയായിരുന്നു തുടർന്നുള്ള സീസണുകൾ. ലാ ലിഗ നഷ്ടമായി ട്രാൻസ്ഫർ ബാൻ വലച്ച സീസണുകളിൽ ബെഞ്ചിൽ താരങ്ങളില്ലാതെ വന്നപ്പോൾ തളരാതെ അദ്ദേഹം പോരാടി. ഓൺ ഗോളുകൾ വഴങ്ങുന്നവനെന്ന് പരിഹാസം ഏറ്റിട്ടും പോരാളിയുടെ ഭാവം എന്തെന്ന് കാട്ടിത്തന്ന മഷെയുടെ കൂടെ വിജയമായിരുന്നു എന്രികെയ്ക്ക് കീഴിലെ രണ്ടാം ട്രെബിൾ. ലിവർപൂളിൽ അയാളൊരു കൊച്ച് വഴക്കാളിയായിരുന്നു. ബാർസയിൽ അയാൾക്ക് വലിയ മാറ്റമുണ്ടായി. ഓരോ സീസണുകൾ കഴിയുന്തോറും അധികം കമ്പോസ്ഡ് ആയി കാണപ്പെട്ടു. വികാരങ്ങൾ ആ മുഖത്ത് വിരളമായി. ബാർസയെന്ന കുടുംബത്തിലെ കാരണവരായി മാറുന്നതിന്‍റെ വിവിധ ഘട്ടങ്ങളായിരുന്നു അവ.

നമ്മുടെ വല്യേട്ടൻ കരയുന്നത് നാം കണ്ടിട്ടില്ല. നമുക്ക് അത് കാണാനൊട്ട് താല്പര്യവുമില്ല, നമുക്കയാൾ എന്നും പോരാളിയാണ്. ഏത് ശക്തികൾ വന്നാലും ഇളകാതെ നിൽക്കുന്ന, ആർക്ക് മുൻപിലും ഭയപ്പെടാത്ത രക്ഷകന്‍റെ വേഷമാണ് നമ്മുടെ കണ്ണുകളിൽ അയാൾക്ക്. കഴിഞ്ഞ സീസണൊടുവിൽ ഒസാസുനയ്ക്കെതിരെ പെനാൽറ്റിയിലൂടെ ബാർസയ്ക്കായി ആദ്യ ഗോൾ നേടി തിരിഞ്ഞ് നടന്നപ്പോൾ ടീമും ഡഗ് ഔട്ടും ആരാധകരും ഒന്നടങ്കം സന്തോഷിക്കുന്നുണ്ടായിരുന്നു. മഷെ വലിയ ആഹ്ലാദപ്രകടനങ്ങളൊന്നും നടത്തിയില്ല. തന്‍റെ വിഷമങ്ങളെ പോലെ സന്തോഷങ്ങളും ആരും കാണാതെ കൈകാര്യം ചെയ്ത് അദ്ദേഹം ശീലിച്ച് പോയിരിക്കണം. മൂന്ന് തവണയും അവസാന പടിയിൽ വീണ് പോയിട്ടും ഒരുപാട് സ്നേഹം കൊടുത്ത് അയാളെ ശക്തിപ്പെടുത്തിയ ബ്ലോഗ്രാനയുടെ മനസിലേക്ക് തന്‍റെ ആദ്യ ഗോൾ നിക്ഷേപിച്ച് തിരികെ നടന്നപ്പോൾ നിശ്ചയമായും ഈ വീട് വിട്ട് പോകുന്ന കാര്യം അദ്ദേഹം ഓർത്തിരിക്കണം. ഒരുപക്ഷേ അവസാന സീസൺ നമുക്കൊപ്പം ചിലവഴിക്കാൻ മഷെ ഒരുങ്ങുകയാണ്. എട്ട് സീസൺ ഒരു ക്ലബിൽ തന്‍റെ കരിയറിൽ ആദ്യമായാണ് നമ്മുടെ വല്യേട്ടൻ ചിലവഴിച്ചത്. പാടാനൊരു പാട്ടില്ലെങ്കിലും ബാർസയുടെ ഹൃദയത്തിൽ തന്നെയാണ് നമ്മുടെ വല്യേട്ടൻ … ഈ എട്ട് സീസൺ ഞങ്ങളെ കാത്ത മഷെ – നിന്റെ സ്വപ്നങ്ങൾ നേടാൻ നിനക്ക് സാധിക്കട്ടെ …

  • SHARE :