• Follow

മാച്ച് റിവ്യൂ – ബാഴ്‌സിലോണ 3 – 2 റയൽ മാഡ്രിഡ്

  • Posted On April 24, 2017

“മെസ്സിക്ക് പരിക്കാണെങ്കിൽ പരിക്കേറ്റ മെസ്സിയാണ് ഏറ്റവും അപകടകാരി” ഈ വാക്കുകൾ എത്ര സത്യം. ലോക ഫുട്ബോളിലെ കിരീടം വെക്കാത്ത രാജാവ് ലയണൽ മെസ്സി , മാഡ്രിഡിൽ, സാന്റിയാഗോ ബെർണബേവിൽ തകർത്താടിയപ്പോൾ ബാഴ്‌സക്ക് മറ്റൊരു ഐതിഹാസികമായ വിജയം. വെറും വിജയമല്ല, റയലിന്റെ തട്ടകത്തിൽ, ചോരതുപ്പുന്ന മുഖവുമായി, പിന്നിൽ നിന്നും തിരിച്ചടിച്ചു, ഒരു ഫോട്ടോ ഫിനിഷിങ് ക്ളൈമാക്സിലൂടേ ബാഴ്‌സയെ ഒറ്റക്ക് കൈപിടിച്ചുയർത്തിയപ്പോൾ, സമാനതകളില്ലാത്ത ഒരു പ്രകടനത്തിനാണ് ബെർണബേവ് സാക്ഷ്യം വഹിച്ചത്. ഇരട്ടഗോളുമായി മിശിഹാ മുന്നിൽ നിന്നും നയിച്ചപ്പോൾ , സമീപകാലത്തായി എൽ ക്ലാസിക്കോയിൽ ഗോളുകൾ നേടാനാകുന്നില്ലെന്ന വിമർശനങ്ങളെയാണ് മെസ്സി തച്ചു തകർത്തത്. ഒപ്പം മാരക സേവുകളിലൂടെ നമ്മുടെ വന്മതിൽ ടെർ സ്റ്റീഗനും തകർത്താടിയപ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സക്ക് വിജയം. റയലിനെതിരായ വിജയത്തോടെ മൂന്നു പോയിന്റ് മുന്നോട്ട് കയറി ബാഴ്‌സ ലീഗ് കിരീട മത്സരത്തിൽ വീണ്ടും സജീവമായിരിക്കുകയാണ്.

നെയ്മറുടെ അഭാവത്തിൽ ലൂചോ ടീമിനെ എങ്ങിനെയായിരിക്കും സജ്ജീകരിക്കുക എന്നതായിരുന്നു നാമെല്ലാം ആകാംക്ഷാപൂർവ്വം നോക്കിക്കൊണ്ടിരുന്നത്. പ്രതീക്ഷിച്ച 4 – 3 – 3 ലൈൻ അപ്പ് തന്നെ അദ്ദേഹം ഒരുക്കി. അതിവേഗ കളിക്കാരുള്ള മാഡ്രിഡിന് മുന്നിലേക്ക് മൂന്നു പേർ ഡിഫെൻസുമായി പോകുന്നത് ആത്മഹത്യാപരമാണെന്നു ലൂചോ മനസ്സിലാക്കിയിരുന്നു. ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച സ്‌ക്വാഡിനെ രംഗത്തിറക്കിയതിനു ഫുൾ മാർക്ക്.

മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ബാഴ്‌സ ആരാധകർക്ക് നെഞ്ചിടിപ്പായിരുന്നു. ഇരമ്പിയാർത്ത റയൽ ഏതു നിമിഷവും ഗോൾ നേടുമെന്ന സൂചന നൽകി. പക്ഷെ എന്നത്തേയും പോലെ പതിയെ താളം വീണ്ടെടുത്ത ബഴ്‌സ , തങ്ങളുടെ തനതു ശൈലിയിൽ പന്ത് ഹോൾഡ് ചെയ്തുകൊണ്ട് മുന്നേറിത്തുടങ്ങി. ഇരുപകുതികളിലും കയറിയിറങ്ങിയ പന്ത് ഒടുവിൽ 28 ആം മിനിറ്റിൽ ആദ്യമായി ലക്ഷ്യം കണ്ടു. റയൽ മാഡ്രിഡിന് ലഭിച്ച കോർണർ തട്ടിയകറ്റുന്നതിടെ കാസെമിരോ റയലിനായി ആദ്യ ഗോൾ നേടി. ബാഴ്‌സ ആരാധകർ തകർന്ന നിമിഷമായിരുന്നു അത്. സ്വതവേ ആദ്യ നിമിഷങ്ങളിൽ ഗോൾ വഴങ്ങിയാൽ ബാഴ്‌സ പതറാനാണ് സാധ്യതയേറെയും. പക്ഷെ വിട്ടുകൊടുക്കാൻ ടീം തയാറായിരുന്നില്ല. പിന്നെയും സ്വാഭാവിക ഫുട്ബാൾ കാഴ്ച വെച്ച ബാഴ്‌സ അധികം വൈകാതെ തിരിച്ചടിച്ചു. മെസ്സിയുടെ ഒരു കിടിലൻ നീക്കത്തിനൊടുവിൽ കാർവാഹാലിനെ വെട്ടിയൊഴിഞ്ഞു ഇടതു കാലുകൊണ്ട് മെസ്സി , പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് പായിച്ചപ്പോൾ, കീപ്പർ നവാസിന് മറുപടിയുണ്ടായിരുന്നില്ല. ബാഴ്‌സ മത്സരത്തിലേക്ക് തിരിച്ചു വന്ന നിമിഷം.

രണ്ടാം പകുതി ബാഴ്‌സയുടെ കൂടുതൽ മുന്നേറ്റങ്ങൾ കണ്ടു. ഒരുക്കിക്കൊടുക്കാൻ മെസ്സിയും, ഇനിയേസ്റ്റയുമെല്ലാം ആഞ്ഞു ശ്രമിച്ചപ്പോൾ സുവാരസും ആൽക്കസ്സറും ഫിനിഷിങ്ങിൽ നിരാശപ്പെടുത്തി. കളി മുറുകുന്നതിനിടെ എഴുപത്തിമൂന്നാം മിനുട്ടിൽ രക്ഷകനായി റാക്കിറ്റിച് അവതരിച്ചു. ബോക്സിനു പുറത്തുനിന്നുള്ള ഒരു റോക്കിറ്റിച് ഷോട്ട്, മുഴുനീളൻ ഡൈവ് നടത്തിയ നവാസിനെ കീഴ്‌പ്പെടുത്തി വലയിൽ. റോക്കിറ്റിച് എന്ന വിളിപ്പേരിനെ അന്വർഥമാക്കുന്ന ഗോൾ. പരാജയം മണത്ത റയൽ പിന്നീട് ആക്രമണം ശക്തമാക്കി. അതിനിടയിൽ മെസ്സിക്ക് നേരെ നടത്തിയ കടുത്ത ടാക്ലിങ് റയൽ ക്യാപ്റ്റൻ സെർജി റാമോസിന് ചുവപ്പ് കാർഡ് നൽകി. ഒരാൾ കുറഞ്ഞിട്ടും വർധിത വീര്യത്തോടെ കളിച്ച മാഡ്രിഡ് കളി തീരാൻ കേവലം അഞ്ചു മിനുട്ടുകൾ മാത്രം അവശേഷിക്കെ , ബാഴ്‌സയെ സ്തബ്ധരാക്കി സമനില ഗോൾ നേടി. പകരക്കാരനായി എത്തിയ ജെയിംസ് റോഡ്രിഗസ്, താൻ തന്നെ തുടങ്ങിവെച്ച ഒരു മനോഹരനീക്കം അതിമനോഹരമായ ഫിനിഷിംഗിലൂടെ ഗോളാക്കി.

ഒരു പക്ഷെ ബാഴ്‌സ ആരാധകരുടെ പ്രതീക്ഷകൾ അത്രയും നഷ്ട്ടമായ നിമിഷം. ഒരു സമനില പോലും ആത്മത്യപരമെന്നു നമ്മുക്കറിയാമായിരുന്നല്ലോ. ലാലിഗ കിരീടം നമ്മൾ കൈവിട്ടു എന്ന് കരുതിയ നിമിഷങ്ങൾ. പക്ഷെ ബാഴ്‌സ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. അത്ഭുദങ്ങൾ കാണിക്കാൻ കഴിവുള്ളവർ ആണ് തങ്ങളെന്ന് അവർ വിശ്വസിച്ചു. കളി പിന്നെയും തുടങ്ങി. ഒരു സമനില പോലും തങ്ങൾക്കനുകൂലമാണെന്നിരിക്കെ പിന്നെയും ഒരു ഗോൾ കൂടി നേടാനുള്ള റയൽ മാഡ്രിഡിന്റെ നീക്കം അത്ഭുദപ്പെടുത്തി. ഒരു പക്ഷെ അവർ കാണിച്ച ഏറ്റവും മോശം തീരുമാനം. പത്തു പേരുമായിക്കളിക്കുന്ന അവർ, ബാഴ്‌സ മുഖത്തേക്ക് കൂടുതൽ ചേർന്ന് വന്നു. കളി തീരാൻ മുപ്പതു സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ ബാഴ്‌സ ഗോൾ മുഖത്തിന് സമീപം ലഭിച്ച ത്രോയിൽ നിന്നും ലഭിച്ച പന്തും കൊണ്ട് റോബർട്ടോ ഒരു ഓട്ടം ആരംഭിച്ചു, ഒരു പക്ഷെ ഒരു ബാഴ്‌സ ആരാധകനും മരണം വരെ മറക്കാനാകാത്ത ഒരു ഓട്ടം. എതിർ ഡിഫൻഡർമാർക്കിടയിലൂടെ ഊളിയിട്ടു ഓടിയ റോബർട്ടോ , അതിവേഗം റയൽ ബോക്സിനു തൊട്ടുവെളിയിലെത്തി . ഇടതു ഭാഗത്തേക്ക് ഗോമസിനു പാസ് നൽകിയ ശേഷം ബോക്സിലേക്ക് ഓടിക്കയറുകയും ചെയ്തു. പന്ത് ലഭിച്ച ഗോമസ് , മുന്നിലേക്കും പിന്നിലേക്കും ഒരു വട്ടം നോക്കിയാ ശേഷം ഓവർലാപ്പ് ചെയ്തു ഓടിക്കയറിയ ആൽബക്ക് പാസ് നൽകി. ഓടിയെത്തിയ ആൽബ, അത് ഒരു ചെറിയ ക്രോസ്സ് ആയി ഉള്ളിലേക്ക് തിരിച്ചു നൽകിയപ്പോൾ റയൽ അപകടം മണത്തിരുന്നില്ല . പക്ഷെ മൈതാനമധ്യത്തു നിന്നും ഒരു കൃത്യമായ ടൈമിങ്ങോടെ സാക്ഷാൽ ലയണൽ മെസ്സി അവിടെ അവതരിക്കുമെന്നു അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഓടിയെത്തിയ മെസ്സി, ഇടതു കാലുകൊണ്ട് ഒരു അതിമനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. !!!!!! ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ. കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാൻ കഴിയുന്നില്ല. കാതുകളെല്ലാം അടഞ്ഞിരിക്കുന്നു. മെസ്സിയുടെ ആഹ്ലാദപ്രകടനം കണ്ടാണ് അത് വിശ്വസിക്കാനായത്. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ സാക്ഷാൽ ലയണൽ മെസി ബാഴ്‌സയെ വിജയതീരമണയിച്ചിരിക്കുന്നു..തന്റെ ജേഴ്‌സിയൂരി കാണികളെ സബോധന ചെയ്ത മെസ്സിയെ നോക്കി ആഹ്ലാദാരവങ്ങൾ മുഴങ്ങുകയായിരുന്നു അപ്പോൾ ലോകമെങ്ങും.

ടീമിന്റെ പ്രകടനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ നന്നായി തന്നെ കളിച്ചു എന്ന് പറയാം. വിജയിക്കണം എന്ന തീവ്രമായ ആഗ്രഹം ഇന്ന് ഉണ്ടായിരുന്നു. പന്ത് നന്നായി ഹോൾഡ് ചെയ്യുകയും കൃത്യമായി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. റയലിന്റെ മികച്ച പ്രെസ്സിങ്ങിനിടയിലും സമ്മർദങ്ങൾക്കടിമപ്പെടാതെ നന്നായി കൈകാര്യം ചെയ്തു. ടാക്ലിങ്ങുകളും ഇന്റർസെപ്‌ഷൻസും എല്ലാം നന്നായിരുന്നു. മോശം ആയിത്തോന്നിയതു നിങ്ങൾക്കെല്ലാം അറിയുന്നത് പോലെ ഫിനിഷിങ് ആയിരുന്നു. എത്ര മികച്ച അവസരങ്ങളാണ് ഇന്ന് നമ്മൾ നഷ്ടപ്പെടുത്തിയത്. സുവാരസ് , പാക്കോ, പിക്വെ , മൂന്നു പേരും കീപ്പറുമായി വൺ ഓൺ വൺ അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. അല്ലാത്ത അവസരങ്ങൾ വേറെയും. റയൽ പോലെയുള്ള ടീമുകൾക്കെതിരെ അർധാവസരങ്ങൾ പോലും ഉപയോഗപ്പെടുത്താൻ കഴിയണം. അല്ലെങ്കിൽ ഖേദിക്കേണ്ടി വരും. ഡിഫെൻസിവ് ആയും നമ്മൾ ഇനിയും മെച്ചപ്പെടാനുണ്ട്. ലോകോത്തര സ്‌ട്രൈക്കർമാരെയാണ് നമ്മൾ ഇന്ന് നേരിട്ടതെന്ന കാര്യം മറക്കുന്നില്ല. എങ്കിലും ആ മേഖലയിൽ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.

എടുത്തു പറയേണ്ട പ്രകടനങ്ങൾ

* മെസ്സി : ഇനിയെന്ത് പറയാനിരിക്കുന്നു. അമ്മാതിരി പെർഫോമൻസ്. തോറ്റുകൊടുക്കില്ലെന്ന വാശി. കഴിഞ്ഞ എൽ ക്ലാസിക്കൊകളിൽ തന്നെ വിദഗ്ദമായി മാർക്ക് ചെയ്ത കാസെമിരോയെ, ഇന്ന് തീർത്തും നിഷ്പ്രഭമാക്കി, സ്ഥിരം റയലിന് തലവേദന സൃഷ്ടിച്ചിരുന്നു. മാഴ്സെലോയുടെ കൈമുട്ട് തട്ടി മെസ്സിയുടെ വായിൽ നിന്നും ചോര ചിന്തിയപ്പോൾ ഉള്ളൊന്നു പിടച്ചു. പക്ഷെ ആ വീഴ്ചയിൽ നിന്നും മെസ്സി എഴുന്നേറ്റത്, ഒരു മുറിവേറ്റ സിംഹത്തെ പോലെയായിരുന്നു. പിന്നീട് പിടിച്ചാൽ കിട്ടാത്ത പെർഫോമൻസ്. അടിച്ചും അടിപ്പിച്ചും മുന്നോട്ട്. ലോകഫുട്ബാളിൽ ചക്രവർത്തി താൻ തന്നെയാണെന്ന് പിന്നെയും തെളിയിച്ചു. ബാഴ്‌സക്ക് വേണ്ടി നേടിയ അഞ്ഞൂറാം ഗോൾ ഇതിലും മനോഹരമാക്കാനൊരു ഇടം വേറെയില്ല. കുഡോസ് മെസ്സി.

* ടെർ സ്റ്റീഗൻ : മാസ്സ് എന്ന് പറഞ്ഞാൽ മരണ മാസ് പ്രകടനം. ഒരു നീരാളിയെപ്പോലെ തോന്നിച്ചു. അമ്മാതിരി സേവുകൾ. ഇന്നത്തെ മത്സരം ഈ നിലയിലെത്തിച്ചതിനു മെസ്സിയും ടെർ സ്റ്റീഗനും ഒരേ പ്രാധാന്യമാണ്. എത്ര പ്രശംസിച്ചാലും മതിവരില്ല.

* റാക്കി : മച്ചാൻ തകർത്തു. തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം. മധ്യനിരയിൽ നിറഞ്ഞു നിൽക്കുക മാത്രമല്ല, അവസരത്തിനൊത്തു ഒരു റോക്കിറ്റിച് ഗോളും. തകർത്തു.!

* ഇനിയേസ്റ്റ : അടിപൊളി പെർഫോമൻസ്. പ്രായം കൂടും തോറും കളിക്കുന്ന ലെവലും അസാമാന്യം. അവസരങ്ങൾ സൃഷ്ട്ടിക്കാൻ ഏതു സാഹചര്യത്തിലും മിടുക്കൻ.

ബുസ്കെറ്റ്സ് : ആശാൻ ഇന്ന് നിറഞ്ഞു നിന്നു . ടാക്ലിങ് എല്ലാം അത്യുഗ്രൻ. ഇദ്ദേഹം വലിയ മത്സരങ്ങളിൽ കാണിക്കുന്ന മനസ്സാന്നിധ്യവും പ്രകടനവും എല്ലാം അപാരമാണ്. പരിചയവും കഴിവും ഒത്തുചേരുമ്പോഴാണ് ഇതുപോലുള്ള ഐറ്റം ഉണ്ടാകുന്നത്. പക്ഷെ ബുസ്കെറ്റ്സിന്റെ മാർകിങ് പിഴവ് മൂലമാണ് ജയിംസിന്റെ ഗോൾ എന്ന കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു. വരും മത്സരങ്ങളിൽ ശ്രദ്ധയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

പിക്വെ : ഡിഫെൻസിവ് ഭാഗം അത്യുഗ്രൻ. കൃത്യമായ ടൈമിങ്ങോടെ അടിപൊളി ടാക്ലിങ്ങുകൾ. ഏരിയൽ ബാളുകളും കൃത്യമായി കൈകാര്യം ചെയ്തു. പക്ഷെ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ നഷ്ടപ്പെടുത്തിയ അവസരം ഞെട്ടിച്ചു.

ഉംറ്റിറ്റി : അസാമാന്യ പ്രകടനം . കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. അത്ര സുന്ദരമായി ഡിഫൻഡ് ചെയ്യുന്നു. അടിപൊളി. മത്സരത്തിൽ ഉള്ള വീക്ഷണവും ടൈമിങ്ങും എല്ലാം അപാരം.

ജോർദി ആൽബ : അതിവേഗക്കാരനായ ബെയ്‌ലിനെ പൂട്ടാൻ ആണ് പ്രധാനമായും ആൽബയെ ഇറക്കിയത്. ഡിഫെൻസിൽ മികച്ചു നിന്നിരുന്നു. പല സമയത്തും അലക്ഷ്യമായ ക്രോസ് നമ്മെ ശുണ്ഡി പിടിപ്പിച്ചു. പക്ഷെ അവസാന നിമിഷത്തെ ആ അസിസ്റ്റ്, അത് ഒരിക്കലും മറക്കാൻ ഞങ്ങൾക്കാകില്ല.

സുവാരസ് & ആൽക്കാസർ : ടീം ഒന്നടങ്കം തകർത്തപ്പോൾ അല്പമെങ്കിലും നിറം മങ്ങിയത് ഇവർ രണ്ടു പേരുമാണ്. എത്രയോ അനായാസ അവസരങ്ങളാണ് നഷ്ടമായത്. പലതും ഗോൾ കീപ്പർ മികച്ച രീതിയിൽ തടഞ്ഞതാണെങ്കിലും പല ഗോളുകളും അനായാസമായി നേടാമായിരുന്നു. ഒരു മോശം മത്സരം കൊണ്ട് എഴുതിത്തള്ളുന്നില്ല. അടുത്ത മത്സരത്തിൽ നിങ്ങൾ തകർക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. എല്ലാ വിധ പിന്തുണയും.

സെർജി റോബർട്ടോ : റോബർട്ടോയെ പറ്റി പറയാതെ ഈ റിവ്യൂ പൂർത്തിയാകില്ല. അത്രമേൽ താങ്കളോട് ബാഴ്‌സ കടപ്പെട്ടിരിക്കുന്നു. എത്ര തവണയാണ് താങ്കളുടെ മികച്ച പ്രകടനം ബാഴ്‌സയെ കരകയറ്റുന്നതു.? കൃത്യമായ വീക്ഷണം ഈ ചെറു പ്രായത്തിൽ താങ്കളിലുണ്ട്. ആ അവസാന നിമിഷത്തെ ഓട്ടം ഒരു ബാഴ്‌സ ആരാധകനും ഒരിക്കലും മറക്കില്ല. താങ്കളുടെ ഇടം മധ്യനിരയാണ്. ഒരു റൈറ്റ് ബാക്ക് ടീമിൽ എത്തിയാൽ താങ്കൾ മിഡ് ഫീൽഡിൽ മടങ്ങിയെത്തുമെന്നു ഞങ്ങൾ കരുതുന്നു. പല ഇതിഹാസങ്ങളും ഒഴിച്ചിട്ടു പോലെ സിംഹാസനങ്ങൾ താങ്കൾക്കായി അവിടെയുണ്ടാകും. താങ്കൾ അതിനർഹനുമാണ്.

ഗോമസ് : അവസാന നിമിഷങ്ങളിലാണ് കളത്തിലെത്തിയതെങ്കിലും , കളിയിൽ താങ്കളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. വലിയ മത്സരങ്ങളിലെ പരിചയം ഭാവിയിൽ മുതൽക്കൂട്ടാകുമെന്നു കരുതാം. നല്ല പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു.

ഇതോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച റയൽ താരങ്ങളെയും ഇവിടെ ഓർമ്മിക്കുകയാണ്. ടെർ സ്റ്റീഗനെ പോലെ തന്നെ അസാമാന്യ പ്രകടനമാണ് കെയ്‌ലർ നവാസും കാഴ്ചവെച്ചത്. ഈ ക്‌ളാസിക്കോയിലെ വലിയ ഒരു ഹൈ ലൈറ്റ് തന്നെ ഇവർ രണ്ടു പേരുടെയും പ്രകടനമാണ്. തകർപ്പൻ സേവുകൾ ഏറെയുണ്ടായിരുന്നുവെങ്കിലും പരാജയം തടയാൻ അദ്ദേഹത്തിനായില്ല. ഒപ്പം ബൈലിനു പകരം കളത്തിലെത്തിയ അസെൻസിയോയും വളരെ മികച്ച പ്രകടനം ആയിരുന്നു. ബാഴ്‌സ പ്രതിരോധത്തെ പലതവണ ആശങ്കയിലാക്കിയത് അദ്ദേഹത്തിന്റെ മനോഹരമായ കളിയാണ്. നല്ലൊരു ഭാവിയുണ്ടെന്നു ആശംസിക്കുന്നു.

പക്ഷെ ലീഗ് ഈ ഒരു മത്സരത്തോടെ തീരുന്നില്ല. കളികൾ ഇനിയുമുണ്ട്. അവിടെയും ജയിച്ചാൽ മാത്രമേ ലീഗ് കിരീടം എന്ന ലക്‌ഷ്യം കൈവരിക്കാനാകൂ. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. മുന്നിലുള്ള ലക്‌ഷ്യം ചെറുതല്ലെന്നു ടീമിന് ബോധ്യമുണ്ടാകണം. അത് കൊണ്ട് ഇനി ഇതിലും നല്ല പ്രകടനം കാഴ്ചവെക്കേണ്ടതുമുണ്ട്. ഇന്നത്തെ മത്സരത്തിൽ നിന്നും ലഭിച്ച ഊർജ്ജം, ഇനിയുള്ള മത്സരങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നു കരുതാം.

  • SHARE :