• Follow

നൂജീന്റെ സ്വപ്നം

  • Posted On December 15, 2017

നുജീൻ. ചിലരെങ്കിലും ഈ പേര് ചിലപ്പോൾ കേട്ടിരിക്കാം. Nujeen: One Girl’s Incredible Journey from War-torn Syria എന്ന പുസ്തകത്തിന്റെ സ്രഷ്ടാവാണ് അവർ. അതൊരു സാങ്കല്പിക കഥയല്ല. ഐ എസ് ഭീകരർ വിനാശം വിതച്ച സിറിയയിൽ നിന്നും ജീവൻ രക്ഷാർത്ഥം വീൽ ചെയറിൽ 5000ഓളം കിലോമീറ്ററുകൾ താണ്ടി ജർമനിയിൽ എത്തിയ ഒരു ധീര വനിതയുടെ കഥയാണ്. ജീവിതമാണ്.

സെറിബ്രൽ പാൾസി എന്ന രോഗതിനാൽ വലഞ്ഞിരുന്ന നുജീൻ ജനിക്കുന്നത് സിറിയയിലെ ആലെപ്പോ എന്ന ഗ്രാമത്തിലാണ്. വെന്റിലേറ്റർ സൗകര്യം ഇല്ലാതിരുന്ന ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ ജീവിച്ച അവൾക്ക് പുറം ലോകവുമായി ഉണ്ടായിരുന്ന ഏക ബന്ധം വീടിനു മുകളിൽ സ്ഥാപിച്ചിരുന്ന സാറ്റലൈറ്റ് ഡിഷ് മാത്രം ആയിരുന്നു. അവൾ ഒരിക്കലും ഒരു ബസിൽ കയറിയിരുന്നില്ല, ഒരു ട്രെയിൻ കണ്ടിട്ടില്ല. അവളുടെ ലോകം അവൾ ജീവിച്ചിരുന്ന റൂം മാത്രം ആയിരുന്നു.

2015ൽ ഐ എസ് ഭീകരർ സംഹാര താണ്ഡവം ആടിയപ്പോൾ അവരുടെ കുടുംബത്തിന് പലായനം ചെയ്യേണ്ടി വന്നു. ജർമനിയിൽ ജീവിക്കുന്ന അവളുടെ സഹോദരന്റെ അടുക്കൽ എത്തുക ആയിരുന്നു ലക്‌ഷ്യം എങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി അവർക്ക് അനുകൂലം ആയിരുന്നില്ല. തുടർന്ന് തുർക്കിയിൽ അഭയം പ്രാപിച്ച ആ കുടുംബം നുജീനെയും അവളുടെ സഹോദരിയെയും ജർമനിയിലേക്ക് രക്ഷപ്പെടുവാൻ നിർദ്ദേശിച്ചു. നുജീനെ വീൽ ചെയറിൽ ഇരുത്തി അവളുടെ സഹോദരി യാത്ര ആരംഭിച്ചു. ആ യാത്രക്കിടയിൽ പലപ്പോഴും അവർ മരണത്തെ മുഖാമുഖം കണ്ടു. 15 പേർക്ക്‌ സഞ്ചരിക്കുവാനുള്ള റബ്ബർ ബോട്ടിൽ 50 ഓളം പേർക്കൊപ്പം അവൾ മെഡിറ്ററേനിയൻ കടൽ കടന്നു. ലോക മനസാക്ഷിയെ നടുക്കിയ, സിറിയൻ അഭയാർഥികളുടെ നൊമ്പരപ്പെടുത്തുന്ന പ്രതീകമായ അലൻ കുർദ്ദി എന്ന 3 വയസുകാരൻ പിഞ്ചു ബാലൻ മരണപ്പെട്ട അതേ ദിവസം അതേ തീരത്ത് അവളും കരയിറങ്ങി. കടലും തോടും മലയും കാടും കൊള്ളക്കാരെയും താണ്ടി അവർ ഒടുവിൽ സഹോദരനു പക്കൽ എത്തി.

സ്വന്തം മാതാപിതാക്കളെയും വീടും നാടും നഷ്ടപ്പെട്ട് ദുഃഖത്തിൽ കഴിഞ്ഞിരുന്ന അവളുടെ ധീര കഥ ബാഴ്സലോണയിലും എത്തി. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു മത്സരം വീക്ഷിക്കുവാനോ ഒരു മൈതാനം സന്ദർശിക്കുവാനോ ഭാഗ്യം ലഭിക്കാതിരുന്ന അവൾക്ക് കാതിലെ കുളിർ മഴ പോലെ ആ വാർത്ത എത്തി. സിറിയയിലെ ഒറ്റമുറി ജീവിതത്തിനിടയിൽ അവളേറെ സ്നേഹിച്ചിരുന്ന അവളുടെ ഇഷ്ട ക്ലബ്ബ് ഫുട്‌ബോൾ ക്ലബ്ബ് ബാഴ്സലോണ അവളെ ക്യാംപ് നൗവിലേക്ക് കൊണ്ട് പോകുന്നു.

ഒടുവിൽ ആ സുദിനം വന്നെത്തി. ബാഴ്സലോണ സെൽറ്റയേ നേരിട്ടപ്പോൾ അനേകായിരം കാണികളുടെ ഇടയിൽ അവളുമുണ്ടായിരുന്നു. ഒരു പക്ഷെ അവൾ സ്വപ്നത്തിൽ കണ്ടിരുന്നത് പോലെ ഒരുപാടധികം ആളുകൾക്കിടയിൽ അവരിൽ ഒരാളായി നിറമിഴികളോടെ അവൾ ആ മത്‌സരം വീക്ഷിച്ചു. മുൻപൊരുപാട് തവണ സംഭവിച്ചത് പോലെ മറ്റൊരാളുടെ കൂടി സ്വപ്‍നം യാഥാർഥ്യം ആവുകയായിരുന്നു ക്യാമ്പ് നൗവിൽ അന്ന്. അതെ ബാഴ്സലോണ സ്വപ്‍ന സാക്ഷാത്കാരങ്ങളുടെ ക്ലബ്ബ് ആണ്.
#more_than_a_club

©Penyadel Barca Kerala

  • SHARE :