• Follow

ഡോൺ ആന്ദ്രസ് ഇനിയേസ്റ്റ – ദി മജീഷ്യൻ !!!

  • Posted On October 6, 2017

എൽ ഇള്യുഷനിസ്റ്റ, ദി ബ്രെയിൻ എന്ന് അർത്ഥമുള്ള എൽ സെറിബ്രോ, എൽ ആന്റി ഗാലക്ടിക്കോ, ദി മജീഷ്യൻ, ദി പേൽ നൈറ്റ്, ഡോൺ ആന്ദ്രസ് – ഒരു കളിക്കാരനോടുള്ള ആദരാനുസരണം ഇതിഹാസങ്ങളും, മാധ്യമങ്ങളും, ആരാധകരും ചാർത്തി കൊടുത്ത നാമധാരകളാണ് ഇവ. ഡോൺ എന്ന് ആരാധകർ വിളിക്കുവാൻ ഇഷ്ട്ടപ്പെടുന്ന സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റയാണ് ആ താരം. ഒരു കളിക്കാരൻ എങ്ങനെയാകണം എന്നതിന് , അതിപ്പോൾ ഏതു തന്നെ സ്പോർട്ട് ആയിക്കോട്ടെ ഇനിയേസ്റ്റയിലും നല്ല ഉദാഹരണം വേറെയില്ല. കളത്തിനകത്തും, കളത്തിനു വെളിയിലും ഇനിയേസ്റ്റ ഒരു ഐക്കണാണ്. ഇനിയേസ്റ്റയെ പോലൊരു ജെന്റിൽമാൻ ഇനി ഫുട്‍ബോളിൽ കണ്ടുകിട്ടുക വളരെ പ്രയാസമാണ്. എതിരാളികളായ എസ്പാന്യോൾ, റയൽ മാഡ്രിഡ് ആരാധകർ പോലും ഇനിയേസ്റ്റയെ ബഹുമാനത്തോട് മാത്രമേ കാണാറുള്ളൂ. ആ ബഹുമാനം ഇനിയേസ്റ്റ അയാളുടെ ജീവിതം കൊണ്ട് നേടിയെടുത്തതാണ്.

2006 ലോകകപ്പ് ടീമിൽ ഇനിയേസ്റ്റയുടെ പേര് വന്നപ്പോൾ നെറ്റി ചുളിച്ചവരാണ് ഏറെയും. എന്നും ദൗർഭാഗ്യത്തെ പഴിച്ചു നടന്ന സ്പാനിഷ് ടീമിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി അവതരിച്ച (ചാവി, ഐക്കർ, പുയോൾ എന്നിവരോടൊപ്പം) രക്ഷകനാണ്‌ അദ്ദേഹം എന്ന് അന്ന് ആരും ഓർത്തു കാണില്ല. ആഴ്‌സണലിന് എതിരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രകടനമാണ് ഇനിയേസ്റ്റയ്ക്കുള്ള വിളി നേടിത്തന്നത്. 2008 യൂറോയാണ് ഇനിയേസ്റ്റയുടെയും, സുഹൃത്ത് ചാവിയുടെയും കരിയർ മാറ്റി മറിക്കുന്നത്. ചാവി താരമായ ആ ടൂർണമെന്റിൽ ഇനിയേസ്റ്റയും തിളങ്ങി. ആ പ്രകടനങ്ങളാണ് ഡെക്കോയെയും, റൊണാൾഡീഞ്ഞ്യോയെയും മാറ്റി ഈ ചെറുപ്പക്കാരെ ഉപയോഗിക്കുവാൻ അന്നത്തെ നിയുക്ത ബാഴ്‌സ മാനേജർ ഗാർഡിയോളയെ പ്രേരിപ്പിച്ചത്. പിന്നീട് നടന്നത് ചരിത്രം. ഫുട്‍ബോൾ കൂടുതൽ ഗോളുകൾ നേടി ജയിക്കുന്ന കാളി മാത്രമല്ല, അത് ഒരു കല കൂടിയാണ് എന്ന് ഇനിയേസ്റ്റ തന്റെ കളിമികവ് കൊണ്ട് തെളിയിച്ചു. ഫുട്‍ബോൾ അത്ര ആയാസരഹിതമായി കളിച്ചതു സാക്ഷാൽ സിദാൻ മാത്രമായിരുന്നു. സിദാനുമായുള്ള ഇനിയേസ്റ്റയെ താരതമ്യം ചെയ്തു തുടങ്ങിയതും സിദാൻ തന്നെയായിരുന്നു. ഇനിയേസ്റ്റ തന്റെ ശൈലിയെ അനുസ്മരിപ്പിക്കുന്നു എന്ന് സിദാൻ അന്ന് ഇനിയേസ്റ്റയെ പറ്റി പറഞ്ഞിരുന്നു. ലോകം ഇനിയേസ്റ്റയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഐതിഹാസികമായി ലോകകിരീടം നേടിക്കൊടുത്ത ഗോളോട് കൂടെ ഇനിയേസ്റ്റ ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ സിദാനുള്ള നേതൃപാടവവും, കരിസ്മയും ഇനിയേസ്റ്റയ്ക്കില്ല. എന്നാൽ കൺസിസ്റ്റൻസിയുടെ കാര്യത്തിൽ മറ്റാരേക്കാളും മുമ്പിലാണ് താനും. ഇനിയേസ്റ്റ ഒരിക്കലും മോശമായി കളിച്ചു കാണാറില്ല. ഇനിയേസ്റ്റയോളം കൺസിസ്റ്റന്റ് ആയിട്ടുള്ള താരങ്ങൾ വളരെ കുറവാണു.

എന്നും വലിയ മത്സരങ്ങളുടെ തോഴനായിരുന്നു ഇനിയേസ്റ്റ. ചാമ്പ്യൻസ് ലീഗ് ഫൈനലിലും, യൂറോ ഫൈനലിലും, ലോകകപ്പ് ഫൈനലിലും മാൻ ഓഫ് ദി മാച്ച് ആയ ഒരൊറ്റ താരമേ ലോകത്തുള്ളൂ. സ്‌പെയിൻ അടുപ്പിച്ചു മൂന്നു ഇന്റർനാഷണൽ കിരീടങ്ങൾ നേടിയത് ഇനിയേസ്റ്റയുടെ സുവർണ്ണകാലത്താണ് എന്നും ഓർക്കണം.

ഫുട്‍ബോൾ ഇനിയേസ്റ്റയെ സംബന്ധിച്ച് ഒരു കലയാണ്. ഫീൽഡിൽ അദ്ദേഹത്തിന്റെ എലഗൻസും, ക്ലാസും എടുത്തു പറയേണ്ടതാണ്. ഒരു കവിത രചിക്കുന്നത് പോലെയാണ് ഇനിയേസ്റ്റയുടെ കളി. ഫീൽഡിലെ അദ്ദേഹത്തിന്റെ മൂവ്‌മെന്റ് ചിലപ്പോൾ ഒരു ബാലറിനാ ഡാൻസറെ ഓർമ്മിക്കും.പന്ത് കൈവശം വെച്ച് കളിക്കുവാൻ ഇഷ്ട്ടപ്പെടുന്ന ഇനിയേസ്റ്റ, പന്ത് ഡ്രിബിളുകളും, ബോഡി മൂവ്മെന്റും കൊണ്ട് ഡിഫൻഡർമാരെ കീഴടക്കുന്നത് സ്ഥിരം കാഴ്ചയാണ്.എന്നാൽ ഒരിക്കൽ പോലും ഇനിയേസ്റ്റ സ്വന്തം ഗ്ലോറിക്കു വേണ്ടി കളിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മഹത്വം കൂട്ടുന്നു.

പ്രായവും പരിക്കുകളും അദ്ദേഹത്തിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഈ മുപ്പത്തിമൂന്നാം വയസ്സിലും ഇനിയേസ്റ്റക്ക് അദ്ദേഹത്തിന്റെ ഗ്രേസ് നഷ്ട്ടമായിട്ടില്ല. സിയസ്റ്റ, ഫിയസ്റ്റ കഴിഞ്ഞാൽ സ്പെയിൻകാർക്ക് പിന്നെ ഇനിയേസ്റ്റയാണ് എന്ന് സ്പാനിഷ് മാധ്യമങ്ങൾ എഴുതാറുണ്ട്. ഇനിയേസ്റ്റയുടെ കളി ആസ്വദിച്ചിട്ടുള്ളവർക്ക് അതിൽ സംശയം ഉണ്ടാകാനും സാധ്യതയില്ല. പടയപ്പാ എന്ന ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം, രജനി കാന്ത് ചെയ്ത കഥാപാത്രത്തിനോട് പറയുന്ന പോലെ “വയസ്സെത്രയായാലും ഇനിയേസ്റ്റയുടെ സ്റ്റൈലും, എലഗൻസും, ക്ലാസ്സും, വിട്ടു പോകില്ല”. ഒരേയൊരു ഡോൺ ആന്ദ്രസ് – ദി മജീഷ്യൻ !!!

©Penyadel Barca Kerala

  • SHARE :