• Follow

ഡോൺ പട്രീഷ്യോ Part 1

  • Posted On June 23, 2019

മണ്ണിന്റെ അതിർവരമ്പുകളെ ഭേദിച്ച് ജാതിമത-വർണങ്ങളെ ഭേദിച്ച് ലോകമൊട്ടുക്കും ഒരു ഉരുണ്ട പന്തിനെ കേന്ദ്രീകരിച്ച് ഓടുന്ന ഈ കായികലയുടെ ഇന്നീ കാണുന്ന രൂപത്തിന് നൂറ്റിയമ്പത് വർഷങ്ങളോളം പഴക്കമുള്ള ചരിത്രം പറയാനുണ്ട്. നീണ്ട ആ കാലയളവിലെ ഫുട്ബോളിന്റെ ചരിത്രത്തിൽ വലിയൊരു അദ്ധ്യായം തന്നെയാണ് നമ്മുടെ ക്ലബ്ബായ എഫ്.സി ബാഴ്സലോണ. എന്നിരുന്നാലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു പക്ഷേ ചരിത്രത്തിന്റെ വഴിയോരങ്ങളിൽ വിധിയുടെ ക്രൂരതയാൽ വീണുപോയ മറ്റു പല അജ്ഞാത ക്ലബ്ബുകളെയും പോലെ നമ്മുടെ ക്ലബ്ബും അകാലത്തിൽ മൺമറഞ്ഞെങ്കിൽ, ഒരു പക്ഷേ ഈ ക്ലബ്ബിനോ നാമത്തിനോ പകരം മറ്റൊന്നായിരുന്നേക്കാം ചിലപ്പോൾ ഇന്നീ കാണുന്ന ഒന്നും തന്നെ ഉണ്ടായില്ലെന്നും വരാം. ഒട്ടേറെ മഹാരഥന്മാരാൽ കെട്ടിപ്പടുത്ത ചരിത്രം പറയാനുള്ള ഈ ക്ലബ്ബിന് ‘നാളെ എന്തെന്നറിയാതെ’ ഒരു നരാധമന്റെ ചെയ്തികളുടെ മുന്നിൽ വിറച്ചു നിന്ന അങ്ങനത്തെ ഒരു ഭൂതകാലം പറയാനുണ്ട്. അന്ന് ചങ്കൂറ്റത്തോടെ വിധിയോട് പൊരുതി ഈ ക്ലബിന് നിലനിൽപ്പിന്റെ മറ്റൊരു പുലരിക്ക് ജന്മം കൊടുത്ത ഒരാളുണ്ട്, ഇന്ന് നാം ഈ കാണുന്ന എല്ലാ നേട്ടത്തിനും ഹേതുവായ ഒരാൾ. കാൽപന്തു കളിക്കുവേണ്ടി മാത്രം ജനിച്ചു ജീവിച്ചു-മരിച്ച ഒരാൾ. പക്ഷേ ജീവിതം ഹോമിച്ചയാൾ എന്ന് വേണം പറയാൻ. കാരണം ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ഏറ്റവും ഐതിഹാസികവും നാടകീയവുമായ ആ ജീവിതം കളി പ്രേമികൾക്കോ ചരിത്രകാരന്മാർക്കോ അദ്ദേഹത്തിൻറെ ദേശക്കാർക്കോ എന്തിനേറെ വലിയൊരു ശതമാനം സ്വദ്ദേശീയ കാറ്റാലന്മാർക്കോ പോലും അറിയില്ല. എല്ലാ കളി പ്രേമികളും തീർച്ചയായും അറിയണം ഒരേസമയം ഇത്തിരി വില്ലത്തരവും ഒത്തിരി ഹീറോയിസവും നിറഞ്ഞ ആ നാടകീയമായ കഥ. ഈ ലോകത്ത് കാൽപന്തുരുളുന്നിടത്തോളം കാലം ഓർക്കണം ഫുട്ബോൾ ശ്വാസവായുവായി ജീവിച്ച് ദാരുണമായി ആരാലും തിരിച്ചറിയപ്പെടാതെ മുഴു ദാരിദ്ര്യത്തോടെ മണ്ണിൽ അലിഞ്ഞ ഐതിഹാസികമായ “ഡോൺ പട്രീഷ്യോ”യുടെ കഥ. സാക്ഷാൽ പാട്രിക് ഒ-കോണൽ’ന്റെ കഥ.

Paddy : The Masonry Maverick Player
(Chapter 1)
×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×-×

അയർലൻഡിലെ കൗണ്ടിയായ വെസ്റ്റ്മീത്തിൽ 1887 മാർച്ച് 8’നാണ് പാട്രിക് ഒ’കോണൽ എന്ന പാഡി ജനിച്ചത്. പക്ഷേ കുട്ടിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ കുടുംബം നോർത്ത് ഡബ്ലിന്റെ ഹൃദയഭാഗത്തുള്ള മാബെൽ സ്ട്രീറ്റിലേക്ക് താമസം മാറിയിരുന്നു. മാബെലിലെ ഇടുങ്ങിയ തെരുവുകളിലെ കൂറ്റൻ ചുമരുകളിൽ തന്നെക്കാളും ‘വലിയ പന്ത്’ അന്തമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചും അത് കണ്ടു കൂടുന്ന കൂട്ടരുമായി ചേർന്ന് കളിച്ചുമാണ് അന്നത്തെ ഇൻഡസ്ട്രിയിൽ സിറ്റിയിലെ പാഡി എന്ന കൊച്ചു ബാലന്റെ ദൈനംദിന ജീവിതം മുന്നോട്ടു പോയത്. തിരക്കുള്ള നഗരത്തിലെ തെരുവുകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും കളി പഠിച്ച ആ തലമുറയുടെ സവിശേഷതകളും പാരമ്പര്യവുമുള്ള കഠിനക്കാരൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന കാലഘട്ടത്തിൽ ഇൻഡസ്ട്രിയൽ റവല്യൂഷൻ മൂർദ്ധന്യാവസ്ഥയിൽ എത്തിയ ആ സാമൂഹ്യ വ്യവസ്ഥിതിയിൽ വളരെ ചെറുപ്രായത്തിൽ തന്നെ യുവാക്കൾ ജോലിക്ക് പോയി തുടങ്ങിയിരുന്നു. ഡബ്ലിനിലെ അന്തര പ്രദേശത്തുള്ള റിംഗെൻഡിലെ ബോളൻഡ്സ് മിൽസിൽ ‘മില്ലറായി’ ജോലി ലഭിക്കുമ്പോൾ പാഡിക്ക് വെറും 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ ജോലിക്ക് പോകേണ്ടി വന്ന പാഡിയുടെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല എന്നിരുന്നാലും ജീവനുതുല്യം സ്നേഹിച്ച കാൽപന്ത് കളിയോടുള്ള പ്രണയം വിട്ടുകളയാൻ പാഡി തയ്യാറായിരുന്നില്ല.

പാഡി തന്റെ കരിയറിൽ പ്രധാനമായും രണ്ട് പൊസിഷനുകളാണ് കളിച്ചിട്ടുള്ളത്. ആ കാലഘട്ടത്തിലെ പ്രധാന പൊസിഷനുകളായിരുന്ന സെന്റർ ഹാഫ്, ഇൻസൈഡ് ഫോർവേഡ് എന്നീ രണ്ടു പൊസിഷനുകളും പാഡി അനായാസതയോടെ കളിച്ചിരുന്നു. ഫുട്ബോളിനോട് വല്ലാത്തൊരു അഭിനിവേശം വെച്ചുപുലർത്തിയ പാഡി വളരെ ചെറുപ്പത്തിൽ തന്നെ നഗരപ്രാന്തത്തിലുള്ള ലിഫി വാണ്ടറേഴ്സ് എന്ന ജൂനിയർ ടീമിൽ കളിച്ചു തുടങ്ങിയിരുന്നു. ലിഫി നദീതീരത്ത് കുടികൊള്ളുന്ന ഡബ്ലിൻ നഗരത്തിലെ കപ്പൽ തൊഴിലാളികളും തുറമുഖ തൊഴിലാളികളും ചേർന്ന് 1885 സ്ഥാപിച്ചതാണ് ആ ക്ലബ്. കഠിന ജോലി ചെയ്യുന്ന കരുത്തുറ്റ ആളുകളുടെ ശാരീരിക മേധാവിത്വത്തിലൂന്നിയുള്ള കളി കാഴ്ചവെക്കുന്ന ക്ലബ്ബ്. ഫുട്ബോളുമായി ലോകം കീഴടക്കന്നത് സ്വപ്നം കണ്ട പാഡിക്ക് അത് മികച്ച ഒരു പരിശീലന കളരിയായിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികവുറ്റ ഫുട്ബോളർ എന്ന പേരു നേടിയ പാഡിക്ക് വൈകാതെ തന്നെ അന്നത്തെ അയർലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ ‘ബെൽഫാസ്റ്റ് കെൽറ്റിക്ക്’ൽ നിന്ന് വിളി വന്നു. 1908’ൽ വെറും ഇരുപത്തിയൊന്നാം വയസ്സിലാണ് പാഡി തന്റെ ആദ്യ പ്രൊഫഷണൽ കോൺട്രാക്ട് നേടിയത്. ആ സമ്മറിൽ നിറഗർഭിണിയായ ഭാര്യയുമായി പാഡി ഡബ്ലിനിൽ നിന്ന് അയർലണ്ടിലെ ഏറ്റവും വലിയ നഗരമായ കെൽറ്റിക്കിലേക്ക് വണ്ടി കയറി.പക്ഷേ പാഡി മാത്രമായിരുന്നില്ല പുതിയൊരു ജീവിതം തേടി ബെൽഫാസ്റ്റിലേക്ക് കുതിച്ചത്. കപ്പൽ നിർമ്മാണത്തിനും തുറമുഖത്തിനും പേരുകേട്ട ആ നഗരത്തിലേക്ക് ആയിരക്കണക്കിന് സുശക്തരായ യുവാക്കൾ നല്ലൊരു നാളയെ തേടി പോയ സമയം കൂടിയായിരുന്നു അത്. ടൈറ്റാനിക് നിർമ്മിക്കാൻ വേണ്ടി ആ നഗരം തീരുമാനമെടുത്ത സമയം.

പാഡി വളരെ കടുപ്പക്കാരനായ സെന്റർ ഹാഫ് ആയിരുന്നു. തന്നെ മറികടന്ന് ആരും പോവില്ലെന്ന് ഉറപ്പുവരുത്തുന്നവൻ. ചെയ്യുന്ന ജോലി മികവോടും വൃത്തിയോടും പൂർത്തിയാക്കാൻ ശ്രദ്ധിച്ചു പോന്നവൻ. ഫീൽഡിനകത്ത് ഒരു കമാന്ററെ പോലെ കളിക്കാരെ നയിച്ചവൻ. വന്ന ആദ്യ സീസണിൽ തന്നെ അസാധ്യ മികവ് പ്രകടിപ്പിച്ച പാഡിയെ സീസൺ അവസാനം ഇംഗ്ലണ്ടിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ ‘ഷെഫീൽഡ് വെനസ്ഡേ’ സൈൻ ചെയ്തു കൊണ്ടുപോയി.

ഫുട്ബോൾ അധികമൊന്നും ആരും പ്രൊഫഷണൽ കരിയറായി സ്വീകരിച്ച് മുന്നോട്ട് പോയിട്ടില്ലാത്ത ആ കാലഘട്ടത്തിൽ സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് കളിക്കാൻ വേണ്ടി കുടിയേറിയ പാഡി പൈസയെക്കാൾ ഉപരി കളിയോടുള്ള അഭിനിവേശത്തിൽ പോയതാണെന്ന് വിലയിരുത്തപ്പെടുന്നു. പക്ഷേ പാഡി വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഷെഫീൽഡിൽ കളിച്ച ആ മൂന്നു സീസണുകളിൽ പ്രധാന ടീമിൽ സ്ഥിര സാന്നിധ്യം നേടിയെടുക്കാൻ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. എന്നും മറ്റെന്തിനെക്കാളും കളിയെ പ്രണയിച്ച പാഡിക്ക് ആ വൈഷമ്യ-കാലഘട്ടത്തിൽ കുടുംബ ജീവിതം സ്വാഭാവികമായും അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നു. ഒരു അച്ഛനായും ഒരു ഭർത്താവായും ചുമതല നിർവഹിക്കുന്നതിൽ പലപ്പോഴും പാഡി പരാജയപ്പെട്ടിരുന്നു. കുടുംബത്തിൻറെ ചുമതലകൾ മൊത്തം ഭാര്യ എല്ലെൻ’ന്റെ ചുമലിലായിരുന്നു. ഒടുവിൽ ഷെഫീൽഡ് വിട്ടു പാഡി രണ്ടാം ഡിവിഷനിലുള്ള ‘ഹൾ സിറ്റി’ ക്ലബ്ബിലേക്ക് കൂടുതൽ അവസരങ്ങൾക്കായി ചേക്കേറി. പിന്നീടങ്ങോട്ട് പാഡിക്ക് മികച്ച സമയമായിരുന്നു.

തന്റെ പുതിയ ക്ലബ്ബിൽ പാഡിക്ക് ഒരുപാട് അവസരങ്ങൾ കൈവന്നു. അതേസമയം തന്നെയായിരുന്നു അന്താരാഷ്ട്ര തലത്തിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് പാഡി സ്തുത്യർഹമായ നേട്ടം കൈവരിച്ചത്. 1914ലാണ് പാഡി ആദ്യമായിട്ട് ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചത്. ഇംഗ്ലണ്ടിനും വെയിൽസിനും എതിരെ ക്യാപ്റ്റൻ പാഡി ഐറിഷ് ടീമിന് പ്രശസ്തമായ വിജയങ്ങൾ നേടി കൊടുത്തു. പിന്നെയായിരുന്നു പാഡിയുടെ തലവര തന്നെ മാറ്റിയ അതിപ്രശസ്തമായ ഇരട്ടപ്പേരായ ” ദി പാർട്ടി ഓഫ് നയൻ മെൻ & ദി ഹാഫ് ” എന്നറിയപ്പെട്ട ചരിത്രമത്സരം പിറവിയെടുത്തത്. സ്കോട്ട്ലന്റിനെതിരെയുള്ള ചൂടേറിയ ആ നിർണായക മത്സരത്തിൽ കളി തുടങ്ങി നിമിഷങ്ങൾക്കകം ഒരു കളിക്കാരൻ പരിക്കേറ്റു പുറത്തായതിനാൽ സബ്സ്റ്റിറ്റ്യൂഷൻ നിയമം കേട്ടു കേൾവി പോലുമില്ലാത്ത അന്ന് അയർലൻഡ് വെറും പത്ത് പേരായി ചുരുങ്ങി. കളി തുടർന്ന് പിന്നെയും അൽപ്പ സമയത്തിനകം അവരുടെ ക്യാപ്റ്റനായ പാഡിയുടെ കൈയൊടിഞ്ഞ് പരിക്കേറ്റു. പക്ഷേ തന്റെ ടീമിനുവേണ്ടി ഒടിഞ്ഞ കൈയുമായി പിന്നെയും പോരാടിയ ക്യാപ്റ്റൻ പാഡി എന്നത്തെയും പോലെ തന്റെ ഉള്ളിലെ കടുപ്പക്കാരനായ പോരാട്ടവീര്യം കൊണ്ട് ടീമിനെ കരക്കെത്തിച്ചു. അന്ന് സ്കോട്ട്‌ലൻഡിനെതിരെ പോരാടി നേടിയ 1-1 സമനിലയോടെ പാഡി എന്ന ക്യാപ്റ്റൻ അയർലൻഡിന് ചരിത്രത്തിലാദ്യമായി ‘ട്രിപ്പിൾ ക്രൗൺ’ എന്നു വിളിക്കുപ്പെടുന്ന പ്രശസ്തമായ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തു. അതിപ്രശസ്തമായ ആ വിജയം ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ സേവനം സ്വന്തമാക്കാൻ ഹേതുവായി. അന്നത്തെ ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡായ £1000നാണ് അവർ അദ്ദേഹത്തെ നേടിയത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ദേശീയ ടീമിനൊപ്പമുള്ള ജൈത്രയാത്ര അതേ കൊല്ലം പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തോടെ എന്നെന്നേക്കുമായി അവസാനിച്ചു. കൂടാതെ കളിയോടുള്ള അദ്ദേഹത്തിന്റെ അമിത ഭ്രമം കുടുംബത്തിലെ പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യങ്ങളുടെ ആക്കം കൂട്ടി.

വളരെ കലുഷിതമായ ആ സാഹചര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾക്കൊത്തുയരാൻ പാഡിക്ക് കഴിഞ്ഞു. കളിക്കളത്തിൽ മികവിൽ നിന്നു മികവിലേക്ക് കുതിച്ചുക്കൊണ്ട് പേരുകേട്ട തന്റെ പ്രതിഭ പാഡി കാത്തു. ഇതുമൂലം വെറും ആറു മാസത്തിനുള്ളിൽ തന്നെ പാഡി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ദൃഢഗ്രാഹിയായ പോരാട്ട ശൈലിയും, എല്ലായ്പ്പോഴും മികച്ചത് നൽകുന്ന ഏകാഗ്രതയെയും ബ്രിട്ടീഷ് മാധ്യമങ്ങൾ വാ തോരാതെ വാഴ്ത്തി. വളരെ ഉയർന്ന മികവോടെ അദ്ദേഹത്തിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സീസണിൽ മുന്നേറിയെങ്കിലും പക്ഷേ അധികകാലം ആ സന്തോഷവും നല്ല കാലവും നീണ്ടു നിന്നില്ല. കാലവും വിധിയും ഒരുപക്ഷേ അദ്ദേഹത്തിന്റെ ചെയ്തിയും അദ്ദേഹത്തിന് കാത്തുവെച്ച ഓർമ്മകൾ മറ്റൊന്നായിരുന്നു

ഒന്നാം ലോകമഹായുദ്ധം അധിക കാലം നീണ്ടു നിൽക്കില്ല എന്ന് പൊതുവേ കരുതിയിരുന്ന ആ സമയത്ത് ഇംഗ്ലീഷ് ഫുട്ബോൾ അധികാരികൾ ലീഗ് തുടരാൻ തന്നെ തീരുമാനിച്ചു. നിർബന്ധിത യുദ്ധ സേവനം അതുവരെയും പ്രയോഗത്തിൽ വന്നിട്ടില്ലായിരുന്നു. ആ പ്രത്യേക സാഹചര്യത്തിൽ വളരെയധികം കളിക്കാർ തങ്ങളുടെ ക്ലബ്ബുകളുടെയൊപ്പം താമസിച്ചു. 1914-15 സീസൺ അവസാനത്തിൽ എത്തിനിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടേബിളിൽ താഴെ നിന്ന് മൂന്നാമതായി തരംതാഴൽ ഭീഷണിയിലായിരുന്നു. 1915 ഏപ്രിൽ 2ാം തീയതി, ഒരു ദുഃഖവെള്ളിയാഴ്ച ദിനമായിരുന്നു പാഡിയുടെ ജീവിതത്തെ അടിമുടി കീഴ്മേൽ മറിച്ച സംഭവം നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള പ്രശസ്തമായ നോർത്ത്-വെസ്റ്റ് ഡെർബി അന്നായിരുന്നു. തരംതാഴൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ എന്തുവിലകൊടുത്തും ആ പോയിന്റുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടേണ്ടിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ മത്സരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ മത്സരങ്ങളിലൊന്നായാണ് മാറിയത്. അതിന്റെ മൂലകാരണം പാഡിയും. അത് ചരിത്രത്തിൽ അറിയപ്പെടുന്നത് “ദി ഗുഡ് ഫ്രൈഡേ ബെറ്റിംഗ് സ്കാന്റൽ” എന്നാണ്. മുൻപെങ്ങും സുപരിചിതമല്ലാത്ത ലോക മഹായുദ്ധം മൂർദ്ധന്യാവസ്ഥയിലെത്തി കൊടുമ്പിരി കൊണ്ട ആ കാലത്ത് തൊട്ടടുത്ത കൊല്ലമോ അതിനടുത്തെങ്ങുമോ ഇനി ലീഗ് നടന്നേക്കില്ല എന്നുള്ള ആശങ്കയിലാണ്ട യാഥാർഥ്യബോധം കളിക്കാരുടെ ഇടയിൽ പ്രചരിച്ചിരുന്നു. സമീപഭാവിയിൽ തന്നെ തങ്ങൾ തൊഴിൽരഹിതരാവുമെന്ന് ആശങ്കയോടെ വിശ്വസിച്ച കളിക്കാർ ആ മത്സരത്തിനും അതിന്റെ പ്രസക്തിക്കും ആ അവസ്ഥയിൽ യാതൊരുവിധ പ്രാധാന്യവും കൽപ്പിച്ചിരുന്നില്ല.

അഭൂതപൂര്‍വ്വമായ ആ സാഹചര്യത്തിൽ മാഞ്ചസ്റ്ററിലെ ഒരു ബാറിൽ ഒത്തുചേർന്നെന്ന് പറയപ്പെടുന്ന രണ്ട് ടീമിലെയും ഒരു കൂട്ടം കളിക്കാർ വാതുവെപ്പുകാരുമായി ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 എന്ന സ്കോറിൽ വിജയിപ്പിക്കാമെന്ന് തീരുമാനിച്ചതായി പറയപ്പെടുന്നു. ഇതൊന്നുമറിയാതെ ഡെർബിയുടെ ചൂടും ചൂരും ആവേശവുമോടെ 18,000’ത്തോളം ആരാധകർ തങ്ങളുടെ ടീമിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിനായി പ്രചോദിപ്പിക്കാൻ ഓൾഡ് ട്രാഫോഡിൽ തിങ്ങിനിറഞ്ഞിരുന്നു. അസാധാരണമായി യാതൊന്നും സംഭവിക്കാതെ മറ്റേത് കളിയും പോലെ ഈ കളിയും പതിവുപോലെ മുന്നോട്ടുപോയി. ഒടുവിൽ ആദ്യപകുതി അവസാനത്തോടടുത്തപ്പോൾ നാൽപതാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. അങ്ങനെ 1 – 0 ലീഡോടെ കളി തുടങ്ങിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചു. ലീഡ് നില വർദ്ധിപ്പിച്ച് കളി സ്വന്തമാക്കാമെന്ന പ്രതീക്ഷിച്ച ഹോം കാണികൾ പക്ഷേ ക്യാപ്റ്റൻ പാഡി പെനാൽറ്റി എടുക്കാൻ വന്നത് കണ്ട് ആശങ്കയിലാണ്ടു. കാരണം പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ കരിയറിലുടനീളം പാഡിക്ക് പൊതുവേ മോശം ചരിത്രമായിരുന്നു. ഒടുവിൽ അവർ ഭയപ്പെട്ടതു തന്നെ സംഭവിച്ചു പാഡി പെനാൽറ്റി മിസ്സാക്കി. പക്ഷേ അതൊന്നുമല്ല അവരെ ഞെട്ടിച്ചതും അന്ധാളിപ്പിച്ചതും. ഗോളിലേക്കാണ് ലക്ഷ്യം എന്ന് ഒരു കൊച്ചു കുട്ടിക്ക് പോലും തോന്നിപ്പിക്കാത്തക്കവണ്ണം അമ്പരപ്പിക്കുന്ന വിസ്തൃതിയിലാണ് ആ ഷോട്ട് പ്ലേസ് ചെയ്തത്. അതുകണ്ട് അമ്പരന്നു പോയ റഫറിയും ലൈൻസ്മാനും മിനിട്ടുകളോളം അതിനെ പറ്റി സംസാരിച്ചു എന്നും പറയപ്പെടുന്നു. വിലക്ഷണമായി ചിരിച്ചുകൊണ്ട് തിരിച്ചു നടന്നെന്നു ദൃക്സാക്ഷികളാൽ പറയപ്പെടുന്ന പാഡി ടീമിന് ഇനിയും ഗോൾ ആവശ്യമെങ്കിൽ അത് നേടാൻ ഉറപ്പായും കഴിയും എന്ന് അറിഞ്ഞു കൊണ്ട് അത് മനപ്പൂർവ്വം മിസ്സ് ചെയ്തത് പോലെ തോന്നിച്ചു. യാദൃശ്ചികവശാലോ അല്ലാതെയോ പിന്നീട് യുണൈറ്റഡ് ആ കളിയിൽ നേടിയ രണ്ടാമത്തെ ഗോളിന് കാരണമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചതും പാഡി ആയിരുന്നു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എന്ന് പറയപ്പെടുന്ന 2-0 സ്കോർ നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഡെർബി ജയിച്ചു. കളിയിൽ തങ്ങൾക്ക് ലഭിച്ച ഒരു പെനാൽറ്റി ലിവർപൂൾ മിസ്സ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ ലിവർപൂളിന്റെ തന്നെ ഫ്രെഡ് പഗ്നാം കളിയുടെ അവസാന നിമിഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രോസ് ബാറിനടിച്ചത് സംഭവിച്ചതിന് ഘടകവിരുദ്ധമായിരുന്നു.

ഒടുവിൽ മാച്ച് ഫിക്സിങ്ങ് കിംവദന്തികൾ വ്യാപകമായി പ്രചരിച്ചപ്പോൾ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചു. പിന്നീട് കുറ്റക്കാരാണെന്ന് കണ്ടുപിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിലെ മൂന്നും ലിവർപൂളിലെ നാലും കളിക്കാർക്ക് അസോസിയേഷൻ ലൈഫ് ടൈം ബാൻ ശിക്ഷയായി നൽകി. തെളിവുകളുടെ അഭാവത്തിലോ എന്തോ പാഡി തലനാരിഴക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സിനിമയെ പോലും വെല്ലുന്ന നാടകീയമായ ഇംഗ്ലണ്ടിലെ ഫുട്ബോൾ ജീവിതം അതോടെ അവസാനിച്ചിരുന്നു. കാരണം ഒന്നാംലോകമഹായുദ്ധം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ പിന്നീടുള്ള നാലു കൊല്ലത്തേക്ക് ഇംഗ്ലണ്ടിൽ ലീഗ് സസ്പെൻഡ് ചെയ്തിരുന്നു. കളിച്ചില്ലെങ്കിലും 1919’വരെ പാഡി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരൻ തന്നെയായിരുന്നു.
ഇടക്ക് യുദ്ധ കാലത്തിനിടയിൽ ദൈനംദിന ആവശ്യങ്ങൾക്കായി ഇംഗ്ലണ്ടിലെ ചെറുകിട ടീമുകൾക്ക് വേണ്ടി ബൂട്ട് കിട്ടിയിരുന്നു. ഒടുവിൽ യുദ്ധം അവസാനിച്ചപ്പോൾ പാഡി ഔദ്യോഗികമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്കോട്ടിഷ് ക്ലബായ ഡംബർട്ടണിലേക്ക് കുടിയേറി. ഒരു കൊല്ലത്തെ ഡംബർട്ടൺ വാസത്തിനുശേഷം പാഡി നോർത്തേൺ ഇംഗ്ലണ്ടിലെ ആഷിംഗ്ടൺ എഫ്.സി’യിലേക്ക് മാറി. പക്ഷേ അപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങൾ ശിഥിലമായിരുന്നു. ഫുട്ബോളിനു വേണ്ടി മാത്രം ജീവിച്ച അദ്ദേഹം കുടുംബത്തിൻറെ സംരക്ഷണതയും സ്വീകാര്യതയും നോക്കിയിരുന്നില്ല. സ്വന്തം നാടായ ഡബ്ലിനിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുത്ത ആ കുടുംബം അദ്ദേഹത്തിനൊപ്പം ദൂര പ്രദേശമായ ആഷിംഗ്ടണിലേക്ക് പെട്ടെന്നുള്ള കുടമാറ്റത്തിന് സമ്മതിച്ചില്ല. വളരെ ദുഃഖകരമായ കാര്യമെന്താണെന്ന് വെച്ചാൽ അദ്ദേഹം അവസാനമായി തന്റെ ഭാര്യയെ കാണുന്നത് ആ യാത്രയുടെ തയ്യാറെടുപ്പിലാണ്. വളരെ ബുദ്ധിമുട്ടി ന്യൂകാസിൽ സ്റ്റേഷൻ വരെ യാത്ര ചെയ്ത ഭാര്യ അദ്ദേഹത്തെ കണ്ടുമുട്ടി ആഷിംഗ്ടണിലേക്കുള്ള യാത്ര നിർത്തലാക്കണമെന്നും നാട്ടിലേക്ക് കുടുംബത്തിനൊപ്പം വരണമെന്നും അപേക്ഷിക്കാൻ വേണ്ടിയാണ് പോയത്. പക്ഷേ അദ്ദേഹം അതിന് കൂട്ടാക്കിയില്ല. ആദ്യ സീസണിൽ അദ്ദേഹം ആഷിംഗ്ടണിൽ കളിക്കാരനായി പൂർത്തിയാക്കിയപ്പോൾ. രണ്ടാം സീസണിൽ അദ്ദേഹം ടീമിന്റെ കോച്ച് എന്ന പദവി കൂടി ഏറ്റെടുത്ത് ‘കോച്ച് കം പ്ലേയർ’ എന്ന രീതിയിൽ സേവിച്ചു. ഒടുവിൽ സീസൺ അവസാനിപ്പിക്കുമ്പോൾ ആഷിംഗ്ടണിന് വളരെ ഭേദപ്പെട്ട പത്താം സ്ഥാനം നേടിക്കൊടുത്തു. ഇവിടെ നിന്നാണ് പാഡിയുടെ കോച്ചിംഗ് ജൈത്ര യാത്രയുടെ ആരംഭം. പക്ഷേ തന്റേതായ കാരണങ്ങൾ മൂലം തകർന്ന കുടുംബബന്ധങ്ങൾ അദ്ദേഹത്തെ വളരെയധികം അലട്ടിയിരുന്നു. ഭാര്യയെയും നാല് മക്കളെയും വിട്ടുപിരിഞ്ഞത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കിയിരുന്നു. പക്ഷേ അദ്ദേഹം തിരിച്ചു പോവാൻ തയ്യാറല്ലായിരുന്നു… പെട്ടെന്നൊരു ദിവസം അദ്ദേഹം അവിടെ നിന്ന് അപ്രത്യക്ഷനായി. എങ്ങോട്ടെന്നില്ലാതെ, ആർക്കും അറിയാതെ അദ്ദേഹം കാലത്തിന്റെ മറപറ്റി മറഞ്ഞു. സ്വന്തം ഭാര്യക്കും കുട്ടികൾക്കും അറിയാത്ത, പിടികൊടുക്കാത്ത ഏതോ അനന്തതയിലേക്ക്………