ഡോൺ പട്രീഷ്യോ Part 2
കുറച്ചു കാലങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു കത്ത് വന്നു കൂടെ കുറച്ചു തുച്ഛമായ പണവും. അയച്ചത് പാഡി തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, പക്ഷേ അത് എവിടെ നിന്നാണെന്ന് കുറിച്ചിട്ടില്ലായിരുന്നു. കത്ത് വന്ന അഡ്രസ്സ് തേടി കുറച്ച് അന്വേഷിച്ചപ്പോൾ അത് സ്പെയിനിൽ നിന്നാണെന്ന് മനസ്സിലായി. പക്ഷേ എങ്ങനെ, എന്തിന്, ആർക്കു വേണ്ടി സ്പെയിൻ..!? പാഡിയുടെ അതുവരെയുള്ള നാടകീയമായ ജീവിതം പോലെ ഈ തീരുമാനത്തിന് പിന്നിലുള്ള കാരണവും ദുരൂഹമായിരുന്നു. മുൻപ് ഇഷ്ടപ്പെട്ട കളി വെച്ച് ചൂതാടിയെന്നു ആരോപിക്കപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു ചൂതാട്ടം, ഇത്തവണ ജീവിതം വെച്ചാണെന്ന് മാത്രം.
യുദ്ധക്കെടുതികളിൽ നിന്ന് കഷ്ടിച്ച് അതിജീവിച്ച് തുടങ്ങിയ കുടിയേറ്റ രാജ്യത്തിലെയും കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി ആഭ്യന്തരകലാപം കൊടുമ്പിരികൊള്ളുന്ന മാതൃരാജ്യത്തിലെയും സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ തീർത്തും അന്യവും പുതിയതുമായ ഒരു രാജ്യത്തേക്ക് പോകുന്നതിൽ പ്രത്യേകിച്ച് ലാഭമൊന്നുമില്ലെങ്കിലും നഷ്ടപ്പെടാൻ ഒന്നും തന്നെയില്ല എന്ന യാഥാർത്ഥ്യബോധം കൊണ്ടാവണം അദ്ദേഹം ആ ധീരമായ ചൂതാട്ടത്തിന് തയ്യാറായത്. ധീരമായ ചൂതാട്ടം എന്ന് അതിനെ വിശേഷിപ്പിക്കാൻ കാരണം മറ്റൊന്നുമല്ല വസിച്ച നാട്ടിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഭാഷ, ആളുകൾ, കാലാവസ്ഥ,സംസ്കാരം എന്നിവയാൽ സമ്പുഷ്ടമായ നാട്ടിലേക്ക് വെറും കൈയോടെ കേറി ചെന്ന ധൈര്യത്തിനാണ്. 1889’ൽ ഇംഗ്ലീഷുകാരാൽ റിക്രിയാറ്റീവോ ഡെ ഹ്വെൽവ എന്ന രാജ്യത്തെ ആദ്യ ക്ലബ്ബും പിന്നീട് അത്ലറ്റികോ ബിൽബാവോ, എഫ്.സി ബാഴ്സലോണ, മാഡ്രിഡ് സി.എഫ് എന്നീ ക്ലബ്ബുകളടക്കവും നിലവിൽ വന്നിരുന്നെങ്കിലും 23 വർഷങ്ങൾക്കപ്പുറവും ഇംഗ്ലണ്ടിലെ പോലൊരു ദേശീയ ലീഗ് സ്പെയിനിൽ നിലവിൽ വന്നിട്ടില്ലായിരുന്നു. അതിനാൽ ഫുട്ബോളിനു വേണ്ടിയാണെങ്കിൽ പോലും ആ തീരുമാനം ചൂതാട്ടമായിരുന്നു.
പക്ഷേ സ്പാനിഷ് ജനത വലിയൊരു മാറ്റത്തിന് കുടികൊള്ളുന്ന സമയത്തായിരുന്നു പാഡിയുടെ വരവ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യുദ്ധക്കെടുതി താരതമ്യേന കുറവായിരുന്നെങ്കിലും സ്പെയിനിന്റെ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ കെടുതി ഒരുപാട് അനുഭവിച്ചിരുന്നു. ഗ്രാമപ്രദേശത്തുള്ളവർ മെച്ചപ്പെട്ട ജീവിതാവസരത്തിനായി കൂട്ടമായി നഗരപ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്ന കാലഘട്ടമായിരുന്നു അത്. ഗ്രാമങ്ങളിലും സ്പെയിനൊട്ടുക്കും പരമ്പരാഗതമായി കാളപ്പോരായിരുന്നു ജനകീയ വിനോദമെങ്കിലും നഗരപ്രദേശങ്ങളിലെ പുതിയ കുടിയേറ്റക്കാരുടെ ഇടയിലേക്ക് ഫുട്ബോളിന്റെ വിത്ത് മുളച്ചു തുടങ്ങിയ സമയമായിരുന്നത്. വടക്കേ സ്പാനിഷ് തുറമുഖമായ സന്റാന്ററിൽ സ്വദേശീയരും ഒപ്പം ബ്രിട്ടീഷ്-ഐറിഷ് നാവികരും ചേർന്ന് 1913’ൽ രൂപംകൊടുത്ത ക്ലബ്ബാണ് റേസിംഗ് ഡെ സന്റാന്റർ. 10 വർഷങ്ങൾക്കപ്പുറം വടക്കൻ സ്പെയിനിലെ ഏറ്റവും മികച്ച ടീമെന്ന ഘ്യാതി ആക്രമണ ഫുട്ബോൾ കാഴ്ചവെക്കുന്ന സന്റാന്റർ നേടിയെടുത്തിരുന്നു. ബോൾ കൈവശം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വേഗതയിലും ചടുലതയിലും നീങ്ങുന്നതായിരുന്നു അവരുടെ ശൈലി. കോച്ച് ഫ്രെഡ് പെന്റ്ലാൻഡിനായിരുന്നു അതിന്റെ മികവ്. പക്ഷേ ആ കൊല്ലം അദ്ദേഹത്തെ പരമ്പരാഗത വൈരികളായ അത്ലറ്റികോ ബിൽബാവോ സ്വന്തമാക്കി. അപ്പോഴായിരുന്നു വിദേശിയായ പാട്രിക്ക് ഒ’ക്കോണൽ എന്ന പാഡിയുടെ വരവ്. ഐറിഷ് പാരമ്പര്യമുള്ള ക്ലബ്ബിന്റെ ഉടമസ്ഥരെ ഒരവസരത്തിനായി തന്റെ ഇച്ഛാശക്തി ബോധ്യപ്പെടുത്താൻ പാഡിക്കു കഴിഞ്ഞു.
പെന്റ്ലാൻഡിന്റെ രീതികൾ ഉൾക്കൊണ്ട് അതിൽ നിന്ന് മെച്ചപ്പെടുത്തി മുന്നോട്ടുപോകുന്ന പാഡിയുടെ രീതി ഉടമസ്ഥരിൽ ഒരുപാട് മതിപ്പുണ്ടാക്കി. കളിക്കാരുടെ ജന്മസിദ്ധമായ ഡ്രിബ്ലിങ്ങ് സ്കിൽസ് പുറത്തെടുക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കളിക്കാരനായി താൻ അയർലണ്ടിലും ബ്രിട്ടനിലും പഠിച്ചിട്ടുള്ള ലോങ്-ഫീൽഡ് പാസ്സുകളും ക്രോസുകളും അദ്ദേഹം കളിക്കാർക്ക് പരിചയപ്പെടുത്തി. പക്ഷേ സമകാലീനരായ എല്ലാവരെക്കാളും നൂറു മടങ്ങ് മുൻപോട്ട് ചിന്തിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മികവ്. കാലങ്ങൾ കടന്നു ചിന്തിച്ച പാഡി ഫിറ്റ്നസ്, അച്ചടക്കം, ടീം വർക്ക് എന്നിവക്ക് വലിയ ഊന്നൽ നൽകി ടീമിനെ രൂപപ്പെടുത്തിയെടുത്തു. അന്ന് മറ്റാരും ചിന്തിച്ചിട്ടില്ലാത്തതോ അവലംബിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങളായിരുന്നു അത്. സ്പെയിനിലെ കളിക്കാരുടെ പിച്ചിനകത്തും പുറത്തുമുള്ള സാംസ്കാരിക-ജീവിതശൈലി എന്നെന്നേക്കുമായി മാറ്റുന്നതിൽ നിർണായക സ്വാധീനം കൊണ്ടുവന്ന ചെയ്തികളായിരുന്നു അത്. പിന്നീട് 1926-27’ൽ പുതിയ ഓഫ് സൈഡ് നിയമം വന്നപ്പോൾ അദ്ദേഹം എതിർടീമിലെ കളിക്കാരൻ പാസ് സ്വീകരിക്കുമ്പോൾ ഓഫ്സൈഡ് ആനുകൂല്യം ലഭിക്കാൻ വേണ്ടി തന്റെ ടീമിലെ ഡിഫൻഡർമാരെ എതിർടീമിലെ അറ്റാക്കിങ് ഫോർവേഡുകളെ ഒറ്റപ്പെടുത്തി കൂട്ടമായി മുന്നോട്ടുപോവാൻ പരിശീലിപ്പിച്ചു. എല്ലാ അർത്ഥത്തിലും കാലങ്ങൾ പിന്നോട്ട് താണ്ടിവന്ന ഒരു മോഡേൺ കോച്ചിന്റെ മുഖമായിരുന്നു അന്നത്തെ പാഡിക്ക് എന്ന് ചരിത്രം നിസംശയം പറയുന്നു.
പിന്നീട് 1929 വരെയുള്ള ഏഴ് കൊല്ലം ആ ഐറിഷുകാരനായിരുന്നു സന്റാന്ററിന്റെ മുഖം. അഞ്ച് പ്രാദേശിക ടൈറ്റിലുകളാണ് ആ കാലയളവിൽ അദ്ദേഹം സന്റാന്ററിന് നേടിക്കൊടുത്തുത്. പക്ഷേ സന്റാന്ററിനായുള്ള അദ്ദേഹത്തിന്റെ പ്രധാന നേട്ടം ഇതൊന്നുമല്ലായിരുന്നു. വലുപ്പം കൊണ്ട് ചെറുതെങ്കിലും അന്ന് രാജ്യത്ത് നിലനിന്നിരുന്ന പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് തങ്ങളെന്ന് അധികായരായ പ്രതിയോഗികൾക്ക് തെളിയിച്ചു കൊടുത്തതായിരുന്നു ആ നേട്ടം. പ്രാദേശിക വലുപ്പത്തിൽ മുൻപന്തിയിലുള്ള ടീമുകൾ ചേർന്ന് ‘ ചെറിയ ക്ലബ്ബുകളെ ‘ മാറ്റിനിർത്തി ലീഗ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിനു ബദലായി രാജ്യത്തെ ചെറിയ ക്ലബ്ബുകളെ ഒത്തു ചേർത്ത് സമാന്തര ലീഗ് നടത്തി അത് ജയിച്ച് “ഡോൺ പട്രീഷ്യോയുടെ” കീഴിൽ ആ കുഞ്ഞൻ ക്ലബ് അവരുടെ ശക്തി രാജ്യത്ത് വിളിച്ചോതി. ഒടുവിൽ അതികായർ അവരെ അംഗീകരിച്ച് ഒത്തുതീർപ്പിലെത്തി തൊട്ടടുത്ത കൊല്ലം രാജ്യത്ത് ആദ്യമായി ദേശീയ ലീഗ് ആയ ലാലിഗ ( അന്ന് പ്രിമേറ ഡിവിഷൻ) സ്ഥാപിച്ചപ്പോൾ റേസിംഗ് സന്റാന്ററും അവരിലൊരു സ്ഥാപക അംഗമായി. എല്ലാത്തിനും അവരെ മുന്നിൽ നിന്ന് നയിച്ചത് അയർലൻഡിലെ നാവിക നാട്ടിൽ നിന്നും വന്ന പഴയ കഠിനക്കാരനായ ഡിഫൻഡർ തന്നെ. സന്റാന്ററിന് സ്പാനിഷ് ഫുട്ബോളിലെ ഉയർന്നതലത്തിൽ കളിക്കാനുള്ള കെൽപ്പ് ഉണ്ടാക്കിയശേഷം ആദ്യ ലാ ലിഗ സീസൺ അവസാനത്തോടെ ഡോൺ അവരോട് വിട പറഞ്ഞു. തുടർന്ന് സ്പാനിഷ് ഫുട്ബോളിലെ രണ്ടാം ലീഗായ സെഗുണ്ട ഡിവിഷനിൽ പുതുതായി തുടങ്ങിയ ക്ലബ്ബായ റിയൽ ഒവൈഡോ’യിൽ കോച്ചായി സ്ഥാനമേറ്റു. അവിടെയുണ്ടായിരുന്ന രണ്ടുകൊല്ല കാലയളവിൽ ഡോൺ ആ പുത്തൻ ക്ലബ്ബിനെ മികവുള്ള സ്പോർട്ടിംഗ് ക്ലബ് ആയി രൂപപ്പെടുത്തി പിന്നീട് അവരുടെ ഒന്നാം ഡിവിഷനിലേക്കുള്ള പ്രമോഷനിൽ നിർണായക പങ്കു വഹിച്ചു.
സ്പെയിനിൽ രാഷ്ട്രീയവും സാമൂഹികവുമായ സംഘർഷങ്ങൾ ഉച്ചിയിൽ എത്തിയ കാലഘട്ടമായിരുന്നു 1929 മുതൽ 35 വരെയുള്ള സമയം. നാടുവിട്ട് മറ്റൊരു ദേശത്തു അഭയം നേടിയ ഡോണിന് പ്രവാസി എന്ന അലങ്കാരവും ഐറിഷുകാരനായതുകൊണ്ട് സ്പെയിനിലെ ആഭ്യന്തര സംഘർഷങ്ങളും ഒരു പുതുമയേ അല്ലായിരുന്നു. തന്റെ പ്ലേയിങ്ങ് കരിയറിലെ ആദ്യ മുഖ്യ ക്ലബ്ബായ ബെൽഫാസ്റ്റ് കെൽറ്റിക് എന്ന, പിന്നീട് സംഘർഷങ്ങളാൽ എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വന്ന, കത്തോലിക്കൻ ടീമിൽ നിന്നാണ് പാഡി എന്ന ഡോൺ ഫുട്ബോളിൽ കലർന്ന രാഷ്ട്രീയത്തെയും അത് പ്രതിനിധീകരിക്കുന്ന ദേശീയതയെയും അതിന്റെ തീവ്രതയെയും കുറിച്ചു മനസ്സിലാക്കുന്നത്. ഐറിഷ് നാട്ടിലെ തൊഴിലാളിവർഗ വേരുകളുള്ള കുടുംബത്തിൽ നിന്നും വന്നതുകൊണ്ട് ഡോൺ എന്നും അടിച്ചമർത്തപ്പെട്ടവരുടെ കൂടെയായിരുന്നു. സന്റാന്ററിലും ഒവൈഡോയിലും സമാന മാനങ്ങൾ ഉള്ള സമയത്തായിരുന്നു ഡോൺ കോച്ചായി ഭരിച്ചത്. അവിടുത്തെ ജനങ്ങൾ അധികാരികളുടെ ദുഷ്പ്രവൃത്തികളിൽ അസന്തുഷ്ടരായ മൂലം ആഭ്യന്തര കലാപം നടത്തിയത് അധികാരികൾ നിർദയം അടിച്ചമർത്തിയ സമയമായിരുന്നു അത്. ഒവൈഡോ വിട്ട ഡോൺ പിന്നീട് എത്തുന്നത് അൻഡാലുഷ്യൻ തലസ്ഥാനമായ സെവിയ്യ നഗരത്തിലാണ്.
സെവിയ്യ നഗരത്തിൽ അന്ന് രണ്ടു ക്ലബ്ബുകളാണ് നിലനിന്നിട്ടുണ്ടായിരുന്നത്. നഗരത്തിന്റെ തന്നെ പേര് സ്വീകരിച്ചിട്ടുള്ള സെവിയ്യ എഫ്.സി’യും പിന്നീട് 1907’ൽ രൂപംകൊണ്ട റിയൽ ബെറ്റിസും. സെവിയ്യൻ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഒരു കൂട്ടം അംഗങ്ങളാണ് റിയൽ ബെറ്റിസ് സ്ഥാപിച്ചത്. തൊഴിലാളിയായ ഒരു കളിക്കാരനെ സൈൻ ചെയ്തപ്പോൾ അവന് തങ്ങളുടെ ക്ലബ്ബിൽ കളിക്കാനുള്ള സാമൂഹിക പദവിയില്ല എന്ന് പറഞ്ഞു ബോർഡംഗങ്ങൾ തഴഞ്ഞതിൽ രോഷം കൊണ്ടാണ് ഒരു കൂട്ടം അസന്തുഷ്ടരായ അംഗങ്ങൾ റിയൽ ബെറ്റിസ് എന്ന “ജനങ്ങളുടെ ക്ലബ്ബ്”ന് രൂപം കൊടുത്തത്. അവരുടെ സാരഥിയായിട്ടായിരുന്നു ഡോൺ ഒവൈഡോ വിട്ടശേഷം 1932’ൽ സ്ഥാനമേറ്റത്.
ഡോണിൻറെ കീഴിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളായിരുന്നു റിയൽ ബെറ്റിസ് നേടിയത്. സെഗുണ്ട ഡിവിഷനിൽ നിന്ന് പ്രമോഷൻ നേടി ലാലിഗയിൽ കളിക്കുന്ന ആദ്യത്തെ അൻഡാലുഷ്യൻ ക്ലബ് എന്ന നേട്ടം സെവിയ്യയെ കാഴ്ചക്കാരാക്കിക്കൊണ്ട് സ്വന്തമാക്കിയ അവരെ ഡോൺ പുതിയ ഉയരങ്ങൾ കാണിച്ചു. 1934-35 സീസണിൽ അതുവരെയുണ്ടായിരുന്ന സ്പാനിഷ് ചരിത്രത്തിലെ ബാഴ്സ,അത്ലറ്റികോ ബിൽബാവോ, റിയൽ മാഡ്രിഡ് അപ്രമാദിത്വം തച്ചുതകർത്തുകൊണ്ട് എല്ലാവരെയും ഞെട്ടിച്ച് ഡോണിന്റെ കീഴിൽ റിയൽ ബെറ്റിസ് ചരിത്രത്തിലാദ്യമായി ലാലിഗ സ്വന്തമാക്കി. ഇന്നും അവരുടെ ചരിത്രത്തിലെ ഏക പൊൻതൂവലായ ലാലിഗ നേട്ടം അതു മാത്രമാണ്, 75 കൊല്ലങ്ങൾക്കു മുമ്പ് മഹാനായ ഡോൺ പട്രീഷ്യോ എല്ലാ പ്രതിബന്ധങ്ങളെയും കുറവുകളെയും അതിജീവിച്ചുകൊണ്ട് കൊണ്ട് പൊരുതി നേടിയ ആ ലാലിഗ നേട്ടം.
ഡോൺ പട്രീഷ്യോ ബെറ്റിസിന്റെ കോച്ചായി അധികാരമേറ്റപ്പോൾ അവർ കാലങ്ങളായി മറ്റുള്ള കോച്ചുകളുടെ കീഴിൽ പിന്തുടർന്നു വന്ന രീതി അദ്ദേഹം പൂർണമായും മാറ്റി എന്ന് അദ്ദേഹത്തിന്റെ ബെറ്റിസിലെ പോരാളികളിൽ ഒരാളായ അൽഫോൻസോ ഗോൺസാലസ് പിന്നീട് സാക്ഷ്യപ്പെടുത്തുന്നു. ഡോൺ തന്റേതായ രീതികൾ വെച്ച് ടീമിനെ സാങ്കേതികമായും ശാരീരികമായും കളിക്കാൻ പരിശീലിപ്പിച്ചു പ്രാപ്തരാക്കി. അദ്ദേഹം തന്റെ ജോലിയിൽ ഒരുപാട് തീഷ്ണതയും വല്ലാത്തൊരു അഭിനിവേശവും കലർത്തിയ അനന്യസാധാരണമായൊരു പ്രൊഫഷണൽ ആയിരുന്നെന്ന് അൽഫോൻസോ ഓർത്തെടുക്കുന്നു. ടീമിന്റെ പരിശീലന സൗകര്യത്തിനായി ഗ്രൗണ്ടിന് വെറും 20 മീറ്റർ അകലെ താമസിച്ചിരുന്ന അദ്ദേഹം എപ്പോഴും ടീമംഗങ്ങളുടെ കൂടെ ഉണ്ടാവാൻ ശ്രദ്ധിച്ചു പോന്നിരുന്ന ഒരാളായിരുന്നു. തന്നാൽ കഴിയുന്ന വിധം മുഴുവൻ സമയവും ടീമിനെ കെട്ടിപ്പടുക്കാൻ മാറ്റിവെച്ച ” ഭ്രാന്തൻ “. ഉയർന്ന അച്ചടക്കത്തോടെ മാത്രം പരീശീലന മുറകൾ നടത്തിപോന്ന കർശനക്കാരനായ അദ്ദേഹം പക്ഷേ പരിശീലനശേഷം തങ്ങളിലൊരുവനെന്ന പോലെ കളിക്കാരോടിടപഴകി ടീമിന്റെ ഒത്തൊരുമ ഉറപ്പിച്ചു പോന്നു.
എന്ത് വില കൊടുത്തും തന്റെ ടീമിനെ വിജയിപ്പിക്കണം എന്നുള്ള തീക്ഷ്ണമായ ആഗ്രഹം അദ്ദേഹത്തിൻറെ ഉള്ളിലുണ്ടായിരുന്നെന്നുള്ളതിന് പിന്നെയും ശക്തമായി ഒരു ഉദാഹരണം ആ കൊല്ലം നടന്നിട്ടുണ്ടായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു. അതിതീവ്രമായ ആ ലീഗ് സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന ബെറ്റിസും രണ്ടാം സ്ഥാനക്കാരായ റിയൽ മാഡ്രിഡും തമ്മിൽ നടന്നത്. അവർ തമ്മിൽ ഒരു പോയിന്റ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ അവസാന കളിയിൽ എതിരാളിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ റയൽ മാഡ്രിഡ് അവരെ മറികടന്ന് ഒന്നാമതായി ചാമ്പ്യൻഷിപ്പ് വിജയിക്കാനുള്ള സാധ്യത വളരെ ശക്തമായിരുന്നു. അതുവരെയുള്ള തന്റെ കഠിനാധ്വാനം ഒരു രാത്രി കൊണ്ട് നിഷ്പ്രഭമാകുന്നത് കാണാൻ ഡോൺ ഒരിക്കലും തയ്യാറാല്ലായിരുന്നു. കാരണമെന്താണെന്നുവെച്ചാൽ. ഒരു സംശയത്തിനും ഹേതു നൽകാതെ പറയാം ബെറ്റിസിനെ പോലെ അന്നത്തെ വെറുമൊരു രണ്ടാംകിട ടീമിനെ സ്വപ്നം കാണാൻ പോലും കഴിയാത്ത നിലയിൽ എത്തിച്ചതിന് ഏറ്റവും പ്രയത്നിച്ചത് ആ ഐറിഷുകാരനാണെന്ന്. സെവിയ്യ നഗരത്തിലെ വെറും രണ്ടാം കിട ടീം മാത്രമായിരുന്നു ബെറ്റിസ്. ആയതുകൊണ്ടുതന്നെ അവർക്ക് മുന്തിയയിനം കളിക്കാർ ഒന്നും തന്നെ ടീമിലില്ലായിരുന്നു. രണ്ടു കാരണങ്ങൾ കൊണ്ടും അവർക്ക് വലിയ ആരാധക പിന്തുണയും ഇല്ലായിരുന്നു. വെറും 1500 പേർക്ക് മാത്രം ഉൾക്കൊള്ളാവുന്ന അവരുടെ ഹോം ഗ്രൗണ്ട് പലപ്പോഴും നിറഞ്ഞിരുന്നില്ല. അങ്ങനെ എല്ലാവിധ ദുരവസ്ഥകളിൽ നിന്നും അലങ്കോലങ്ങളിൽ നിന്നും വന്ന ആ കുഞ്ഞൻ ടീമിന് ലാ ലിഗയിൽ കളിക്കാൻ വളരെ പെട്ടെന്നു അവസരം നേടാൻ കഴിഞ്ഞത് പോലും സ്വപ്നം കാണാൻ പറ്റാത്ത നേട്ടമായിരുന്നു. ആ സാധാരണക്കാരെ മറ്റുള്ള അധികായരെ പിന്തള്ളി ലാലിഗ നേടാൻ വേണ്ടി അനന്യസാധാരണമായി പ്രചോദിപ്പിക്കുക എന്നത് മൗണ്ട് എവറസ്റ്റ് കീഴടക്കുന്നതിനോളം ദുഷ്കരമായ പരിശ്രമമാണെന്ന് ഫുട്ബോൾ ചരിത്രകാരന്മാർ വിലയിരുത്തുന്നു. അങ്ങനെ മാസങ്ങളോളും കൊല്ലങ്ങളോളും നീണ്ടുനിന്ന അദ്ദേഹത്തിന്റെ തീക്ഷ്ണ പ്രയത്നം ഒരൊറ്റ ദിവസത്തെ സൂര്യാസ്തമയത്തിനുള്ളിൽ വിധി പറയപ്പെടും എന്ന നിലയിൽ എത്തിയപ്പോൾ അദ്ദേഹത്തിൽ മുൻപെങ്ങുമില്ലാത്ത വല്ലാത്തൊരു വ്യഗ്രതയും എന്തു വിലകൊടുത്തും അത് നേടണം എന്ന ‘അത്യാഗ്രഹവും’ ഉണ്ടായിയെന്നത് അതിശയകരമല്ല.
ബെറ്റിസിന്റെ നിർണായകമായ ആ കലാശക്കൊട്ട് ഡോണിന്റെ തന്നെ മുൻ ക്ലബ്ബായ റേസിംഗ് സന്റാന്ററിനെതിരെ അവരുടെ നാട്ടിൽ വച്ചായിരുന്നു. കളിക്ക് തൊട്ടു തലേന്നുള്ള രാത്രിയിൽ സന്റാന്ററിലെ ഹോട്ടലിൽ താമസിക്കുന്ന തന്റെ മുൻ ക്ലബ് അംഗങ്ങളെ ഡോൺ സന്ദർശിക്കുകയുണ്ടായി. സന്റാന്ററിനെ സംബന്ധിച്ചിടത്തോളം ആ കളിക്ക് വലിയ പ്രാധാന്യം ഒന്നുമില്ലായിരുന്നു അവർക്ക് ലീഗ് ജയിക്കാനുള്ള സാധ്യതയോ ലീഗിൽ നിന്ന് തരം താഴപ്പെടാനുള്ള ദുരവസ്ഥയോ ഒന്നുമില്ലായിരുന്നു. പക്ഷേ ഡോണിനും ബെറ്റിസിനും ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പറ്റില്ലായിരുന്നു. തന്റെ മുൻ ശിഷ്യരോടൊപ്പം ‘ഡ്രിങ്ക്സ്’ പങ്കിട്ട് സൗഹൃദം പുതുക്കിയ ഡോൺ കാര്യമായിട്ടാണെങ്കിലും തമാശയെന്ന രീതിയിൽ ചോദിച്ചു “നിങ്ങൾക്ക് നാളത്തെ കളിയിൽ ഒന്നും തന്നെ നേടാനില്ല. ഞങ്ങളെ തോൽപ്പിക്കാൻ വേണ്ടി നിങ്ങൾ ‘മരിച്ചു-കളിക്കില്ല’ എന്ന് വിശ്വസിക്കുന്നു. എന്താ അങ്ങനെയല്ലേ ? “. പക്ഷേ അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളായ സന്റാന്ററിന്റെ പ്രമുഖ കളിക്കാരൻ കൊടുത്ത മറുപടി ഡോണിനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതായിരുന്നു. ” എന്നോട് ക്ഷമിക്കണം മാസ്റ്റർ, മാഡ്രിഡ് ഞങ്ങളുടെ ജയം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പ്രസിഡന്റ് ജോസെ കോസിയോ ഒരു മാഡ്രിഡ് ആരാധകനാണ് , ഞങ്ങൾ നാളെ വിജയിക്കുകയാണെങ്കിൽ ഒരോ കളിക്കാരനും 1000 ‘പെസറ്റാസ്’ വീതം അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട് ” .
ഡോൺ ആ സംസാരം അവിടെ നിർത്തി.
ഒരുപക്ഷേ നിർത്തിയത് കൊണ്ട് നന്നായി എന്നു വേണം പറയാൻ. സംഭാഷണം തുടർന്ന് അവർക്ക് കൂടുതൽ മെച്ചപ്പെട്ട മറു വാഗ്ദാനമോ മറ്റോ നൽകിയിരുന്നെങ്കിൽ,
പണ്ട് ഇതുപോലെ സ്വയം വരുത്തിവച്ച വിനയാൽ സംഭവിച്ച നിർഭാഗ്യകരമായ സംഭവത്താൽ വഴിമുട്ടി പോയ പ്ലെയിങ്ങ് കരിയർ പോലെ ഒരു പക്ഷേ അദ്ദേഹത്തിന്റെ അനന്യസാധാരണമായ കോച്ചിങ്ങ് ജൈത്രയാത്രയും അവിടെ അവസാനിച്ചേനേ. കൂടാതെ സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെയും ലോകഫുട്ബോളിലെയും ആശ്ചര്യജനകമായ ആ അദ്ധ്യായത്തിന് ദൗർഭാഗ്യകരവുമായ അന്ത്യവുമായേനേ. ഒരു പക്ഷേ അതിനേക്കാളൊക്കേയേറേ പിന്നീട് അദ്ദേഹത്തിന്റെ കൂടി ജീവൻ പണയം വച്ച് കൊണ്ടുള്ള പരിശ്രമത്താൽ ഇന്നീ കാണുന്ന രൂപത്തിലും നിലയിലും എത്തപ്പെട്ട നമ്മുടെ ക്ലബ്ബിന്റെ ഈ ഭാവി തന്നെ നമുക്കൊരിക്കലും പ്രവചിക്കാനാവാത്തതോ വളരെ വ്യത്യസ്തമായ രീതിയിലോ രൂപാന്തരപ്പെട്ടേനേ. ആർക്കറിയാം മുകളിൽ ഏറ്റവുമാദ്യം തുടക്കത്തിൽ പറഞ്ഞ പോലെ ഈ ക്ലബ്ബ് ഇപ്പോൾ തീർച്ചയായും ഉണ്ടായില്ലെന്നു വരെ വരാം.
ഒടുവിൽ പിറ്റേന്ന് ,1935 ഏപ്രിൽ 28’ന്, ഡോണിന്റെ ചുണക്കുട്ടികൾ അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സന്റാന്ററിനെ 5-0’ന് തച്ചു തകർത്തു കൊണ്ട് അധികാരിമായി തന്നെ തങ്ങളുടെ “ഫുട്ബോൾ ഭ്രാന്തനായ ആ നാടോടി” ജീവൻ നൽകി സ്വപ്നം കാണിച്ച അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശമായ ആ ബാലികേറാമല നിഷ്പ്രയാസമായി കീഴടക്കി. ഇന്നും ബെറ്റിസിന്റെ ചരിത്രത്തിലെ ഏക പൊൻതൂവലായ ലാ ലിഗ നേട്ടമാണത്. കൂടാതെ ഇന്നും ബെറ്റിസിന്റെ ചരിത്രത്തിലെ ഏറ്റവും വിജയ ശരാശരിയുള്ള കോച്ചും 51.72% ശതമാനത്തോടെ ഡോൺ പട്രീഷ്യോ തന്നെ. എന്നിട്ടും അവരെങ്ങനെ അദ്ദേഹത്തെ ഇടക്കാലത്തേക്ക് മറന്നുപോയി ?. അവരുടെ ചരിത്രത്തിൽ അവർ അദ്ദേഹത്തെ വേണ്ട വിധം പരിഗണിച്ചുവോ ?. ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇത്രക്ക് ഉദ്യോഗജനകമായ അദ്ദേഹത്തിൻറെ കഥ ഫുട്ബോൾ ചരിത്രത്തിൻറെ താളുകൾക്കിടയിൽ ആരാരും കാണാതെ മറയില്ലായിരുന്നു.
ആ ചരിത്രം വിജയത്തിന്റെയും ടീമിന്റെയും സ്മാരകമായി വളരെ വൈകിയാണെങ്കിലും 72 കൊല്ലങ്ങൾക്ക് ശേഷം അവർ ലാ ലിഗ ജയിച്ച ഓർമ്മ ദിവസമായ എപ്രിൽ 28, 2007’ന് സെവിയ്യൻ നഗരത്തിന്റെ മദ്ധ്യത്തിലായി കപ്പ് ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഡോണിന്റെ ശില്പം വിഭാവനം ചെയ്തു. ഇന്നും സെവിയ്യൻ നഗരത്തിന്റെ മധ്യത്തിൽ ഗതകാല പ്രൗഡിയോടെ ഈ അനശ്വര ശില്പം ചുരുക്കം പേർക്ക് മാത്രമറിയുന്ന വിസ്മയകരമായ ചരിത്രം വിളിച്ചോതിക്കൊണ്ട് നിൽക്കുന്നു.
ഒടുവിൽ അനശ്വരമായ ആ ലീഗ് ജയത്തോടെ അദ്ദേഹത്തിന്റെ പേര് “മയിസ്ട്രോ ഒ’കോണൽ”, “ഡോൺ പട്രീഷ്യോ” എന്നിങ്ങനെ സ്പെയിനൊട്ടുക്കും പ്രശസ്തമായി. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഉദ്യോഗജനകവും സംഭവബഹുലമായ അദ്ധ്യായം ആരംഭിക്കുന്നത്. ആദ്യ ലാലിഗ പതിപ്പിൽ ജേതാക്കളായതിൽ പിന്നെ ലീഗിൽ കാര്യമായ നേട്ടങ്ങൾ ഒന്നും നേടാൻ കഴിയാതിരുന്ന എഫ്.സി ബാഴ്സലോണ മാറ്റത്തിന്റെ പുതിയൊരു പാത തേടുന്ന സമയത്തായിരുന്നു ബെറ്റിസിൽ ഡോണിന്റെ വിജയകാഹളം. തങ്ങളുടെ കോച്ച് ആവാനുള്ള ബാഴ്സയുടെ ക്ഷണം ഡോൺ യാതൊരു സന്ദേഹവുമില്ലാതെ സ്വീകരിച്ചു.
വളരെ കലുഷിതമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ കൂടി പോകുന്ന കാറ്റാലന്മാരുടെ നഗരമായ ബാഴ്സലോണയും അതിൻറെ ദേശീയതയുടെയും പോരാട്ടത്തിന്റെയും ഏറ്റവും വലിയ പ്രതീകമായ ക്ലബ്ബായ എഫ്.സി ബാഴ്സലോണയും ആ സമയത്ത്
അധികാരികളാൽ ഒരുപാട് ചൂഷണങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും തീവ്രമായ രക്തപൂരിതമായ സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഭയാനകമായ സാഹചര്യമായിരുന്നു അത്. എന്നും എവിടെയും അടിച്ചമർത്തപ്പെട്ടവരുടെ കൂടെയും പോരാട്ടങ്ങളുടെ കൂടെയും നിന്ന് ഡോണിന് ബാഴ്സയുടെ ക്ഷണം സ്വീകരിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയമായ മാനം കൂടി ഉണ്ടായിരുന്നു. എന്തൊക്കെ സംഭവിച്ചാലും തോറ്റോടാൻ തയ്യാറാവാതെ പൊരുതുന്ന പോരാളിയുടെ രാഷ്ട്രീയം.
ഇതിനിടയിൽ ആ മറുന്നാട്ടിൽ ഡോൺ ഒരു പുതിയ പങ്കാളിയുമായി പുതുജീവിതം ആരംഭിച്ചിരുന്നു. പൂര്‍വ്വകാലത്തെ ദാമ്പത്യവും കെട്ടുന്നൂലുകളും പുതു നാട്ടിലെ കാൽപ്പന്തിന് പിറകെയുള്ള ഭ്രാന്തമായ ഓട്ടത്തിൽ അദ്ദേഹം എന്നേ ഉപേക്ഷിച്ചിരുന്നു. പുതു നാട്ടിലെ പുതു കരിയറിലെന്നപോലെ പുതിയ ജീവിതത്തിലും താങ്ങായി ഒരു പങ്കാളി, യാദൃശ്ചികവശാലോ എന്തോ? ,അവരുടെ പേരും എല്ലൻ എന്നു തന്നെയായിരുന്നു. അവരും ഐറിഷ് വനിത തന്നെയായിരുന്നു സ്പെയിനിലെ ഒരു ബ്രിട്ടീഷ് ഡിപ്ലോമാറ്റ് കുടുംബത്തിലെ കുട്ടികളെ നോക്കുകയായിരുന്നു അവരുടെ ജോലി. പുതിയ നാട്ടിലും പുതിയ കരിയറിലും ഒത്തിണങ്ങിയതുകൊണ്ട് സ്പാനിഷ് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതു കൊണ്ടാവണം പുതിയ പങ്കാളിയെ കണ്ടെത്തി ജീവിതം ആരംഭിച്ചത്. പക്ഷേ പുതിയ പങ്കാളിയിൽ നിന്ന് അദ്ദേഹം തന്റെ പൂർവ്വകാലം മറച്ചു വെച്ചിരുന്നു അദ്ദേഹത്തിന് അയർലൻഡിൽ ഒരു കുടുംബം ഉള്ള കാര്യം അദ്ദേഹം അവരെ അറിയിച്ചിരുന്നില്ല. അങ്ങനെ ബാഴ്സയുടെ കോച്ച് ആവാനുള്ള തീരുമാനം എടുത്ത ശേഷം സീസൺ തുടങ്ങുന്നതിന് മുൻപ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് ഒരു ചെറിയ ഇടവേള എടുത്ത് അവധിക്കാലം ആഘോഷിക്കാൻ പോയി. ഒരിക്കലും തന്റെ പഴയ കുടുംബത്തിലേക്ക് അല്ലായിരുന്നു അദ്ദേഹം പോയത്.
പക്ഷേ അദ്ദേഹത്തിന് അറിയില്ലായിരുന്നു ആ ഇടവേളാനന്തരം തന്റെ ജീവിതം എന്നെന്നേക്കുമായി കീഴ്മേൽ മറിക്കുന്ന വിധിയുടെ തുടക്കമായിരുന്നു കാത്തിരുന്നതെന്ന്…..
[2/4]
(തുടരും……….)
- tags :cokDon PatricioFC BarcelonaLegendPenyadel Barca Kerala
- SHARE :
