ബാഴ്സലോണ ലെജന്റ്സ് ടീമിൽ അരങ്ങേറ്റം കുറിക്കാൻ ഡീഞ്ഞോ
ഏപ്രിൽ 28 നു ബാഴ്സലോണ ലെജന്റ്സും റയൽ മാഡ്രിഡ് ലെജന്റ്സും തമ്മിലുള്ള പോരാട്ടത്തിൽ ബാഴ്സലോണ ലെജന്റ്സ് ഇലവനു വേണ്ടി ഡീഞ്ഞോ അരങ്ങേറ്റം കുറിക്കും . കഴിഞ്ഞ മാസം ബാഴ്സലോണ ക്ലബ് അംബാസഡർ ആയി ചുമതലയേറ്റതിനു പിന്നാലെയാണ് ലെജന്റ്സ് ടീമിലേക്കുള്ള പ്രവേശനം . സങ്കീർണമായ ആഭ്യന്തര കലാപങ്ങൾ ഇടയ്ക്കിടെ നടക്കാറുള്ള ലെബനനിൽ സമാധാനം പടർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ മൽസരം സംഘടിപ്പിക്കുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലാണ് മൽസരം നടക്കുന്നത്.
ലെബനനിലേക്ക് പോകുന്ന സംഘത്തെ വൈസ് പ്രസിഡന്റ് ജോർഡി കാർഡോണർ നയിക്കും . മൽസരത്തിനു പുറമേ ഒരു കൂട്ടം കളിക്കാർ ബെക്കായിലുള്ള അഭയാർത്ഥി ക്യാമ്പും മറ്റ് കളിക്കാർ സ്കൂളുകളും സന്ദർശിക്കും . ബാഴ്സലോണ ഫൗണ്ടേഷൻ ലോകമെമ്പാടും പ്രചരിപ്പിക്കുന്ന ‘ ഫുട്ബോൾനെറ്റ് ‘ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ മൽസരവും സന്ദർശനങ്ങളും.
ജോസെ മരിയ ബക്കേറൊ തിരഞ്ഞെടുത്ത ടീമിൽ സാംബ്രോട്ട , അബിദാൽ , ഡേവിഡ്സ് , സലിനാസ് , എഡ്മിൽസൺ , ബെല്ലേറ്റി , മെൻഡിയേറ്റ , ഗോയികോട്ടെക്സിയ , സിമാവൊ സംബ്രോസ , ജിയൂലി , പോപെസ്ക്യു , ആങ്കൊയ് , ഹുവാൻ കാർലോസ് , നദാൽ , ലൂയിസ് ഗസ്ർസിയ എന്നിവരാണ് ഡീഞ്ഞോയ്ക്ക് പുറമേയുള്ളത് . റോബെർട്ടൊ കാർലോസ് , ഡി ലാ റെഡ് , കരീമ്പു എന്നിവരാണ് റയൽ നിരയിലുള്ളത് .