• Follow

മന്ത്‌ലി റിവ്യൂ – സെപ്റ്റംബർ

  • Posted On October 4, 2017

പ്രിയ കൂളെസ്,
ബാഴ്‌സയെ സംബന്ധിച്ച ഒട്ടു മിക്ക കാര്യങ്ങളും മികച്ച രീതിയിൽ എഴുതി നിങ്ങളിലേക്ക് എത്തിക്കുവാൻ ഓരോ ദിവസവും ഞങ്ങൾ ശ്രമിക്കുന്നുണ്ട് എന്ന് അറിയാമല്ലോ. ഓരോ ദിവസവും ക്ലബ്ബിനെയും കളിക്കാരെ പറ്റിയും മത്സര ദിവസങ്ങളിൽ മാച്ച് പ്രിവ്യുകളും റിവ്യൂകളും ഒക്കെ ആയി ബാഴ്‌സയെ പറ്റിയും കളിയെ പറ്റിയുമെല്ലാം ഞങ്ങൾ നിങ്ങൾക്കായി ഒട്ടേറെ പോസ്റ്റുകൾ തയ്യാറാക്കുന്നുണ്ട്. അത് കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഞങ്ങൾ പുതിയ ഒരു പംക്തി കൂടി ആരംഭിക്കുകയാണ്. ഓരോ മാസം അവസാനിക്കുമ്പോഴും ആ മാസത്തെ പരമാവധി എല്ലാ കാര്യങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ഒരു മന്ത്‌ലി റിവ്യൂ ഞങ്ങൾ നിങ്ങൾക്കായി എത്തിക്കുകയാണ്. കളിയെ കുറിച്ച് മാത്രമല്ല, ക്ലബ്ബിനെ പറ്റിയും, കളിക്കാരെ പറ്റിയും ഒക്കെ ചേർന്ന് കഴിഞ്ഞ മാസത്തെ പ്രധാന കാര്യങ്ങൾ ഒരിക്കൽ കൂടി നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം . പുതിയ സംരംഭത്തിന് നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.

ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വളരെയധികം മികച്ച ഒരു മാസമായിരുന്നു സെപ്റ്റംബർ. ഓഗസ്റ്റിലെ സീസൺ ആരംഭത്തിൽ നിലനിന്നിരുന്ന എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തി സ്വപ്നതുല്യമായ ഒരു തുടക്കമാണ് ബാഴ്‌സയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു പക്ഷെ ബാഴ്‌സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അധ്യായങ്ങളിൽ ഒന്ന്. ലാലിഗ ഏഴ് മത്സരം പിന്നിടുമ്പോൾ ഒരു പോയിന്റ് പോലും നഷ്ട്ടപ്പെടുത്താത്ത ഏക ടീം ആയ ബാഴ്‌സ 21 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ഏഴ് മത്സരങ്ങളിൽ നിന്നുമായി 23 ഗോളുകൾ സ്‌കോർ ചെയ്തപ്പോൾ കേവലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത് എന്നത് തീർച്ചയായും അഭിനന്ദനാർഹം തന്നെയാണ്. ചാമ്പ്യൻസ് ലീഗിലും ഇത് വരെ നടന്ന രണ്ട് ഗ്രൂപ് ഘട്ട മത്സരങ്ങളും വിജയിച്ച ബാഴ്‌സ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അങ്ങനെ എന്തുകൊണ്ടും ഒരു പെർഫെക്റ്റ് സ്റ്റാർട്ട് ആണ് ബാഴ്‌സയ്ക്ക് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. ഓരോ കളിയിലെയും ടീമിന്റെ പ്രകടനം നോക്കുകയാണെങ്കിൽ ഒരു സമ്മിശ്ര പ്രതികരണമാണ്. ആദ്യ മത്സരങ്ങളിൽ ടീം വളരെ മികച്ചു നിന്നപ്പോൾ, അവസാന മത്സരങ്ങൾ ആയപ്പോൾ ടീം ഘടനയിൽ വരുത്തിയ മാറ്റങ്ങൾ ടീമിനെ അൽപ്പം ക്ഷീണിപ്പിച്ചു.

സെപ്റ്റംബറിൽ ആദ്യ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്ക് മികവിൽ നഗരവൈരികളായ എസ്പാന്യോളിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. സാധാരണ ഗതിയിൽ ബാഴ്‌സക്ക് അൽപ്പം തലവേദന സൃഷ്ടിക്കാറുള്ള എസ്പാന്യോൾ ഇത്തവണ തീരെ മങ്ങി. തൊട്ടു പിന്നാലെ വന്ന യുവന്റസുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഇറ്റാലിയൻ ജേതാക്കൾക്കെതിരെ മികവാർന്ന കളി പുറത്തെടുത്ത ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മെസ്സിയുടെ ഫാൾസ് നയൻ റോളിന്റെ ശക്തി ലോകം തിരിച്ചറിയുക കൂടിയായിരുന്നു ഈ മത്സരങ്ങളിൽ. ഈ മത്സരങ്ങളിലെല്ലാം മികച്ച രീതിയിൽ ജയിച്ചപ്പോൾ ലഭിച്ച പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു പിന്നെ വന്ന മത്സരം. ഗെറ്റാഫെയെ അവരുടെ തട്ടകത്തിൽ പോയി നേരിട്ട ബഴ്‌സ തലനാഴിരാക്കാണ് വിജയം കൊണ്ട് രക്ഷപ്പെട്ടത്, ഗെറ്റാഫെയുടെ ഒരു വണ്ടർ ഗോളിൽ ആദ്യ പകുതിയിൽ പിന്നിലായ ബാഴ്‌സ രണ്ടാം പകുതിയിൽ പകരക്കാരായി എത്തിയ ഡെനിസ് സുവാരേസിന്റെയും പൊളിഞ്ഞോയുടെയും ഓരോ ഗോൾ മികവിൽ വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ബാഴ്‌സക്കായുള്ള ആദ്യ ഗോൾ പൊളിഞ്ഞോ അതി ഗംഭീരമാക്കി. ശേഷം നടന്ന ഐബറുമായുള്ള മത്സരം ബാഴ്‌സക്ക് തീരെ വെല്ലുവിളി ഉയർത്തിയില്ല. ആറ്‌ ഗോളിന്റെ മാർജിനിൽ വിജയിച്ച ബാഴ്‌സ മെസ്സിയുടെ മറ്റൊരു ഹാട്രിക്കിനും കൂടി സാക്ഷിയായി. തൊട്ടു പിന്നാലെ വന്ന ജിറോണയുമായുള്ള ആദ്യത്തെ കറ്റാലൻ ഡെർബി ബാഴ്‌സക്ക് ഒരു അഗ്നിപരീക്ഷണം പോലെ തോന്നിച്ചു. ആദ്യമായി ബാഴ്‌സയോട് ഏറ്റുമുട്ടുന്നതിന്റെ സങ്കോചം ഇല്ലാതെ കളിച്ച ജിറോണ പതറിയത് തങ്ങളുടെ രണ്ട് സെൽഫ് ഗോളിന് മുന്നിലായിരുന്നു. അടുത്തതായി എത്തിയ ചാമ്പ്യൻസ് ലീഗ് മത്സരം ഇക്കഴിഞ്ഞ മാസത്തിലെ ഏറ്റവും മോശം പ്രകടനം ആയി വിലയിരുത്തപ്പെട്ടു. അതിവേഗ ഗെയിമുമായി എത്തിയ സ്പോർട്ടിങ് ലിസ്ബൺ അക്ഷരാർത്ഥത്തിൽ ബാഴ്‌സയെ വെള്ളം കുടിപ്പിച്ചു. ഒടുവിൽ മറ്റൊരു സെൽഫ് ഗോളിന്റെ മികവിൽ ഒരു നിറം മങ്ങിയ വിജയം. കറ്റാലൻ പ്രക്ഷോഭത്തിന്റെ ബഹളത്തിനിടയിൽ ആളില്ല സ്റ്റേഡിയത്തിൽ നടത്തേണ്ടി വന്ന ചരിത്രത്തിൽ ഇടം പിടിച്ച അടുത്ത മത്സരത്തിൽ ബാഴ്‌സ ലാസ് പാമാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ പകരക്കാരായി എത്തിയ ഇനിയേസ്റ്റയും റാക്കിയും ചേർന്ന് മത്സരം ബാഴ്‌സയുടെ കൈകളിലേക്ക് തിരികെ ഏൽപ്പിക്കുകയായിരുന്നു.

മുകളിൽ പറഞ്ഞ പോലെ ചില മത്സരങ്ങളിൽ കിടിലൻ പ്രകടനം. ചില മത്സരങ്ങളിൽ തട്ടിയും മുട്ടിയും വിജയം. . കോച്ച് തീരുമാനിക്കുന്ന ഫോർമേഷനും കളിക്കാരും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു മികച്ച ഇലവനെ രംഗത്തിറക്കിയപ്പോഴെല്ലാം നല്ല രീതിയിൽ കളിക്കാനായിട്ടുണ്ട്. പക്ഷെ ടീം ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുമ്പോൾ ടീം വല്ലാതെ ഉലയുന്നു. ഏറ്റവുമധികം നമ്മൾ കണ്ടത് സെമെഡോയെ പുറത്തിരുത്തി റോബർട്ടോ – വിദാൽ സഖ്യത്തെ റൈറ്റ് വിങ് പൊസിഷനിൽ വരുത്തുമ്പോഴാണ്. റോബർട്ടോ ഒരു റൈറ്റ് ബാക്കും അല്ല, വിദാൽ ഒരു റൈറ്റ് വിങ്ങറും അല്ല. അപ്പോൾ ഇവരെ ആ ജോലി ഏൽപ്പിക്കുന്നത് പരാജയമാണെന്ന് നമ്മൾ ഇതിനോടകം പലകുറി കണ്ടു കഴിഞ്ഞു. പിന്നെ മധ്യനിരയിൽ പെട്ടന്ന് ഒരു അഴിച്ചു പണി വരുത്തുന്നതും ടീമിന്റെ പ്രകടനങ്ങളിൽ നിർണ്ണായകമാണ്. ഇനിയേസ്റ്റ – ബുസി – റാക്കി , ഈ മൂന്ന് പേരിൽ ഏതെങ്കിലും രണ്ടു പേരെ ഒരുമിച്ചു മാറ്റുന്നത് വളരെ റിസ്ക് ആണ്. കഴിഞ്ഞ മത്സരം തന്നെ ഏറ്റവും വലിയ ഉദാഹരണം.

കളിക്കാരുടെ വ്യക്തിഗത മികവുകൾ നോക്കുകയാണെങ്കിൽ കഴിഞ്ഞ മാസം തങ്ങളുടേതാക്കിയ ഒരു പിടി കളിക്കാരുണ്ട്. തന്റെ സ്വസിദ്ധമായ പൊസിഷനിലേക്ക് തിരികെപോയ മെസ്സി ഗോൾ നേട്ടത്തിൽ സ്വപ്നാർഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അടിച്ചും അടിപ്പിച്ചും മെസ്സി മുന്നിൽ നിന്നും നയിക്കുന്നു. റൈറ്റ് ബാക്ക് സ്ഥാനത്തു ഒരു ലോകോത്തര താരം വരുന്നുണ്ട് എന്ന അറിയിപ്പുമായാണ് സെമെഡോയുടെ പ്രകടനം. തന്റെ മെയ്‌വഴക്കവും അതിവേഗവും എല്ലാത്തിനേക്കാളും ഉപരി ടീമുമായി ഒത്തുചേർന്ന് പോകാനുള്ള മിടുക്കും ഈ ചെറുപ്പക്കാരനിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെ നൽകിയിട്ടുണ്ട്. പ്രായം വെറും അളവുകോൽ മാത്രമാണ് എന്ന് തെളിയിച്ചു കൊണ്ട് ഇനിയേസ്റ്റ തകർക്കുന്നുണ്ട്. കഴിഞ്ഞ ഒൻപതു മത്സരങ്ങളിൽ തുടർച്ചയായി കളത്തിലിറങ്ങിയ അദ്ദേഹം ഒട്ടുമിക്ക മത്സരങ്ങളിലും തന്റെ മാജിക് പുറത്തെടുത്തിരുന്നു. ഒപ്പം ബാഴ്‌സ എങ്ങിനെ കളിച്ചാലും തന്റെ സാന്നിധ്യം എത്രമാത്രം പ്രാധാന്യമേറിയതാണെന്നു ബുസ്കെറ്റ്സ് പിന്നെയും കാണിച്ചു തരുന്നു. ഒരു മത്സരത്തിൽ ഒന്ന് മാറി നിന്നാൽ ബാഴ്‌സയ്ക്ക് പിന്നെയും താളം തെറ്റും.ഇനിയേസ്റ്റയുടെ പകരക്കാരനായി നമ്മൾ കാണുന്ന ഡെനിസ് സുവാരസ് തനിക്ക് ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പൊളിഞ്ഞോ കാഴ്ചവെച്ചത്. അത്യാവശ്യഘട്ടങ്ങളിൽ ഗോൾ നേടാനുള്ള തന്റെ കഴിവ് അദ്ദേഹം കാണിച്ചു തന്നത് ഏറ്റവും അത്യാവശ്യ ഘട്ടത്തിലായിരുന്നു. കാര്യമില്ലാതെ ആരെയും വിമർശിക്കരുത് എന്ന വലിയ ഒരു പാഠം അദ്ദേഹം നമ്മളെ എല്ലാവരെയും പഠിപ്പിക്കുകയും ആയിരുന്നു. പിക്വെയുടെ അഭാവത്തിൽ ടീമിലേക്ക് തിരികെയെത്തിയ മാഷെ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പ്രായമേറിയ കാലുകൾക്ക് ഇപ്പോഴും യവ്വനമാണെന്നു തെളിയിക്കുന്ന വേഗതയും ലോകോത്തര ടാക്ലിങും. ഒപ്പം കരുത്തിന്റെ പര്യായമായി ഉംറ്റിറ്റി പിൻനിരയിൽ വന്മതിലായി നിലയുറപ്പിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയിരുന്ന നീക്കങ്ങളുമായി ജോർദി ആൽബ ലെഫ്റ്റ് ബാക് പൊസിഷൻ മനോഹരമാക്കുന്നുണ്ട്. മെസ്സിയും ആൽബയും ചേർന്നുള്ള കോംബോ ഗോളുകൾക്ക് സഹായകമാവുന്നുണ്ട്. ഏഴ് മത്സരങ്ങളിൽ നിന്നും കേവലം രണ്ട് ഗോൾ മാത്രം വഴങ്ങുക എന്ന അതുല്യമായ നേട്ടത്തിൽ ടെർ സ്റ്റീഗന്റെ പങ്ക് അമൂല്യമാണ്. കൂടുതൽ മത്സരങ്ങളിൽ ഈ പ്രകടനങ്ങൾ തുടരാനാകട്ടെ.

മെച്ചപ്പെടേണ്ട കളിക്കാരെ കുറിച്ചു നോക്കുകയാണെങ്കിൽ ലൂയിസ് സുവാരസ് തന്നെ ആദ്യം. ഫോമില്ലായ്മ അതിന്റെ ഉയരങ്ങളിൽ എത്തിയിട്ടുണ്ട്. പരിക്കും ഇന്റർനാഷ്ണൽ ബ്രേക്കും കഴിഞ്ഞു എത്തിയ അദ്ദേഹം തന്റെ പ്രതാപത്തിലേക്ക് ഇനിയും തിരികെയെത്തിയിട്ടില്ല. മനസികമായാണ് അദ്ദേഹം കൂടുതൽ മെച്ചപ്പെടേണ്ടത്. അതോടൊപ്പം വൽവെർദേയുടെ രീതികൾ അദ്ദേഹത്തിന് എളുപ്പം ചെയ്യാവുന്നതുമായിരിക്കില്ല. എങ്കിലും വരും മത്സരങ്ങളിൽ അദ്ദേഹം ഫോമിലേക്ക് ഉയരും എന്ന് തന്നെയാണ് കരുതുന്നത്. ഈ സീസണിൽ ഒട്ടേറെ സമയം ലഭിച്ചുവെങ്കിലും അലക്സ് വിദാൽ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അതിവേഗത്തിൽ കളിക്കുന്ന ഡെലൂഫെ മികച്ച പ്രകടനം ആണെങ്കിലും വിങ്ങുകളിൽ കളിക്കുമ്പോൾ കൂടുതൽ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ച് കട്ട് ഇൻ ചെയ്തു വരുന്ന കാര്യത്തിൽ. കഴിഞ്ഞ മാസം രണ്ടാം പകുതിയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ആൾ നമുക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരാളാണ്. ചുരുക്കം ചില മത്സരങ്ങളിൽ റാക്കി മോശമായെങ്കിലും എത്രമാത്രം പ്രാധാന്യമുള്ള കളിക്കാരനാണ് താനെന്നു അദ്ദേഹം ഇന്നലെ വീണ്ടും കാണിച്ചു തന്നു. കഴിഞ്ഞ മാസത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഡെമ്പെലെയുടെ പരിക്ക്. കുറഞ്ഞത് മൂന്ന് മാസം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ ഈ വർഷം അദ്ദേഹത്തെ കളത്തിൽ കാണുവാനുള്ള സാധ്യത വളരെ കുറവാണ്.

അർദ ടുറാൻ, പാക്കോ ആൽക്കസ്സർ, വർമയെലൻ, , റാഫിന്യ എന്നിവരാണ് പിന്നെ ടീമിൽ ഉള്ളവർ. ടുറാനും പാക്കോയും വെർമയേലനും കോച്ചിന്റെ പദ്ധതികളിൽ ഇല്ലെന്നാണ് തോന്നുന്നത് മൂവരെയും കളത്തിൽ കണ്ടിട്ട് കാലമേറെയായി. അവസരം ലഭിക്കുകയാണെങ്കിൽ ഇവർക്കും അവസരം നൽകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. അല്ലെങ്കിൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഇവർക്ക് മറ്റ് ടീമുകളിലേക്ക് ചേക്കേറാനുള്ള സാഹചര്യം ഒരുക്കണം. റാഫിന്യ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.എങ്കിലും തിരിച്ചു വരവ് ഏറെ വൈകും എന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒക്ടോബർ ആദ്യത്തെ രണ്ട് ആഴ്ച ബ്രേക്ക് ആണ്. അടുത്ത മത്സരം അത്ലറ്റികോ മാഡ്രിഡിനെതിരെയാണ്. ഒരു ബ്രേക്ക് കഴിഞ്ഞു വരുമ്പോൾ തന്നെ അത്ലറ്റികോ മാഡ്രിഡ് പോലെയുള്ള ടീമിനെതിരെ കളിക്കുക എന്നത് അൽപ്പം കഠിനമായ പരീക്ഷണമാണ്. എങ്കിലും വൽവെർദേ ടീമിനെ മികച്ച രീതിയിൽ സജ്‌ജമാക്കും എന്ന് കരുതാം. അത് കഴിഞ്ഞാൽ കുറച്ചു ടൈറ്റ് ഷെഡ്യൂൾ ആണ്. ഒളിമ്പ്യാക്കോസ്, മലാഗ , മുർസ്യ , അത്ലറ്റിക് ക്ലബ്ബ്, ഒളിമ്പ്യാക്കോസ് എന്നിങ്ങനെയുള്ള ടീമുകളുമായി ഏകേദശം ഓരോ മൂന്ന് ദിവസത്തിൽ കളിക്കേണ്ടി വരുന്നുണ്ട്. ഈ കടുത്ത ഷെഡ്യൂൾ മുന്നിൽ കണ്ട് കോച് കളിക്കാർക്ക് ആവിശ്യമായ വിശ്രമം നൽകി അവർ തളരാതെ നോക്കുമെന്നു കരുതാം.
നിലവിലെ ക്ലബ്ബ് മാനേജ്‍മെന്റിനെതിരെ ബെനെഡിറ്റോ അവിശ്വാസ പ്രമേയം കൊണ്ട് വന്നത് കഴിഞ്ഞ മാസം ആയിരുന്നു. കാര്യമായ പ്രതീക്ഷകൾ ഇല്ലായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ അത് സംഭവിച്ചേക്കാം എന്ന് തോന്നി. പക്ഷെ 16000 ൽ പരം വോട്ട് നേടേണ്ട സ്ഥാനത്തു 12000 ത്തിനടുത്ത് വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. അത് കൊണ്ട് ഈ വർഷത്തെ അവിശ്വാസ പ്രമേയം വിജയിക്കാതെ പോയി.

ഇതിഹാസ താരം യോഹാൻ ക്രൈഫിന്റെ പേരിൽ ബാഴ്‌സ നിർമിക്കുന്ന പുതിയ സ്റ്റേഡിയത്തിന്റെ നിർമാണ ഉദ്‌ഘാടനം ഇനിയേസ്റ്റ നിർവഹിച്ചു. നിലവിലെ മിനി സ്റ്റേഡിയത്തിനു പകരമായാണ് ഈ സ്റ്റേഡിയം വരുന്നത്. ബാഴ്‌സ B ടീമിന്റെയും വുമൺസ് ടീമിന്റെയും ഹോം ഗ്രൗണ്ട് ആയിരുന്നു മിനി എസ്റ്റാഡി ഇതോടെ പൊളിച്ചു മറ്റും. ഇനി മുതൽ പുതിയ സ്റ്റേഡിയം ആയിരിക്കും ഇവരുടെ ഹോം ഗ്രൗണ്ട്.

ബാഴ്‌സലോണയുടെ ചരിത്രം തന്നെ മാറ്റി മറിച്ചേക്കാവുന്ന സംഭവവികാസങ്ങൾക്കാണ് കറ്റലോണിയ സാക്ഷ്യം വഹിച്ചത്. സമാധാനപരമായി വോട്ടെടുപ്പ് നടത്താൻ ശ്രമിച്ച കാറ്റാലൻ വംശജർക്കെതിരെ സ്പാനിഷ് പോലീസ് നടത്തിയ ക്രൂര കൃത്യങ്ങൾ ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങി കഴിഞ്ഞു. സംഭവവികാസങ്ങളിൽ പ്രധിഷേധിച്ചുകൊണ്ട് കഴിഞ്ഞ മത്സരം മാറ്റിവെക്കാൻ ബാഴ്‌സലോണ ആവിശ്യപ്പെട്ടെങ്കിലും ലാലിഗ ഫെഡറേഷൻ വഴങ്ങിയില്ല. തുടർന്ന് ആരാധകർക്ക് പ്രവേശനം ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ കളി നടത്തേണ്ടി വന്നു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയാണ്. കാറ്റാലൻ രാജ്യം എന്ന ആവിശ്യം കാറ്റാലൻ പ്രക്ഷോഭകരും സ്പാനിഷ് അധികാരികളും ചേർന്ന് സമാധാനപരമായി പരിഹരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആദ്യമേ പറഞ്ഞത് പോലെ ഇത് ഞങ്ങളുടെ ഒരു പുതിയ പംക്തിയാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. സദയം ക്ഷമിക്കുക. കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിങ്ങളിൽ നിന്നുമുള്ള ഓരോ അഭിപ്രായങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.

©Penyadel Barca Kerala

  • SHARE :