മാച്ച് റിവ്യൂ ബാഴ്‌സലോണ 3 – 1 അത്ലറ്റിക് ബിൽബാവോ അഗ്രിഗേറ്റ് 4 – 3
തകർത്തു ! പിന്നിൽ ആയിട്ടും തിരിച്ചടിച്ചു കയറി വരുന്നത് ഒരു സുഖം തന്നെയാ. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റ ബാഴ്‌സ, ഇന്ന് തിരിച്ചു മൂന്നെണ്ണം അടിച്ചു രാജകീയമായി തന്നെ അടുത്ത റൗണ്ടിലേക്ക്. 2017 ലെ ആദ്യ വിജയം, സുവാരസ് നെയ്മർ എന്നിവർ ഗോൾ പട്ടികയിലേക്ക്, മെസ്സിയുടെ അവിസ്മരണീയ ഫ്രീകിക്ക്, സന്തോഷിക്കാൻ വക ഏറെയുണ്ട്.
മത്സരം തുടങ്ങിയത് തന്നെ ബിൽബാവോയുടെ മുന്നേറ്റത്തോടെയായിരുന്നു. നമ്മുടെ ഗോൾ മുഖത്തെത്തിയ പന്ത് പ്രതിരോധം മികവോടെ തടഞ്ഞു. പിന്നീട് ബാഴ്‌സ പതിയെ മത്സരത്തിലേക്ക് വന്നു തുടങ്ങി. പൂർണമായും പോസെഷൻ ഉള്ള കളിയല്ല, എങ്കിലും സാമാന്യം നന്നായി തന്നെ പന്തിനെ വരുതിയിൽ നിർത്തി. ഒരു പക്ഷെ ഇന്നത്തെ തന്ത്രമാകാം, ഇന്ന് ഹാഫ് ലൈനിൽ നിന്നും സുവാരസിന് ഹൈ ബാളിലൂടെ പന്തെത്തിക്കാനായിരുന്നു കൂടുതൽ ശ്രമം. പക്ഷെ ഒന്ന് രണ്ട് വട്ടം സുവാരസിന് ഓടിയെത്താനായില്ല. പിന്നീട് പലപ്പോഴും റഫറി തെറ്റായ ഓഫ് സൈഡും വിളിച്ചു. പത്തു മിനിറ്റിനു ശേഷം ബിൽബാവോ മത്സരത്തിലേക്ക് പതിയെ തിരികെയെത്തുന്നതായി തോന്നിച്ചു. പക്ഷെ അധികനേരം നീണ്ടില്ല ബാഴ്‌സയും ഉണർന്നു. അതിനിടെ ഇനിയേസ്റ്റയുടെ മികവാർന്ന പാസിൽ , നെയ്മറുടെ നല്ല അസ്സിസ്റ്റിൽ സുവാരസ് വല കുലുക്കിയെങ്കിലും പിന്നെയും ഓഫ് സൈഡ് വിളി വന്നു. റീപ്ലേകളിൽ അത് തീർത്തും തെറ്റായ തീരുമാനമെന്ന് പിന്നീട് വ്യക്തമായി. ആദ്യ പകുതിയുടെ അന്ത്യത്തോടടുക്കുമ്പോഴാണ്, തന്റെ വന്യമായ ഫിനിഷിങ് അങ്ങനെ പെട്ടന്നൊന്നും പൊയ്പോവൂല എന്ന് പിന്നെയും തെളിയിച്ചു കൊണ്ട് സുവാരസിന്റെ ഗോൾ. മെസ്സിയും നെയ്മറും ചേർന്ന് ഇടതു വിങ്ങിൽ നടത്തിയ നീക്കത്തിനൊടുവിൽ നെയ്മറുടെ കൃത്യതയാർന്ന ക്രോസിൽ സുവാരസിന്റെ ഒരു അക്രോബാറ്റിക് ഫിനിഷിങ്. കുറച്ചു നാളിനു ശേഷം ഒരു ടിപ്പിക്കൽ MSN ഗോൾ. ആദ്യ പകുതിക്ക് മുൻപ് കൂടുതൽ ചലനങ്ങൾ സൃഷ്ട്ടിക്കാൻ പിന്നീട് രണ്ട് ടീമിനും ആയില്ല.
രണ്ടാം പകുതി തുടങ്ങിയത് തന്നെ ബാഴ്‌സയുടെ ഗോളിലൂടെ ആയിരുന്നു. ബോക്സിൽ നെയ്മറെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ തന്നെ സുന്ദരമായി വലയിലെത്തിച്ചു. മൂന്നു മാസങ്ങളായുള്ള വരൾച്ചയ്ക്ക് ശേഷം നെയ്മർ വീണ്ടും സ്‌കോർ ബോർഡിൽ പേര് ചാർത്തി. ബാഴ്‌സ ഈ മത്സരം സ്വന്തമാക്കി എന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. പക്ഷെ അധികം നീണ്ടില്ല, അൽപ്പം ആലസ്യത്തിൽ കളിച്ച നമ്മുടെ ഡിഫെൻസ് അനാവശ്യമായി ഒരു ഗോൾ വഴങ്ങി. ബിൽബാവോയുടെ ഒരു മികച്ച ക്രോസ്, നമ്മുടെ ഒരു മികച്ച റൈറ്റ് ബാക്കിന്റെ അഭാവം മുതലെടുത്തു അവർ സുന്ദരമായ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. മത്സരത്തിലെ അവരുടെ ഏക ഗോൾ ശ്രമം . അത് അവർ ഗോളാക്കി മാറ്റി. . ഒരു പക്ഷെ ബാഴ്‌സയ്ക്ക് സ്വബോധം തിരികെയെത്തിയത് ഈ ഗോളിന്റെ ഷോക്കിലാവാം. പിന്നെ ഉണർന്നു കളിച്ചു. പലകുറി ഗോളിനടുത്തെത്തിയെങ്കിലും അവസാന ടച്ചിൽ പിഴക്കുന്നു. പക്ഷെ ഈ മത്സരത്തിന്റെ ഗതി നിർണ്ണയിച്ച മനോഹര മുഹൂർത്തം വരുന്നതേയുണ്ടായിരുന്നുള്ളൂ. ബോക്സിനു തൊട്ടു വെളിയിൽ ലഭിച്ച ഫ്രീകിക്ക്, ഗോളിയെ സ്തബ്ധനാക്കി, പോസ്റ്റിന്റെ ഇടതു ഭാഗത്തു കൂടി ഊർന്നിറങ്ങിയപ്പോൾ ഗോൾ കീപ്പർ വെറും കാഴ്ചക്കാരൻ മാത്രം. ഈ വർഷത്തെ മൂന്നാമത്തെ മത്സരത്തിൽ മൂന്നാം ഫ്രീകിക്ക് ഗോൾ. . എവേ ഗോളിന്റെ ആനുകൂല്യം ലഭിക്കാൻ ഒരു ഗോൾ കൂടി മാത്രം മതിയായിരുന്നു ബിൽബാവോ പിന്നീട് എങ്ങനെയെങ്കിലും ഒരെണ്ണം തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ മത്സരം വാശിയേറിയതായി. അവസാന നിമിഷങ്ങളിൽ ലഭിച്ച ഒരു സുവർണ്ണാവസരം ഡെനിസ് സുവാരസ് പുറത്തേക്കടിച്ചു കളഞ്ഞത് അവിശ്വസനീയതയോടെയാണ് കണ്ടത്. ഒടുവിൽ ഈ സീസണിലെ ആദ്യ അഗ്നിപരീക്ഷണം നമുക്ക് ശുഭമായി പര്യവസാനിച്ചു.
ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ
* MSN : ഒരു തകർപ്പൻ പ്രകടനവുമായി മൂന്നു പേരും കളം നിറഞ്ഞു. തന്റെ ഫിനിഷിങ് പാടവം എങ്ങും പോയിട്ടില്ലെന്ന് തെളിയിച്ച ഗോൾ അതി മനോഹരം. തന്റെ ഗോൾ വരൾച്ചയ്ക്ക് വിരാമം ഇട്ടുകൊണ്ട് നെയ്മറും നന്നായി. മെസ്സിയെക്കുറിച്ചു പറയാൻ വാക്കുകൾ ഇല്ല. ഇങ്ങേരും ഫ്രീകിക്കും തമ്മിലുള്ള വിശുദ്ധ പ്രണയം ബാഴ്‌സയെ പിന്നെയും മുന്നോട്ട് നയിക്കുന്നു. എങ്കിലും മൂന്നു പേരും മെച്ചപ്പെടേണ്ടതുണ്ട്.
* ഇനിയേസ്റ്റ : എന്നത്തേയും പോലെ മികവാർന്ന പ്രകടനം. ഇനിയേസ്റ്റ , നെയ്മർ, ആൽബ എന്നിവർ ചേർന്നാണ് ഇടതു വിങ് നല്ല സജീവമാക്കിയത്. ആ ഭാഗത്തു നിന്നും നിരവധി ശ്രമങ്ങൾ ഉണ്ടായിരുന്നു.
* ബുസ്കെറ്സ് : അദ്ദേഹം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പലതവണ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പന്ത് മിസ് ആകുന്നു. ഇന്ന് നമ്മളെ ടൂർണമെന്റിൽ നിന്നും പുറത്താകുമായിരുന്ന ഒരു പിഴവ്. എങ്ങനെ രക്ഷെപ്പെട്ടു എന്ന് ഇപ്പോഴും അറിയില്ല.
താരതമ്യേന മികച്ചു കളിച്ചുവെങ്കിലും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. പാസിംഗ് പലപ്പോഴും പിഴക്കുന്നു. ഒത്തിണക്കം അൽപ്പം കുറവാണ്. ഈ ഒരു ടെമ്പോ നിലനിർത്താൻ ശ്രമിക്കണം. വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ന് കളിച്ച ആ ഊർജ്ജമാണ് നമുക്ക് ഇനിയുള്ള മത്സരങ്ങളിലും വേണ്ടത്. അതുണ്ടായാൽ വിജയങ്ങൾ താനേ വരും.
