CONGRATULATIONS PEP GUARDIOLA
“ജോസപ് പെപ് ഗ്വാർഡിയോള സല”.. ഓരോ ഫുട്ബോൾ വിദ്യാർഥിയും 2008 മുതലിങ്ങോട്ട് ഏറ്റവും കൂടുതൽ പിന്തുടർന്ന നാമം ആയിരിക്കും അത്. സ്പാനിഷ് ലീഗിൽ തകർന്നു കിടന്ന ഒരു ക്ലബ്ബിനെ ഒരു പറ്റം ലാ മാസിയ പ്രതിഭകളെ വെച്ചു കണ്ണടച്ച് തുറക്കും മുമ്പേ ട്രെബിൾ അടിച്ചു തുടങ്ങിയ സീസൺ മുതൽ അയാൾ സൃഷ്ടിച്ചത് കേവലം ആരാധകരെ ആയിരുന്നില്ല, ശിഷ്യരെ ആയിരുന്നു. പെപ്പിന്റെ സിദ്ധാന്തം പിന്തുടരുന്ന, നേരിട്ടോ അല്ലാതെയോ അയാളിൽ നിന്ന് ഫുട്ബോൾ പാഠങ്ങൾ ഉൾക്കൊണ്ടവർ ഇന്ന് ഫുട്ബോളിലെ മികച്ച മാനേജർമാരുടെ കൂട്ടത്തിലുണ്ട്.
15 വർഷത്തിൽ രണ്ടു ട്രെബിൾ അടക്കം 35 ട്രോഫികളാണ് പെപ് ജയിച്ചത്. ഫുട്ബോളിൽ എറ്റവും കൂടുതൽ ട്രോഫികൾ ജയിച്ച മാനേജർമാരുടെ കൂട്ടത്തിൽ പെപ് ഉണ്ട്. പക്ഷെ ആ നിരയിലുള്ള ഇതിഹാസങ്ങളായ എല്ലാ മാനേജർമാരും ഫുട്ബോളിനെ അതിന്റെ റിസൾട്ടിന്റെ അളവ് കൊണ്ടു അളക്കാൻ പഠിച്ചവർ ആയിരുന്നു. അവരുടെ ശൈലിയുടെ റോയൽറ്റി അവർ നേടിയ ട്രോഫികളായിരുന്നു. പെപ്പിന്റെ കാര്യത്തിൽ, എന്നാൽ ആ ട്രോഫികൾ പാടെ മാറ്റി നിർത്തിയാലും അയാൾക്ക് ശേഷവും അയാൾക്ക് മുൻപും എന്നൊരു കാലഘട്ടം ഫുട്ബോൾ സിദ്ധാന്തങ്ങളിൽ ഉണ്ടായി. ഫുട്ബോളിനെ കാല്പനികമായി അളക്കുന്നവർക്ക് അയാളൊരു അടയാളമായി. 35 ട്രോഫികൾ കൊണ്ടു മാത്രം അളക്കാവുന്നതല്ല അത്തരമൊരു ലെഗസി. കാല്പന്തിനെ കൂടുതൽ മനോകരമാക്കിയ ലോകം കണ്ട എക്കാലത്തെയും മികച്ച പരിശീലകനും മാനേജർക്കും തന്റെ രണ്ടാമത്തെ ട്രെബിൾ വിജയത്തിൽ അഭിനന്ദനങ്ങൾ!!