• Follow

•| മാച്ച് പ്രീവ്യൂ |•|| സെൽറ്റ ഡി വിഗോ vs എഫ് സി ബാഴ്‌സലോണ ||

  • Posted On April 17, 2018

ലാലീഗയിലെ പ്രയാണം തുടരാൻ ബാഴ്‌സ ഇന്നിറങ്ങുന്നു. ലീഗ് കിരീടം കൈപ്പാടകലെ നിൽക്കുന്ന ബാഴ്‌സക്ക് ഏതാനും വിജയങ്ങൾ കൂടി മതി എന്നതിനാൽ ഒരു വിജയത്തോടെ കിരീടത്തിലേക്ക് ഒന്ന് കൂടി അടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാകും ബാഴ്‌സ ഇറങ്ങുക. പക്ഷെ എതിരാളികൾ സെൽറ്റ ആണെന്നും കളിക്കാൻ പോകുന്നത് ബലൈഡോസിലേക്ക് ആണെന്നും ബാഴ്‌സക്കറിയാം. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം അൽപ്പം കടുകട്ടിയാകും എന്നതിൽ സംശയമേതുമില്ല.

ഒരു പ്രധാന മത്സരം ആണെങ്കിലും ഈ ആഴ്ച അവസാനം കോപ ഡെൽ റേ ഫൈനൽ വരുന്നതിനാൽ ചില കളിക്കാർക്കെങ്കിലും വിശ്രമം നൽകാൻ വൽവെർദേ നിർബന്ധിതനായേക്കും. തുടർച്ചയായ മത്സരങ്ങൾ താരങ്ങളെ ഏറെ തളർത്തിയിട്ടുണ്ട് എന്നത് എല്ലാവർക്കുമറിയാം. അത് കൊണ്ട് തന്നെ കഴിയുന്ന അത്രയും പേർക്ക് വിശ്രമം അനുവദിക്കുകയും ടീമിൽ അവസരം കാത്തിരിക്കുന്നവർക്ക് അത് നൽകുകയുമായിരിക്കാം ഇന്ന് ടീമിന്റെ ലക്ഷ്യം. അത് കൊണ്ട് തന്നെ ഇനിയേസ്റ്റ, ബുസി,പീക്കെ തുടങ്ങിയവരെ ഒഴിവാക്കിയാണ് സ്‌ക്വാഡ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ചു മെസ്സിയും ഇന്ന് ബെഞ്ചിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. എങ്കിലും എപ്പോഴും പ്രവചനാതീതമായ ലൈൻ അപ്പുമായി എത്തുന്ന വൽവെർദേ, ഇന്നും നമ്മളെ അമ്പരപ്പിക്കുമോ എന്ന് കണ്ടറിയാം.

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകുന്നതിനാൽ ഒരു പറ്റം കളിക്കാർക്ക് കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കും. പാക്കോ, ടെമ്പേലെ എന്നിവർ അണിനിരക്കുന്ന മുൻനിര നമുക്ക് പ്രതീക്ഷ നൽകുന്നതാണ്. അത് പോലെ ഏറെ നാളായി ആദ്യ ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുന്ന ഡെനിസ് സുവാരസിനെ ഇന്ന് കണ്ടേക്കാം. ഒപ്പം ടീമുമായി നല്ല രീതിയിൽ ഇണങ്ങി പോകുന്ന കൊട്ടീഞ്ഞോ കൂടി ആകുമ്പോൾ നല്ല ആക്രമണം കാഴ്ച വെക്കാൻ ടീമിനാകും. കൂടെ ബുസിയുടെയോ റാക്കിയിടേയോ റോളിൽ ഗോമസിനെയും കണ്ടേക്കാം.

പിൻനിര ടീം എങ്ങിനെ തയ്യാറാക്കും എന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. ടീം സ്‌ക്വാഡിലെ പ്രധാന വ്യത്യാസം യെരി മിനയെയും പരിക്കിൽ നിന്നും മോചിതനായി വരുന്ന ഡിന്യേയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇവർക്ക് ഇന്ന് അവസരം നൽകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

സീസണിൽ കാമ്പ് ന്യുവിൽ കളിക്കാനെത്തിയപ്പോൾ ബാഴ്‌സയെ ആശങ്കയിലാഴ്ത്തി സമനിലയുമായി പോയവരാണ് സെൽറ്റ. അതിവേഗ വിങ്ങർമാരുടെ സാന്നിധ്യമുള്ള സെൽറ്റയുടെ തട്ടകത്തിലെ കളി, അൽപ്പം കഠിനം തന്നെയാണ്. എങ്കിലും നമ്മുടെ യുവതാരങ്ങളിൽ നമുക്ക് ഏറെ വിശ്വാസമുണ്ട് താനും. മികച്ച ഒരു മത്സരമാണ് നടക്കാൻ പോകുന്നത്. വിജയത്തോടെ ലീഗിൽ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ ടീമിനാകട്ടെ എന്ന് ആശംസിക്കുകയാണ്.

ലാലിഗ റൗണ്ട് 33
വേദി : എസ്റ്റാഡിയോ മുൻസിപ്പൽ ഡി ബലൈഡോസ്‌ – വിഗോ
ഇന്ത്യൻ സമയം : രാത്രി 12:30
തത്സമയം : TEN 2

  • SHARE :