മാച്ച് പ്രിവ്യു ബാഴ്‌സലോണ VS റയൽ സോസിദാദ്
കോപ ഡെൽ റേ – ക്വാർട്ടർ ഫൈനൽ ആദ്യ പാദം
വേദി : അനോയേറ്റ സ്റ്റേഡിയം – സാൻ സെബാസ്റ്റ്യൻ സിറ്റി
ഇന്ത്യൻ സമയം രാത്രി 01: 45 ന്
ഇന്ത്യയിൽ സംപ്രേക്ഷണം ഉണ്ടാകാൻ സാധ്യതയില്ല
അങ്ങനെ ബാഴ്‌സ കോപയുടെ അങ്കക്കളത്തിലേക്ക്. കാത്തിരിക്കുന്ന എതിരാളികൾ ചില്ലറക്കാരല്ല . ബാഴ്‌സയെ എന്നും മുൾമുനയിൽ നിർത്താൻ കെൽപ്പുള്ള റയൽ സോസിദാദ് ആണ് ബാഴ്‌സയെ കാത്തിരിക്കുന്നത്. ഈ ക്വാർട്ടർ ഫൈനൽ ഒരു തീപാറും പോരാട്ടം ആകുമെന്ന് ഉറപ്പാണ്. നോക്ക്ഔട്ട് ഘട്ടമായാണ് കൊണ്ട്, തോൽവി നമുക്ക് അംഗീകരിക്കാനാവില്ല. നിലവിലെ ചാമ്പ്യന്മാർ അടുത്ത കിരീടത്തോട് ഒരു പടി മുന്നിലെത്താൻ തന്നെയാണ് ഇന്നിറങ്ങുക.
മുകളിൽ സൂചിപ്പിച്ചതു പോലെ അനോയേറ്റയിലാണ് മത്സരം. ആ നാമം എല്ലാ ബാഴ്‌സ ഫാൻസിനും സുപരിചിതമാണ്. കഴിഞ്ഞ ഒൻപതു വർഷമായി ബാഴ്‌സയ്ക്ക് ഈ സ്റ്റേഡിയത്തിൽ ജയിക്കാനായിട്ടില്ല. അനോയേറ്റയുടെ ശാപം എന്നൊക്കെ വിളിപ്പേരുണ്ടെങ്കിലും , സ്വന്തം കാണികളുടെ ആവേശത്തിന്റെ ബലത്തിൽ പൊരുതിക്കളിക്കുന്ന സോസിദാദ് കളിക്കാർ തന്നെയാണ് ബാഴ്‌സയെ അവിടെ ചരിത്രം രചിക്കാൻ ഇപ്പോൾ അനുവദിക്കാത്തതും. നമ്മുടെ കളിക്കാരാകട്ടെ , അവിടത്തെ ഓരോ മത്സരവും കനത്ത സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു വിജയം കൂടി നേടാനായില്ലെങ്കിൽ പിന്നെ ചരിത്രം നീണ്ടുപോകുന്നു എന്ന ആശങ്ക അവരെ അൽപ്പം തളർത്തുന്നുണ്ടാവാം.
എങ്കിലും ഇന്ന് സ്ഥിതിഗതികൾ മറിച്ചാകുമെന്നാണ് വിശ്വാസം. സമീപ ദിവസങ്ങളിൽ വല്ലാത്ത ഊർജ്ജത്തിലെത്തിയ ബാഴ്‌സയെ ആണ് നമ്മൾ കാണുന്നത്. ലീഗിലും കോപയിലും എല്ലാം നമ്മൾ ഒന്ന് ഉഴപ്പിയപ്പോൾ തിരിച്ചടികളായിരുന്നു ഫലം . പക്ഷെ പാഠമുൾക്കൊണ്ട് മെച്ചപ്പെട്ട പ്രകടനമാണ് ബാഴ്‌സ ഇപ്പോൾ നടത്തുന്നത്. എല്ലാവരും ആത്മാർത്ഥമായി മുഴുവൻ കഴിവും പുറത്തെടുത്തു തന്നെ കളിക്കുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ആ പ്രകടനത്തിലാണ് നമ്മുടെ പ്രതീക്ഷകൾ അത്രയും.
നിലവിൽ റൊട്ടേഷനുകൾ വിജയം കാണുന്നതിനാൽ , ഒരു ഫസ്റ്റ് ഇലവനെ പ്രവചിക്കാൻ അസാധ്യമാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ വിശ്രമം നൽകിയ പ്രമുഖരെല്ലാം ഈ മത്സരം സ്റ്റാർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഇനിയേസ്റ്റ, പിക്വെ, നെയ്മർ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് കരുതുന്നു. മത്സരം അനോയേറ്റയിൽ ആവുമ്പോൾ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുന്നത് ആണ് നല്ലതു. മുന്നേറ്റത്തിൽ MSN ത്രയം തിരിച്ചെത്തുമെന്ന് കരുതുന്നു. കഴിഞ്ഞ മത്സരങ്ങളിൽ അവർ വീണ്ടെടുത്ത സ്കോറിങ്ങിങ് പാടവം ഇവിടെയും തുടർന്നാൽ ചരിത്ര വിജയത്തിലേക്കാവും നാളത്തെ പൊൻപ്രഭാതം വിടരുന്നത്. അത്തരം ഒരു ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.