ബുസ്കെറ്റ്സ് : ബാർസയുടെ കാവൽമാലാഖ
ഫുട്ബോളിൽ ഏറ്റവും ബുദ്ധിമുട്ടായ പൊസിഷൻ ആണ് ‘ ഡിഫൻസീവ് മിഡ്ഫീൽഡ് ‘. ആ പൊസിഷനിൽ കളിക്കുന്നൊരാൾക്ക് ചുമതലകൾ ഏറെയാണ്, ഡിഫന്റ്സിനെ സഹായിക്കണം, മിഡ്ഫീൽഡിനെ സഹായിക്കണം, കളി മുഴുവൻ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടെത്തിക്കണം അങ്ങനെ അങ്ങനെ .. പക്ഷേ ഇത്രയൊക്കെ ഉണ്ടായിട്ടും ഫുട്ബോൾ കളികാണുന്നവരും ആരാധകരും ഏറെ തരംതാഴ്ത്തി ഇട്ടിരിക്കുന്ന പൊസിഷനും ഇത് തന്നെയാണ് എന്നതാണ് വൈരുധ്യം. അടിച്ചു കൂട്ടുന്ന ഗോളുകളിൽ ലോകം മയങ്ങി നിൽക്കുമ്പോൾ, ഏറ്റവും ബുദ്ധിപൂർവ്വം കളിക്കേണ്ട പൊസിഷനിന്റെ പ്രാധാന്യത്തെ പറ്റി ഏവരും സൗകര്യപൂർവ്വം മറക്കുന്നു.
ഡിഫൻസീവ് മിഡ്ഫീൽഡിൽ മികവോടെ കളിക്കുന്ന താരങ്ങൾ ഒരുപാടുണ്ട്. പക്ഷെ ശക്തികൊണ്ടും ബുദ്ധികൊണ്ടും എന്നും ഫേവറിറ്റ് ” സെർജ്ജിയോ ബുസ്കറ്റ്സ് ” എന്ന സ്പാനിഷ് താരമാണ്. സ്വതവേ അധികം ശക്തമല്ലാത്ത ശാരീരിക ഘടനയുള്ള പക്ഷെ ശക്തിയിലേറെ ബുദ്ധി ഉപയോഗിച്ച് ഡിഫൻസീവ് മിഡ്ഫീൽഡ് കൈകാര്യം ചെയ്യുന്ന പ്ലയെർ ആണ് സെർജ്ജിയോ. മറ്റു പല ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരെ പോലെയുള്ള അപാരവേഗതയോ നിർദയമായ ടാക്കിളുകളോ അയാളിൽ നിന്ന് ഉണ്ടാവില്ല. അവിടെ ആണ് ബുസ്കറ്റ്സിന്റെ കളി വായിച്ചെടുക്കാനുള്ള കഴിവ് വെളിവാകുന്നത്. ക്രയിഫിന്റെ തന്നെ വാക്കുകളിൽ “അയാൾ കൃത്യമായ സമയത്ത് കൃത്യമായ പൊസിഷനിൽ ഉണ്ടാവുന്നു.” ഒരിക്കലും ഒരു തെറ്റായ പൊസിഷനിൽ അയാളെ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഇത് കൊണ്ട് തന്നെ കടുത്ത ടാക്കിളുകൾ പുറത്തെടുക്കാതെ അയാൾ പന്ത് കൈക്കലാക്കുന്നു. ഞാൻ ഒരു ടാക്കിൾ ചെയേണ്ടി വരുമ്പോൾ എന്റെ ഭാഗത്തു നിന്നും ഒരു തെറ്റ് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് പ്രതിരോധത്തിലെ ഇതിഹാസം മാൽഡിനി പറഞ്ഞത് ബുസ്കറ്റ്സ് തന്റെ കളിയിലൂടെ കാണിച്ചു തരുന്നു. എങ്കിലും വേണ്ടിവന്നാൽ ഫൗൾ ചെയ്യാൻ പോലും താൽപ്പര്യം കാണിക്കുന്നു എന്നതാണു വസ്തുത. നീളമേറിയ കാലുകൾ ഉള്ള ബുസി, ഒരു നീരാളിയുടെ കരങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് എതിർ താരങ്ങളുടെ കാൽകീഴിൽ നിന്നും പന്ത് റാഞ്ചുന്നത് കാണാം.
ബാഴ്സലോണയുടെ നിലവിലെ ഒരു പോരായ്മ്മ സെർജ്ജിയോക്ക് വേണ്ടത്ര ബാക്കപ്പ് ഇല്ലാത്തത് തന്നെയാണ് . മെസ്സി കളിക്കാതിരുന്നാൽ ഒരു പക്ഷെ ഒരു താരം അവിടെ റിപ്ലേസ് ആകാം പക്ഷേ ബുസിയ്ക്ക് ഒരു മഞ്ഞ കാർഡോ ഇഞ്ചുറിയോ നേരിടേണ്ടി വന്നാൽ മിഡ്ഫീൽഡ് തന്നെ അവതാളത്തിലാകും. മിഡ് ഫീൽഡിൽ ഇത്രയും സ്വാധീനം ചെലുത്തുന്ന ഒരാളെ ഒറ്റ നിമിഷം മാറ്റിയാൽ അത് ബാഴ്‌സയുടെ മുഴുവൻ ശൈലിയെ തന്നെ ബാധിക്കും . ഓറിയോൾ ബുസ്കെറ്റ്സ് നല്ല ഒരു ഓപ്ഷൻ ആണെങ്കിലും വന്മത്സരങ്ങളിൽ ഏത്രത്തോളം ഫലപ്രദമാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ബുസിയുടെ പാസിങ്ങ് ടെക്നിക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും , ഡിഫൻസിൽ സ്പേസ് കണ്ടെത്തിയാണു അയാള് പ്രധാനമായും പാസ്സ് നൽകുന്നത്.മെസ്സിയുമായും നല്ല കോമ്പിനേഷൻ ഉള്ളത് കൊണ്ട് നിരവധി തവണ അത് വിജയത്തിലെത്തിയിട്ടുമുണ്ട്. ബി. ടീമിൽ നിന്ന് മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടാൻ കാരണവും ഇത് തന്നെയാണെന്ന് പെപ്പ് ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര ട്രിയോ ആയ സാവി, ബുസി , ഡോൺ ഇവർ ഒരുമിച്ച് ഫുട്ബോൾ ഭരിച്ചിരുന്ന കാലം ഒരു ബാഴ്സാ ആരാധകനും മറക്കാൻ സാധ്യതയില്ല. സാവിയെ പൂട്ടിയാൽ ബാഴ്സയുടെ മിഡ്ഫീൽഡ് പൂട്ടാം എന്ന് കരുതി വണ്ടികേറുന്ന ഏതിർടീമുകളെ അക്ഷരാർത്ഥത്തിൽ പല തവണ ഞെട്ടിച്ചിട്ടുണ്ട് ബുസിയും ഇനിയെസ്റ്റയും ചേർന്ന്. സാവി അവിടെ മാർക്ക് ചെയ്യപ്പെടുമ്പോൾ ഡോണിന്റെ കയ്യിൽ പന്തെത്തിക്കുകയായിരുന്നു ബുസിയുടെ കർത്തവ്യം. അത് തിരിച്ചും മറിച്ചും ബുസിയിലൂടെ പരിശീലകർ നടപ്പാക്കി..
” ഞാൻ ഒരു പ്ലെയർ ആയിരുന്നെങ്കിൽ ഉറപ്പായും ബുസ്കറ്റ്സിന്റെ റോൾ ചെയ്യാനാകും ഏറ്റവും കൂടുതൽ ശ്രമിക്കുക ” 2010 ലോകകപ്പ് സമയത്ത് സ്പാനിഷ് കോച്ചായിരുന്ന ഡെൽബോസ്കെ ബുസിയെപറ്റി പറഞ്ഞ വാക്കുകളാണിവ. ഇതിൽനിന്നും നമുക്ക് നന്നായ് തന്നെ മനസ്സിലാകും ടീമിൽ ബുസിയുടെ സാന്നിധ്യം എത്ര മാത്രം പ്രാധാന്യം ഏറിയതാണെന്ന് . ആ പൊസിഷൻ എങ്ങനെ അയാൾ മനോഹരമാക്കുന്നുണ്ടെന്ന്.
ബാഴ്സയുടെയും സ്പെയിന്റെയും കുന്തമുനകളായിരുന്ന സാവിയ്ക്കും ഇനിയെസ്റ്റയ്ക്കും മറ്റുള്ളവരിൽ നിന്ന് ഒരു സുപ്രധാന പ്രത്യേകഥയുണ്ടായിരുന്നു. അവർ ഒരിക്കലും സൗന്ദര്യത്തിന്റെയോ ആഡംബരത്തിന്റെയോ പുറകെപോയിട്ടില്ല. അത് ഫുട്ബോൾ ലോകം പലതവണ ചർച്ച ചെയ്യ്തിട്ടുള്ളതാണ്. തന്റെ സഹോദരങ്ങളുടെ വഴിയിൽ തന്നെയാണു ബുസിയുടെയും പോക്ക് . മറ്റുള്ള കളിക്കാർ ആഴ്ച്ച മുഴുമിപ്പിക്കാൻ പോലും സമ്മതിക്കാതെ റ്റാറ്റുവും ഹയർ സ്റ്റൈലും മാറ്റി മത്സരങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ ബുസിയും , ഡോണും , സാവിയുമൊക്കെ കളിയിൽ മാത്രം കേന്ദ്രികരിച്ച് മുന്നോട്ട് പോയവരാണു. ഇതാണു ബുസി അവരിൽനിന്ന് ഉൾക്കൊണ്ട പ്രധാന പാഠങ്ങൾ.
സെർജ്ജിയോക്ക് ഇപ്പോൾ 29 വയസ്സായി, കൂടിപോയാൽ 3,4 വർഷങ്ങൾമാത്രം കളിക്കാൻ ആയേക്കും. അതിനുമുമ്പ് ഒരു കുഞ്ഞു ബുസിയെ വളർത്തികൊണ്ട് വരേണ്ടതുണ്ട്. നിലവിൽ സാമ്പർ തന്നെയാണു നല്ല ഓപ്ഷൻ , ബുസിയെ നന്നായ് പഠിച്ച് വെച്ചിട്ടുള്ള ആളാണു സാമ്പർ.. ലോണിൽനിന്ന് തിരിച്ച് വിളിച്ച് നല്ല അവസരങ്ങൾ നൽകിയാൽ വരുന്ന കാലത്ത് ദുഖിക്കേണ്ടി വരില്ല. ബി ടീമിലെ സ്ഥിര സാന്നിധ്യമായ ഓറിയോൾ ബുസ്കെറ്റ്സും മികച്ചൊരു റിപ്ലേസ്മെന്റാകാൻ സാധ്യതയുണ്ട്.വേണ്ടവിധം മത്സര പരിചയം കൊടുത്തും കോച്ചിങ്ങ് നൽകിയും വളർത്തിയെടുത്താൽ മറ്റൊരു താരത്തെ തേടി ഏങ്ങോട്ടും പോകേണ്ടിവരില്ല.
©Penyadel Barca Kerala
