• Follow

ബാഴ്സയുടെ കാവൽ മാലാഖ ടെർ സ്റ്റീഗന് പിറന്നാൾ ആശംസകൾ

  • Posted On April 30, 2020

യോഹാൻ ക്രൈഫ് എന്ന താത്വികാചാര്യൻ തന്റെ സംഹിതകളിൽ ആവർത്തിച്ചു പറഞ്ഞ ഒരു പ്രധാന കാര്യം “എന്റെ ടീമിന്റെ ആക്രമണ നിരയിലെ ആദ്യത്തെ കണ്ണി ഗോൾകീപ്പർ ആണ്” എന്നതായി. സൃഷ്ടി എന്നത് ശ്രേഷ്ഠമായ ഒരു കർമ്മം ആണെന്നും അങ്ങനെ സൃഷ്ടിക്കപ്പെടുന്നതിലെ ആദ്യത്തെ കോശത്തിന്റെ പ്രാധാന്യവും ഫുട്ബോളിലും ഉണ്ടെന്ന് ജോഹാൻ ഓർമ്മിപ്പിക്കുന്നുണ്ട് ഇതിലൂടെ. അയാളുടെ വാക്കുകളിൽ സൃഷ്ടിയുടെ ആദ്യത്തെ ചുവടുവെപ്പ് ഉരുവാകുന്നത് അവിടെയാണ്.. ഗോൾ പോസ്റ്റിന് കീഴെ അന്നുവരെ തളച്ചിട്ടിരുന്ന ഗോൾ കീപ്പറിന്റെ കാലുകളിൽ.. അയാളുടെ ടീമിന്റെ ഗോൾകീപ്പർ എപ്പോഴും അത്തരത്തിൽ ഉള്ളവരായിരുന്നു.. കളിക്കാരനായിരുന്ന സമയത്ത് യോങ്‌ബ്ലോയ്ഡ്.. മാനേജർ ആയിരുന്നപ്പോൾ പ്രിയപ്പെട്ട ശിഷ്യരിലൊരാൾ സുബിസാരേറ്റ.. കാൽപന്ത് കൈ കൊണ്ട് കളിക്കാൻ ശപിക്കപ്പെട്ടവരെ ശാപമോക്ഷം നൽകി ജീവിപ്പിച്ച് അവർക്ക് മുന്നോട്ടുള്ള വഴി കാണിച്ച ദൈവപുത്രൻ ആയിരുന്നു ജൊഹാൻ. ഈ ദൈവപുത്രന്റെ സുവിശേഷം പെപ് ഗാർഡിയോള എന്ന ശിഷ്യൻ 15 വർഷങ്ങൾക്ക് ശേഷം യൂറോപ്പ് ആകെ വിളംബരം ചെയ്തപ്പോൾ ലോകം സ്തബ്ദരായി. വിക്ടർ വാൽഡസ് ആയിരുന്നു ഈ സുവിശേഷത്തിന് ആദ്യ പ്രയോക്താവ്. അതുവരെ പിന്നിലായിരുന്ന ഗോൾകീപ്പർമാരുടെ ജീവിതം തന്നെ അതോടെ മാറി.. വെറും മാറ്റം എന്ന് പറഞ്ഞാൽ പോരാ.. സമഗ്രമായ മാറ്റം.. ഔട്ട്‍ഫീൽഡ് പ്ലേയർസിനേക്കാൾ ട്രാൻസ്ഫർ മാർക്കറ്റിൽ അവർക്കായി പോരാട്ടം തുടങ്ങി. എഡേഴ്‌സണെയും കെപ്പയെയും ലോകത്തെ ഏറ്റവും വിലയേറിയ താരങ്ങളാക്കി മാറ്റിയ ഘടകവും മറ്റൊന്നല്ല.

ബാർസയും വാൽഡസും തന്നെ ആയിരുന്നു തുടക്കം. പെപ്പിന്റെ ബാർസ കാലത്തിനുശേഷം ട്രോഫി ഒന്നും നേടാതെ ജെറാർഡോ മാർട്ടിനോയുടെ സീസണിൽ എത്തിയതോടെ ടീം അതിന്റെ കോർ പുതുക്കിപ്പണിയാൻ തയ്യാറാകുന്നു. വാൽഡസിന് പ്രായമായി. നീണ്ട പതിനൊന്നു വർഷത്തെ സേവനത്തിനുശേഷം അയാൾ ബാർസയോട് വിടപറയുകയാണ്. പേരുകേട്ട അറ്റാക്കിങ് ബ്രാൻഡിന്റെ കേളി ശൈലിയിലെ മുന്നേറ്റത്തിന്റെ ആദ്യ കണ്ണി വിട പറയുമ്പോൾ പകരക്കാരനെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ ആവണമെന്ന് അന്നത്തെ സ്പോർട്ടിംഗ് ഡിപ്പാർട്ട്മെന്റ് നല്ല നിശ്ചയമുണ്ടായിരുന്നു. ഏറ്റവും രസകരമായ യാദൃശ്ചികത ആ നിയോഗം ലഭിച്ച സ്പോർട്ടിംഗ് ഡിപ്പാർട്ട്മെന്റ് തലവൻ ക്രൈഫിന് പ്രിയപ്പെട്ട സുബിസരേട്ടാ ആണെന്നതായിരുന്നു! അതിനാൽ തന്നെ മറ്റാരേക്കാൾ നന്നായി അദ്ദേഹത്തിന് തന്റെ ചുമതല അറിയാമായിരുന്നു. വാൽഡസ് പോകുന്നത് കാത്തുനിൽക്കാതെ നാളുകൾക്ക് മുൻപേ തന്നെ അദ്ദേഹത്തിന്റെ ടീം വാൽഡസിന് പകരക്കാരനായി വല വീശിയിരുന്നു.

പ്രതിഭകൾക്ക് ഒരുകാലത്തും പഞ്ഞമില്ലാത്ത ജർമനി അക്കാലത്ത് ഒരു മാസ്റ്റർ പ്രോജക്ടിൽ ആയിരുന്നു. 2002ൽ നഷ്ടമായ ലോകകപ്പ് കിരീടം പിടിച്ചെടുക്കാൻ ജോക്കി ലോ എന്ന പരിശീലകനെയും അവർ ചുമതലപ്പെടുത്തിയിരുന്നു. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ സിസ്റ്റം പരാജയപ്പെട്ടാൽ പ്രയോജനമില്ലാതെ ആയിപ്പോകും. എന്നാൽ മറ്റ് ഏതു മേഖലയിലും കാണാവുന്നത് പോലെ ജർമൻ പ്രോജക്ടും കിടയറ്റതായിരുന്നു. അണ്ടർ 17 മുതൽ സീനിയർ ലെവൽ വരെ ഉൾക്കൊള്ളുന്ന ആ പ്രോജക്ട് ഫലം കണ്ടു തുടങ്ങിയിരുന്നു.

2008 യൂറോ കപ്പ് ഫൈനലിൽ സ്പെയിനോട്‌ തോറ്റെങ്കിലും 2009ൽ നടന്ന അണ്ടർ 17
യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ ജർമ്മനി കിരീടംചൂടി. അന്നത്തെ ടൂർണമെന്റ് ലെ ഏറ്റവും മികച്ച താരം പിന്നീട് അഞ്ചു വർഷങ്ങൾക്ക് ശേഷം നിർണായക ഗോൾ നേടി ജർമൻ പ്രോജക്റ്റ് അതിന്റെ പൂർണ്ണതയിൽ എത്തിച്ചു ലോകകപ്പ് നേടിക്കൊടുത്തു. അന്ന് അണ്ടർ 17 യൂറോ കപ്പ് നേടിയ ടീമിൽ ഗോട്സെയോടൊപ്പം കളിച്ചവരിലൊരാൾ മാത്രമേ പിന്നീട് സീനിയർ ടീമിലേക്കും അതോടൊപ്പം യൂറോപ്പിലും മുൻ നിരയിലേക്ക് വന്നുള്ളൂ.. മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ ! ഒരുപക്ഷെ കരിയർ അവസാനിക്കുമ്പോൾ ഗോട്സെയെക്കാൾ മുൻപിൽ ഫിനിഷ് ചെയ്യാൻ പോകുന്നത് ടെർ സ്റ്റീഗൻ ആയിരിക്കും…

മോൺചെൻഗ്ലാഡ്ബാഷിൽ ജനിച്ചുവളർന്ന ടെർ സ്റ്റീഗൻ ആ നഗരത്തെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. താൻ കളി പഠിച്ചു വളർന്ന ബൊറൂഷ്യ മോൺചെൻഗ്ലാഡ്ബാഷ് ക്ലബിന് വേണ്ടി കളിക്കുന്നത്‌ തന്നെയായിരുന്നു അയാളുടെ സ്വപ്നം. അതിനായി കഠിനമായ അധ്വാനം അയാൾ നടത്തിക്കൊണ്ടിരുന്നു. അണ്ടർ 17 യൂറോ കപ്പ് നേടിയ മിന്നും താരം സീനിയർ ടീമിലേക്ക് ആദ്യം വിളിക്കപ്പെടുന്നത് 2010-11 സീസണിലാണ്. അന്ന് റിസർവ് ടീമിലെ ഏറ്റവും മികച്ച താരമായിരുന്ന ടെർ സ്റ്റീഗൻ ഇടയ്ക്കിടെ പകരക്കാരുടെ കൂട്ടത്തിൽ വന്നുപോയിരുന്നു. എന്നാൽ സീനിയർ ടീം വളരെ മോശം സമയത്തിലൂടെ കടന്നുപോവുകയായിരുന്നു. റെലഗേഷൻ ഉറപ്പിച്ച ടീം ആടിയുലഞ്ഞു. മാനേജറിനു സ്ഥാനം നഷ്ടമായി. പകരം ഇന്നത്തെ ഡോർട്ട്മുണ്ട് മാനേജർ ഫാവ്റെ നിയമിതനായി. ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയിരുന്ന ബെയ്‌ലിയുടെ പിഴവുകൾ ടീമിന്റെ അവസ്ഥയ്ക്ക് കാരണമായിരുന്നു. ഒരു പരിധി വിട്ടതോടെ ഫാവ്റെ റിസർവ്വ് ടീമിൽ നിന്ന് ടെർ സ്റ്റീഗനെ വിളിച്ചു വരുത്തി. അങ്ങനെ അയാൾ താൻ സ്വപ്നം കണ്ടിരുന്ന ജഴ്‌സി നേടിയെടുത്തു.

ടെർ സ്റ്റീഗൻ എത്തിയതോടെ അന്ന് വരെ കാണാതിരുന്ന ഉറപ്പ് പ്രതിരോധ നിര കാണിക്കാൻ തുടങ്ങി. എങ്കിൽ പോലും റെലഗേഷൻ ഒഴിവാക്കാൻ പറ്റുന്ന ദൂരത്തായിരുന്നില്ല. എന്നാൽ, പിന്നീട് സ്വപ്ന തുല്യമായ തിരിച്ചുവരവായിരുന്നു ലീഗിൽ മോൺചെൻഗ്ലാഡ്ബാഷിനും.. അവസാന 6 മാച്ചുകൾ മാത്രമാണ് ടെർ സ്റ്റീഗൻ കളിച്ചത്. 6 മാച്ചുകളിൽ എതിരാളികളിൽ 6ഉം ആദ്യ പത്തിൽ ഉള്ളവർ.. 3 പേർ ആദ്യ 5 ഇൽ ഉള്ളവർ.. 6 കളികളിൽ 4 ക്ളീൻ ഷീറ്റ് നേടി ഐതിഹാസിക കാമിയോ നടത്തി പ്ലെ ഓഫ് സ്പോട്ട് നേടിക്കൊടുത്തു അടുത്ത ലീഗിൽ സ്ഥാനം നേടിയെടുത്തതോടെ ആരാധകരും ആ താരോദയത്തെ തിരിച്ചറിഞ്ഞു. അതിലൊരു മാച് ചാമ്പ്യന്മാരായ ഡോർട്ട്മുണ്ടിനെതിരെ ആയിരുന്നു. ക്ലബ് മാനേജ്‌മെന്റിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഒന്നാം നമ്പർ ഗോൾകീപ്പറുടെ ഒന്നാം നമ്പർ ജേഴ്‌സിയിൽ ടെർ സ്റ്റീഗൻ എന്ന നാമം പഞ്ച് ചെയ്യപ്പെട്ടു.
പ്ലെ ഓഫ് കളിച്ചു എത്തിയ ടീം അടിമുടി മാറിയാണ് അടുത്ത സീസണിൽ ബുണ്ടസ്‌ലീഗയിൽ അവതരിച്ചത്. മാർകോ റോയസ്, ടെർ സ്റ്റീഗൻ, ഡാന്റെ എന്നിവരുടെ നേതൃത്വത്തിൽ മോൺചെൻഗ്ലാഡ്ബാഷ് ലീഗിൽ പടയോട്ടം നടത്തി. ലീഗിലെ ആദ്യ മത്സരം ബയേൺ മ്യൂണിച്ചിന് എതിരേയായിരുന്നു. ടെർ സ്റ്റീഗൻ ഒന്നാം ഗോളിയായി ഗ്ലാഡ്ബാഷിനു വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോൾ അതിനോടകം തന്നെ പ്രശസ്തനായ മറ്റൊരാൾ അന്ന് മറുഭാഗത്ത് അരങ്ങേറ്റം കുറിച്ചു – മാനുവൽ നോയർ!
അവിശ്വസനീയമായ ആ കുതിപ്പിനൊടുവിൽ സീസണിൽ അവർ ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടി എടുത്തപ്പോൾ 34 മത്സരങ്ങളിൽ 15 ക്ളീൻ ഷീറ്റുമായി ടെർ സ്റ്റീഗൻ അമരത്തു തന്നെയുണ്ടായിരുന്നു. അയാൾക്ക് പ്രായം 19 വയസ്!

ആന്റണി സുബിസരേറ്റയുടെ മുന്നിൽ അങ്ങനെ അയാളുടെ പേര് എത്തി. അങ്ങനെ ബാർസ ടെർ സ്റ്റീഗനെ ട്രാക്ക് ചെയ്യാൻ ആരംഭിച്ചു.
ലെവൻഡോവ്‌ഡ്‌കിയും ഗോട്സെയും വിട്ടു പോയിട്ടും ഡോർട്ട്മുണ്ട് ജഴ്‌സിയിൽ നിൽക്കുന്ന റോയസിന്റെ ചിത്രം വിശ്വസ്തത എന്ന പേരിൽ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. അതേ പോലെ ഒരു നിൽപ്പ് ടെർ സ്റ്റീഗനും നിന്നിട്ടുണ്ട്. റോയസ് ബൊറൂഷ്യയിലേക്കും ഡാന്റെ ബയേണിലേക്കും കൂടു മാറിയ സമയത്ത്.. അയാൾക്കു ആ നഗരത്തോടും ക്ലബിനോടും വല്ലാത്ത സ്നേഹമായിരുന്നു. അയാൾ ഗ്ലാഡ്ബാഷിനൊപ്പം തന്നെ നിന്നു. മറ്റൊരു സീസൺ കൂടെ പിന്നിട്ടപ്പോൾ സുബിസരേറ്റ തന്റെ തീരുമാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ബാർസ തങ്ങളുടെ സ്നേഹം പരസ്യമാക്കി തുടങ്ങിയെങ്കിലും റിപ്പോർട്ടുകളെ നിഷേധിച്ചു ടെർ സ്റ്റീഗൻ രംഗത്ത് വന്നു. തൽക്കാലം ഗ്ലാഡ്ബാഷ് വിട്ട് എവിടേയ്ക്കുമില്ല എന്ന പ്രസ്താവന എത്തിയതോടെ രംഗം ശാന്തമായി.

2013-14 സീസണിൽ ഒരിക്കൽ കൂടെ അയാളവരെ യൂറോപ്പ ലീഗിൽ എത്തിച്ചു. ആരാധകർക്കു അയാളൊരു സൂപ്പർ ഹീറോ ആയിരുന്നു. യൂറോപ്പിൽ തരംഗമായിരുന്ന ഡോർട്ട്മുണ്ട് ലീഗിൽ എവേ കളിക്കാൻ ഗ്ലാഡ്ബാഷിൽ എത്തുന്നു.
യൂർഗൻ ക്ളോപ്പ്‌ എന്ന ഐക്കോണിക് പരിശീലകന്റെ ഡോർട്ട്മുണ്ട് അന്ന് 27 ഷോട്ടുകൾ ആണ് ഉതിർത്തത്‌ !! 27 ഷോട്ടുകൾ.. എല്ലാം ആ 20 വയസുകാരൻ ചെക്കൻ തട്ടിയകറ്റി കളഞ്ഞു. അത് വിശ്വസിക്കാനാകാതെ സ്തബ്ധനായി നിൽക്കുന്ന ക്ളോപിന്റെ മുഖം ഓർമ്മയിൽ നിന്ന് മായുന്നില്ല. അത്ഭുതപ്പെട്ട് നിന്നവരുടെ കൂട്ടത്തിൽ പഴയ കൂട്ടുകാരൻ മാർക്കോ റോയസും ഉണ്ടായിരുന്നു. സുബിസാരേറ്റ ക്ഷമയോടെ നിൽക്കുകയായിരുന്നു. ഇത്തവണ അദ്ദേഹം നേരിട്ട് യാത്ര ചെയ്തു. നഗരത്തെ അതിരറ്റ് സ്നേഹിക്കുന്ന ആ ചെക്കനെ കൈക്കലാക്കുന്നത് അത്ര എളുപ്പമല്ല എന്റെ അദ്ദേഹത്തിന് അറിയാമായിരുന്നു. സുബിസരേറ്റയാണ് ടെർ സ്റ്റീഗനെ ബാഴ്സയിൽ ചേരാൻ സമ്മതിപ്പിക്കുന്നത്. തുടർന്ന് ലോക കപ്പിന് ശേഷം ബാർസയിൽ എത്തിയ ടെർ സ്റ്റീഗൻ അന്ന് ഒരു ആവശ്യം മാത്രമേ മുന്നോട്ട് വച്ചുള്ളു- “എനിക്ക് കളിക്കണം, എനിക്ക് ടീമിന്റെ ആദ്യ ഗോളി ആവണം”. സുബിസരേറ്റയ്ക്ക് രണ്ടാമത് ആലോചിക്കണ്ട ആവശ്യമുണ്ടായിരുന്നില്ല. തന്റെ മുന്നിൽ ഉള്ള അസാമാന്യ ടാലന്റ് അദ്ദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

ലൂയിസ് എൻറീക്കെയുടെ കീഴിൽ ടീം അഴിച്ചു പണി നടത്തുകയായിരുന്നു. ബാക് അപ്പ് ഗോളിയായി 2014 വേൾഡ് കപ് ഹീറോസിൽ ഒരാളായ ചിലിയൻ താരം ബ്രാവോയും എത്തി. നിർഭാഗ്യവശാൽ ലാ ലിഗയുടെ തുടക്കത്തിൽ ടെർ സ്റ്റീഗന് പരിക്കേൽക്കുകയും ലൂക്കോ ബ്രാവോയെ നിയോഗിക്കുകയും ചെയ്തു. തുടർന്ന് ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റെയിലും സ്റ്റീഗൻ ബാർസയുടെ ഗോളിയായി. പെപ് ഗ്വാർഡിയോളയുടെ ബയേണിനെതിരെ സെമി ഫൈനൽ എവേ മത്സരത്തിൽ അസാമാന്യ പ്രകടനം പുറത്തെടുത്തു ടീമിനെ ഫൈനലിലേക്ക് അയക്കുകയും ബെസ്റ്റ് സേവ് പുരസ്കാരം നേടുകയും ചെയ്തു. ട്രെബിൾ നേട്ടത്തോടെ സ്വപ്നതുല്യമായ ആദ്യ സീസൺ.

ബാർസ പിന്നീട് താരതമ്യേന മോശം ഫോമിലേക്ക് പോയെങ്കിലും അപ്പോഴാണ് ടെർ സ്റ്റീഗൻ എന്ന വ്യക്തിയും ടെർ സ്റ്റീഗൻ എന്ന ഫുട്‌ബോളറും ബാർസയ്കും ആരാധകർക്കും വെളിപ്പെട്ടത് എന്ന് തോന്നിയിട്ടുണ്ട്. തുടർന്നുള്ള സീസണിൽ ചെറിയ പിഴവുകൾ വരുത്തി ആരാധകരുടെ വിമർശനം ഏറ്റു വാങ്ങിയതോടൊപ്പം ഒരു നല്ല പങ്ക് ആളുകളും ബ്രാവോയ്ക് പകരം ടെർ സ്റ്റീഗനെ വിൽക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നതും ഓർമയുണ്ട്. അവിടെ നിന്നാണ് അയാളൊരു തിരിച്ചു വരവ് നടത്തുന്നത്. ഏറാറ്റിക് ഗോൾ കീപ്പർ എന്നതിൽ നിന്ന് പിന്നെയൊരു കയറ്റമായിരുന്നു. ലൂക്കോയുടെ അവസാന സീസണിലേക്ക് എത്തിയപ്പോൾ ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ.

വാൽവെർഡയുടെ 2 സീസണുകളിൽ അയാൾ അവിടെ നിന്നും പെർഫോമൻസ് ഉയർത്തുന്നത് കാണാൻ സാധിച്ചു. മെസ്സിയ്ക്ക് ശേഷം ടീമിലെ ഏറ്റവും മികച്ച പ്ലെയർ എന്നത് തന്നെ മികച്ച പ്ലെയർ എന്നതിന് തുല്യമായ വിശേഷണമാണ്. എന്നാൽ കഴിഞ്ഞ സീസണുകളിൽ അവിശ്വസനീയമാം വിധം അവിടെ നിന്നും ഗ്രാഫുയർത്തി. ബാർസ ടീമെന്ന നിലയിൽ തൃപ്തികരമല്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും ടീമിൽ തന്റെ സംഭാവന മെസ്സിയ്ക്കൊപ്പമെന്ന് ആരാധകർ വാഴ്ത്തുന്നതിലേക്ക് ആ ഗോൾ കീപ്പർ എത്തിച്ചു എന്നതാണ് അദ്‌ഭുതപ്പെടുത്തുന്നത്. ചാവി, ഇനിയേസ്റ്റ തുടങ്ങിയവരല്ലാതെ ആരെങ്കിലും ഇങ്ങനെയൊരഭിപ്രായം നേടിയെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്. ടെർ സ്റ്റീഗന്റെ ഏറ്റവും ബ്രില്യന്റ് പെർഫോമൻസ് മെസ്സിക്കൊപ്പം ബാർസയുടെ മോശം സീസണുകളിലാണ് ഉണ്ടായത്. ടെർ സ്റ്റീഗൻ എന്ന കളിക്കാരനൊപ്പം ആ വ്യക്തിയുടെ അന്തഃസത്ത വെളിവാകുന്നത് ഇത്തരം അവസ്ഥകളിലാണ്. മാഷെറാനോ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ.. പി എസ് ജിയോട് പൊരുതി നേടിയ വിജയം നേടിയ ആ രാത്രിയിൽ മുന്നോട്ട് പോകാൻ ആക്രോശിച്ച ടെർ സ്റ്റീഗനെ പറ്റി.. പത്തു പേരും മുന്നോട്ട് കുതിക്കുമ്പോൾ പിന്നിൽ ഒറ്റയ്ക്കു വല കാത്ത അമാനുഷികനെ പറ്റി.. പത്തു പേരിലും ആക്രമണം ഒടുങ്ങാതെ വന്നപ്പോൾ എതിർ ബോക്സിൽ ഓടിയെത്തുകയും ഒടുക്കം മൈതാന മധ്യത്തിൽ പന്ത് കൈകാര്യം ചെയ്യുന്ന പതിനൊന്നാമനെ നമ്മളും കണ്ടതാണ്.. ടെർ സ്റ്റീഗൻ “നമ്മൾ മരിക്കുന്നില്ല” എന്ന് ആർക്കുന്നിടത്ത് കാർലസ് പുയോളിനു ശേഷം ബാർസ കണ്ട ഏറ്റവും വീരനായ യോദ്ധാവ് ജന്മമെടുക്കുകയാണ്.. അന്ന് വിജയാരവങ്ങൾക്കിടയിൽ ആരും ശ്രദ്ധിച്ചില്ലെങ്കിലും അതിനു ശേഷം നമ്മളതിന് എത്രയോ വട്ടം സാക്ഷികളായി കഴിഞ്ഞിരിക്കുന്നു !!

ബാർസയ്ക്കായി ഇന്ന് അമാനുഷികനെ പോലെ പലപ്പോഴും ഒറ്റയ്ക്ക് പോരാടി വീഴുമ്പോഴും തിരിച്ചെത്തി ഓരോ തവണയും ബ്ലോഗ്രാന ക്രെസ്റ്റിനെ ഡിഫൻഡ് ചെയ്യുന്ന ടെർ സ്റ്റീഗനെ കാണുമ്പോൾ, ഒരറ്റത്തു നേട്ടങ്ങളിൽ നിന്നും പിറകോട്ടു വീണു പോയ ടീമിൽ വർഷങ്ങളോളം ഉറച്ചു നിന്ന് കോട്ട കാത്ത് ഒടുവിൽ വിശ്വവിഖ്യാതമായ നേട്ടങ്ങൾ കൊയ്ത് ചരിത്രത്തിന്റെ ഭാഗമായ പുയോളിനെ അല്ലാതെ മറ്റാരെയും ഓർമ വരുന്നില്ല. പീക്കെയുടെ വാക്കുകൾ തന്നെ കടമെടുക്കാം.. ‘THE GUARDIAN ANGEL’… കാവൽ മാലാഖ… അയാൾ വന്ന വഴികളെ പറ്റിയാണ് അധികവും പറഞ്ഞു വച്ചത്.. അയാളിലെ യോദ്ധാവിനെ അടയാളപ്പെടുത്തുന്നതും ഈ വഴികളാണ്..
ഒരുപാട് പോരാട്ടങ്ങൾ നടത്തിയൊരു ജനതയുടെ നിറങ്ങൾ നെഞ്ചിലണിയുമ്പോൾ അയാൾക് തോല്ക്കാനോ വിട്ടുകൊടുക്കാനോ ആവില്ല.. തോൽവി അയാൾക്കു മരണമാണ്.. അയാൾക്ക് മരിക്കാനാവില്ല..

We’re Barcelona… We wont die..

ഞങ്ങളുടെ കാവൽ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ