• Follow

ജന്മദിനാശംസകള്‍ ജാവിയർ അലെജാന്ദ്രോ മഷറാനോ

  • Posted On June 8, 2020

ടാക്കിൾ എന്ന് വാക്ക് കേട്ടാൽ ഏതൊരു ഫുട്ബോൾ ആരാധകന്റെയും മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖം.. ജാവിയർ അലെജാന്ദ്രോ മഷറാനോ.. ലോകം എമ്പാടുമുള്ള സർവ്വ ബാർസ അർജന്റീന ആരാധകരുടേം സ്വന്തം വല്യേട്ടൻ. ബാഴ്‌സലോണയുടെ ആം-ബാൻഡ് അണിയാത്ത നായകൻ.

പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണ ലോകം അടക്കി വാഴുന്ന കാലം. തന്റെ ടീമിലെ തന്ത്ര പ്രധാനമായ ഡിഫൻസീവ് മിഡ് പൊസിഷൻ എക്സ്പീരിയൻസ്ഡ് ആയുള്ള യായ ടുറെയെ ഏല്പിക്കുന്നതിന് പകരം ബാഴ്സലോണ ബി ടീമിൽ നിന്നെത്തിയ സെർജിയോ ബുസ്കറ്റ്‌സ് എന്ന പയ്യനെ ഏല്പിച്ചപ്പോൾ യായാ ടുറേക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. ഒടുവിൽ മാച്ച് ടൈമിന് വേണ്ടി യായ ടുറെ ബാഴ്സലോണ വിടാൻ തീരുമാനിച്ചപ്പോൾ ബ്ലൗഗരാനാ ജേഴ്സി സ്വപ്‍നം കണ്ടിരുന്ന ആ 26കാരന്റെ മനസിൽ ഒരായിരം പൂത്തിരി കത്തി. ലിവർപൂൾ ടീമിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ ആ അർജന്റീനകാരൻ സ്വപ്ന സാക്ഷാത്കരത്തിന് വേണ്ടി തന്റെ നാഷണൽ ടീം-മേറ്റും ബാഴ്സലോണ പ്ലെയറുമായ ലിയോണെൽ മെസ്സിയുടെ സഹായം തേടി. കോച്ചുമായി അയാളുടെ കാര്യം സംസാരിക്കാം എന്ന് പറയുമ്പോൾ പെപ്പിനെയും പെപ്പിന്റെ DM ആയ ബുസ്കറ്റ്‌സിനെയും വളരെ നന്നായി അറിയാവുന്ന മെസ്സി അയാൾക്ക് മുന്നറിയിപ്പ് നൽകി – “ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്ന മാച്ച് ടൈം കിട്ടി എന്ന് വരില്ല. നിങ്ങൾ ബഞ്ച് ചെയ്യപ്പെട്ടേക്കാം.” അതിന് അയാൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “അത് കുഴപ്പമില്ല”. എന്നാൽ ആ മറുപടി ബാഴ്‌സാ പ്ലെയർ ആവാനുള്ള അടങ്ങാത്ത ദാഹത്തിന്റെ മാത്രം ആയിരുന്നില്ല. താൻ അർഹിക്കുന്ന സ്ഥാനം ടീമിൽ പൊരുതി നേടും എന്നുള്ള ഒരു യോദ്ധാവിന്റെ പ്രഖ്യാപനം കൂടി ആയിരുന്നു. മഷെരാണോ എന്ന പോരാളിയുടെ പ്രഖ്യാപനം.

2010 ഓഗസ്റ്റ് 28ന് 24 മില്യൺ യൂറോയുടെ കരാറിൽ മഷെ ആൻഫീല്ഡിൽ നിന്നും കാമ്പ് നൗവിൽ എത്തി. പക്ഷെ അയാളുടെ മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളികൾ ചെറുത് ഒന്നും ആയിരുന്നില്ല. തന്റെ തനതായ പൊസിഷൻ അന്ന് ബാഴ്‌സലോണയിൽ അലങ്കരിച്ചിരുന്ന ബുസിയുമായുള്ള മിഡ്‌ഫീൽഡ് പൊസിഷനു വേണ്ടിയുള്ള പോരാട്ടത്തിൽ അധികം ശോഭിക്കാൻ മഷെക്കു ആയില്ല. പൊസിഷൻ-പൊസെഷൻ-പാസിംഗ് ഗെയിമിൽ അയാൾ ഒറ്റപ്പെട്ടു. ഫാൻസ് ഉൾപ്പെടെ ഉള്ളവർ അയാൾക്ക് നേരെ വിമർശന ശരവർഷം തീർത്തു. തന്റെ ആദ്യ സീസൺ തന്നെ ബാർസയിലെ അവസാനത്തെ സീസൺ ആകുമെന്ന് മഷെ കരുതി.

2011ൽ പെപ്പിന്റെ ബാർസയ്ക്ക് വലിയൊരു പ്രതിസന്ധി വന്നു. സെന്റർ ബാക്ക് ആയ പുയോളിന്റെ കാല് മുട്ടിനു വന്ന പരിക്കും എറിക് അബിദാലിന്റെ അസുഖവും താരങ്ങൾ മാനസികം ആയും തളർന്നിരുന്ന സമയം.
പെപ്പ് സെന്റർ ബാക്ക് പൊസിഷനിൽ കുറച്ചു നാളത്തേക്ക് കളിക്കുവാൻ മഷെയോട് ആവശ്യപ്പെട്ടു. രാജ്യം കാക്കാൻ യുദ്ധത്തിനിറങ്ങുന്ന പോരാളികൾ കാലാൾപട ആണോ കുതിര പട്ടാളം ആണോ താൻ എന്ന് നോക്കാറില്ല. എവിടെ പോരാടാൻ പറയുന്നോ അവിടെ അയാൾ ജീവൻ പണയം വെച്ചു പൊരുതും. പെപ്പിന്റെ നിർദേശത്തിനു മറിച്ചൊന്നും പറയാതെ മഷെ ആ പൊസിഷൻ ഏറ്റെടുത്തു. എന്നാൽ അവിടെയും അയ്യാളുടെ പ്രകടനം ചോദ്യം ചെയ്യപ്പെട്ടു.

2011ൽ ആഴ്‌സണൽ ആയുള്ള ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16, രണ്ടാം പാദ പോരാട്ടം. ബാഴ്‌സലോണയുടെ പിഴവ് മുതലെടുത്ത് ആഴ്സണൽ നടത്തിയ കൗണ്ടർ അറ്റാക്കിൽ ആഴ്സണൽ ഫോർവേഡ് ബെണ്ട്റ്റനറും ബാഴ്സ ഗോളി വിക്ടർ വാൾഡസും മുഖാമുഖം. ആ ശ്രമം ഗോളിൽ അവസാനിച്ചാൽ എവേ ഗോൾ മികവിൽ ആഴ്സണൽ ബാഴ്‌സയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് പ്രയാണം തുടരും. ബാഴ്സലോണ ലീഗിൽ നിന്ന് പുറത്തേക്കും. അപകടം മുന്നിൽ കണ്ട സമ്മർദ്ദത്തിൽ പെപ് ഗ്വേർഡിയോള നിലത്തിരുന്നു. ഏവരും ഗോൾ എന്ന് തന്നെ ഉറപ്പിച്ചു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഗോൾ എന്ന് ഉറപ്പിച്ച ശ്രമം പിൻപോയിന്റ കൃത്യതയോടെ ഒരു സ്ലൈഡിങ് ടാക്കിളിലൂടെ മഷെരാണോ തടഞ്ഞപ്പോൾ അവിടെ പുതുജീവൻ ലഭിച്ചത് ബാഴ്സക്ക് മാത്രം ആയിരുന്നില്ല, മഷേരാനോയുടെ കരിയറിന് കൂടി ആയിരുന്നു. പിന്നിട് അങ്ങൊട് മാഷെക്കു തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല.

ബാഴ്സലോണ ടീമിൽ സ്ഥിരം സാന്നിധ്യമായി മഷെ. ബാഴ്സയോട് ഒപ്പം 8 വർഷങ്ങൾ, നിരവധി കീരിടങ്ങൾ. ആരാധകർ സ്നേഹത്തോടെ അയാൾക്കു വല്യേട്ടൻ പദവി നൽകി. El-Jefecito (Little master), ആം ബാൻഡ് അണിയാത്തെ ക്യാപ്റ്റൻ അങ്ങനേ അങ്ങനെ വിശേഷണങ്ങൾ ഏറെ.. ഇത്ര ഏറെ വിശേഷണങ്ങൾക്കു അദ്ദേഹം യോഗ്യൻ ആണോ എന്ന് സംശയിക്കുന്നവർ അയാളുടെ കളിക്കളത്തിലെ നീക്കങ്ങൾ നീരീക്ഷിച്ചാൽ മാത്രം മതിയാകും. കളി മൈതാനത്തിൽ തീർത്തും ഗൗരവക്കാരനാണ് മഷെ. സഹതാരങ്ങൾ ഗോൾ നേടി ആഘോഷിക്കുമ്പോൾ നമ്മുക്ക് അയാളെ അയാളെ അവിടെ കാണാൻ കഴിയില്ല. ആയാൾ കോച്ചിനോപ്പം നിന്നു നിർദ്ദേശങ്ങൾ ഏറ്റു വാങ്ങുന്ന തിരക്കിൽ ആകും ആ സമയം. പാറ പോലെ ഉറച്ച ടാക്കിളുകൾ, പക്വതയുള്ള ഡിഫെൻഡിങ് ഇതൊക്കെ തന്നെയാണ് അയാൾക്കു ഇത്രെയേറെ വിഷേശണങ്ങൾ ആരാധകർ സമ്മാനിക്കാൻ കാരണവും.

ഏതൊരു യോദ്ധാവിനും ഒരു നാൾ തന്റെ സേനയോട് വിട പറയേണ്ടി വരും. ഉംറ്റിറ്റി, പിക്കെ, വെർമലൻ എന്നിവരോടൊപ്പം മാച്ച് ടൈം പങ്ക് വേക്കേണ്ടി വന്നപ്പോൾ മഷെയുടെ കരിയറിലേക്ക് പരിക്കുകളും വിരുന്ന് വരാൻ തുടങ്ങി. 2018 ലോകകപ്പ് അർജന്റീന ടീമിലെ പ്രധാന പ്ലെയർ ആയ മഷെ തന്റെ ഫിറ്റ്‌നസ് നിലനിർത്തുവാൻ സ്ഥിരമായി ഫസ്റ്റ് ടീമിൽ സ്ഥാനം നേടേണ്ടത് അനിവാര്യമാണ് എന്ന് മനസിലാക്കി. ബോർഡിനോട് തന്റെ ആവശ്യം അറിയിച്ചപ്പോൾ ഉംറ്റിറ്റിയുടെ പരിക്കും മഷേ പോകുമ്പോൾ ഉണ്ടാകുന്ന വിടവും ബോർഡ് ചൂണ്ടിക്കാണിച്ചു. എന്നാൽ തനിക്ക് പകരക്കാരനെ കണ്ടെത്തിയത്തിന് ശേഷമേ താൻ ടീം വിടുകയുള്ളൂ എന്ന് മഷേ ഉറപ്പ് നൽകി. ബാഴ്സയോടുള്ള തന്റെ ആത്മാർത്ഥയും സ്നേഹവും ആ ഉറപ്പ് പാലിച്ചുകൊണ്ട് മഷേ നിറവേറ്റി.

ഇന്ന് മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ വല്യേട്ടന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.

©www.culesofkerala.com