ഡാനി ആൽവേസിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
നിങ്ങൾ ഓർക്കുന്നുണ്ടോ ബ്രസീലിലെ ആ അക്കാദമിയിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞ വാക്കുകൾ.? എന്റെ അച്ഛൻ എന്നെ കുറിച്ച ഓർത്തു അഭിമാനിക്കും വരെ ഞാൻ വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത്.? എന്റെ അച്ഛൻ അത്ര ഇമോഷണൽ ആയ വ്യക്തിയല്ല. ഞാൻ എപ്പോഴെങ്കിലും അദ്ദേഹത്തെ സംതൃപ്തനാക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കരിയറിലെ ഒട്ടു മിക്ക സമയത്തും അദ്ദേഹം ബ്രസീലിലെ വീട്ടിലായിരുന്നു. പക്ഷെ 2015 ൽ ബെർലിനിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കാണാൻ അദ്ദേഹം ആദ്യമായി വന്നു. മത്സരശേഷം ബാഴ്‌സ, കളിക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു സ്‌പെഷൽ പാർട്ടി നടത്തിയിരുന്നു. നമ്മളെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയവർക്ക്, ആ കൈകളിലേക്ക് നമുക്ക് ട്രോഫി നൽകാൻ അവസരം തന്നു. അച്ഛന്റെ കൈകളിലേക്ക് ആ ട്രോഫി നൽകി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു” എന്റെ മകൻ ഒരു ആൺകുട്ടിയാണ് ” അതും പറഞ്ഞു അദ്ദേഹം ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്.
– ഡാനി ആൽവെസ് –
ഏതു മനുഷ്യന്റെ ജീവിതത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ചിലർ കാണും. ചിലപ്പോൾ കുടുംബാംഗങ്ങൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ ചിലപ്പോൾ തീർത്തും അപരിചിതർ. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ ഡാനി ആൽവേസ് പറഞ്ഞത് സ്വന്തം അച്ഛനെ കുറിച്ചായിരുന്നു. ബ്രസീലിലെ വാസെയ്‌റോയിലെ കൃഷിയിടത്തിൽ രാപ്പകലില്ലാതെ പണിയെടുത്തിരുന്ന അച്ഛൻ. അന്ന് അദ്ദേഹത്തിന്റെ മുതുകിൽ ഉണ്ടായിരുന്നത് ഭാരമേറിയ കീടനാശിനി ടാങ്ക് മാത്രമായിരുന്നില്ല, മറിച്ചു ഒരു കുടുംബത്തിന്റെ ഭാരം മുഴുവനുമായിരുന്നു. പക്ഷെ അന്ന് അദ്ദേഹം ഡാനിക്ക് ചവിട്ടിക്കയറാൻ സ്വന്തം ചുമൽ നൽകിയത് കൊണ്ടാണ് പിൽക്കാലത്തു വിജയങ്ങളും കിരീടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ ഡാനി ആൽവേസ് എന്ന വിഖ്യാത റൈറ്റ് ബാക്ക് പിറവിയെടുത്തത്. ആധുനിക ബാഴ്‌സയുടെ തേരോട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഡാനിയെ നമുക്ക് സമ്മാനിച്ച ആ അച്ഛന് അഭിവാദ്യങ്ങൾ.
ഫുട്ബാൾ ടീമുകളിൽ ഓർമകളും കിരീടങ്ങളും ഒഴികെ ഒന്നും സ്ഥായിയല്ല. കളിക്കാർ വരും പോകും. ചിലർ കേവലം ദിവസങ്ങളും ആഴ്ചകളും മാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ മാറ്റ് ചിലർ മരണം വരെ നമ്മുടെ ഹൃദയത്തിലുണ്ടാകും. അത്തരത്തിൽ ഒരാളായിരുന്നു ഡാനി. വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലാ മാസിയ കളിക്കാർ ബാഴ്‌സയിൽ അശ്വമേധം നടത്താൻ ഒരുങ്ങുമ്പോഴാണ് ഡാനി ബാഴ്‌സയിലേക്ക് വരുന്നത്. ലാ മാസിയ കളിക്കാർക്ക് ലഭിക്കുന്ന ആരാധകവൃന്ദം ഡാനിയെ പോലെ പുറത്തു നിന്നും വരുന്ന ഒരാൾക്കു ലഭിക്കാൻ സാധ്യതയില്ല. കാരണങ്ങൾ പലതാണ്. അയാൾ ലാ മാസിയ പ്രോഡക്റ്റ് അല്ല, സ്പെയിനിൽ നിന്നുള്ള കളിക്കാരനല്ല, ബാഴ്‌സ ശൈലിയിൽ പരിചയവുമില്ല. പക്ഷെ ഒന്ന് അയാൾക്കുണ്ടായിരുന്നു. ഉറച്ച മനസ്സ്. കാരണം പണ്ട് തന്റെ പതിമൂന്നാം വയസ്സിൽ ആദ്യമായി ഒരു അക്കാദമിയിൽ ചേർന്ന് ആദ്യ ദിനം തന്നെ ആകെയുണ്ടായിരുന്ന കിറ്റ് മോഷണം പോയി, വിശപ്പും ദാഹവും തളർച്ചയുമായി നിന്ന ആ ബാലൻ അന്ന് തിരികെ വീട്ടിലേക്ക് പോയില്ല. മറിച്ചു എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അറ്റ്ലാന്റിക് മുറിച്ചു കടന്ന് സ്‌പെയിനിൽ ബാഴ്‌സലോണയിൽ കാല് കുത്താമെങ്കിൽ, ബാഴ്‌സയിൽ എങ്ങനെ പച്ച പിടിക്കണമെന്ന് അയാൾക്ക് അറിയാമായിരുന്നു.
ബാഴ്‌സയുടെ തേരോട്ടം ലോകം ദർശിക്കാൻ തുടങ്ങിയ വർഷങ്ങളിൽ തന്നെ ഡാനി ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. ആദ്യ സീസണിൽ തന്നെ ട്രെബിൾ, രണ്ടാം സീസണിൽ റെക്കോർഡ് ആറ് കിരീടങ്ങൾ, തുടർന്ന് വന്ന വർഷങ്ങളിൽ ഒട്ടേറെ കിരീടങ്ങൾ. ഗ്വാർഡിയോള വിട പറഞ്ഞിട്ടും തുടർന്ന് വന്ന കോച്ചുകളുടെ കീഴിൽ ടീമിലെ നിറസാന്നിദ്ധ്യം. ഒടുവിൽ ലൂയിസ് എൻറിക്കേയുടെ കാലഘട്ടത്തിൽ ഒരിക്കൽ കൂടി ലോകം ഈ റൈറ്റ് ബാക്കിന്റെ പ്രൈം ടൈം ദർശിച്ചു. ചാമ്പ്യൻസ് ലീഗ് അടക്കം അഞ്ച് കിരീടങ്ങൾ നേടിക്കൊണ്ട് അദ്ദേഹം ബാഴ്‌സയിലെ തന്റെ അവസാന നാളുകൾ വർണാഭമാക്കി. ബാഴ്‌സ ബോർഡുമായുള്ള ഭിന്നത മൂലം നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം കാമ്പ് ന്യുവിന്റെ പടിയിറങ്ങി. ഒരുപക്ഷെ ബാഴ്‌സ ബോർഡ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു അതെന്നു തുടർന്നുള്ള വർഷങ്ങളിൽ നമ്മൾ കണ്ടു.അന്ന് 2015 ൽ ബെർലിനിലെ രാവിൽ ചാമ്പ്യൻസ് ലീഗ് ഉയർത്തിയതിന് ശേഷം നമുക്ക് ആ കിരീടത്തിൽ മുത്തമിടാനായിട്ടില്ല.
ലയണൽ മെസ്സിയുടെ കരിയറിൽ വളരെയധികം സ്വാധീനം ചെലുത്തിയതിൽ ബ്രസീലിയൻ താരങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ഒരിക്കൽ റൊണാൾഡീഞ്ഞോയുടെ തോളിലേറി ചരിത്രത്തിലേക്ക് കാലൂന്നിയ മെസ്സി, തുടർന്നുള്ള ചരിത്രരചനകളിലും ബ്രസീലിയൻ താരങ്ങളെ കൂടെ കൂട്ടി. അവരിൽ പ്രധാനിയാണ് ഡാനി. റൈറ്റ് വിങ്ങിൽ കളിച്ചു, മധ്യനിരയിലേക്ക് കട്ട് ഇൻ ചെയ്തു കയറി കളിക്കാൻ ഏറെ ഇഷ്ടപെടുന്ന മെസ്സിക്ക് പറ്റിയ കൂട്ടായിരുന്നു റൈറ്റ് ബാക്ക് ഡാനി. ഇരു വിങ് ബാക്കുകൾക്കും മുന്നോട്ട് കയറി കളിയ്ക്കാൻ പൂർണ്ണസ്വാതന്ത്രമുള്ള ബാഴ്‌സയിൽ അത് ഏറ്റവും പ്രയോജനപ്പെടുത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. ഓവർലാപ് ചെയ്തു വന്നു ഗോൾ മുഖത്തു ഭീഷണി ഉയർത്തുന്ന ഡാനി ഇന്നും മധുരമുള്ള ഓർമ്മകൾ ആണ്. മൈതാനത്തിന്റെ വലത്തേ മൂലയിൽ മെസ്സിയും ഡാനിയും ചേർന്ന് നടത്തിയ വൺ ടച് പാസുകളും, ആ മുന്നേറ്റങ്ങൾ അവസാനിച്ച ഗോളുകളും എങ്ങനെ മറക്കും? മെസ്സിയുടെ മികവുറ്റ നിർണ്ണായക ഗോളുകൾ നിങ്ങൾ എടുത്തു നോക്കുക, അവയുടെ പിറകിലെല്ലാം ഡാനിയുടെ സാന്നിധ്യം നേരിട്ടോ പരോക്ഷമായോ കാണാം. ഒരുപക്ഷെ കേവലം ഒരു ടച് മാത്രമായിരിക്കാം ഡാനിയുടെ സംഭാവന പക്ഷെ ആ ടച് ഇല്ലെങ്കിൽ ആ ഗോളുകൾ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട് ഈ ഭൂമുഖത്തു. കോപ ഡെൽ റേ ഫൈനലിൽ നേടിയ ഗോൾ, 2015 ൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരെ നേടിയ ആദ്യ ഗോൾ ഇവയിലെല്ലാം ഡാനിയുടെ കരസ്പർശം ഉണ്ട്. നേരിട്ടല്ലെങ്കിലും. കണക്കുകളിൽ മെസ്സിയുമായി കൂടുതൽ ചേർന്ന് പോകുന്നത് മറ്റു താരങ്ങളായിരിക്കാം, അവർ പക്ഷെ സ്വാഭാവികമായും മുന്നേറ്റക്കാരോ മധ്യനിരക്കാരോ ആയിരിക്കും. പക്ഷെ ഒരു പ്രധിരോധ താരം മെസ്സിയുമായി വല്ലാത്ത ഒരു ബന്ധം ഉടലെടുക്കണമെങ്കിൽ അയാളുടെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഡാനി പറഞ്ഞത്.
“ഒരിക്കൽ ലോകം ചോദിക്കും, ആരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ.? അത് മെസ്സി. ആ മെസ്സിക്ക് ഏറ്റവും അസിസ്റ്റ് നൽകിയവരിൽ ഒരാൾ ആര്.? അത് ഡാനി.!!!”
ഇന്നും പ്രിയമേറെയുള്ള നമ്മുടെ ഡാനി ആൽവേസിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
©www.culesofkerala.com
