• Follow

ജന്മദിനാശംസകള്‍ The Revolt, Revolto,Rivaldo!

  • Posted On April 19, 2020

ചുറ്റുമുള്ളതെല്ലാം ഒടുങ്ങിയമരാൻ പോകുകയായിരുന്നു. അയാൾ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു. ചായക്കൂട്ട് അയാളുടെ കൈകളിലുണ്ടായിരുന്നു. എല്ലാം ഒടുങ്ങുന്നതിനു മുൻപ് തന്റെ അവസാന ചിത്രം പൂർത്തിയാക്കേണ്ടതുണ്ട്. തന്റെ നിലനിപ്പിനെ, കലാ ലോകത്ത് തന്റെ സ്ഥാനത്തെ എക്കാലവും അടയാളപ്പെടുത്താൻ പാകത്തിനൊന്ന്,വെറും ഒന്നര നിമിഷത്തിനുള്ളിൽ ഈ മാളിക തകർന്ന് വീഴും, അതിനു മുൻപ് അയാൾക്കിത് പൂർത്തിയാകേണ്ടതുണ്ട്, എന്ത് വരയ്ക്കും? മനസ് ഭ്രാന്തമായി, നിമിഷങ്ങൾക്ക് വിലയേറുന്നത് ഞാൻ അറിയുന്നുണ്ട്. എല്ലാമവസാനിപ്പിക്കാൻ പാകത്തിൽ കൊടുങ്കാറ്റു ചീറിയടിക്കുകയാണ്, വരയ്ക്കാൻ ക്യാൻവാസ് എവിടെയാണ്??? ക്യാൻവാസ് അതാ ദൂരെ നിന്ന് അന്തരീക്ഷത്തിൽ ഉയർന്നു താണുവരുന്നു, ഭയങ്കരമായ ആർത്തിയോടെ ചാടിപിടിച്ചു തന്റെ നെഞ്ചിലേക്കെടുത്ത് അയാളത് ഒരുവേള മുകളിലേയ്ക്കു ഉയർത്തി,. അതിനു ശേഷം അയാൾ അതിലൊരു വട്ടം വരച്ചു, ലോകത്തെ പെർഫെക്ഷനിസ്റ്റുകൾക് മാത്രം പറ്റുന്ന ഒന്ന്, കാറ്റ് അയാളെ എങ്ങോട്ടോ കൊണ്ട് പോയി, ആ ക്യാൻവാസും അയാൾ വരച്ച വൃത്തവും അവിടെ തന്നെ ഉണ്ടായിരുന്നു,.

വർഷം 1996. അറ്റ്ലാന്റ ഒളിംപിക്സിനു ശേഷം കായികലോകം സംഘം പിരിഞ്ഞു തിരികെ താന്താങ്ങളുടെ ലോകത്തേക്ക് യാത്രയായി. യൂറോപ്യൻ ഫുട്ബോൾ ആരാധകർ പുതിയ സൈനിങ് വിശേഷങ്ങൾക്കായി കണ്ണോടിച്ചു തുടങ്ങി. സ്പെയിനും ഇറ്റലിയും ഇംഗ്ലണ്ടും ജർമനിയും ഫ്രാൻസും പുതിയ താരോദയങ്ങൾ ക്കും കൂട് മാറ്റങ്ങൾക്കും ആയി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ ഇറ്റലി കാത്തിരുന്ന ഒരു താരം സ്പെയിനിലേക്ക് കൂടുമാറി എന്ന വാർത്ത എല്ലാവരുടെയും കണ്ണു ചുളിച്ചു. ഇറ്റാലിയൻ ടീം ആയ പാർമ യുവേഫ കപ്പിന് (ഇന്നത്തെ യൂറോപ്പാ ലീഗ്) യോഗ്യത നേടിക്കഴിഞ്ഞിരുന്നു. അതിനാൽ ടീം ശക്തിപ്പെടുത്തി അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് പ്രവേശനം നേടാൻ കോപ്പുകൾ ഒരുക്കുകയായിരുന്നു അവർ. ബ്രസീലിയൻ ക്ലബ്ബായ പാൽമീറാസിൽ നിന്ന് രണ്ട് യുവതാരങ്ങളെ സൈൻ ചെയ്തു എന്ന് ഒളിമ്പിക്സിനു മുൻപുതന്നെ അവർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒളിമ്പിക്സ് കഴിഞ്ഞു അതിൽ ഒരു താരം സ്പാനിഷ് ലീഗിലേക്ക് പോകുന്നുവെന്ന് വാർത്ത പരന്നു. ഒളിമ്പിക്സ് ഇടയിൽ എന്തു സംഭവിച്ചു എന്ന് ഇന്നും വ്യക്തമല്ല. എന്നാൽ യൂറോപ്പാ ലീഗിൽ പോലും പ്രവേശനം നേടാൻ കഴിയാതെ സ്പാനിഷ് ലീഗിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡിപോർടീവോ ല കോരുണ്യയിലേക്കാണ് പാർമയുടെ ഓഫർ നിരസിച്ചു ആ താരം പോയത്.

യൂറോപ്യൻ ഫുട്ബോളിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്ന ലാറ്റിനമേരിക്കൻ താരങ്ങൾക്ക് അക്കാലത്ത് വളരെ മോശമെന്ന് തോന്നാവുന്ന ഒരു തീരുമാനമാണ് അന്ന് ഫുട്ബോൾ ലോകം കണ്ടത്. എന്നാൽ, പിന്നീടങ്ങോട്ട് യൂറോപ്യൻ ഫുട്ബോൾ എന്നും ഓർത്തു വയ്ക്കാൻ പോകുന്ന ഒരു ലെഗസിയുടെ ആരംഭമായിരുന്നു അത്.

തങ്ങളുടെ പുതിയ കളിക്കാരൻ തന്റെ പുതിയ തട്ടകത്തിൽ തീർത്തും വിഭിന്നമായ സാഹചര്യത്തിൽ എങ്ങനെ തിളങ്ങുമെന്ന് സംശയദൃഷ്ടിയോടെ ആയിരുന്നു ഡിപോർടീവോ ഫാൻസ് ആ സീസണെ സമീപിച്ചത്. എന്നാൽ അവരുടെ ആശങ്കകൾക്ക് അല്പ്പസമയത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അറ്റാക്കിങ് മിഡ്ഫീൽഡർ ഉം സെക്കൻഡ് സ്ട്രൈക്കർ ഉം ആയി കളിച്ച ആ ബ്രസീലിയൻ താരം വന്യമായ കളി കെട്ടഴിച്ചു വിട്ടു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ലാ ലീഗയിൽ ആ സീസൺ അവർ കരസ്ഥമാക്കിയത്. ക്രിസ്തുമസ് ബ്രേക്കിന് പിരിയുമ്പോൾ ടേബിൾ ടോപ്പർ ആയ റയൽ മാഡ്രിഡിന് 2 പോയിന്റ് മാത്രം പിന്നിൽ ബാഴ്സലോണയോട് ഒപ്പത്തിനൊപ്പം ആയിരുന്നു ഡിപോർടീവോ. ലീഗ് അവർ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യൂറോപ്പ ലീഗിന് ആദ്യ സ്ഥാനക്കാരായി പ്രവേശനം നേടുകയും ചെയ്തു. അയാളുടെ നാമം റിയാസ്ർ സ്റ്റേഡിയം ഏറ്റുപാടി, രണ്ടു മത്സരങ്ങളിൽ ഒരു ഗോൾ എന്ന ശരാശരിയിൽ ആണ് യൂറോപ്പിലെ തന്റെ ആദ്യ ലീഗ് സീസൺ അയാൾ അവസാനിപ്പിച്ചത്! നേടിയ 21 ഗോളുകളിൽ 20 എണ്ണവും തുടർച്ചയായ 16 മത്സരങ്ങളിൽ ആയിരുന്നുവെന്നത് അയാളുടെ വന്യമായ പ്രകടനത്തെ ദ്യോതിപ്പിക്കുന്നു,

സംഭവിക്കാൻ പോകുന്നത് ഇതിലും വലുത് എന്തോ ആണെന്ന് യൂറോപ്യൻ ഫുട്ബോൾ ലോകം സാക്ഷ്യപ്പെടുത്തി. നിയന്ത്രിക്കുവാൻ പാടേറിയ ലാറ്റിനമേരിക്കൻ കരുത്തിന്റെ പ്രതിബിംബമായി അയാൾ മാറി. ലില്ലി കൊടുങ്കാറ്റ് യൂറോപ്പിനു സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ അതേസമയത്ത് സ്പാനിഷ് ലീഗിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടുവന്നു, ബ്രസീലിലെ തീരദേശ പട്ടണമായ റെസിഫിയുടെ ഫവേല (ചേരി പോലെ ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലം)കളിൽ ഒന്നിൽ രൂപപ്പെട്ട ആ കൊടുങ്കാറ്റിന് വേഗമായിരുന്നില്ല, കരുത്തും കൃത്യതയുമായിരുന്നു കൈമുതൽ.

തന്റെ കളി ശൈലിയെപ്പറ്റി അയാൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. തനിക്കു സമകാലീനരായ ഏറ്റവും മികച്ചവരായ ഫിഗോ, റൊണാൾഡോ, സിദാൻ തുടങ്ങിയവരെ അപേക്ഷിച്ച് ഹൃസ്വ ദൂരത്തിൽ വേഗത (sprint) കുറവാണെന്ന് അയാൾ വിലയിരുത്തി. എന്നാൽ തന്റെ മേന്മകൾ എന്ത് എന്നും അയാൾക്കു കൃത്യമായി അറിയാമായിരുന്നു. അയാളുടെ വേഗതക്കുറവ് അയാളുടെ ബാല്യത്തിലേ യാതനകളുടെ ബാക്കിപത്രം ആയിരുന്നു. ഫവേലകളിൽ ഭക്ഷണം ലഭിക്കാതെ കുട്ടിക്കാലത്ത്‌ അയാളുടെ കാലുകൾ വളഞ്ഞു പോയി. പട്ടിണി നൽകിയ വളഞ്ഞ കാലുമായിട്ടായിരുന്നു അന്നത്തെ ഏറ്റവും മികച്ച കളിക്കാരുടെ അരങ്ങായിരുന്ന യൂറോപ്യൻ ഫുട്ബോളിലേക്ക് അയാൾ നടന്നു കയറിയത്. വഴിയിൽ അവഗണനകൾ ഓരോന്നോരോന്നായി വളഞ്ഞു വേഗത കുറഞ്ഞ ആ കാലുകൾ ഡ്രിബിൾ ചെയ്തു മുന്നേറി. അയാൾ തീർച്ചയായും സൗമ്യൻ ആയിരുന്നില്ല. ഒരുപക്ഷേ വെണ്ണക്കട്ടികൾ നിറഞ്ഞ പിഞാണങ്ങളിൽ ഭക്ഷണം കഴിച്ചു വളർന്നിരുന്നു എങ്കിൽ സൗമ്യതയോടെ പുഞ്ചിരിയോടെ എല്ലാവരെയും തൃപ്തിപ്പെടുത്തി അയാൾ പെരുമാറുമായിരുന്നു. അയാൾക്ക് ഉണ്ടായിരുന്നത് അടങ്ങാത്ത വാശിയും പിന്നോട്ട് വലിക്കുന്ന സാഹചര്യങ്ങളോട് കലഹിക്കാൻ ഉള്ള ധൈര്യവും ആയിരുന്നു.

അക്കാലത്ത് റയൽ മാഡ്രിഡ് ഉയർത്തിയ മേധാവിത്വം തകർക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു ബാർസലോണ. യോഹാൻ ക്രൈഫ് മാനേജർ സ്ഥാനമൊഴിഞ്ഞ ശേഷം യൂറോപ്പിലും സ്പെയിനിലും തിരിച്ചടി നേരിട്ട ബാർസ ഒരു തിരിച്ചുവരവിനൊരുങ്ങുകയായിരുന്നു. അയാക്സിനെ യൂറോപ്യൻ ചാമ്പ്യൻമാരാക്കിയ ലൂയി വാൻ ഗാലിനെ മാനേജരായി അവർ കൊണ്ടുവന്നു. ഒപ്പം ലിവർപൂളിൽ നിന്ന് യൂറോപ്പിലെ ഏറ്റവും വിലപ്പെട്ട താരങ്ങളിൽ ഒരാളായ ഇംഗ്ലീഷ് താരം സ്റ്റീവ് മക്മനാമനെ ആയിരുന്നു ബാർസ ലക്ഷ്യമിട്ടിരുന്നത്. ഈ സമയത്താണ് സ്പാനിഷ് ലീഗിൽ അയാൾ ഉദയം ചെയ്യുന്നത്. ബാർസ ടീമിന്റെ ജനറൽ മാനേജരായിരുന്ന ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി റോബ്‌സൺ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കാൻ ബാഴ്സലോണ പ്രസിഡണ്ടിനെ സ്വാധീനിച്ചു – “മക്മനാമാനു പകരം ഡിപോർട്ടീവോയിൽ നിന്ന് പുതിയ താരത്തെ സൈൻ ചെയ്യുക “. ഇതായിരുന്നു റോബ്സൺ മുന്നോട്ടുവെച്ച നിർദേശം. യോവാൻ ഗാസ്പാർടും കൂട്ടരും അങ്ങനെ പരിചയസമ്പത്തുള്ള മക്മാനാമാനു പകരം കേവലം ഒരു സീസൺ മാത്രം അനുഭവ പരിചയം ഉള്ള ബ്രസീലിയനെ ടീമിൽ എത്തിച്ചു. അയാളുടെ ലെഗസി നിർണയിക്കപ്പെട്ട തീരുമാനമായിരുന്നു ബ്ലോഗ്രനയിലേക്കുള്ള അയാളുടെ കൂടുമാറ്റം.

ബാഴ്സയിൽ അയാൾ പന്തുതട്ടി തുടങ്ങുന്ന സമയം ഏറ്റവുമധികം കാഠിന്യം നിറഞ്ഞതായിരുന്നു. കുറെ വർഷങ്ങളായി സ്പെയിനിലും യൂറോപ്പിലും നേരിട്ട തിരിച്ചടികൾക്കു മറുപടി കണ്ടെത്തണം. മറുപടികൾക്ക് പിൻബലമായി അവർ കണ്ടെത്തിയിരുന്നത് മറ്റൊരു ബ്രസീലിയൻ താരമായ റൊണാൾഡോയായിരുന്നു. ബാഴ്സലോണയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫിഫ പുരസ്കാരം നേടിയ റൊണാൾഡോ കരാർ തർക്കത്തിൽ ഇന്റർ മിലാനിലേക്ക് കൂടു മാറുകയും ചെയ്തതോടെ ബാർസ വീണ്ടും തിരിച്ചടി നേരിട്ടു. അവഗണനകളുടെ പടവുകൾ ചവിട്ടിക്കയറി വന്ന അയാൾക്ക് അത്തരം കാര്യങ്ങളോർത്ത് മടിച്ചു നില്ക്കാൻ ആകുമായിരുന്നില്ല. റൊണാൾഡോ ഉണ്ടായിരുന്നപ്പോൾ നേടാൻ കഴിയാഞ്ഞ ലീഗ് പിന്നീട് തുടർച്ചയായ രണ്ടുവർഷങ്ങളിൽ അയാൾ അവർക്ക് നേടിക്കൊടുത്തു. ഡച്ച് സ്ട്രൈക്കർ പാട്രിക് ക്ലൂയിവർട്ട് ആയിരുന്നു അയാളുടെ പങ്കാളി.

അയാളും റൊണാൾഡോയും അടങ്ങിയ ബ്രസീൽ ടീം 1998 വേൾഡ് കപ്പിൽ രണ്ടാംസ്ഥാനത്തെത്തി. അതേ ടീം 1999 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ അയാളായിരുന്നു ടോപ് സ്കോറർ. അതേ വർഷത്തോടെ ലോകത്തെ എണ്ണം പറഞ്ഞ താരങ്ങളിൽ അയാളും സ്ഥിരം സാന്നിധ്യമായി. മാധ്യമങ്ങൾ അയാളെ വളഞ്ഞു തുടങ്ങി. നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് മറ്റു ഉത്തരങ്ങൾ അവർക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇത് അയാളെ ബാധിച്ചിരുന്നില്ല. 1999 ലെ ഫിഫ ബെസ്റ്റ് പ്ലേയർ പുരസ്കാരത്തിലും ഫ്രാൻസ് ഫുട്‌ബോൾ ബാലൺ ഡി ഓറിലും തന്റെ പേര് കോറിയിട്ട ശേഷം തന്റെ വളഞ്ഞ കാലുകളോട് ചേർത്ത് നിർത്തിയ ഫുടബോളിനൊപ്പം ലോകത്തെ നോക്കി അയാൾ പൊട്ടിച്ചിരിച്ചു. റെസിഫിയിലെ ഫവേലകളിൽ മാത്രമായിരുന്നില്ല, ബ്രസീലും ഫുടബോൾ ലോകം മുഴുവനും അയാളുടെ പേരുറക്കെ ചൊല്ലി. അയാളെ “ബാൻഡേജ് അണിഞ്ഞ കാലുകളുടെ ഉടയവനായ ജീനിയസ്” എന്ന് വാഴ്ത്തി, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ ഹീറോ അയാളായിരുന്നു – റിവാൾഡോ വിറ്റർ ഫോർബ ഫെരേര aka റിവാൾഡോ!!!

കലഹം അയാളുടെ രക്തത്തിൽ ഉണ്ടായിരുന്നെല്ലോ, വാൻ ഗാൽ അയാളെ കളിപ്പിച്ചിരുന്നത് ഔട്ട് സൈഡ് ലെഫ്റ്റ് ആയിട്ടായിരുന്നു. ഫിഫ പുരസ്കാരം നേടി ഒരാഴ്ചയ്ക്ക് ശേഷം ടീം മീറ്റിംഗിൽ റിവാൾഡോ സംസാരിച്ചു. ഇനി കളിക്കുന്നു എങ്കിൽ ഇടതുപക്ഷത്തിൽ കളിക്കില്ല എന്ന് അയാൾ തീർത്തു പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം ടീമിലേക്ക് മടങ്ങിയെത്തിയ റിവാൾഡോയ്ക്ക് കണിശക്കാരനായ വാൻ ഗാൽ ഇഷ്ട പൊസിഷനിൽ കളിക്കാൻ അവസരം കൊടുത്തു. മൈതാനം മദ്യത്തിൽ കളി മെനഞ്ഞു കളിക്കാൻ ആയിരുന്നു അയാൾക്ക് ഇഷ്ടം. മറഡോണയ്ക്ക് ശേഷം ഫുടബോൾ കണ്ട ഏറ്റവും മികച്ചവനായ തടുക്കാനാവാത്ത കളിക്കാരനാണ് റിവാൾഡോ. 2000 യുവേഫ ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ ആയി റിവാൾഡോ.

ഐതിഹാസികമായ ഒരു വിടവാങ്ങൽ ആണ് ബാർസയിൽ റിവാൾഡോ സ്വന്തം പേര് എഴുതി ചേർത്തത്. 2000-01 സീസണിലെ അവസാന ലാ ലീഗ മത്സരം. അഞ്ചാം സ്ഥാനത്തുള്ള ബാർസയ്ക് ചാമ്പ്യൻസ് ലീഗ് സ്പോട്ട് കരസ്ഥമാക്കണം എങ്കിൽ വിജയം കൂടിയേതീരൂ. ആ മത്സരത്തിൽ എതിരാളിയായ നാലാം സ്ഥാനക്കാരായ വലൻസിയക്ക് വെറും സമനില മാത്രം മതി താനും. മത്സരം ആരംഭിച്ചു. അവിശ്വസനീയമായി വലയിലേക്ക് പറന്നിറങ്ങിയ ഒരു ഫ്രീകിക്കിലൂടെ റിവാൾഡോ ബാർസയെ മുന്നിലെത്തിച്ചു. ബറാജയിലൂടെ സമനില പിടിച്ച വലൻസിയയെ 25 അടി അകലത്തിൽ നിന്നും തൊടുത്ത ലോങ്ങ് റേഞ്ച്ലൂടെ റിവാൾഡോ ഒരിക്കൽ കൂടെ ഞെട്ടിച്ചു. വലൻസിയ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. അവർ ബറാജയിലൂടെ വീണ്ടും ഒപ്പമെത്തി. കളിയവസാനിക്കാൻ 90 നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തൊട്ട് മുന്നിലത്തെ സീസൺ ഫിഗോയെ നഷ്ടമായപ്പോൾ തുടങ്ങിയ ദുര്യോഗം അതിലും മോശം അവസ്ഥയിലേക്ക് കൂപ്പു കുത്താൻ പോകുന്നു. റിവാൾഡോയിലെ പ്രതിഭ അതിന്റെ ഉച്ചസ്ഥായിയിൽ ആടാനുറച്ച ദിവസമായിരുന്നു അത്. ഭക്ഷണമില്ലാതെ വയറു എരിച്ചൊരു തീ ഒരിക്കൽ കൂടെ അയാളുടെ ഉള്ളിൽ എരിഞ്ഞു. അവിടെ നിന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് അയാളെ എത്തിച്ച കരുത്ത് അയാളുടെ ഉള്ളിൽ തന്നെയുണ്ടായിരുന്നു. അന്നും ഇന്നും എക്കാലവും ചരിത്രം അയാളെ അടയാളപ്പെടുത്താനുള്ള ചിത്രം കോറിയിടാൻ ക്യാൻവാസ് പരതുകയായിരുന്നു അയാൾ. വെറും 90 നിമിഷങ്ങൾ ആയിരുന്നു അയാൾക്ക് മുൻപിൽ ഉണ്ടായിരുന്നത്. ഫ്രൻക് ഡി ബോർ ഒരുക്കിയ ലോബ് പാസിൽ അയാളുടെ കണ്ണുടക്കി. വലൻസിയ ബോക്സിനു പുറത്ത് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു അയാൾ, ക്യാൻവാസ് അടുത്തതടുത്ത് വരുന്നത് അയാൾക്ക് അറിയാമായിരുന്നു. ക്യാൻവാസിനെ നെഞ്ചിൽ പുണർന്നു വാനിലേക്കുയർത്തി അയാൾ ഉന്നതങ്ങളിലേയ്ക്ക് ചൂണ്ടി വായുവിൽ പാദങ്ങൾ കൊണ്ടൊരു വൃത്തം വരച്ചു. ഏറ്റവും പെർഫെക്ഷനിസ്റ്റായ ഒരു കലാകാരന് മാത്രം വരയ്ക്കാനാകുന്ന വൃത്തം, മറഡോണയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ചിത്രകാരൻ വരച്ച വൃത്തം, പൂർണതയുടെ വൃത്തം. പന്ത് സ്വീകരിച്ച നെഞ്ചൊപ്പം കാലുകൾ കൊണ്ട് വൃത്തം വരച്ചു മഴവില്ല് വിരിയച്ചത് പോലെ അയാൾ പായിച്ചത് വലൻസിയയുടെ ഗോൾ പോസ്റ്റിലേക്ക് മാത്രമായിരുന്നില്ല, ഫുട്‍ബോളിലെ കലാകാരന്മാർ വരച്ച പ്രതീകാത്‌മകവും കാലാതിശയിയുമായ ചിത്രത്തെ ചിരഞ്ജീവിയായ ഫുട്‍ബോൾ ഓർമ്മകളുടെ മ്യൂസിയത്തിലേക്ക് കൂടിയായിരുന്നു, ഹാ,. കണ്ടത് ലോകം ഇന്നേവരെ കണ്ടതിൽ വച്ചു ഏറ്റവും മഹത്വമേറിയ ഹാട്രിക്! ഐതിഹാസിക ഹാട്രിക്ക്, ആ ചിത്രം വരയ്ക്കാനും മത്സര ഫലം മാറ്റി മറിക്കാനും അയാൾക്ക് 90 നിമിഷത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല,

ഇതിനിടയിൽ സ്ഥാനം നഷ്ടപെട്ട വാൻ ഗാൽ 2002 ഇൽ തിരിച്ചെത്തിയപ്പോൾ റിവാൾഡോ സ്വന്തം ഇഷ്ട പ്രകാരം സിരി ആയിലേക്ക് കൂടു മാറി. പിന്നീട് 2014ൽ 24 വർഷത്തെ നീണ്ട കരിയർ അവസാനിപ്പിക്കുമ്പോൾ ഒരുപാട് താരങ്ങൾ ഉയർന്നവസാനിച്ചു. അയാൾ ലെഗസി എഴുതിയുറപ്പിച്ച ബ്ലോഗ്രാന ജേഴ്‌സിയിൽ ലോകം വെന്നവർ ഉയർത്തിരുന്നു. ഫുട്‌ബോളിൽ എല്ലാം ജയിച്ച ഒരു സുവർണ തലമുറ ആ ജേഴ്‌സിയിൽ ഉണ്ടായിട്ടും അയാളുടെ കഥകൾക്കു യാതൊരു കോട്ടവും തട്ടിയില്ല. കലഹം അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു. അയാളുടെ കലഹങ്ങൾ ആയിരുന്നു അയാളുടെ കഥകൾ. വളഞ്ഞ കാലുകളാൽ അയാൾ രചിച്ച കഥകൾക്കു അയാളുടെ വന്യതയുണ്ട്. അവയെ മെരുക്കി വയ്ക്കാൻ യാതൊരു സിസ്റ്റത്തിനും കഴിഞ്ഞിരുന്നില്ല, കഴിയുകയുമില്ല, കെട്ടഴിച്ചു വിടാം, ആ കരുത്തിനെ ആസ്വദിക്കുക എന്നലാതെ മറ്റെന്തു വഴി! ജന്മദിനാശംസകള്‍ റിവാൾഡോ

© www.culesofkerala.com