• Follow

ജന്മദിനാശംസകൾ റിക്യുഎൽമി

  • Posted On June 24, 2020

റിക്വൽമി പന്തിനെ പിച്ചിൽ കൈകുഞ്ഞിനെപോലെ ലാളിച്ചപ്പോൾ , പന്ത് ഒരു ശ്വാനൻ തന്റെ യജമാനന്റെ കാലിൽ വിനയത്തോടെ ചുംബിക്കുന്നത് പോലെ അദ്ദേഹത്തിന്റെ കാലുകളിൽ ഒട്ടി നിന്നു.” ബ്രസീലിയൻ ഇതിഹാസം ടോസ്‌റ്റവോ.

വേഗതയും ശക്തിയും അരങ്ങു വാഴുന്ന ആധുനിക ഫുട്ബോളിൽ മൈതാന മധ്യത്തിൽ മന്ദം മന്ദം ഒഴുകി നടക്കുന്ന ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ പതാക വാഹകനായിരുന്നു അയാൾ. തനിക്കു ചുറ്റും നടക്കുന്ന നീക്കങ്ങളിൽ ശ്രദ്ധയൂന്നാതെ പിച്ചിന്റെ ആഴങ്ങളിലേക്ക്, പതിഞ്ഞ താളത്തിൽ ഒരു ടാംഗോ നർത്തകന്റെ മെഴ്‌വഴക്കത്തോടെ അദ്ദേഹം മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലെടുക്കുമ്പോൾ അസാമാന്യമായ വേഗത്തിൽ കടന്നു പോവുകയായിരുന്ന കളിക്ക് താത്കാലിക വിരാമമിടുകയാണ്. പിന്നീട് അതിന്റെ ചലന വേഗത നിശ്ചയിക്കുന്നത് അയാളുടെ കാലുകളിലൂടെ ആവും, ഒരു പാവകളിക്കാരന്റെ ചലനങ്ങൾക്കനുസൃതമായി തുള്ളുന്ന പാവകളെ പോലെ മറ്റു താരങ്ങൾ ചലിക്കുമ്പോൾ ഗാലറിയിയിൽ നിന്നും ആരാധകർ തങ്ങളുടെ ഇതിഹാസ താരത്തിന് വേണ്ടി ആരവം മുഴക്കും, ‘എൽ ടോറെറ ,എൽ ടോറെറ’.

അദ്ദേഹത്തിന്റേതായ ദിനങ്ങളിൽ അയാളെ തടയാൻ ചലിക്കുന്ന ഒരു വസ്തുവിനും കഴിയില്ലായിരുന്നു. ക്ലാസിക് നമ്പർ 10 , തന്റെ വേഗമില്ലായ്മയെ അസാധാരണമായ ക്ലോസ് കണ്ട്രോൾ കൊണ്ടും ഡ്രിബ്ലിങ് പാടവം കൊണ്ടും വിഷൻ കൊണ്ടും അദ്ദേഹം മറികടന്നു. തന്റെ ദൈവസിദ്ധമായ പാടവം കൊണ്ട് കളിയുടെ ഗതി ഒറ്റക്ക് തിരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ സമകാലീനരിൽ അദ്ദേഹത്തോട് ചേർത്ത് പറയാൻ പറ്റിയ പേരുകൾ ചാവിയെയും പിർലോയെയും പോലെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അയാളുടെ ഉന്നതിയിൽ ലോകത്തെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ അയാളായിരുന്നു . ബോക്ക ജൂനിയേഴ്‌സിന് കോപ്പ ലിബർടാഡോസും അർജന്റീന സൂപ്പർ ലീഗയും നേടിക്കൊടുത്ത അദ്ദേഹം, സ്പെയിനിലെ താരതമ്യേന താഴെ കിടക്കുന്ന ടീമായ വിയ്യാറിയലിനെ, ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെയും ഇന്റർ മിലാനെയും അട്ടിമറിച്ചു ഒറ്റക്കെന്നോണം സെമിഫൈനലിൽ എത്തിച്ച പോരാട്ടം ഇതിഹാസ തുല്യമാണ്. ഒടുവിൽ സെമിയിൽ ആഴ്സനലിനെതിരെ കിട്ടിയ പെനാൽറ്റി നഷ്ടമാക്കി ദുരന്ത നായകനായി മടങ്ങിയെങ്കിലും ലോകമെമ്പാടുമുള്ള കളിയാസ്വാദകർ വിയ്യാറിയലിന്റെ മുന്നേറ്റവും റിക്വൽമിയുടെ പ്രകടനവും മറക്കില്ല.

കാലം പലപ്പോഴും അദ്ദേഹത്തോട് നീതി പുലർത്തിയില്ല എന്ന് തന്നെ പറയാം. മൂന്ന് പേരെ ഡിഫെൻസ് വെച്ച് ആക്രമണാത്മക ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും വഴിഞ്ഞൊരുക്കിയ ടീമിനെ വാർത്തെടുത്തു 2002 ലോകകപ്പിന് മാഴ്‌സെലോ ബിയേൽസയുടെ നേതൃത്വത്തിൽ ലോകം കീഴടക്കാൻ അർജന്റീന ഇറങ്ങുമ്പോൾ അതിൽ റിക്യുഎൽമിയുടെ പേര് ഇല്ലായിരുന്നു. പതിനൊന്നു കളിക്കാരും 90 മിനുട്സും അറ്റാക്ക് ചെയ്യുന്ന ടീമിൽ ബോൾ കൈവശമില്ലാത്തപ്പോൾ വിശ്രമിക്കുന്ന അദ്ദേഹത്തിനെ എടുക്കാഞ്ഞത് അംഗീകരിക്കാൻ പറ്റുമായിരുന്നു, എന്നാൽ അതിതീവ്ര പ്രതിരോധവുമായി അർജന്റീനിയൻ ആക്രമണങ്ങളെ ഇംഗ്ലണ്ടും സ്വീഡനും പ്രതിരോധിച്ചപ്പോൾ ഏതു പ്രതിരോധവും കീറി മുറിക്കാൻ കഴിവുള്ള അദ്ദേഹത്തിന്റെ അഭാവം ബിയേൽസ അറിഞ്ഞു. ഒടുവിൽ അയ്‌മറും ക്രെസ്പോയും,ബാറ്റിസ്റ്റ്റേയും, ഒർടേഗയും കിലിയും അടങ്ങുന്ന ഇതിഹാസ താരങ്ങൾ കണ്ണീരണിഞ്ഞു ജന്മനാട്ടിലേക്ക് മടങ്ങുമ്പോൾ ബിയേൽസ താൻ ചെയ്ത മണ്ടത്തരത്തിനു പശ്ചാത്തപിക്കുകയായിരുന്നു.

ബിയേൽസ മാറി പെക്കർമാൻ വന്നു, കുറിയ പാസ്സുകളാൽ വലം കെട്ടിയ കേളീശൈലിയിൽ മധ്യനിരയുടെ സൈനാധിപത്യം റിക്യുഎൽമി ഏറ്റെടുത്തു. യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ തകർത്തതോടെ അർജന്റീനിയൻ ജനത തങ്ങളുടെ സ്വപ്‌നങ്ങൾ റിക്വൽമിയുടെ ചുമലിലേൽപ്പിച്ചു. അദ്ദേഹം ആ മുൾക്കിരീടം അഭിമാനത്തോടെ ഏറ്റെടുത്തപ്പോൾ അർജന്റീനക്ക് എതിരാളികൾ ഇല്ലാതായി. ജർമനിയിൽ വിരുന്നു വന്ന ലോകകപ്പിൽ സുന്ദരൻ പാസ്സുകളുമായി കളം നിറഞ്ഞു കളിച്ച അർജന്റീന കളിയാസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കി. പ്രീ ക്വാർട്ടറിൽ മെക്സിക്കോക്കെതിരെ റിക്വൽമി നടത്തിയ പ്രകടനം ലോകകപ്പ് ചരിത്രത്തിൽ തുല്യതയില്ലാത്തതാണ് . ഒടുവിൽ തന്നെ സബ് ചെയ്ത കോച്ചിന്റെ മണ്ടത്തരത്താൽ കണ്ണീരിൽ കുതിർന്നു അദ്ദേഹം മടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അതിനു ശേഷം കോച്ചായി വന്ന മറഡോണയുമായി അസാരസ്യത്തിൽ ആയി അർജന്റീന ടീമിൽ നിന്നും ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാൾ വെറും ഇരുപത്തിയെട്ടാം വയസ്സിൽ വിരമിച്ചപ്പോൾ ആ കരിയർ അപൂർണ്ണമായി അവസാനിച്ചു.

നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ക്ലബ് കരിയറും അപൂർണ്ണമായി തന്നെ ആണ് അവസാനിച്ചത്. ബോക്ക ജൂനിയർസിന്റെ ഇതിഹാസമായിരുന്ന സമയത്തു ക്ലബ് അധികൃതരുമായി അടിയുണ്ടാക്കി ബാഴ്സലോണയിലേക്കു പറന്ന അദ്ദേഹത്തെ കാത്തു നിന്നത് പട്ടാള ചിട്ടയുമായി വാൻഗാൽ ആയിരുന്നു. ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങിക്കൂടാൻ ഒരിക്കലും സാധിക്കാത്ത റിക്വൽമിക്ക് അതോടെ ബാഴ്സ ഒരു ദുസ്വപ്നമായി. തുടർന്ന് വിയ്യാറിയലിലേക്കു മാറിയതോടെ ആണ് യൂറോപ്പ് റിക്യുഎൽമി എന്താണെന്നറിഞ്ഞത്. സാന്റി കസോളയുടെയും ഇനിയേസ്റ്റയും ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ റിക്യുഎൽമി ആണ് എന്ന് പറഞ്ഞതു ആ കാലങ്ങളിൽ ആയിരുന്നു. എന്നാൽ അതും അധിക കാലം നീണ്ടു നിന്നില്ല ,പെല്ലെഗ്രിനിയുമായി കലഹിച്ചു അദ്ദേഹം ബോക്കയിലേക്ക് തിരിച്ചപ്പോൾ അദ്ദേഹത്തിന്റെ യൂറോപ്യൻ പര്യവേഷണം അവസാനിക്കുകയായിരുന്നു.

പലരും ഒരു പ്രധാന ട്രോഫിയുടെ അഭാവം വെച്ച് അദ്ദേഹത്തിന്റെ മഹത്യത്തെ കുറച്ചു കാണിക്കുന്നത് കാണാറുണ്ട്. എന്നാൽ അവരോടെല്ലാം ഒന്നേ പറയാനുള്ളൂ, വിയ്യാറിയലിൽ നിന്നും മടങ്ങി തിരിച്ചു ബോക്കയിലെത്തിയപ്പോൾ ഉണ്ടായിരുന്ന ബാനറിൽ പറഞ്ഞ അതെ കാര്യം, ‘ “a triumph of poetry over prose”.
============================

ഒരിക്കൽ ഒരു കമന്റേറ്റർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞതു വെച്ച് സംഗ്രഹിക്കാം , ” കിരീട നേട്ടങ്ങൾ ഒരു പക്ഷെ ഒരു കളിക്കാരന്റെ മഹത്വത്തെ ഊട്ടിയുറപ്പിക്കുന്നുണ്ടാവും. പക്ഷെ കിരീട നേട്ടമില്ലാഴ്മ ഒരു കളിക്കാരന്റെ മഹത്വത്തെ തള്ളിക്കളയുന്നില്ല. ഫുട്ബോളിന്റെ തനതു സങ്കല്പങ്ങൾക്കനുസരിച്ചു, കാവ്യാത്മക ഫുട്ബോളിന്റെ വക്താവായ ഒരു കളിക്കാരന്റെ കിരീടനേട്ടങ്ങൾ ഒരു ഔപചാരികമായ അലങ്കാരം മാത്രമേ ആവുന്നുള്ളൂ. കാരണം റിക്വൽമിയെ പോലുള്ള കളിക്കാരിലൂടെ ആണ് ഈ സുന്ദര കായിക വിനോദത്തെ നമ്മൾ ഇഷ്ടപ്പെടുന്നത്”.

സന്തോഷ ജന്മദിനാശംസകൾ പ്രിയപ്പെട്ട റിക്യുഎൽമി, നിങ്ങളുടെ ഓർമ്മകൾ ഈ ദിനത്തെ സമ്പുഷ്ടമാക്കുന്നു.