• Follow

ജന്മദിനാശംസകള്‍ ലിയോ

  • Posted On June 24, 2020

മറ്റൊരു ജൂൺ 24 കൂടി വന്നെത്തിയിരിക്കുന്നു. നമ്മളിൽ പലരും സ്വന്തം ജന്മദിനം കൃത്യമായി ഓർക്കാറില്ലെങ്കിലും ഈ ദിനം മറന്ന് പോകാനിടയില്ല. ഭൂമിയുടെ ദക്ഷിണാർദ്ധഗോളത്തിലെ ആർട്ടിക്കിന് സമീപമായി നിലകൊള്ളുന്ന അർജന്റീന എന്ന രാജ്യത്ത്, റൊസാരിയോ പട്ടണത്തിൽ ജനിച്ച ലയണൽ ആന്ദ്രെസ് മെസ്സി എന്ന കുഞ്ഞിന്റെ ജനനം ലോകഫുട്ബോൾ ആരാധകർ ആഘോഷിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകൾ ആകാറായിരിക്കുന്നു. ഒരു പക്ഷെ അംഗവൈകല്യം ബാധിച്ചവനായി, അർജന്റീനിയൻ തെരുവുകളിൽ അലഞ്ഞു തീരേണ്ട ഒരു ജന്മം, ലോകഫുട്ബാളിലെ മുടിചൂടാമന്നനായി മാറാനുള്ള പ്രയാണം ആരംഭിച്ചിട്ടും അത്രത്തോളം വർഷങ്ങളായി എന്നും പറയാം.

ഇന്ന് നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മെസ്സി എന്ന പേര് നിങ്ങൾ ആദ്യമായി കേട്ടത് എന്നാണെന്ന് ഓർക്കുന്നുണ്ടോ ? ഉണ്ടാകാൻ സാധ്യതയില്ല. അറ്റ്ലാന്റിക്ക് സമുദ്രം മുറിച്ചുകടന്ന് അയാൾ സ്പാനിഷ് ഫുട്ബാളിന്റെ ഭാഗമാകുന്ന സമയത്ത് നമുക്കിടയിൽ സ്പാനിഷ് ഫുട്ബോൾ അധികം വളർന്നിട്ടില്ല. സമൂഹമാധ്യമങ്ങൾ അന്ന് പിറവിയെടുത്തിട്ടില്ല. ഏതെങ്കിലും പത്രത്തിന്റെ പിറകിലെ കായിക പേജിൽ ഒരു കോളം വർത്തയായിട്ടായിരിക്കാം ആ പേര് നമ്മൾ ആദ്യമായി കണ്ടിട്ടുണ്ടാവുക. കാലാകാലങ്ങളിൽ ഫുട്ബാളിൽ നക്ഷത്രങ്ങൾ ഉദയംകൊള്ളുന്നതിനാൽ ആദ്യമായി ആ പേര് കണ്ടപ്പോൾ വലിയ അതിശയോക്തിയൊന്നും നമുക്ക് തോന്നിയില്ലായിരിക്കാം. പക്ഷെ തുടരെ തുടരെ ആ പേര് പത്രങ്ങളിൽ സജീവമാകുമ്പോഴായിരിക്കാം ആ പേര് നമ്മുടെ മനസ്സിൽ പതിയാൻ ആരംഭിച്ചിട്ടുണ്ടാവുക, മുടി നീട്ടി വളർത്തി, മെലിഞ്ഞ, കുറിയ പയ്യൻ അപ്പോഴായിരിക്കാം നമ്മുടെ മനസ്സിൽ കയറിപ്പറ്റിയിട്ടുണ്ടാകുക.

എന്ന് മുതലായിരിക്കാം അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ? അതും ഓർമയില്ല. തന്റെ വല്യേട്ടനായ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ അസിസ്റ്റിൽ ആദ്യ ഗോൾ നേടിയ ശേഷം അദ്ദേഹത്തിനെ മുതുകിൽ കയറി ഇരുന്ന അന്ന് മുതലാവാം. അല്ലെങ്കിൽ ശേഷമുള്ള കളികളിൽ പ്രായത്തിൽ കവിഞ്ഞ വിരുതിലൂടെ എതിരാളികളെ നിഷ്കരുണം നിലംപരിശാക്കിയപ്പോഴാകാം. കാരണം ഒരോ മത്സരങ്ങളിലും നമ്മളെ അത് മുഴുവനായി വീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം മെസ്സി എന്ന യുവ കളിക്കാരനായിരുന്നു. തന്നെ മാർക്ക് ചെയ്യാനെത്തുന്ന എതിരാളികൾക്കിടയിലൂടെ തെന്നിതെറിച്ചു കൊണ്ട് അയാൾ മുന്നേറുന്നത് രോമാഞ്ചത്തോടെയാണ് കണ്ടിരുന്നത്. ശേഷം അസാധ്യമായ ആംഗിളിൽ നിന്ന് പോലും അനായാസം ഗോളുകൾ പിറവിയെടുക്കുന്നത് കണ്ടപ്പോൾ എങ്ങിനെയാണ് അത്തരത്തിൽ ഒരാളെ ഇഷ്ടപ്പെടാതെ ഇരിക്കുന്നത്.

ഇഷ്ടം ആരാധനക്ക് വഴിമാറിയത് എന്നായിരിക്കാം ? അതും ഓർമയില്ല. ഡിയേഗോ മറഡോണയുടെയും, കുബാലയുടെയും, ക്രൈഫിന്റെയും, രിവാൾഡോയുടെയും, റൊണാൾഡീഞ്ഞോയുടെയും ഒക്കെ പിൻഗാമിയായി അയാൾ ഇതിഹാസപട്ടത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴായിരിക്കാം ആദ്യമായി അയാളെ നമ്മൾ ആദ്യമായി ആരാധനാപത്രമാക്കിയിട്ടുണ്ടാവുക. അതിനോടകം അയാൾ ലോകഫുട്ബാളിലെ അനിഷേധ്യ ശക്തിയായി വളർന്നിട്ടുണ്ടായിരുന്നു. പ്രബലരായ പല യൂറോപ്യൻ ഫുട്ബോൾ ശക്തികളും അതിനോടകം തന്നെ അയാളുടെ പ്രഹരശേഷി അനുഭവിച്ചറിഞ്ഞിരുന്നു. സ്റ്റേഡിയങ്ങളിലെ പുൽനാമ്പുകൾ അയാളിലെ അഗ്നിയുടെ ചൂട് അറിഞ്ഞിരുന്നു. പ്രമുഖ കിരീടങ്ങളിൽ പലതും അയാളുടെ ലാളനകൾ ഏറ്റുവാങ്ങിയിരുന്നു. ഫുട്ബോൾ എക്കാലവും കണ്ട മഹാനായ കളിക്കാരനെന്ന ഖ്യാതി തേടിയെത്തിയ അയാളെ കോടിക്കണക്കിനു ആളുകൾ ആരാധനാപാത്രമാക്കിയതിൽ എന്ത് അതിശയം ?

എന്ന് മുതലായിരിക്കാം അദ്ദേഹം നമ്മുടെ കൂടപ്പിറപ്പിന്റെ സ്ഥാനം നേടിയിട്ടുണ്ടാകുക.? അറിയില്ല. നമ്മുടെ നിത്യജീവിതത്തിൽ അദ്ദേഹം പ്രഥമസ്ഥാനങ്ങളൊന്ന് നേടിയിട്ട് വർഷങ്ങളാകുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പോലും നമുക്ക് ആഘോഷങ്ങളാണ്. വർഷങ്ങൾ കാത്തിരുന്നു ബാല്യകാല സഖിയെ അദ്ദേഹം കൂടെ കൂട്ടിയപ്പോൾ നമ്മളും ആഘോഷത്തിമർപ്പിലാണ്ടു. ആരും കൊതിക്കുന്ന മൂന്ന് കുസൃതി കുരുന്നുകൾക്ക് അദ്ദേഹം ജന്മം നൽകിയപ്പോൾ അവർ നമുക്ക് സ്വന്തം അനുജന്മാരായി. അവരുടെ ഒരോ കളിയും ചിരിയും കുസൃതിയും നമ്മുടെ വാൾപേപ്പറും സ്റ്റാറ്റസുകളുമായി. മാതൃകാദാമ്പത്യം നയിക്കുന്ന അദ്ദേഹവും ഭാര്യയും നമ്മളിലെ യുവാക്കൾക്ക് പ്രചോദനങ്ങളുമായി മാറിയിരിക്കുന്നു. നമ്മുടെ വീട്ടിലെ ഒരു വല്യേട്ടന്റെ സ്ഥാനം അദ്ദേഹത്തിന് ഇന്ന് ഉണ്ട്.

ഇനി നിങ്ങൾ ഓരോരുത്തരോടും ഒരു ചോദ്യം. ഇത്രമേൽ നിങ്ങളെ സ്വാധീനിച്ച രക്തബന്ധമില്ലാത്ത മറ്റൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ ? സാധ്യത കുറവാണ്. പത്തു വർഷത്തിലേറെയായി നമ്മുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനമായി അദ്ദേഹം ഉണ്ട്. അദ്ദേഹത്തിന്റെ നീക്കങ്ങൾ കണ്ട് തരിച്ചിരിക്കാനും, ഗോളുകൾ കണ്ട് ആർപ്പ് വിളിക്കാനും, വിജയങ്ങളിൽ ആർമാദിക്കാനും, പരിക്കേൽക്കുമ്പോൾ ഞെട്ടാനും, പരാജയങ്ങളിൽ ഒപ്പം നിന്ന് കരയാനും നമ്മൾ അദ്ദേഹത്തിന്റെ കൂടെ പത്തിലേറെ വർഷങ്ങളായി ഉണ്ട്. അദ്ദേഹം പകർന്നു നൽകിയ ഫുട്ബോൾ എന്ന ലഹരിക്ക് അപ്പുറം മറ്റൊരു ലഹരിക്കും നമ്മെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഒരോ മത്സരവും കഴിഞ്ഞു അടുത്ത മത്സരത്തിനുള്ള മൂന്നോ നാലോ ദിനങ്ങൾ തള്ളി നീക്കാൻ നമ്മൾ അനുഭവിക്കുന്ന കഷ്ടത, നമ്മളിൽ ഈ കുറിയ മനുഷ്യനോടുള്ള അഭിനിവേശം കാണിക്കുന്നു.

മുൻപ് ഈ ദിനം പൂർണ്ണ ആഘോഷത്തിലേക്ക് ആണ്ട് പോകുമായിരുന്നെങ്കിൽ ഇപ്പോൾ ചെറിയ തോതിലെങ്കിലും സങ്കടത്തിൽ നിഴൽ നമ്മുടെ മുഖത്തു വരുന്നുണ്ട്. മുന്നോട്ടുള്ള ഒരോ ദിനവും അദ്ദേഹത്തിന്റെ കരിയറിൽ ഒരു ദിനം കുറക്കുകയാണെന്ന സത്യം നമ്മൾ ഇപ്പോൾ അനുഭവിച്ചറിയുന്നു. ഇനിയേറെ നാൾ ആ മാന്ത്രികത ഫുട്ബോൾ കളിക്കളങ്ങളിൽ കാണില്ല എന്ന ദുഃഖം പതിയെ മനസ്സിൽ ആഴ്ന്നിറങ്ങുന്നുണ്ട്. ഏതാനും വർഷം കൂടി അദ്ദേഹം പന്തിന് പിന്നാലെ പായുമായിരിക്കും. ശേഷം സഫലമാക്കിയ ഒട്ടേറെ മോഹങ്ങളും നഷ്ടമായ ഒട്ടേറെ മോഹഭംഗങ്ങളും ബാക്കിയാക്കി ആ മഹാനായ കളിക്കാരൻ ബൂട്ട് അഴിക്കും. മനസ്സില്ലാ മനസ്സോടെയെങ്കിലും നാമെല്ലാവരും ആ രാജാവിന് വിട നൽകും. പ്രായമെന്ന അനിഷേധ്യമായ മാറ്റത്തെ തടയാൻ നമുക്ക് കഴിയില്ലല്ലോ. ഇത്രനാളും നമ്മുടെ ജീവിതത്തെ ഇത്രമേൽ വർണാഭമാക്കിയതിനും, ഇനിയും നമ്മുടെ പ്രതീക്ഷയായി നിലകൊള്ളുന്നതിനും അദ്ദേഹത്തോട് നമ്മൾ എന്നും കടപ്പെട്ടിരിക്കുന്നു. അനിവാര്യമായ ആ വിടവാങ്ങലിന് മുൻപുള്ള ഏതാനും വർഷങ്ങൾ കൂടി നമുക്ക് അദ്ദേഹത്തിന്റെ മന്ത്രികതയിൽ അലിഞ്ഞു ചേരാം.

“നഷ്ടപ്പെട്ടതോർത്ത്‌ എന്തിന് ദുഖിക്കുന്നു ?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ട് വന്നതാണോ ?
നശിച്ചതെന്തെങ്കിലും നീ സൃഷ്ടിച്ചതാണോ ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്നും ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്നും നേടിയതാണ്.
ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലേ മറ്റാരുടെയോ ആയിരുന്നു.
നാളെ അത് മറ്റാരുടേതോ ആകും.

മാറ്റം പ്രകൃതി നിയമമാണ്.

~ ഭഗവത് ഗീത ~

©www.culesofkerala.com