ഒരു ബാഴ്‌സലോണ അരാധകന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ബാഴ്‌സ നിമിഷങ്ങള്‍
ഒരു ബാഴ്‌സലോണ ആരാധകന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ബാഴ്‌സ നിമിഷങ്ങള്‍ പരിശോധിക്കാം. 92ൽ കൂമൻ നേടിയ ഗോളിലൂടെ നേടിയ യൂറോപ്പ്യൻ കപ്പും,94 ൽ ല ലിഗായുടെ അവസാന ദിവസം നാടകീയമാംവിധം ഡിപ്പോർട്ടീവോയെ മറികടന്നു നേടിയ ലീഗ് വിജയവും, 97ൽ കോപ്പ ഡെൽ റേയിൽ അറ്റ്‌ലറ്റിക്കോ മാഡ്രിഡായി 1 -4 നു പുറകിൽ നിന്നിട്ടു റൊണാൾഡോ ലിമയുടെ ഹാട്രിക്കിന്റെ ബലത്തിൽ 5-4 ജയിച്ചതും, 2001 റിവാൾഡോയുടെ അവിശ്വസനയീമായ ഹാട്ട്രിക്കിലൂടെ ലാ ലിഗായുടെ അവസാന ദിവസം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതും, 2005 ൽ ബെർണാബിയുവിൽ റൊണാൾഡീഞ്ഞ്യോയുടെ മികവിൽ റയലിനെ തോൽപ്പിച്ചതും അദ്ദേഹത്തിന് സ്റ്റാൻഡിങ് ഒവേഷൻ കിട്ടിയതും, ഇത് പോലെയുള്ള മറ്റു പല സുന്ദരനിമിഷങ്ങളും മറന്നിട്ടല്ല ഇതെഴുതുന്നത്. ഈ തലമുറയിലെ ബാഴ്‌സ ആരാധകർ കണ്ട വിജയങ്ങൾ പറ്റിയാണിത്.
1. ജൂലിയാനോ ബെലറ്റി 2006 vs ആഴ്‌സണൽ- പാരീസ്
12 വർഷങ്ങൾക്കു ശേഷം ഫ്രാൻക് റൈക്കാർഡ് എന്ന കൊച്ചിന്റെ കീഴിൽ, റൊണാൾഡീഞ്ഞ്യോ, ഡെക്കോ, എറ്റൂ എന്നിവരുടെ മികവിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതായിരുന്നു ബാഴ്‌സ. എതിരാളികൾ പിൽക്കാലത്ത് ബാഴ്‌സ താരമായ തിയറി ഹെൻറിയുടെ ആഴ്‌സണൽ. 1 ഗോളിന് പിന്നിൽ നിന്ന ശേഷം ഹെൻറിക് ലാർസൺ എന്ന ഇതിഹാസത്തിന്റെ മികവിൽ എറ്റൂവിലുടെ സമനിലയും, ബെലറ്റിയുടെ ഗോളിൽ വിജയവും. പാരീസിലെ മഴയിൽ ബെലറ്റിയും, എറ്റൂവും കരയുന്നതു നാം കണ്ടു. ബെലറ്റി ബാഴ്‌സയ്ക്ക് വേണ്ടി നേടിയ ഒരു ഒരു ഗോളായിരുന്നു അത്.
2. 2-6 മാജിക്കൽ വിൻ vs റയൽ മാഡ്രിഡ് , സാന്റിയാഗോ ബെർണാബിയു- ചാവി മാജിക്ക്
ചിറ വൈരികളായ റയലിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ കിരീടം ഉറപ്പിക്കാൻ ബാഴ്‌സയ്ക്ക് ജയം വേണമായിരുന്നു. ചാവി ഹെർണാണ്ടസ് ബെർണാബിയു അയാളുടെ കാൽക്കലാക്കുകയിരുന്നു അന്ന് ചെയ്തത്. എണ്ണം പറഞ്ഞ 4 അസിസ്റ്റുകളുമായി ഒരു കംപ്ലീറ്റ് മിഡ് ഫീൽഡ് ഡിസ്‌പ്ലൈ ആയിരുന്നു അന്ന് ചാവി പുറത്തെടുത്തത്. ഹെന്രിയും, മെസ്സിയും, പീക്കെയുമെല്ലാം അന്ന് ഗോൾ നേടി.
3. ആന്ദ്രേ ഇനിയേസ്റ്റ -സ്റ്റാൻഫോർഡ് ബ്രിഡ്ജ് , 2009
പെപ്പ് ഗാർഡിയോളയുടെ മാനേജർ എന്ന നിലയിലെ ആദ്യ സീസൺ. ചാമ്പ്യൻസ് ലീഗ് സെമിയിൽ, ചെൽസിക്കെതിരെ ബാഴ്‌സ ഒരു ഗോളിന് പിന്നിൽ. പുറത്താകലിന്റെ വക്കിൽ നിന്ന് ഒരു “ആന്ദ്രേ ഇനിയെസ്റ്റാ …..” സ്റ്റണ്ണർ. എവേ ഗോളിൽ ബാഴ്‌സ ഫൈനലിൽ.
4. 2009 റോം- ചാമ്പ്യൻസ് ലീഗ് ഫൈനൽ/ട്രെബിൾ vs മാഞ്ചസ്റ്റർ യുണൈറ്റഡ്- “എ ചാവി-ഇനിയേസ്റ്റ മാസ്റ്റർ ക്ലാസ് ”
ചെൽസിയെ മറികടന്നു ബാഴ്‌സ നേരിട്ടത് നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡിനെ. മത്സരത്തിൽ ‘അണ്ടർ-ഡോഗ്’ ആയി വന്ന ബാഴ്‌സ ചാവി-ഇനിയേസ്റ്റ മികവിൽ ജയിക്കുന്നു. സാമുവേൽ എറ്റൂ ഒരിക്കൽ കൂടി രക്ഷകനായി ഗോൾ നേടിയപ്പോൾ, ലയണൽ മെസ്സിയുടെ ഐക്കോണിക്ക് ഹെഡർ ഗോളും ശ്രദ്ധേയം. ബാഴ്‌സ ആദ്യ ട്രെബിൾ നേടി അന്ന്. അന്ന് പുതിയൊരു യുഗം പിറവിയെടുത്തു- ബാഴ്‌സലോണ യുഗം.
5. ക്ലബ് ലോകകപ്പ് ഫൈനൽ vs എസ്റ്റുഡിയാന്റസ് – അബുദാബി- ഗ്രാസിയസ് പെഡ്രോ ഫോർ സെക്സ്റ്റപ്പിൾ
അപൂർവ്വമായൊരു റെക്കോർഡ് ലക്ഷ്യമാക്കിയാണ് ഗാർഡിയോളയുടെ സംഘം അബുദാബിയിലേക്ക് പോയത് . ലോകത്തിലാദ്യമായി സെക്സ്റ്റപ്പിൾ നേടുന്ന ക്ലബാകുവാൻ ബാഴ്‌സയ്ക്ക് വേണ്ടുന്ന ഒരു ജയം. മത്സരത്തിന് മുന്നേ പെപ്പ് പറഞ്ഞു “ഈ മത്സരം പരാജയപ്പെട്ടാലും ഒന്നും സംഭവിക്കില്ല. നിങ്ങൾ തന്നെയാകും ലോകത്തെ ഏറ്റവും മികച്ച ടീം. നേരെ മറിച്ചു നിങ്ങളാണ് ജയിക്കുന്നതു എങ്കിൽ, നിങ്ങൾക്ക് മരണമില്ല”. മത്സരത്തിൽ 89 ആം മിനിറ്റ് വരെ പുറകിലായിരുന്ന ബാഴ്‌സയെ പെഡ്രോ രക്ഷിക്കുന്നു. എക്സ്ട്രാ ടൈമിൽ ബാഴ്‌സയ്ക്ക് ജയം, കിരീടം, സെക്സ്റ്റപ്പിൾ, ചരിത്രം.
6. 5-0 എൽ ക്ളാസിക്കോ vs റയൽ മാഡ്രിഡ്, ക്യാമ്പ് ന്യൂ- ലിയോണൽ മെസ്സി ബ്രില്യൻസ്
ഗാർഡിയോളയുടെ അത്ഭുദനങ്ങൾ കാനിരിക്കുന്നതെ ഇല്ലായിരുന്നു. ഒരിക്കൽ ചാവി-ഇനിയേസ്റ്റ-ബുസ്കറ്സ് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഡോമിനേറ്റിങ് മിഡ് ഫീൽഡ് ആയാണ് അന്ന് കളിച്ചതു. ലിയോണൽ മെസ്സി ഒരു ഗോൾ പോലും നേടാതെ അസാധ്യ പെർഫോമൻസും അന്ന് കാഴ്ച വെച്ച്. ഫലം- 5 ഗോളിന്റെ വിജയം.
സെബാൻ
7. ചാമ്പ്യൻസ് ലീഗ് ഫൈനൽ vs യുണൈറ്റഡ് , 2011 വെമ്പ്ലി- മെസ്സി-ചാവി-ഇനിയേസ്റ്റ മാജിക്ക്
ഒരിക്കൽ കൂടി യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സ നേരിടുന്നു, അതും ഇംഗ്ലീഷ് മണ്ണിൽ.ഗാർഡിയോളയുടെ സംഘത്തിന് ജയിച്ചു മതിയായിരുന്നില്ല. ചാവി-ഇനിയേസ്റ്റ-മെസ്സി-ആല്വസ് സംഘം അന്ന് ലോകത്തിനു ഫുട്‍ബോൾ പാഠങ്ങൾ നൽകുകയായിരുന്നു. ഇത്ര സുന്ദരമായി , ഇത്ര ആധികാരികയുമായി ഒരു ടീം എന്നെങ്കിലും ഫുട്‍ബോൾ കളിച്ചിട്ടുണ്ടോ എന്ന് സംശയം. പെഡ്രോ, മെസ്സി എന്നിവരുടെ ഗോളുകളിൽ ലീഡ് നേടിയ ബാഴ്‌സ ഒടുവിൽ ഡേവിഡ് വിയ്യയുടെ മനോഹരമായ ഗോളിൽ ജയിക്കുന്നു. കാൻസറിനെ തോൽപ്പിച്ച ആബിദാൽ കിരീടം ഏറ്റുവാങ്ങുന്നു. വിയ്യയുടെ കണ്ണീരിൽ കുതിർന്ന സെലിബ്രെഷൻ ഇന്നലെ കണ്ട പോലെ ഓർമ്മിക്കുന്നു. സർ അലക്സ് ഫെർഗ്യൂസൻ പ്രഖ്യാപിക്കുന്നു” ഞാൻ നേരിട്ടവരിൽ വെച്ച് ബാഴ്‌സയോളം മികച്ചവർ ആരുമില്ല”. ചാമ്പ്യൻസ് ലീഗ് കിരീടത്തിനോളം പോന്ന വാക്കുകൾ. 2011 ലെ ബാഴ്‌സയെ പോലെ ഒരു ടീം നമ്മളും ഇനിയും കാണുമെന്നു തോന്നുന്നില്ല.
8.ഗാമ്പർ ട്രോഫി -ലെജൻഡീന്യോ കംബാക്ക് -ക്യാമ്പ് ന്യൂ
ബാഴ്‌സയെ വർഷങ്ങളുടെ കണ്ണീരിൽ നിന്ന് വീണ്ടും പുഞ്ചിരിപ്പിച്ചത് ഒരു ചിരിയായിരുന്നു – റൊണാൾഡീഞ്ഞ്യോ ഗൗച്ചോയുടെ ചിരി. ആ ചിരിക്കു ബാഴ്‌സ നൽകിയ നന്ദിയായിരുന്നു 2011 ലെ ഗാമ്പർ ട്രോഫി. ബാഴ്‌സലോണ എന്ത് കൊണ്ട് ‘മോർ ദാൻ എ ക്ലബ്’ ആകുന്നു എന്ന് ലോകം അന്ന് കണ്ടു.ലെജൻഡീന്യോയും, പുയോളും അന്ന് നമ്മളെ കരയിച്ചു.
9. 2013 ചാമ്പ്യൻസ് ലീഗ് മിലാൻ കംബാക് അറ്റ് ക്യാമ്പ് ന്യൂ -മെസ്സി മാജിക്ക്
സാൻ സീറോയിൽ മിലനുമായി രണ്ടു ഗോളിന്റെ കടവുമായി ഇറങ്ങിയ ബാഴ്‌സയ്ക്ക് വേണ്ടിയിരുന്നത് . ആദ്യ നിമിഷം മുതൽ മെസ്സിയുടെ നേതൃത്വത്തിൽ ബാഴ്‌സ ആക്രമിച്ചു. ഒടുവിൽ ജോർഡി ആൽബയുടെ ഗോളും, ബാഴ്‌സ ബാഡ്ജ് കിസ്സും കണ്ടപ്പോഴും, അവിശ്വസനീയമായ ഒന്ന് കണ്ടതിന്റെ തരിപ്പിലായിരുന്നു നമ്മൾ. മനോഹരമായ രാത്രി.
10 . ചാമ്പ്യൻസ് ലീഗ് സെമി vs ബയേൺ മ്യൂണിക്ക്, 2015 ക്യാമ്പ് ന്യൂ – വൺ & ഒൺലി ലിയോണൽ മെസ്സി
ലൂയിസ് എൻറിക്ക്വേയുടെ പുതിയ ബാഴ്‌സയുടെ ഊഴമായിരുന്നു ഇത്തവണ. മെസ്സി-സുവാരസ്-നെയ്മർ എന്ന അതികായന്മാരായിരുന്നു ബാഴ്‌സയുടെ കരുത്ത്. ബയേൺ മ്യൂണിക്കുമായി പഴയ ഒരു കണക്കിന്റെ കടവുമായി ബാഴ്‌സ തുടങ്ങി. 78 മിനിറ്റ് വരെ സാധാരണ പോലെ പോയ മത്സരം ഒടുവിൽ ലിയോണൽ മെസ്സിയുടെ സംഹാര താണ്ഡവത്തിലാണ് അവസാനിച്ചത്. “ഹിയർ ഹീ ഈസ് അഗെയിൻ. ദാറ്സ് അസ്റ്റോണിഷിങ്. അബ്സള്യുട്ടിലി വേൾഡ് ക്ലാസ്” എന്ന് കേട്ടത് ഇന്നും കാതുകളിൽ മുഴങ്ങുന്നു. നെയ്മർ മൂന്നാം ഗോൾ നേടി വിജയം സമ്പൂർണ്ണമാക്കിയപ്പോൾ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു രാത്രിയാണ് ബാഴ്‌സ നൽകിയത്.
11. 2015 മെയ് ക്യാമ്പ് ന്യൂ vs ഡിപ്പോർട്ടീവോ-അഡിയോസ് എൽ മാസ്‌ട്രോ
രണ്ടു ദശാബ്ദങ്ങളോളം ബാഴ്‌സയ്‌ക്കൊപ്പം ഉണ്ടായിരുന്ന ചാവി ഹെർണാണ്ടസ് ബാഴ്‌സയുടെ യാത്രപറയുന്ന വികാരനിർഭരമായ മത്സരം, അത് പോലെ അഭിമാനം നൽകിയ മത്സരവും. കാരണം ഇത് പോലെ ഒരു യാത്ര അയപ്പ് ഒരു താരത്തിനും ഒരിക്കലും ലഭിച്ചു കാണില്ല. ക്യാമ്പ് ന്യൂ നന്ദി പറഞ്ഞു അവരുടെ ഹീറോയ്ക്ക്. ഗ്രാസിയസ് എൽ മാസ്‌ട്രോ !!
12. ദാറ്റ് നൈറ്റ് അറ്റ് ബെർലിൻ- ചാമ്പ്യൻസ് ലീഗ് ഫൈനൽ vs യൂവന്റസ് .രണ്ടാം ട്രെബിൾ – ഡോൺ ആന്ദ്രസ് മാജിക്ക്
ഇനിയേസ്റ്റയും ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രണയവും അവസാനിച്ചിട്ടില്ലായിരുന്നു. തുടർച്ചയായ നാലാം ഫൈനലിലും ഇനിയേസ്റ്റ അവതരിച്ചു. നാലാം മിനിറ്റിൽ റാക്കിറ്റിക്ക് ഗോൾ നേടിയത് മുതൽ അവസാന നിമിഷത്തെ നെയ്മർ ഗോൾ വരെ ആഘോഷിച്ചു ബാഴ്‌സ കണ്ട മത്സരം. ചാവിക്കു ട്രിപ്പിൾ നേട്ടത്തോടെ ഒരു യാത്ര അയപ്പ് നൽകി ബാഴ്‌സ. ആന്ദ്രേ പിർലോ എന്ന ഇതിഹാസവും അന്ന് യൂറോപ്പിനോട് യാത്ര പറഞ്ഞു.
13 . യുവേഫ സൂപ്പർ കപ്പ് 2015 vs സെവിയ്യ. ഗ്രാസിയാസ് പെഡ്രോ !!
ലിയോണൽ മെസ്സിയുടെ അത്ഭുദ ഫ്രീകിക്കുകളും, റഫീന്യ, സുവാരസ് ഗോളിലും 4-1 ലീഡ് നേടിയ ബാഴ്‌സ സെവിയ്യയുടെ പ്രത്യാക്രമണത്തിനു മുന്നിൽ വീണു 4-4 എന്ന സ്‌കോറിൽ എത്തി. എക്സ്ട്രാ ടൈമിൽ മെസ്സി നേടിയ ഫ്രീ കിക്കിൽ നിന്ന് പെഡ്രോ ഗോൾ. 5 -4 നു ബാഴ്‌സ ജയം. നന്ദി പെഡ്രോ.
14 . 4-0 ക്ളാസിക്കോ അറ്റ് ബെർണാബിയോ 2015 – ഇനിയേസ്റ്റ , ഇനിയേസ്റ്റ ഇനിയേസ്റ്റ !!!
മെസ്സിയില്ലാത്ത ക്ളാസിക്കോ. എന്നാൽ ഒരിക്കൽ കൂടി ഇനിയേസ്റ്റ അവതരിച്ചു. മറഡോണയ്ക്കും, ഡീഞ്ഞ്യോയ്ക്കും ശേഷം ഒരു ബാഴ്‌സ താരത്തിനെ എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു റയൽ കാണികൾ. വാട്ട് എ ലെജൻഡ്! സുവാരസ്-നെയ്മർ ദ്വയത്തിന്റെ ആക്രമണ ഫുട്‍ബോളും ലോകം ശ്വാസം അടക്കിപ്പിടിച്ചു കണ്ടു.
15 . “ദി ഗ്രേറ്റ് റെമോൻട്ടാടാ”- “ദി മിറാക്കിൽ ഓഫ് ക്യാമ്പ് ന്യൂ”- നെയ്മർ ജൂനിയർ മാജിക്ക് “- സെർജി റോബർട്ടോ, 2017
ഒരു ബാഴ്‌സ ആരാധകൻ അൽഷിമേഴ്‌സ് വന്നാൽ കൂടി മറക്കുവാൻ സാധ്യതയില്ലാത്ത രാത്രി. ഇന്നും ആ കോരിത്തരിപ്പ് മാറിയിട്ടില്ല. സത്യമാണോ അതോ മിഥ്യ മാത്രമാണോ എന്ന സംശയമുള്ളവർ ഇന്നുമുണ്ട്. പാരീസിനെതിരെ 4 ഗോളുകൾക്ക് പിന്നിൽ നിന്ന് വന്നിട്ട് ബാഴ്‌സ നടത്തിയ തിരിച്ചു വരവ്- ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് റൌണ്ട് കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവ്-ലൂയിസ് എൻറിക്ക്വേയുടെ ലെഗസി- സെർജി റോബർട്ടോയുടെ ജന്മോദ്ദേശ്യം- നെയ്മർ ജൂനിയറുടെ ഐതിഹാസികമായാ പോരാട്ടവീര്യം-എല്ലാം കണ്ട മത്സരം. ” വീ ആർ ബാഴ്‌സലോണ. വീ നെവർ ഡൈ” എന്ന സ്റ്റെയ്ഗന്റെ വാക്കുകളും, ” 1 ശതമാനം ചാൻസ് എങ്കിൽ ബാക്കി 99 ശതമാനം വിശ്വാസം” എന്ന് പറഞ്ഞ നെയ്മറുടെ വാക്കുകളും ക്യാമ്പ് ന്യൂവിൽ എന്നും മുഴങ്ങി നിൽക്കും. ഏതൊരു പ്രതിസന്ധിയും ഈ ക്ലബ് സധൈര്യം നേരിടും. അതിനുള്ള ഊർജം നെയ്മറും, റോബർട്ടോയും ആ 7 നിമിഷങ്ങളിൽ തന്നിട്ടുണ്ട്. മറക്കില്ല ആ രാത്രി, മരിക്കുവോളം. വിസ്‌ക്ക എൽ ബാഴ്‌സലോണ !!!!
“ക്യാമ്പ് ന്യൂ – ചരിത്രം രചിക്കപ്പെടുന്നത് ഇവിടെ” എന്നത് തിരുവെഴുത്താകുന്നു. ഈ ഐതിഹാസിക ക്ലബ് ഇനിയും വിശ്വവിജയങ്ങൾ നേടും. വെറുമൊരു ക്ലബല്ല അത്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആ വികാരത്തെയാണ്- ബാഴ്‌സലോണ എന്ന് നാം വിളിക്കുന്നത്. ഫോഴ്സാ ബാഴ്‌സ കൂളെസ് !!!
