മാച് പ്രിവ്യു – ബാഴ്സ്സ vs വിയ്യാറയൽ
ലാലിഗ അതിന്റെ സമാപ്തിയിലേക്ക് അടുക്കുകയാണ്. കിരീടപോരാട്ടത്തിൽ ഇനി 3 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ശേഷിക്കുന്ന 3 എതിരാളികളിൽ ഏറ്റവും അപകടകാരിയെയാണ് ഇന്ന് ബാഴ്‌സ നേരിടാൻ പോകുന്നത്. ലീഗിൽ നിന്നും റെലെഗേറ്റഡ് ആയ ഗ്രനാഡയെ നേരിടുന്ന റയൽ പോയിന്റ്സ് ഡ്രോപ്പ് ചെയ്യാൻ സാധ്യത കുറവായതിനാൽ വിയ്യാറയലിനെതിരെ മികച്ച വിജയം നേടി റയലിന് മേലുള്ള സമ്മർദ്ദം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
വിയ്യാറായലിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്നത് മത്സരത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ബാഴ്‌സയെ പോലെ തന്നെ വിയ്യാറയലിനും ഇത് നിർണായക മത്സരമാണ് . അതുകൊണ്ട് തന്നെ ടൈറ്റിൽ റേസിൽ ഉള്ള ബാഴ്‌സയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ഠിക്കാൻ അസ്രിബയുടെ വിയ്യാറായൽ ശ്രമിക്കുമെന്നതിൽ സംശയമില്ല.
ബാഴ്‌സ 4-3-3 ഫോർമേഷൻ തുടരാനാണ് സാധ്യത. കൗണ്ടർ അറ്റാക്കുകൾക്ക് പേരുകേട്ട വിയ്യാറയൽ മുന്നേറ്റത്തിനെതിരെ 3-4-3 ഉപയോഗിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. എസ്പാന്യോളിനെതിരെ പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന ഇനിയെസ്റ്റ ഇന്ന് കളിക്കളത്തിൽ തിരിച്ചെത്തിയേക്കും. മിഡ്ഫീൽഡിന്റെ മികച്ച പ്രകടനം അനിവാര്യമായ മത്സരത്തിൽ റാക്കിക്കും ബുസിക്കുമൊപ്പം ഇനിയെസ്റ്റയെ തന്നെ പ്രതീക്ഷിക്കാം. ആൽബ-ഉംറ്റിറ്റി-പീക്കേ-റോബർട്ടോ എന്നിവരടങ്ങുന്ന ബാക്ക്ലൈൻ സ്റ്റാർട്ട് ചെയ്യാനാണ് സാധ്യത. മുന്നേറ്റത്തിൽ MSN ത്രയത്തെ തന്നെ പ്രതീക്ഷിക്കാം. എസ്പാന്യോളിനെതിരെ ഗോൾ വേട്ടയിൽ തിരിച്ചെത്തിയ പിസ്റ്റോലെറോയുടെ പ്രകടനം ഇന്ന് നിർണായകമാകും.
മികച്ച ഫോമിലാണ് വിയ്യാറായൽ. അത്ലറ്റിക്കെതിരെയും സ്പോർട്ടിങ്ങിനെതിരെയും നേടിയ വിജയങ്ങൾ വിയ്യാറയലിന്റെ സീസണിൽ വലിയൊരു വഴിത്തിരിവ് സൃഷ്ഠിച്ചിട്ടുണ്ട്. സോറിയാനോയും ഡോസ് സാന്റോസും സോൾഡാഡോയുമെല്ലാമടങ്ങുന്ന വിയ്യാറായലിന്റെ കൗണ്ടർ അറ്റാക്ക് വലിയ വെല്ലുവിളി തന്നെയാണ്. കൗണ്ടറുകളിൽ ആശ്രയിച്ചുള്ള കളി തന്നെ ഇന്നും വിയ്യാറയലിൽ നിന്നും പ്രതീക്ഷിക്കാം.
മാഡ്രിഗലിൽ വെച്ച് ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോൾ മെസ്സിയുടെ ലേറ്റ് ഫ്രീകിക്കിൽ ബാഴ്സ സമനില പിടിക്കുകയായിരുന്നു. സമവാക്യങ്ങളെല്ലാം മാറിയ ഈ സാഹചര്യത്തിൽ തികച്ചും വ്യത്യസ്തമായൊരു ഗെയിം പ്രതീക്ഷിക്കാം.
🏆 ലാലിഗ വീക്ക് 36
⏰ 10:00 PM IST
🎥 ടെൻ1 & ടെൻ1 HD
@ കാമ്പ് ന്യു