മാച്ച് റിവ്യൂ – ബാഴ്‌സലോണ vs വലൻസിയ
ബാഴ്‌സലോണ 3 – 2 വലൻസിയ
ഒരു സിനിമ പോലെ ട്വിസ്റ്റുകൾ നിറഞ്ഞ മൽസരം. മെസ്സിയുടെ ഗോളിൽ ആദ്യ പകുതിയിൽ മുന്നിട്ടു നിൽക്കുക. ബാഴ്‌സയുടെ ഹൃദയമായ ഇനിയേസ്റ്റ മാരകമായ ഫൗളേറ്റ് കളം വിടുക, രണ്ടാം പകുതിയിൽ രണ്ടു ഗോളുമായി വലൻസിയ തിരിച്ചെത്തുക, അവസാന സെക്കൻഡിൽ പെനാൽറ്റിയിലൂടെ ജയം നേടുക, മൊത്തത്തിൽ സംഭവബഹുലം ആയിരുന്നു ഇന്നത്തെ മത്സരം.
അവസരങ്ങൾ ഏറെ ലഭിച്ചിട്ടും അധികവും മുതലാക്കാതെ പോയ ആദ്യ പകുതി. മികച്ച അവസരങ്ങൾ പലതും ഗോൾ കീപ്പർ തട്ടിയകറ്റിയപ്പോൾ , സ്‌കോർ ബോർഡ് ചലിപ്പിക്കാനായത് മെസ്സിക്ക് മാത്രം. പരിക്കിൽ നിന്നും മോചിതനായെത്തി തകർപ്പൻ ഫോമിൽ കളിക്കുന്ന മെസ്സി, ഒരിക്കൽ കൂടി നമ്മളെയെല്ലാം സ്തബ്ധരാക്കുന്ന മികച്ച ഒരു ഗോളിലൂടെ ബാഴ്‌സയെ മുന്നിലെത്തിച്ചു. അതിനിടെയാണ് ബാഴ്‌സയുടെ ക്യാപ്റ്റൻ ഇനിയേസ്റ്റ മാരകമായ ഫൗളേറ്റ് കളം വിടേണ്ടി വന്നത്. മുട്ടുകാലിനു ഗുരുതരമായ പരിക്കേറ്റ ഇനിയേസ്റ്റ മാസങ്ങളോളം കളത്തിനു പുറത്തിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു പക്ഷെ ഈ സീസൺ മുഴുവനും. ബാഴ്‌സയെ സംബന്ധിച്ചു ഏറ്റവും മോശം വാർത്ത.
രണ്ടാം പകുതി തുടക്കത്തിലെ വലൻസിയ ഒപ്പമെത്തി. മുൻ ബാഴ്‌സ കളിക്കാരനായ മുനീർ ബോക്സിനു പുറത്തു നിന്നുള്ള കിടിലൻ ഷോട്ട്, ടെർ സ്റ്റീഗനെ പൂർണ്ണമായും പരാജിതനാക്കി. തീർന്നില്ല തൊട്ടടുത്ത നിമിഷം വലൻസിയ ലീഡ് ഉയർത്തി. നമ്മുടെ പ്രതിരോധത്തിന് മാർക്കിങ് പിഴച്ചപ്പോൾ, വലൻസിയക്ക് അതിമനോഹരമായ മറ്റൊരു ഗോൾ കൂടി. ഒരു ഗോൾ പിറകിലായി ബാഴ്‌സ പിന്നീട് ഗോൾ മടക്കാൻ ശ്രമം ആരംഭിച്ചു. അധികം വൈകാതെ തന്നെ ഗോളും നേടി. ഗോൾ കീപ്പറുടെ മികച്ച ഒരു സേവിൽ നിന്നും പന്ത് ലഭിച്ച സുവാരസ് മനോഹരമായി അത് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ജയസാധ്യത മുന്നിൽ കണ്ട വലൻസിയ, മികച്ച രീതിയിൽ പ്രതിരോധിക്കുകയും അവസരങ്ങൾ ലഭിച്ചപ്പോഴൊക്കെ കൗണ്ടർ അറ്റാക്ക് നടത്തുകയും ചെയ്തിരുന്നു. ഒരു സമനിലയിലേക്കെന്നു തോന്നിച്ച മത്സരത്തിൽ ട്വിസ്റ്റുകൾ പിന്നെയും ബാക്കിയായിരുന്നു. കളി തീരാൻ വെറും അഞ്ചു സെക്കൻഡ് മാത്രം ബാക്കി നിൽക്കെ, ബാഴ്‌സയുടെ അവസാന ശ്രമം കലാശിച്ചത് ലൂയിസ് സുവരെസിനെതിരെ ഫൗളിലൂടെയായിരുന്നു. അവസാനത്തെ ചാൻസ് ആയ ആ പെനാൽറ്റി എടുക്കാനെത്തിയത് മെസ്സിയും.ലോകമെങ്ങുമുള്ള ബാഴ്‌സ ആരാധകരുടെ പ്രാർത്ഥന , തന്റെ രണ്ടാം ഗോളിലൂടെ മെസ്സി സഫലമാക്കി. ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ബാഴ്‌സക്ക് വിലപ്പെട്ട മൂന്നു പോയിന്റ്.
ജയിച്ചെങ്കിലും നമ്മൾ ആരാധകരെ അത് തൃപ്തിപ്പെടുത്തുന്നില്ല. ഒരു ടീം എന്ന നിലയിൽ ടീം ഇനിയുമേറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു. അവസരങ്ങൾ നല്ല രീതിയിൽ വിനിയോഗിക്കേണ്ടിയിരിക്കുന്നു. വല്ലപ്പോഴും വീണു കിട്ടുന്ന അർഥവസരങ്ങൾ ആണ് നമ്മുടെ എതിരാളികൾ ഗോൾ ആക്കി മാറ്റുന്നത്. നമുക്ക് ആവശ്യത്തിലധികം അവസരങ്ങൾ വരുന്നുണ്ടെകിലും നല്ലൊരു പങ്കും ഗോളാക്കാനാകുന്നില്ല. ഇനി മുതൽ ഇനിയസ്റ്റയുടെ അഭാവത്തിൽ മധ്യ നിര കൂടുതൽ ശക്തമാകേണ്ടതുണ്ട്. ലോകത്തെ മറ്റൊരാൾക്കും ഇനിയേസ്റ്റയുടെ ഒഴിവു നികത്താനാകില്ല. പക്ഷെ, നമ്മുടെ എല്ലാ കളിക്കാരും തങ്ങളാൽ ആവും വിധം തന്നെ ആ കുറവ് നികത്താൻ ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത് കൂടിയേ തീരൂ.
#RETARD