• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ vs സെവിയ്യ

  • Posted On November 7, 2016

ബാഴ്‌സലോണ 2 – 1 സെവിയ്യ

കോരിത്തരിപ്പിച്ച മാച്ച്. നമ്മൾ ആരാധകരെ ഒരേ സമയം നിരാശയും, സന്തോഷവും ആഹ്ലാദവും ഉത്തേജനവുമൊക്കെ തന്ന ഒരു ക്ലാസിക് പോരാട്ടം. പ്രതീക്ഷിച്ചതു പോലെ തന്നെ ആദ്യ പകുതിയിൽ ബാഴ്‌സയെ അടക്കി ഭരിച്ച സെവിയ്യയെ, രണ്ടാം പകുതിയിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ ബാഴ്‌സ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടുത്തി. അതെ,ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ സെവിയ്യ ആദ്യമായി തോൽവിയെന്തെന്നറിഞ്ഞു .എന്നത്തേയും പോലെ ഇന്നും സെവിയ്യയെ പരാജയപ്പെടുത്താൻ ചുക്കാൻ പിടിച്ചത് നമ്മുടെ ലയണൽ മെസ്സി. എന്തോ സെവിയ്യ എന്ന് കേട്ടാൽ മെസ്സിക്ക് എന്തോ ഒരു ആവേശം ആണ്. ആ ചോര അങ്ങട്ട് തിളക്കും.

നമ്മളെ വളരെ നിരാശയിലാക്കിയ ആദ്യ പകുതിയായിരുന്നു കണ്ടത്. ആദ്യ മിനുട്ടിൽ രണ്ടു ടീമും ആക്രമിച്ചു തന്നെ തുടങ്ങിയപ്പോൾ ഒരു ത്രില്ലർ ഗെയിം ആണ് നമ്മൾ പ്രതീക്ഷിച്ചതു. പക്ഷെ പിന്നീട് അങ്ങോട്ട് സെവിയ്യയുടെ കയ്യിലായിരുന്നു കളി മുഴുവനും. പതിനഞ്ചാം മിനുട്ടിൽ അവർ അർഹിച്ച ഗോളും നേടി. പ്രതിരോധിക്കാൻ ശ്രമിച്ച റോബർട്ടോക്ക് പിഴച്ചപ്പോൾ സെവിയ്യ ഒരു ഗോളിന് മുന്നിൽ. പിന്നീട് അങ്ങോട്ട് അവർ ഏതു നിമിഷവും ലീഡ് ഉയർത്തും എന്ന് തോന്നിപ്പിച്ചു. ആദ്യ പകുതി അങ്ങനെ അവസാനിക്കും എന്ന് തോന്നിച്ചപ്പോൾ ബാഴ്‌സയുടെ ഉയിർത്തെഴുനേൽപ്പിനു ചുക്കാൻ പിടിച്ചു കൊണ്ട് മെസ്സി ഗോൾ നേടി. അത്രയും സമയം മെസ്സിയെ വിദഗ്ധമായി പൂട്ടിയ സെവിയ്യ പ്രതിരോധത്തിന് ഒരു നിമിഷം, ഒരേയൊരു നിമിഷം പിഴച്ചപ്പോൾ മെസ്സിയുടെ ഒരു ക്‌ളാസ്സിക് ഫിനിഷിങ് ഗോൾ. ഒപ്പം ആ കൃത്യമായ അസിസ്ററ് നൽകിയ നെയ്മറെ വിസ്മരിക്കാനാകില്ല.

രണ്ടാം പകുതിയിൽ ബാഴ്‌സയുടെ തേരോട്ടമായിരുന്നു. പതിവ് ഫോമിലെത്തിയ ബാഴ്‌സയിൽ എല്ലാവരും ഒന്നിനൊന്ന് തകർത്തു കളിച്ചു. ബാഴ്‌സയുടെ തനത് ശൈലിയിൽ കളി നമ്മുടെ പിള്ളേർ ഏറ്റെടുത്തു. അധികം വൈകാതെ വിജയഗോളും . പന്തുമായി ബാക്‌സിലേക്ക് ഓടിക്കയറിയ മെസ്സി പന്ത്, സുവാരസിന് മറിച്ചു നൽകിയപ്പോൾ സുവാരസിന്റെ കിറു കൃത്യം ഫിനിഷ്. ഒരു ലോകോത്തര ഫിനിഷർ ആണ് താനെന്ന സത്യം ഒരിക്കൽ കൂടി അദ്ദേഹം എല്ലാവർക്കും മുൻപിൽ തെളിയിച്ചു. പിന്നീട് പല തവണ നമ്മൾ ഗോളിനടുത്തെത്തിയെങ്കിലും സെവിയ്യ ഗോളിയുടെ മികച്ച പ്രകടനവും മോശം ഫിനിഷിങ്ങും മത്സരം 2 – 1 എന്ന സ്‌കോറിൽ ഒതുക്കി.

മത്സരത്തിലെ വഴിത്തിരിവ് : രണ്ടഭിപ്രായമില്ല. മെസ്സിയുടെ ഗോൾ. അത് വരെ മോശമായി കളിച്ചിരുന്ന ടീമിന് വല്ലാത്ത ഒരു ആവേശം നൽകിയ ഒരു ഗോൾ ആയിരുന്നു. ആ ഊർജ്ജത്തിൽ നിന്നായിരുന്നു നമ്മുടെ കളിക്കാർ രണ്ടാം പകുതി കളിച്ചത് .

എടുത്തു പറയേണ്ട പ്രകടനം :

* മെസ്സി: മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ ദിവസം. പക്ഷെ നമുക്ക് തന്ന ആ ആശ്വാസവും ആവേശവും വല്ലാത്തതായിരുന്നു. ടീമിന് ഏറ്റവുമധികം വേണ്ട സമയത്തു ഒരു ഗോൾ ഒപ്പം ഒരു അസിസ്റ്റും

* സുവാരസ് & നെയ്മർ : മികച്ചു തന്നെ കളിച്ചു. എങ്കിലും കൂടുതൽ ഗോളുകൾ നേടാമായിരുന്നു . ഫിനിഷിങ് മെച്ചപ്പെടുത്തണം.

* മഷറാനോ : ഇന്നത്തെ സ്‌കോർ ബോർഡ് ഈ നിലയിൽ എത്തിച്ചതിനു ഏറ്റവും അധികം കടപ്പാട് ഈ മനുഷ്യനോടാണ്. കിടിലൻ പ്രകടനം. കൃത്യമായ ഇന്റർസെപ്‌ഷനും ടാക്ലിങ്ങുകളും. അദ്ദേഹത്തിന്റെ പരിചയസമ്പത്തു മുഴുവൻ നമ്മൾ ഈ മത്സരത്തിൽ കണ്ടു. ഏതാനും കളികൾ ഒന്ന് ഔട്ട് ഓഫ് ഫോം ആയപ്പോൾ മുറവിളി കൂട്ടിയവർക്ക് ഉള്ള ഉഗ്രൻ മറുപടിയായിരുന്നു ഈ മത്സരം.

* ഡെനിസ് സുവാരസ് : ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പകുതിൽ മികച്ചു നിന്നു . മെസ്സിയുടെ ആദ്യ ഗോളിനുള്ള നീക്കം തുടങ്ങിവെച്ചതും സുവാരസ് ആയിരുന്നു.

* ഉംറ്റിറ്റി : പതിവ് പോലെ ഉജ്വല പ്രകടനം. എത്ര പെട്ടന്നാണ് ബാഴ്‌സയുടെ കേളീശൈലി പഠിച്ചെടുത്തത്. സെവിയ്യയുടെ വേഗതയേറിയ മുന്നേറ്റക്കാർക്കെതിരെ ഒപ്പത്തിനൊപ്പം നിന്ന് കളിച്ചു ഉംറ്റിറ്റി . സമയോചിതമായ ക്ലിയറിങ്‌സ്

ശ്രദ്ധിക്കേണ്ട കാര്യം

* പിൻനിര വരുത്തുന്ന പിഴവുകൾ . കഴിഞ്ഞ പല മത്സരങ്ങൾ ആയി കാണുന്ന പ്രവണതയാണത്. അത് ആ മത്സരം തന്നെ മൊത്തത്തിൽ മാറ്റിമറിച്ചേക്കാം .റോബർട്ടോ തുടർച്ചായി അത് വരുത്തുന്നു. ഒന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ റോബർട്ടോ ഒരു ഡിഫന്റർ അല്ല എന്ന കാര്യം നമ്മൾ മറക്കരുത്. ഒരു റൈറ്റ് ബാക്ക് വരേണ്ടത് തന്നെയാണ് ഈ അവസ്ഥ മാറാൻ വേണ്ടത്.

*ബുസി – റാകി : രണ്ടാം പകുതിയിൽ മികച്ചു കളിച്ചെങ്കിലും പതിവ് ഫോമിലേക്കെത്തിയിട്ടില്ല രണ്ടു പേരും. ഇന്നും ബുസിയുടെ മിസ് പാസിൽ അവർ ഗോളിനടുത്തെത്തിയതാണ്. റാക്കിയാകട്ടെ ഗോളിനായി കിട്ടിയ സുവർണ്ണാവസരം മുതലെടുക്കാനായില്ല . രണ്ടു പേരും ഒന്ന് ഉഷാർ ആയാൽ നമ്മളുടെ പകുതി പ്രശ്നം തീരും.

അങ്ങനെ ഈ സീസണിലെ മറ്റൊരു ഭീഷണി കൂടി ബാഴ്‌സ മറികടന്നിരിക്കുകയാണ്. പക്ഷെ കടമ്പകൾ ഇനിയുമേറെയുണ്ട്. അവയെ അതിജീവിക്കാനും ഇത്തരം മികച്ച പ്രകടനങ്ങൾ കൂടിയേ തീരൂ. ഇന്ന് രണ്ടാം പകുതിയിൽ പുറത്തെടുത്ത പ്രകടനം ആണ് ഞങ്ങൾ ഇനിയുള്ള മത്സരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.ഒരെണ്ണം വഴങ്ങിയാൽ പത്തെണ്ണം തിരിച്ചടിക്കണം. നിങ്ങൾക്ക് അതിനു കഴിയും എന്ന് നിങ്ങൾ ഇന്ന് തെളിയിച്ചു. ഇന്ന് നിങ്ങൾക്കുണ്ടായ ആ ഉത്തേജനമാണ് ഇനിയുള്ള മത്സരങ്ങളിലും ഗോൾ വഴങ്ങിയാൽ തിരിച്ചടിക്കാൻ ഉണ്ടാകേണ്ടത്.

  • SHARE :