മാച്ച് റിവ്യൂ – ബാഴ്‌സലോണ 2 – 2 റയൽ മാഡ്രിഡ്
•| മാച്ച് റിവ്യൂ |•
|| ബാഴ്‌സലോണ 2 – 2 റയൽ മാഡ്രിഡ്||
~ The invincibles – Los invencibles – إينفينسبلس – അപരാജിതർ ~
അപരാജിതർ എന്ന വാക്കിന്റെ വിവിധ ഭാഷകളിലുള്ള വാക്കുകളാണ് മുകളിൽ. ഇവക്കെല്ലാം ഒരു പര്യായമുണ്ട്, ബാഴ്‌സലോണ. അതേ , സ്പാനിഷ് ലീഗിൽ അപരാജിതരായി ബാഴ്‌സലോണ മുന്നോട്ട്. ലീഗ് റൌണ്ട് 35 ൽ നടന്ന എൽ ക്‌ളാസികോ മാമാങ്കത്തിൽ ബാഴ്‌സയുടെ അപരാജിത കുതിപ്പിന് തടയിടാൻ റയൽ മാഡ്രിഡിന് കഴിയാതെ വന്നപ്പോൾ സ്വന്തം റെക്കോർഡ് സ്വയം തിരുത്തിക്കുറിച്ചുകൊണ്ട് ബാഴ്‌സ മുന്നോട്ട് തന്നെ. പത്തുപേരുമായി ഒരു പകുതി കളിച്ചിട്ടും, പോരാട്ട വീര്യം കെടാതെ സൂക്ഷിച്ച ബാഴ്‌സ, വിജയത്തോളം പോന്ന സമനിലയുമായി ഈ സീസണിലെ ക്ലാസികോ അവസാനിപ്പിച്ചിരുന്നു.
ലീഗിലെ കിരീടധാരണം ഇതിനോടകം നടന്നതിനാൽ, ആത്മാഭിമാനം സംരക്ഷിക്കാനും ബാഴ്‌സയുടെ അപരാജിത കുതിപ്പ് തടയിടാനുമുള്ള പദ്ധതിയുമായാണ് റയൽ മാഡ്രിഡ് ബാഴ്‌സയുടെ മണ്ണിൽ വന്നിറങ്ങിയത്. എന്ത് വിലകൊടുത്തും ബാഴ്‌സയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ഒരു ഇലവനെ തന്നെയാണ് ഇറക്കിയത്. ബാഴ്‌സയും ഏകദേശം ഇതേ മനസികാവസ്ഥയിലായിരുന്നു. പക്ഷെ ബാഴ്‌സക്ക് തോൽക്കാതിരിക്കണമായിരുന്നു. ക്ലസിക്കോയിലെ പരാജയം എത്രമാത്രം കഠിനമാണെന്നു അവർക്കറിയാം, ഒപ്പം ഇത്രയും നാളായി തങ്ങൾ കൈവശം വക്കുന്ന അപരാജിത മുന്നേറ്റം റയലിന് മുന്നിൽ അടിയറ വെക്കാൻ ബാഴ്‌സയും ഒരുക്കമായിരുന്നില്ല. എല്ലാത്തിനുമുപരി, ഡോൺ ആന്ദ്രെസ് ഇനിയേസ്റ്റയുടെ അവസാന ക്ലാസികോ മത്സരം വിജയത്തോടെയാകണമെന്ന ആഗ്രഹം ബാഴ്‌സക്കുമുണ്ടായിരുന്നു. എന്നത്തേയും പോലെ ക്ലാസികോ തീപാറാൻ ഇക്കാരണങ്ങൾ എല്ലാം ധാരാളം.
പ്രതീക്ഷിച്ച പോലെ 4 – 4 – 2 ലൈൻ അപ്പുമായാണ് ബാഴ്‌സ ഇറങ്ങിയത്. റോബർട്ടോ, പീക്കെ, ഉംറ്റിറ്റി , ആൽബ എന്നിവർ അടങ്ങിയ പിൻനിരയും, ഇനിയേസ്റ്റ, ബുസി, റാക്കി, കൊട്ടീഞ്ഞോ എന്നിവർ അണിനിരന്ന മധ്യനിരയും സുവാരസും മെസ്സിയും ഒത്തുചേർന്ന മുന്നേറ്റവും ആയപ്പോൾ നമ്മൾ പ്രതീക്ഷിച്ച അതേ ലൈൻ അപ്പ് തന്നെയാണ് വന്നത്. മത്സരം ആരംഭിച്ചു അധികം കഴിയും മുൻപേ ബാഴ്‌സ ആദ്യ ഗോൾ നേടി. മാഴ്സെലോയുടെ അസാന്നിധ്യത്തിൽ റയൽ മാഡ്രിഡിന്റെ ഇടത് വിങ്ങിൽ രൂപപ്പെട്ട വലിയ സ്പേസ് ലക്ഷ്യമാക്കി സുവാരസ് മധ്യനിരയിൽ നിന്നും നൽകിയ പാസ് ലക്ഷ്യമാക്കി റോബർട്ടോ വിങ്ങിൽ ഓടിയെത്തി. ഒപ്പം മൈതാനമധ്യത്തിലൂടെ സുവാരസും മെസ്സിയും ഒരുപോലെ മുന്നേറുന്നുണ്ടായിരുന്നു. രണ്ട് സെന്റർ ബാക്കുകളെയും തന്നിലേക്ക് ആകർഷിച്ചുകൊണ്ട് മെസ്സി മുന്നേറിയപ്പോൾ സുവാരസ് സർവ്വസ്വതന്ത്രനായി. സുവാരസിനെ ലക്ഷ്യം വച്ച് റോബർട്ടോയുടെ ഒരു കിടിലൻ ക്രോസ്, നിലംതൊടും മുൻപേ സുവാരസിന്റെ ഒരു കിടിലൻ ഫിനിഷിങ്. പന്ത് ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിലൂടെ കയറിയപ്പോൾ ഗോൾ കീപ്പർ ചാടിയത് എതിര്ദിശയിലേക്കായിരുന്നു. പക്ഷെ ബാഴ്‌സയുടെ ആഹ്ലാദം അധികസമയം നീണ്ടുനിന്നില്ല. ക്രിസ്റ്റിയാനോ റൊണാൾഡോ തുടങ്ങിവച്ച നീക്കം, ബെൻസിമയുടെ ഹെഡ്ഡറിനൊടുവിൽ റൊണാൾഡോ തന്നെ ബാഴ്‌സ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ശേഷം ബാഴ്‌സയുടെ ഭാഗത്തു നിന്നും കൂടുതൽ ആക്രമിച്ചു കളിക്കുന്നത് സ്വപ്നം കണ്ട ആരാധകർക്ക് പക്ഷെ നിരാശയായിരുന്നു ഫലം. ആക്രമണത്തിൽ കൂടുതൽ മൂർച്ച കാണിച്ച റയൽ, പലകുറി ബാഴ്‌സ ഗോൾമുഖം വിറപ്പിച്ചു. ഒരുവേള കീപ്പർ മാത്രം മുൻപിൽ നിൽക്കെ റൊണാൾഡോക്ക് ലഭിച്ച സുവർണാവസരം സ്റ്റീഗന്റെ മിടുക്കിലാണ് ഗോൾ ആകാതെ പോയത്. ആദ്യ പകുതി ഇത്തരത്തിൽ അവസാനിക്കും എന്ന് കരുതിയപ്പോഴാണ് ബാഴ്‌സയ്ക്ക് ഇരുട്ടടിയായി റോബർട്ടോക്ക് റെഡ് കാർഡ് ലഭിക്കുന്നത്. കളിക്കിടെ മാഴ്സെലോയും റോബർട്ടോയും തമ്മിലുണ്ടായ ചെറിയ കയ്യാങ്കളി പക്ഷെ റഫറി റോബർട്ടോക്ക് കടുത്ത ശിക്ഷ വിധിക്കുന്നതിലാണ് അവസാനിച്ചത്. ബാഴ്‌സയുടെ അപരാജിത കുതിപ്പ് അവിടെ അവസാനിച്ചുവെന്ന് എല്ലാവരും കരുതി.
രണ്ടാം പകുതി മാറ്റത്തോടെ തുടങ്ങാൻ ബാഴ്‌സ നിർബന്ധിതരായി. റോബർട്ടോക്ക് പകരം സെമെടോ റൈറ്റ് ബാക്കായി എത്തിയപ്പോൾ സ്ഥാനം ത്യജിക്കേണ്ടി വന്നത് കൊട്ടീഞ്ഞോക്കാണ്. ബാഴ്‌സ തുടർന്ന് ആ മത്സരത്തിൽ സ്വീകരിക്കാൻ പോകുന്ന രീതിയെ ആശങ്കകളോടെയാണ് നമ്മൾ നോക്കിക്കണ്ടത്. കാരണം ചില സമയങ്ങളിൽ കൂടുതൽ ഡിഫെൻസിവ് ആകുന്ന പ്രവണത കാണിക്കുന്ന ടീം ഇന്നലെ അതിനു എങ്ങാനും മുതിർന്നാൽ ഗുണത്തേക്കാളുപരി ദോഷമാണ് ഉണ്ടാവുക എന്ന ഭയമായിരുന്നു എങ്ങും. പക്ഷെ ടീം കൂടുതൽ ആക്രമിക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചത്. തോൽവി ഒഴിവാക്കണം എന്ന ദൃഢനിശ്ചയമുള്ളതിനാലാകും എല്ലാവരും പിന്നീടങ്ങോട്ട് മാരകമായ പ്രകടനമായിരുന്നു. അധികം വൈകാതെ ബാഴ്‌സ വീണ്ടും ലീഡെടുത്തു. ഇടതു വിങ്ങിൽ സുവാരസ് നടത്തിയ നീക്കത്തിനൊടുവിൽ മെസ്സിയുടെ ഗോൾ. പത്തു പേരായി ചുരുങ്ങിയിട്ടും ബാഴ്‌സ വീണ്ടും മുന്നിലെത്തിയിരിക്കുന്നു. പക്ഷെ ആ മുന്നേറ്റത്തിനിടയിൽ സുവാരസ് വരാനെ ഫൗൾ ചെയ്തിരുന്നുവെന്ന് പിന്നീട് റീപ്ലേകൾ വ്യക്തമാക്കിയിരുന്നു. ലീഡ് നേടിയിട്ടും അതിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കാതെ കൂടുതൽ ആവേശത്തിൽ മുന്നേറ്റം നടത്താൻ ശ്രമിക്കുന്ന ബാഴ്‌സയെ കണ്ടപ്പോൾ അൽപ്പം അതിശയോക്തി തോന്നാതിരുന്നില്ല. വല്ലാത്ത ഗോൾ വ്യഗ്രതയോടെ കളിച്ച മെസ്സി മികച്ച ചില അവസരങ്ങൾ തുറന്നെടുത്തെങ്കിലും കെയ്‌ലർ നവാസിന്റെ മിടുക്കിന് മുൻപിൽ അവ നിഷ്പ്രഭമായി. മറുവശത്തു റയലും മികച്ച നീക്കങ്ങളുമായി നിരന്തരം അപകടം വിതച്ചുകൊണ്ടിരുന്നു. എഴുപത്തിരണ്ടാം മിനിറ്റിൽ അവർ ഒപ്പമെത്തുകയും ചെയ്തു. ആളെണ്ണത്തിലെ കുറവിന്റെ പരിണിതഫലമായി മാർക്കിങ് പിഴച്ചപ്പോൾ അസെൻസിയോയുടെ പാസിൽ ബെയിലിന്റെ മികച്ച ഫിനിഷ്. മത്സരം അന്ത്യത്തോടടുക്കും തോറും ഇരുകൂട്ടരും വിജയിക്കാൻ ശ്രമിച്ചെങ്കിലും സമനിലക്കുരുക്ക് അഴിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഫൈനൽ വിസിലൂതുമ്പോൾ ബാഴ്‌സ ആഹ്ലാദാരവങ്ങളിലേക്ക് ഊർന്നിറങ്ങിയിരുന്നു.
മത്സരത്തെക്കുറിച്ചു പറയുകയാണെങ്കിൽ ഏറെ സംതൃപ്തിയുണ്ട്. സാധാരണ സമനിലകൾ നമുക്ക് അധികം സ്വീകാര്യമല്ലെങ്കിലും ഇന്നലെ പക്ഷെ നേടിയ സമനിലേക്ക് വിജയത്തോളം മാധുര്യമുണ്ട്. പത്തുപേരുമായി 45 മിനിറ്റ് കളിക്കുക എന്നത് ഒരു ദുസ്വപ്നം പോലെയാണ്. പക്ഷെ ഇന്നലെ അത്തരം പ്രതിസന്ധികൾക്കിടയിലും ടീം കാഴ്ചവെച്ച മനോവീര്യം നമ്മളെ സന്തോഷിപ്പിക്കുന്നു. കേവലം ഗോൾ വഴങ്ങാതിരിക്കാൻ മാത്രമല്ല ഗോൾ നേടാനും നമ്മൾ ശ്രമിച്ചിരുന്നു. അത് തന്നെയായിരുന്നു ശരിയായ മാർഗവും. ആക്രമണം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം. ഇന്നലെ കൂടുതൽ പാളിച്ചകൾ കണ്ടത് പാസിങ്ങിലാണ്. മിസ്പാസുകൾ ഏറെയുണ്ടായിരുന്നു. ഒപ്പം അലക്ഷ്യമായ ത്രോ ഇന്നുകളും. നമ്മൾ നഷ്ടപ്പെടുത്തിയ ഓരോ പന്തും മാഡ്രിഡിന് അവസരങ്ങൾ നൽകുകയായിരുന്നു.
വ്യക്തിഗത പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ കളിച്ച 45 മിനിറ്റ് മികവോടെ കളിച്ചു തന്നെയാണ് റോബർട്ടോ മടങ്ങിയത്. ആദ്യ കളിയിലെ മികച്ച താരങ്ങളിൽ ഒരാൾ. സുവാരസിന് കൊടുത്ത ആ അസിസ്റ്റ് അദ്ദേഹത്തിന്റെ മാറ്റ് വെളിവാക്കുന്നു. ഒരുനിമിഷത്തെ ചാപല്യം കൊണ്ടാണ് റെഡ് കാർഡ് ലഭിച്ചത്. പീക്കെ ഇന്നലെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അവശ്യ സമയങ്ങളിൽ മികച്ച ക്ലിയറൻസ് ഉണ്ടായിരുന്നു. പക്ഷെ പലപ്പോഴും പൊസിഷൻ മറന്ന് മുന്നോട്ട് കയറുന്നതു കാണാമായിരുന്നു. വിജയം സുനിശ്ചിതമായ കളികളിൽ അത്തരം പ്രവൃത്തികൾ ദോഷമുണ്ടാകില്ലെങ്കിലും ക്ലസികോ പോലെയുള്ള മത്സരങ്ങളിൽ ഒരുപക്ഷെ മോശമായി ഭവിച്ചേക്കാം. ഉംറ്റിറ്റിയും ആൽബയും തരക്കേടില്ലത്ത പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും ചില സമയങ്ങളിൽ ഏകാഗ്രതക്കുറവുള്ള പോലെ തോന്നി. രണ്ടാം പകുതിയിൽ കളത്തിലെത്തിയ സെമെഡോ അതിമനോഹരമായ പ്രകടനമാണ് കാഴ്ചവെച്ചത്. വലതുവിങ്ങിൽ ഒരു ഓളം സൃഷ്ടിക്കാൻ അദ്ദേഹത്തിനായിരുന്നു. ഡിഫെൻസിലും പ്രശംസ അർഹിക്കുന്ന പ്രകടനം.
സാധാരണ ക്ലാസികോ പോലെയുള്ള മത്സരങ്ങളിൽ ഏറ്റവും ക്‌ളാസ് പ്രകടനം കാഴ്‌ചവെക്കുന്ന ബുസി ഇന്നലെ പക്ഷെ അൽപ്പം മോശമായിരുന്നു എന്ന് തോന്നിച്ചു. മിസ്പാസുകളും മറ്റും ധാരാളം. ഒപ്പം പലതവണ പോസെഷൻ അനായാസം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇനിയേസ്റ്റ നന്നായി തന്നെ കളിച്ചു. ആ മാന്ത്രികന്റെ അവസാന ക്ലാസികോ അദ്ദേഹം തന്നെക്കൊണ്ട് ചെയ്യാവുന്ന രീതിയിൽ മികച്ചതാക്കി. റൈറ്റ് വിങ്ങിൽ കളിക്കേണ്ടിവന്നതിനാലാകണം കൊട്ടീഞ്ഞോക്ക് തന്റെ സ്വസിദ്ധ പ്രകടനം കാഴ്ചവെക്കാനായില്ല. ഒപ്പം ഇന്നലെ അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലാസിക്കോ മത്സരമായിരുന്നു താനും. വരും ക്ലാസികോകൾ മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. ഡോണിന് പകരമെത്തിയ പൗളിഞ്ഞോ തരക്കേടില്ലാതെ കളിച്ചു. എങ്കിലും സ്‌കോർ ചെയ്യാനുള്ള അനായാസ അവസരങ്ങൾ അദ്ദേഹം നഷ്ടപ്പെടുത്തി.
സുവാരസിന്റെ പോരാട്ടവീര്യം ഏറെ കണ്ട മത്സരമായിരുന്നു ഇന്നലെ. ഒരുപക്ഷെ ടീമിൽ ഏറ്റവുമധികം വീറും വാശിയോടെയും നിന്ന ആൾ സുവാരസ് തന്നെയായിരുന്നു. ഗോളും മികച്ചതായിരുന്നു. എങ്കിലും അനാവശ്യമായ ഫൗൾ ശ്രമങ്ങൾ ഏറെയുണ്ടായിരുന്നു. മെസ്സി വീണ്ടും വീണ്ടും തന്റെ ക്‌ളാസ് തെളിയിക്കുന്നു. പത്തുപേരുമായി ചുരുങ്ങിയപ്പോൾ ആക്രമണത്തിന്റെ ചുമതല സ്വന്തമായി ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു. എണ്ണം പറഞ്ഞ ചില നീക്കങ്ങൾ ഇന്നലെ ഉണ്ടായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ കൂടുതൽ സ്‌കോർ ചെയ്യാനായില്ല. എങ്കിലും ആ ഊർജ്ജം നമ്മളെ ഏറെ സന്തോഷവാനാക്കി.
ഇന്നലത്തെ മത്സരത്തിൽ ഏറ്റവും പ്രശംസ അർഹിക്കുന്ന ഒരു കളിക്കാരനുണ്ടെങ്കിൽ അത് റാക്കിറ്റിച് ആണ്. വാക്കുകൾക്ക് അതീതമായ പ്രകടനം. കളിയുടെ എല്ലാ ഭാഗത്തും, എല്ലാ രീതിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എൽ ക്ലസികോ പോലെയുള്ള മത്സരങ്ങളിൽ എന്നും മികച്ച പ്രകടനം പുറത്തെടുക്കുന്ന അദ്ദേഹ ഇന്നലെയും പതിവ് തെറ്റിച്ചില്ല. മധ്യനിര മൊത്തത്തിൽ കയ്യടക്കി. ഒപ്പം ആവിശ്യ സമയങ്ങളിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഹാജർ. വിമർശകരുടെ വായടപ്പിച്ചുള്ള മറ്റൊരു പ്രകടനം കൂടി.
ഇവക്കെല്ലാം ഒപ്പം ഇന്നലത്തെ റഫറിയിങ് നിലവാരത്തകർച്ചയയും എടുത്തു പറയേണ്ടതാണ്. നിർഭാഗ്യവശാൽ റഫറിയുടെ ഭാഗത്തു നിന്നും തെറ്റായ അനവധിതീരുമാനങ്ങൾ ഇരുടീമുകളുടെ നേർക്കും വന്നു. ക്ലാസികോ പോലെയുള്ള മത്സരങ്ങളിൽ അത്തരം തീരുമാനങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിക്കുന്നു. VAR പോലെയുള്ള സാങ്കേതിക മാർഗങ്ങൾ വന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാം എന്ന് പ്രത്യാശിക്കുന്നു.
അങ്ങനെ ബാഴ്‌സയുടെ ജൈത്രയാത്ര തുടരുകയാണ്. ഏതാനും മത്സരങ്ങൾ കൂടി കഴിഞ്ഞാൽ പരാജയമറിയാതെ ലീഗ് പൂർത്തിയാക്കിയ ആദ്യ ടീം എന്ന ബഹുമതി ബാഴ്‌സയെ കാത്തിരിക്കുകയാണ്. മികച്ച പ്രകടനം തുടരുക. ആ ലക്ഷ്യം നമുക്ക് നേടാനാകും.
#RETARD