• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ vs ബൊറൂഷ്യ മൊൻഷൻ ഗ്ലാഡ്ബാഹ്

  • Posted On December 8, 2016

ബാഴ്‌സലോണ 4 – 0 മൊൻഷൻ ഗ്ലാഡ്ബാഹ് <br>

വളരെ മികച്ച മത്സരം. എതിരാളികൾ താരതമ്യേന ദുർബലരായിരുന്നെങ്കിലും , നമ്മുടെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെക്കാൻ തന്നെ ശ്രമിച്ചു. ഏറ്റവുമധികം ഇഷ്ടമായത് ചില താരങ്ങളുടെ മികവാർന്ന പ്രകടനമാണ്. ബാഴ്‌സലോണയുടെ ശൈലിയിലേക്ക് അവർ പതുക്കെ ഇഴുകിച്ചേരുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങുന്നു. ഇതിൽ പരം സന്തോഷം എന്തുണ്ട്.? പ്രതീക്ഷിച്ചതു പോലെ കളം മുഴുവനും അടക്കി ഭരിച്ച കളി . മുഴുവൻ സമയവും പൊസിഷൻ കൈവിടുന്നില്ല. നല്ല പാസിംഗ് ഗെയിം. പിന്നെ വല്ലപ്പോഴും ബൊറൂഷ്യ ഒരു ആക്രമണത്തിന് തുനിഞ്ഞാൽ , അതിവേഗം പന്ത് റിക്കവർ ചെയ്യുന്നു. നല്ല ഒരു ടീം വർക്ക് കാണാമായിരുന്നു.

കാര്യമായ സംഭവങ്ങൾ ഒന്നും അരങ്ങേറാത്തതായിരുന്നു ആദ്യ പകുതി. തുടക്കം മുതൽ ഒടുക്കം വരെ പന്ത് ബാഴ്‌സയുടെ കയ്യിൽ തന്നെ. ബൊറൂഷ്യയുടെ ബോക്സിനു തൊട്ടു വെളിയിൽ ആയിട്ടാണ് നമ്മുടെ ഡിഫൻഡേർസ് വരെ നിൽക്കുന്നത്. അത്രമാത്രം മുന്നോട്ട് അഡ്വാൻസ് ചെയ്താണ് ബാഴ്‌സ മത്സരം തുടങ്ങിയത് തന്നെ. അധികം വൈകാതെ മെസ്സിയിലൂടെ ആദ്യ ഗോൾ. നെയ്മറിന്റെ അഭാവത്തിൽ ഇടതു വിങ്ങിൽ ഇറങ്ങിയ ടുറാൻറെ ഒരു പാസിൽ മെസ്സിയുടെ അനായാസ ഫിനിഷിങ്, തൊട്ടുപിന്നാലെ അവസരങ്ങൾ ലഭിച്ചെങ്കിലും തെല്ലിട വ്യത്യാസത്തിൽ ഗോളിൽ നിന്നും അകന്നു.

രണ്ടാം പകുതി തുടങ്ങിയത് മുതൽ അർദ ടുറാൻ ആയിരുന്നു കഥാനായകൻ. ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ തുടർച്ചയായി അടിച്ചു കയറ്റിയത് മൂന്ന് ഗോൾ. മൂന്നും നല്ല വൃത്തിയുള്ള ഫിനിഷിങ്ങോടെ. ഹാട്രിക്കോടെ ടുറാനെയും തൊട്ടു പിന്നാലെ ഇനിയസ്റ്റയെയും പിൻവലിച്ചതോടെ കളി അൽപ്പം മന്ദഗതിയിലായി. എങ്കിലും പിന്നീട് വന്ന റാഫിന്യയും കാർഡോണയും എല്ലാം ചേർന്ന് പിന്നെയും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളുകൾ കൂടുതൽ പിറന്നില്ല.

ശ്രദ്ധിക്കപ്പെട്ട കാര്യങ്ങൾ

* അലക്സ് വിദാൽ : ആദ്യം ഈ കളിക്കാരനെ പറ്റി തന്നെ പറയാം. അതിമനോഹരമായ കളി . കിടിലൻ പേസ് . നല്ല പൊസിഷനിങ്. ഒപ്പം ഡെനിസ് സുവാരസുമായി മികച്ച ഒത്തിണക്കത്തോടെ വലതു വിങ്ങിൽ പല മികച്ച നീക്കങ്ങളും നടത്തി. ക്രോസ്സുകൾക്ക് കൃത്യതയുണ്ട്. പാസ്സിങ്ങും നന്ന് . കുറച്ചു കാലമായി അവസരം ലഭിക്കാതിരുന്ന ഇദ്ദേഹം അവസരം നന്നായി വിനിയോഗിക്കുന്നതിൽ സന്തോഷം തോന്നി.

* അർദ ടുറാൻ : കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഹാട്രിക്കോടെ മത്സരം അവിസ്മരണീയമാക്കി. ഇടതു വിങ്ങിൽ നന്നായി കളിച്ചിരുന്നു. ഒപ്പം കൃത്യമായ പൊസിഷനിംഗോടെ കിടിലൻ ഫിനിഷിങ്ങും. ആ രണ്ടാമത്തെ ഗോൾ എത്ര മനോഹരമായാണ് സ്‌കോർ ചെയ്തത്.

* ഡെനിസ് സുവാരസ് : മികച്ച രീതിയിൽ തന്നെ കളിക്കുന്നു. മധ്യനിരയിൽ നല്ല ഒത്തിണക്കം. വിദാലുമായി ചേർന്ന് നടത്തുന്ന നീക്കങ്ങൾ നന്നായിട്ടുണ്ട്, എങ്കിലും ബോക്സിൽ ലഭിക്കുന്ന ചില അവസരങ്ങൾ നഷ്ട്ടപ്പെടുത്തുന്നതും കണ്ടു .

* ഗോമസ് : പതിയെ ബാഴ്‌സയുടെ രീതിയിലേക്ക് വരുന്നുണ്ട്. മെസ്സി – ഇനിയേസ്റ്റ – ഗോമസ് ത്രയം മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നുണ്ട്. സാഹചര്യം മനസ്സിലാക്കി കൃത്യതയാർന്ന പാസുകൾ വരുന്നുണ്ട്.പല സമയത്തും ബുസിയെ അനുസ്മരിപ്പിക്കുന്ന പല മൂവ്മെന്റും കാണുന്നുണ്ട്. ഡെനിസ് സുവാരസിനെ പോലെ ഫിനിഷിങ് ഭാഗം ഒന്ന് കൂടി മെച്ചപ്പെടണം.

* ഇനിയേസ്റ്റ – മെസ്സി : ഇവർ രണ്ടു പേരെ പറ്റിയും പ്രത്യേകം പരാമർശിക്കേണ്ടതില്ല . എന്നത്തേയും പോലെ കിടു കളി .

*ആൽക്കസ്സർ : തുടർച്ചയായി ഒൻപതാം മത്സരത്തിലും ഗോൾ നേടാനാകാതെ പോയതിന്റെ നിരാശ ആ മുഖത്ത് കാണാം. പക്ഷെ ഞങ്ങൾ പ്രതീക്ഷ കൈവെടിയുന്നില്ല. നല്ല രീതിയിൽ താങ്കൾക്ക് ശോഭിക്കാനാകും. പിന്നെ ഇന്നത്തെ അസിസ്റ്റ് അടിപൊളിയായിരുന്നു. നല്ല ഒരു ക്രോസ്.

അങ്ങനെ ചാമ്പ്യൻസ് ലീഗിലെ ആദ്യ കടമ്പ കഴിഞ്ഞു. ഇനി നറുക്കെടുപ്പിൽ സമയം. ബാഴ്‌സക്ക് എതിരാളികൾ ആരായാലും, അവരെ സധൈര്യം നേരിടാൻ നമ്മുടെ കളിക്കാർക്ക് കഴിയും. എതിരാളികൾ ആരുമായിക്കോട്ടെ , നല്ല വിജയതൃഷ്ണയും മികച്ച ഒത്തിണക്കമുള്ള കളിയുമുണ്ടെങ്കിൽ ബാഴ്‌സക്ക് അപ്രാപ്യമായി ഒന്നുമില്ല .

#RETARD

  • SHARE :