മാച്ച് പ്രീവ്യൂ – ബാഴ്‌സലോണ vs ചെൽസി
യൂറോപ്പിൽ യുദ്ധകാഹളം മുഴങ്ങുകയായി. ഒരു യുദ്ധത്തെ തന്നെ അനുസ്മരിപ്പിക്കുന്ന പോരാട്ടങ്ങൾക്ക് ഒരിക്കൽ കൂടി സമയം ആഗതമായിരിക്കുന്നു. യൂറോപ്പിന്റെ ചാമ്പ്യന്മാരെ കണ്ടെത്തുവാനുള്ള പോരാട്ടത്തിൽ പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സലോണ ചെൽസിയെ നേരിടുകയാണ്. ആദ്യപാദ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഒരു എവേ ഗോൾ എന്ന ആനുകൂല്യവുമായാണ് ബാഴ്‌സ കളിക്കാനിറങ്ങുന്നത്.
പക്ഷെ എവേ ഗോൾ ആനുകൂല്യം കടലാസിൽ ഒതുങ്ങുന്നു. മത്സരം കരുത്തരായ എതിരാളികളോടാണ് എന്നതിനാൽ മികച്ച പ്രകടനം മാത്രമാണ് മുന്നിലേക്ക് ഉള്ള വഴി തുറക്കുക. ഇന്ന് ഒരു ഗോൾ വഴങ്ങിയാൽ ആ ആനുകൂല്യവും നഷ്ടമാകും. അത് കൊണ്ട് തന്നെ ആക്രമണത്തോടൊപ്പം പ്രതിരോധവും മികച്ചു നിന്നാലേ ബാഴ്‌സക്ക് നിലനിൽപ്പുള്ളൂ. കഴിഞ്ഞ മത്സരത്തിൽ ചെൽസിയുടെ അതിവേഗ മുന്നേറ്റ നിരക്കാർക്ക് മുൻപിൽ പലകുറി പാളിയ പ്രധിരോധം ഇന്ന് എങ്ങനെ പ്രകടനം നടത്തുന്നു എന്നത് അതിനിർണ്ണായകമാണ്.
ഒരു പക്ഷെ ഒരു ആക്രമണ മൂഡിലുള്ള ബാഴ്‌സയെ ആയിരിക്കും നമ്മൾ കാണാൻ പോകുന്നത്. മത്സരം കാമ്പ് നോവിൽ ആയതിനാൽ അതിന്റെ ഉത്തേജനം വേറെ. കഴിഞ്ഞ മത്സരത്തിൽ ഉൾപ്പെടുത്താതിരുന്ന ഡെമ്പേലെ ഒരു പക്ഷെ ആദ്യ ഇലവനിൽ വന്നേക്കാം. കഴിഞ്ഞ മത്സരങ്ങളിൽ ആത്മവിശ്വാസം കൈവരിച്ച അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം എന്ന ആവിശ്യവും ശക്തമാണ്. പക്ഷെ എളുപ്പത്തിൽ പോസെഷൻ നഷ്ടപ്പെടുത്തുന്ന ഒരു താരമായതിനാൽ അതിലൂടെ വരുന്ന കൗണ്ടർ അറ്റാക്കുകൾ പ്രതിരോധിക്കാൻ ടീം സജ്ജമായിരിക്കുകയും വേണം. ഒപ്പം പത്തു ദിവസത്തെ ഇടവേള കഴിഞ്ഞ് മെസ്സി തിരികെയെത്തും. ഒപ്പം സുവാരസും ആദ്യ ഇലവനിൽ ഉണ്ടാകും.
അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ഇനിയേസ്റ്റ ഈ മത്സരത്തിൽ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊട്ടീഞ്ഞോക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയില്ല എന്നതിനാൽ ഇനിയെസ്റ്റ പോലെ ഒരാളുടെ സാന്നിധ്യം അത്യാവശ്യമാണ്. പക്ഷെ ആദ്യ ഇലവനിൽ അദ്ദേഹം ഉണ്ടാകുമോ എന്നത് അവ്യക്തമായി തുടരുന്നു. ഇല്ലാത്ത പക്ഷം പൊളിഞ്ഞോ അല്ലെങ്കിൽ ഗോമസ് എന്നിവരെ മധ്യനിരയിൽ കണ്ടേക്കാം. അൽപ്പം ഡിഫെൻസിവ് രീതിയാണ് വൽവെർദേ സ്വീകരിക്കുന്നതെങ്കിൽ ഇവരിൽ ഒരാളെ മൈതാനത്തു കണ്ടേക്കാം. ഒപ്പം റാക്കിയും ബുസിയും ചേർന്ന് മധ്യനിര കയ്യാളും.
പിൻനിരയിൽ റോബർട്ടോ റൈറ്റ് ബാക്ക് സ്ഥാനത് തുടരും. സെമെഡോ ഇതുവരെ പരിക്കിൽ നിന്നും മോചിതനായിട്ടില്ല. ഒപ്പം പീക്കെ, ഉംറ്റിറ്റി എന്നിവർ സെന്റർ ബാക്ക് സ്ഥാനത്തു വരാൻ ആണ് സാധ്യത. വെർമയെലൻ പകരക്കാരുടെ റോളിൽ ഉണ്ടാകും. ലെഫ്റ്റ് ബാക്ക് ആയി യോർദി ആൽബയും എത്തും. വല കാക്കാൻ സ്റ്റീഗനും.
തീർച്ചയായും പ്രവചനാതീതമാണ് ഇന്നത്തെ മത്സരം. ഇരു ടീമുകളും തുല്യശക്തികൾ. തന്ത്രങ്ങളിലും ഇരു ടീമുകളും മികച്ചു നിൽക്കുന്നു. തൊണ്ണൂറു നിമിഷങ്ങൾ നീണ്ടു നിൽക്കുന്ന ആവേശഭരിതമായ ഒരു മത്സരത്തിന് ശേഷം ബാഴ്‌സയുടെ വിജയക്കൊടി വിണ്ണിൽ പാറി നിൽക്കും എന്ന് പ്രതീക്ഷിക്കാം.
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദം
കാമ്പ് നോവ് – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 01:15
തത്സമയം : ടെൻ 2
©Penyadel Barca Kerala
