മാച്ച് റിവ്യൂ : ബാഴ്‌സലോണ 1 – 0 അത്ലറ്റികോ മാഡ്രിഡ് ||
ലീഗിൽ ആരാണ് നിലവിൽ അജയ്യരെന്ന് ഒരിക്കൽ കൂടി ലോകത്തിന് ബാഴ്‌സലോണ കാണിച്ചു കൊടുത്തിരിക്കുന്നു. ഒരു പക്ഷെ ലാലീഗയുടെ ഗതി തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു മത്സരത്തിൽ ലയണൽ മെസ്സിയെന്ന അതിമാനുഷികന്റെ മാസ്മരിക ഗോളിന്റെ ബലത്തിൽ ബാഴ്‌സലോണ അത്ലറ്റികോയെ പരാജിതരാക്കി ലീഗിൽ വ്യക്തമായ മേൽക്കൈ നേടിയിരിക്കുന്നു. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച കളിയുമായി ബാഴ്‌സലോണ കാമ്പ് നോവിൽ നിറഞ്ഞു നിന്നപ്പോൾ മറുപടിയില്ലാത്ത ഒരു ഗോളിന് അത്ലറ്റികോ പരാജിതരായിരിക്കുന്നു. രണ്ടാം സ്ഥാനക്കാരുമായി 8 പോയിന്റ് വ്യത്യാസത്തിൽ ബാഴ്‌സ മുന്നോട്ട്.
നമ്മളെയെല്ലാം ഏറെ ആശങ്കയിലാക്കിയ മത്സരമായിരുന്നു ഇന്നലത്തേത്. അത്ലെറ്റിയുമായി കേവലം അഞ്ച് പോയിന്റ് വ്യത്യാസം. ഒരു തോൽവി അത് രണ്ടാക്കി കുറച്ചേക്കാം. മികച്ച ഫോമിൽ വരുന്ന അത്ലെറ്റി, മികച്ച സ്കോറിങ്ങിമായി വരുന്ന ഗ്രീസ്‌മാൻ. പക്ഷെ എല്ലാത്തിനും ബാഴ്‌സയുടെ പക്കൽ മറുപടിയുണ്ടായിരുന്നു. ആക്രമണത്തിനും മധ്യനിരക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ലൈൻ അപ്പ് ആണ് ഇന്നലെ വൽവെർദേ സ്വീകരിച്ചത്. ടീമുമായി ഇനിയും ഒത്തിണങ്ങിയിട്ടില്ലാത്ത ഡെമ്പേലെയേ ഒഴിവാക്കിയപ്പോൾ ഇനിയേസ്റ്റയെയും കൊട്ടീഞ്ഞോയെയും ഒരുമിച്ച് കളത്തിലിറക്കാൻ അദ്ദേഹം തുനിഞ്ഞു. ഒരേ പൊസിഷനിൽ തന്നെയാണ് ഇരുവരും കളിക്കുന്നതിനാൽ കൊട്ടീഞ്ഞോ റൈറ്റ് വിങ്ങിലായിരിക്കും ഇറങ്ങുക എന്ന് തോന്നിയിരുന്നു. അത് സത്യമായും പുലർന്നു.
ആദ്യനിമിഷം മുതൽ ബാഴ്‌സയായിരുന്നു കളത്തിൽ. ക്ഷമയോടെ പന്ത് കൈവശം വച്ച് തങ്ങളുടെ സ്വസിദ്ധമായ കളി കാഴ്ചവെക്കാൻ അവർ ശ്രമിച്ചു. പ്രായാധിക്യം തന്നെ അലട്ടുന്നില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിക്കൊണ്ട് ഇനിയേസ്റ്റ ഇടതു വിങ്ങിൽ മിന്നൽ നീക്കങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഒപ്പം മികച്ച സപ്പോർട്ടുമായി യോർദി ആൽബ തിളങ്ങിയപ്പോൾ ഇടത് വിങ് കൂടുതൽ ശോഭിച്ചു. ഒപ്പം വലത് വിങ് മെസ്സിയും കൊട്ടീഞ്ഞോയും കൈകാര്യം ചെയ്തപ്പോൾ പലപ്പോഴും ബാഴ്‌സ അത്ലെറ്റിയുടെ ബോക്സിലേക്ക് ഇരച്ചെത്തി. തന്റെ സ്വാഭാവിക സ്ഥാനം അല്ലാതിരുന്നിട്ടുകൂടി തന്നാലാവും വിധം ചെയ്യാൻ കൊട്ടീഞ്ഞോയും ശ്രമിച്ചിരുന്നു. സ്വതവേ പ്രതിരോധത്തിന് പേരുകേട്ട അത്ലെറ്റി ഡിഫൻസ് പലകുറി ഇവരുടെ മികവിന് മുൻപിൽ പതറിയെങ്കിലും ഗോൾ എന്ന ലക്ഷ്യത്തിലേക്ക് ബാഴ്‌സക്ക് എത്താനായില്ല. മറുഭാഗത്തു അത്ലെറ്റിയുടെ ആക്രണം ചിത്രത്തിലെ ഉണ്ടായിരുന്നില്ല. അപൂർവ്വമായി ബാഴ്‌സ നഷ്ടപ്പെടുത്തുന്ന പന്ത് ഒരു നീക്കമായി തുടങ്ങുന്നതിനു മുൻപ് തന്നെ ബാഴ്‌സ മധ്യനിരയും പ്രതിരോധവും ചേർന്ന് നിർവീര്യമാക്കുന്ന കാഴ്ച. ഒരു ശ്രമം പോലും നടത്താനാകാതെ കുഴങ്ങി നിൽക്കുകയാണ് അത്ലറ്റികോ മാഡ്രിഡ്. അധികം വൈകാതെ അർഹിച്ച ഗോളുമായി ബാഴ്‌സ മുന്നിലെത്തി. ബോക്സിനു വെളിയിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുക്കാനെത്തിയത് മെസ്സി. തന്റെ അറുനൂറാം കരിയർ ഗോളിന് ഒരു ഗോൾ മാത്രം ശേഷിക്കെ തന്റെ ഇഷ്ട എതിരാളികൾക്ക് എതിരെ സ്വന്തം മൈതാനത്തു അത് നേടാനുള്ള സുവർണ്ണാവസരം ആയിരുന്നു അത്. പോസ്റ്റിനു മുൻപിൽ അത്ലെറ്റി തീർത്ത മനുഷ്യമതിലിനു മുകളിലൂടെ പറന്ന പന്ത്, പതിയെ താഴ്ന്നു പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ലോകോത്തര കീപ്പറായ ഒബ്ളാക്കിനു തടയാനായില്ല. ഇടതു പാർശ്വത്തിലേക്ക് മുഴുനീളെ ചാടിയ ഒബ്ലാക്കിന്റെ വിരലുകളിൽ സ്പർശിച്ച പന്ത് കാമ്പ് നോവിന്റെ വലക്കണ്ണികളിൽ ഒരിക്കൽ കൂടി ചുംബിച്ചു. മെസ്സിക്ക് മറ്റൊരു റെക്കോർഡും ബാഴ്‌സക്ക് ലീഡും. തൊട്ടുടനെ ഇനിയേസ്റ്റക്ക് പരിക്കേറ്റ് മടങ്ങിയത് പക്ഷെ ആകെ നിരാശരാക്കി. പകരം ആന്ദ്രേ ഗോമസ് കളത്തിലെത്തി. ഇനിയേസ്റ്റയുടെ അഭാവത്തിൽ കൊട്ടീഞ്ഞോ ഇടതു വിങ്ങിലേക്ക് നീങ്ങുകയും ചെയ്തു. മികച്ച ചില അവസരങ്ങൾ കൈവന്നെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാൻ ബാഴ്‌സക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതി അൽപ്പം വത്യസ്തമായാണ് ആരംഭിച്ചത്. സമനില എങ്കിലും നേടിയാലേ ലീഗിൽ പിടിവള്ളിയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അത്ലെറ്റി കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നു. അത് വരെ മികച്ച രീതിയിൽ പ്രതിരോധിച്ച പീക്കെ വലത് കാൽമുട്ടിൽ വേദന മൂലം അൽപ്പം മുടന്തിയതും തിരിച്ചടിയായി. അതോടെ അൽപ്പം പരിഭ്രാന്തിയിലായ ബാഴ്‌സ ചെറിയ രീതിയിലെങ്കിലും പിഴവുകൾ വരുത്തുവാൻ തുടങ്ങി. പക്ഷെ അതെല്ലാം മുതലെടുക്കാൻ അത്ലറ്റികോയെ ബാഴ്‌സ അനുവദിച്ചില്ല. മറുഭാഗത്തു ബാഴ്‌സയും വെറുതെയിരുന്നില്ല. കൊട്ടീഞ്ഞോയും സുവാരസും മെസ്സിയും ചേർന്ന് പലതവണ ബാഴ്‌സയെ ലീഡ് വർധിപ്പിക്കുന്നതിന്റെ വക്കിലെത്തിച്ചു. ധാരാളം കോർണറുകൾ വഴങ്ങിയാണ് അത്ലെറ്റി ആ ശ്രമങ്ങളെ ചെറുത്തത്. ഒരുവേള സുവാരസ് പോസ്റ്റിൽ പന്തെത്തിച്ചിരുന്നെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. കളി അന്ത്യനിമിഷങ്ങളിലേക്ക് നീങ്ങുന്നതിനനുസരിച്ചു ബാഴ്‌സ കൂടുതൽ ഡിഫൻസീവ് ആയി മാറിത്തുടങ്ങി. ഒരു ഗോളിനെങ്കിലും ജയിച്ചാൽ ലഭ്യമാകുന്ന പോയിന്റിൽ കണ്ണ് വെച്ച ബാഴ്‌സ മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. പക്ഷെ ഒരുവേള ബാഴ്‌സയുടെ പ്രതിരോധം പിളർക്കാൻ അവർക്ക് കഴിഞ്ഞെങ്കിലും ഇത്തവണ ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നത് അത്ലെറ്റിക്കെതിരെയായിരുന്നു. അവസാന നിമിഷങ്ങളിലെ അത്ലെറ്റിയുടെ ശ്രമങ്ങളെ കൂട്ടമായി നേരിട്ട ബാഴ്‌സ ഒടുവിൽ അതിപ്രധാനമായ മത്സരത്തിൽ വിജയിച്ചു കയറി.
ഏറെ സന്തോഷം നൽകുന്ന ഒരു വിജയമായിരുന്നു ഇന്നലത്തേത്. അടിച്ചുകൂട്ടുന്ന ഗോളുകളുടെ എണ്ണമല്ല വിജയിക്കുന്ന മത്സരങ്ങളാണ് പ്രധാനമെന്ന് നമ്മൾ തിരിച്ചറിയുന്നു. അതിന് ആക്രമണവും പ്രതിരോധവും ബാലൻസ് ആയിരിക്കണം. അത്തരം രീതിയിലാണ് വൽവെർദേ ഇന്നലെ ടീമിനെ അണിയിച്ചൊരുക്കിയത്. ഡെമ്പേലെയെ ഇറക്കി റിസ്ക് എടുക്കാതെ നിലവിൽ ഉള്ളവരിൽ വിശ്വാസമർപ്പിക്കുക. അവർ അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു. ഇന്നലെ മത്സരത്തിന്റെ എല്ലാ മേഖലയിലും ബാഴ്‌സ മുന്നിട്ടു നിന്നിരുന്നു. മുന്നേറ്റത്തിൽ മെസ്സിയും കൊട്ടീഞ്ഞോയും മികച്ചു നിന്നപ്പോൾ ഇനിയേസ്റ്റ മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്കുള്ള കണ്ണി ആയി പ്രവർത്തിച്ചു. റാക്കിയും ബുസിയും ചേർന്ന് മധ്യനിര അടക്കിഭരിച്ചപ്പോൾ ഉംറ്റിറ്റിയും പീക്കെയും ചേർന്ന് പ്രതിരോധം ശക്തിപ്പെടുത്തി. വിങ്ങുകളിലെ നീക്കങ്ങൾക്ക് ആൽബയും റോബർട്ടോയും ചുക്കാൻ പിടിച്ചപ്പോൾ എല്ലാം സമ്മേളിച്ച ബാഴ്‌സയെ ബാഴ്‌സയെ ആണ് നമ്മൾ കണ്ടത്.കടുത്ത ഷെഡ്യൂളുകൾക്ക് ഇടയിലും ഇത്തരം പ്രകടനം കാഴ്ച വെക്കുന്ന ടീമിനെ അഭിനന്ദിക്കാതെ നിർവാഹമില്ല.
വ്യക്തിഗത പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ മെസ്സി സ്വാഭാവികമായും ഏറ്റവും പ്രശംസ അർഹിക്കുന്നു. ഇന്നലെ ബാഴ്‌സയും അത്ലെറ്റിയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസവും ബാഴ്‌സക്ക് മെസ്സി ഉണ്ടായിരുന്നു എന്നത് തന്നെയാണ്. ഒരൊറ്റ നിമിഷം കൊണ്ടാണ് അദ്ദേഹം മത്സരത്തിന്റെ ഗതി മാറ്റിയത്. ഫ്രീകിക്കിൽ തന്റെ വൈഭവം ഇന്ന് മറ്റാർക്കുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അതിമനോഹങ്ങളായ ഡ്രിബ്ലിങ്ങും പാസിംഗും ഒക്കെ ചേർന്ന് ഒരു മികച്ച പാക്കേജ് ആയിരുന്നു ഇന്നലെത്തെ മത്സരം. സുവാരസ് അൽപ്പം നിരാശപ്പെടുത്തി. കളിയിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ കുറവായിരുന്നു. ബോൾ സപ്ലൈ കുറഞ്ഞത് സ്വാഭാവികമായും അദ്ദേഹത്തെ സാരമായി ബാധിച്ചു. വരും മത്സരങ്ങളിൽ എൽ പിസ്റ്റലേറൊ തകർക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. മെസ്സിയോടൊപ്പം അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ് കൊട്ടീഞ്ഞോ കാഴ്ച വെച്ചത്. സ്പേസുകൾ കണ്ടെത്താനും മികച്ച റണ്ണുകൾ നടത്താനും ആവിശ്യസമയങ്ങളിൽ മികച്ച ഷോട്ടുകൾ ഉതിർക്കാനും അദ്ദേഹത്തിനായി.
മധ്യനിരയെ കുറിച്ച് പറയുകയാണെങ്കിൽ ഇനിയേസ്റ്റയിൽ നിന്ന് തന്നെ ആരംഭിക്കണം. ഇന്നലെ ഗോൾ നേടാൻ ഏറ്റവും ത്വര അദ്ദേഹത്തിനായിരുന്നു എന്ന് തോന്നുന്നു. മധ്യനിരയിൽ നിന്നും ഓരോ നീക്കവും ഗോളിലേക്ക് നീങ്ങാനാണ് അദ്ദേഹം ശ്രമിച്ചത്. ഇടയിൽ വന്ന പരിക്ക് നമ്മളെയെല്ലാം ആകെ നിരാശരാക്കിയിരിക്കുന്നു. അനിമോ ഡോൺ !!! ഇന്നലെ പിച്ചിന്റെ എല്ലാ ഭാഗത്തും കണ്ട ഒരു കളിക്കാരനായിരുന്നു റാക്കി. ഒരു പ്രോപ്പർ മിഡ് ഫീൽഡർ ആയ റാക്കി തന്റെ അനുഭവസമ്പത്ത് മുഴുവൻ കാണിച്ചു തന്നു. ഒപ്പം എന്നത്തേയും പോലെ ബുസിയുടെ കിടിലൻ പ്രകടനവും. ഇനിയേസ്റ്റയുടെ പകരക്കാരനായി എത്തിയ ഗോമസ് ആദ്യ നിമിഷങ്ങളിൽ ഏറെ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് തരക്കേടില്ലാതെ കളിച്ചു. ഇന്നലെ നമ്മളിൽ പലരും ഏറെ വിമർശിക്കുന്നത് കണ്ടിരുന്നു. ആദ്യ നിമിഷങ്ങളിൽ ഏറെ മോശമായിരുന്നു. മികച്ച പലനീക്കങ്ങളും അദ്ദേഹം നഷ്ടപ്പെടുത്തി. പക്ഷെ ഓർക്കേണ്ട ഒരു കാര്യം കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കളിക്കാതിരുന്നിരുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ പെട്ടന്ന് കഴിഞ്ഞു എന്ന് വരില്ല. മാത്രമല്ല ഇന്നലെ ഇനിയെസ്റ്റ തിരികെ കയറിയപ്പോൾ ലഭ്യമായിരുന്ന ഏറ്റവും യോജിച്ച സബ്സ്റ്റിട്യുഷനും ഗോമസ് ആയിരുന്നു. അവസാന നിമിഷങ്ങളിൽ കളത്തിലെത്തിയ പൗളിഞ്ഞോയും മികച്ചു നിന്നു.
ഏറെ സന്തോഷം തോന്നിയത് പ്രതിരോധത്തിന്റെ പ്രകടനത്തിലാണ്. ലോകോത്തരം. ഡീഗോ കോസ്റ്റ, ഗ്രീസ്മാൻ തുടങ്ങിയ ലോകോത്തര ഗോൾ സ്കോറർമാരെ പിടിച്ചു കെട്ടാൻ നമുക്ക് കഴിഞ്ഞു . ഉംറ്റിറ്റിയും പീക്കെയും അങ്ങോട്ട് കട്ടക്ക് നിന്നപ്പോൾ സ്റ്റീഗന് കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല. ഇടത് വലത് വിങ്ങുകളിൽ റോബർട്ടോയും ആൽബയും മികച്ച നീക്കങ്ങൾ സൃഷ്ടിച്ചിരുന്നു. റോബർട്ടോയുടെ റണ്ണുകൾ എന്നത്തേയും പോലെ അതിമനോഹരം. രണ്ടാം പകുതിയിൽ ആൽബ ചില സമയങ്ങളിൽ പോസെഷൻ അനായാസം നഷ്ടപ്പെടുത്തുന്നത് കണ്ടിരുന്നു.
ലീഗിൽ ഇപ്പോൾ നമുക്ക് വ്യക്തമായ മേൽക്കൈ ഉണ്ട് എന്നുള്ളത് ശരി തന്നെ. പക്ഷെ ലീഗിൽ ഇനിയും മത്സരങ്ങൾ ഉണ്ട് എന്നതും നമ്മൾ മറക്കരുത്. ഇന്നലത്തെ പോലെ തന്നെ പ്രധാനമാണ് ഇനിയുള്ള മത്സരങ്ങളും. ആ മത്സരങ്ങളിലും ഇതേ വിജയതൃഷ്ണ നിലനിർത്തി മികവോടെ കളിച്ചാൽ ലീഗ് കിരീടം വിദൂരമല്ല.
#RETARD
©Penyadel Barca Kerala