മാച്ച് പ്രിവ്യു – ബാഴ്‌സ vs അത്ലറ്റിക് ക്ലബ്
ചാമ്പ്യൻസ് ലീഗിൽ ചെൽസിയോടുള്ള തകർപ്പൻ വിജയത്തിന് ശേഷം ബാഴ്‌സ ലാ ലീഗയിൽ ഇന്നിറങ്ങുന്നു. പന്ത്രണ്ടാം സ്ഥാനത്തു നിൽക്കുന്ന അത്ലറ്റിക് ബിൽബാവോ ആണ് എതിരാളികൾ. ഈ സീസണിൽ ലാ ലീഗയിൽ ഇത് വരെ പരാജയമറിയാതെ കുതിക്കുന്ന ബാഴ്‌സ മറ്റൊരു മികച്ച വിജയം ലക്ഷ്യമിട്ടാവും ക്യാമ്പ് നൗവിൽ ഇറങ്ങുക. കിരീടപ്പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡ് തൊട്ടു പിറകിൽ ഉള്ളതു കൊണ്ടും അടുത്ത മാസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും കോപ്പ ഡെൽ റേ ഫൈനലും അടക്കം കടുത്ത ഷെഡ്യൂൾ ബാഴ്‌സയെ കാത്തിരിക്കുന്നതിനാലും വിജയത്തോടെ ഇന്റർനാഷണൽ ബ്രേക്കിന് പോവാനാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്. ഏണസ്റ്റോ വൽവേർദേ ക്ലബ് വിട്ടതിനു ശേഷം ഈ സീസണിൽ അത്ലറ്റിക് ക്ലബ് പ്രതീക്ഷകൾക്കൊത്തുയർന്നില്ല.എന്നാൽ കാറ്റലോണിയയുടെ ബാഴ്സയും ബാസ്ക് പ്രവിശ്യയുടെ അത്ലറ്റിക് ബിൽബാവോയും തമ്മിലുള്ള പോരാട്ടം സ്പെയിനിലെ ക്ലാസ്സിക് പോരാട്ടങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ബാഴ്സയ്ക്കെതിരെ എല്ലായ്‌പോഴും മികച്ച പോരാട്ട വീര്യം കാഴ്ച വെക്കുന്ന അത്ലെറ്റിക്കുമായുള്ള ഇന്നത്തെ മത്സരവും കടുത്തതായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല.
ചെൽസിക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ മിഡ്‌ഫീൽഡ് ജനറൽ സെർജിയോ ഇല്ലാതെയാവും ബാഴ്‌സ ഇന്നിറങ്ങുക. ബാഴ്സയുടെയും അറ്റാക്കിനെയും പ്രതിരോധത്തെയും കണ്ണി ചേർക്കുന്ന ലിങ്ക് ആയ സെർജിയോ ഇല്ലാത്തതു ബാഴ്സയുടെ ആക്രണമങ്ങളെയും പ്രതിരോധത്തെയും ദുര്ബലമാക്കുമെന്നതിൽ സംശയമേതുമില്ല. എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന റാക്കിറ്റിചിൽ വിശ്വാസമർപ്പിച്ചാവും വാൽവേർഡെ ടീമിനെ കളത്തിലിറക്കുക. കൂടെ സസ്പെൻഷൻ കാരണം സുവാരസും കളിക്കില്ല, അത് കൊണ്ടു തന്നെ ബാഴ്സയുടെ പ്രതീക്ഷകളത്രയും മെസ്സി എന്ന അതിമാനുഷന്റെ ചുമലുകളിലാണ്. കൂടെ ചെൽസിക്കെതിരെ ബാഴ്സക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടിയ ടെമ്പേലെയും അവസരത്തിനൊത്ത് ഉയരുകയാണെങ്കിൽ ബാഴ്സയുടെ ആക്രണമങ്ങളെ ചെറുക്കാൻ അത്ലറ്റിക് പ്രതിരോധ നിര ഏറെ പണിപ്പെടേണ്ടി വരും. കഴിഞ്ഞ കളിയിൽ ക്യാമ്പ് നൗ മികച്ച രീതിയിൽ പിന്തുണ കൊടുത്ത ഗോമസ് ഇന്നു ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. അദ്ദേഹം ക്യാമ്പ് നൗവും വാൽവെർദെയും ടീമംഗങ്ങളും നൽകുന്ന വിശ്വാസം കാത്തു സൂക്ഷിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ വിമർശകരുടെ നാവടപ്പിക്കാൻ ഒരു മികച്ച മത്സരം അനിവാര്യമാണ് താനും. ഇനിയേസ്റ്റയും കൗട്ടീഞ്ഞോയും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. പരിക്കിൽ നിന്നും മുക്തരല്ലാത്ത സെമെഡോയും വെർമിനേറ്ററും ഇന്നു ടീമിൽ ഉണ്ടാവില്ല.
സാധ്യതാ ഇലവൻ : ടെർ സ്റ്റയ്ഗൻ,റോബർട്ടോ ,പിക്കെ, ഉംറ്റിറ്റി ആൽബ ,ഗോമസ്, റാക്കിറ്റിച്,ഇനിയേസ്റ്റ കൗട്ടീഞ്ഞോ മെസ്സി ,ഡെമ്പേലെ (4-3-3)
#AEGON
സ്റ്റേഡിയം : ക്യാമ്പ് നൗ
ഇന്ത്യൻ സമയം രാത്രി 08.45 PM
തത്സമയം : Ten 2