•| മാച്ച് പ്രിവ്യു |• ബാഴ്സലോണ vs ഡീപോർട്ടീവോ അലാവേസ്
ലാലീഗയുടെ ചൂടിലേക്ക് ബാഴ്സ ഇന്നിറങ്ങുന്നു. കോപ്പയിലെ ആവേശഭരിതമായ ക്വാർട്ടർ ഫൈനലിന് ശേഷം ബാഴ്സ, ലാലീഗയിലെ ആധിപത്യം തുടരാനുറച്ചാണ് ഇന്ന് കളത്തിലെത്തുന്നത്. എതിരാളികളായി എത്തുന്നത് ലീഗിൽ താഴെത്തട്ടിൽ നിൽക്കുന്ന ഡീപോർട്ടിവോ അലാവേസ്. ലീഗിൽ നിലവിൽ പതിനേഴാം സ്ഥാനക്കാരായ അലാവേസിനെതിരെ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ബാഴ്സയ്ക്ക് സ്വീകാര്യമാവുകയില്ല. കടുത്ത ഷെഡ്യൂളുകളിൽ കൂടി കടന്നു പോകുന്ന ഈ സമയത്തു കളിക്കാരിൽ ചിലർക്കെങ്കിലും അനിവാര്യമായ വിശ്രമം അനുവദിക്കാൻ ഇന്നത്തെ മത്സരത്തെ ഉപയോഗിക്കാം.
കേവലം മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണു ടീം വീണ്ടും കളത്തിലെത്തുന്നത്. കളിക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ ഇടവേളയാണ് ഞങ്ങളെ ആശങ്കാകുലരാക്കുന്നതു. അത് കൊണ്ട് തന്നെ നല്ല രീതിയിൽ റൊട്ടേഷൻ നടത്തി ടീമിന്റെ മൊത്തം ആരോഗ്യം നിലനിർത്തുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. പരിക്കിൽ നിന്നും അധികം പേരും തിരികെയെത്തിയത് ടീമിന് ആശ്വാസമാവുകയാണ്. ഇന്നത്തെ പോലെയുള്ള മത്സരങ്ങളിൽ യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കുട്ടീഞ്ഞോയ്ക്ക് ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം ഏകദേശം ഉറപ്പാണ്. മിനയും ഒരു പക്ഷെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കാം. പക്ഷെ ഒരു സബ്സ്റ്റിട്യൂട്ട് ആയി ഇറങ്ങാനാണ് സാധ്യതയേറെയും.
നിലവിൽ ലീഗിൽ സ്വപ്നതുല്യമായ നിലയിലാണ് ബാഴ്സ. ലീഗ് പകുതി പിന്നിടുമ്പോൾ അപരാജിതർ. രണ്ടാം സ്ഥാനക്കാരിൽ നിന്നും 11 പോയിന്റ് ലീഡ്. എന്തുകൊണ്ടും വാനോളം ഉയർന്നു നിൽക്കുന്ന ആവേശത്തിലാണ് ബാഴ്സ. ഒപ്പം പുതുമുഖങ്ങളുടെ വരവും കൂടിച്ചേരുമ്പോൾ തങ്ങളുടെ യഥാർത്ഥ ശക്തിയിലേക്ക് ബാഴ്സ പതിയെ നടന്നടുക്കുകയാണ്. മുൻമത്സരങ്ങളിൽ എന്ന പോലെ ഇന്നും ആധികാരികമായി ജയിക്കാനാകും ടീമിന്റെ ശ്രമം. മുൻനിരയിൽ സുവാരസിന് ഒരു പക്ഷെ വിശ്രമം അനുവദിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എങ്കിൽ പരിക്കിൽ നിന്നും മുക്തനായി എത്തിയ പാക്കോ ആൽക്കസ്സർ ഇറങ്ങും. മികച്ച ഫോമിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ പരിക്ക്. ആ ഫോം ഇന്ന് തുടരാനാകട്ടെ. മെസ്സിയെ ഫസ്റ്റ് ഇലവനിൽ കണ്ടേക്കാമെങ്കിലും അദ്ദേഹത്തെ അധിക സമയം കളിപ്പിക്കാനിടയില്ല . മധ്യനിരയിൽ ഇനിയേസ്റ്റയുടെ പകരക്കാരനായി കുട്ടീഞ്ഞോ ഇറങ്ങുമെന്ന് ഏകദേശം ഉറപ്പാണ്. മിന്നുന്ന ഒരു പ്രകടനത്തോടെ ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കാൻ അദ്ദേഹത്തിനാകട്ടെ. ഒപ്പം റാക്കി, പൊളിഞ്ഞോ,റോബർട്ടോ എന്നിവരെയാണ് മധ്യനിരയിൽ പ്രതീക്ഷിക്കുന്നത്. ഗോമസിനെയും, ഡെനിസിനെയും സ്ക്വാഡിൽ നിന്നും ഒഴിവാക്കിയതിനാൽ റോബർട്ടോ ഇന്ന് മധ്യനിരയിൽ ഇറങ്ങാൻ സാധ്യത ഏറെയാണ്. ഒപ്പം ബുസ്കെറ്റ്സിന്റെ റോളിൽ റാക്കി ഇറങ്ങിയേക്കും. ഒട്ടുമിക്ക മത്സരങ്ങളിൽ ബൂട്ടണിയുന്ന ഒരാളായതിനാൽ ബുസി ഇന്ന് വിശ്രമം അർഹിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു പക്ഷെ അലീഷ് വിദാൽ മധ്യനിരയിൽ കണ്ടേക്കാം.
പിൻനിരയിൽ സെമെടോ , പീക്കെ/മിന, ഉംറ്റിറ്റി , ഡിന്യേ എന്ന ലൈൻ ആണ് പ്രതീക്ഷിക്കുന്നത്. പിൻനിരയിൽ നമുക്കുള്ള വിശ്വാസം ഒട്ടും ചെറുതല്ല. ഇന്നത്തെ മത്സരത്തിൽ മിനക്ക് തന്റെ കഴിവ് പുറത്തെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണ്. ഒപ്പം വന്മതിലായി സ്റ്റേഗനും ഉണ്ടാകും. ടീമിനെ മുന്നേറ്റത്തിന് മികച്ച റൊട്ടേഷൻ അനിവാര്യമാണ്. എങ്കിലും ടീമിന്റെ സ്ഥിരതയെ ബാധിക്കാത്ത രീതിയിൽ റൊട്ടേഷൻ നടത്തി ലീഗിലെ കുതിപ്പ് തുടരാൻ ടീമിന് ഇന്ന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
©Penyadel Barca Kerala
ലാലിഗ റൌണ്ട് : 21
കാമ്പ് നോവ് – ബാഴ്സലോണ
ഇന്ത്യൻ സമയം രാത്രി : 01:15
തത്സമയം : ടെൻ 2