മാച്ച് റിവ്യൂ – ബാഴ്‌സലോണ 3 – 0 ചെൽസി (അഗ്രിഗേറ്റ് 4 – 1)
ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ബാഴ്‌സലോണ യോഗ്യത നേടിയിരിക്കുന്നു
കാമ്പ് നൗ എതിരാളികൾക്കെന്നും പേടി സ്വപ്നമാണ്. യക്ഷിയും മറുതയുമൊന്നും ഒന്നും അവിടെ ഇല്ലെങ്കിലും, വേറെ ചിലരുണ്ടാകും, ബ്ലോഗ്രാന ജേഴ്സിയണിഞ്ഞ ബാഴ്‌സ കളിക്കാരും, പൂർണ്ണപിന്തുണയുമായെത്തുന്ന ഒരു ലക്ഷത്തിനടുത്തു കാണികളും. ആ കാമ്പ് നൗവിലേക്കാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്വപ്നം കണ്ട് ചെൽസി വന്നു കയറിയത്. ചില കണക്കുകൾ മനസ്സിൽ സൂക്ഷിച്ചിരുന്ന ബാഴ്‌സ അവരെയും കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു. ചെൽസിക്കെതിരെ താൻ എന്നും നിറം മങ്ങുന്നു എന്ന വിമർശനം ഉന്നയിച്ചവരുടെ നാവടപ്പിച്ചു കൊണ്ട് ലയണൽ മെസ്സി മുന്നിൽ നിന്ന് നയിച്ചപ്പോൾ ചെൽസിയെ അടപടലം പൂട്ടി ബാഴ്‌സ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുന്നു. രണ്ട് ഗോളുമായി മെസ്സിയും, മെസ്സിയുടെ തന്നെ അസ്സിസ്റ്റിൽ ഡെമ്പേലെയും നേടിയ ഗോളിന്റെ ബലത്തിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരെ തച്ചുതകർത്താണ് ബാഴ്‌സ മുന്നേറുന്നത്. ഉശിരോടെ കളിച്ച ബാഴ്‌സയ്ക്ക് മുൻപിൽ തന്ത്രങ്ങളില്ലാതെ ചെൽസി തല കുനിക്കേണ്ടി വന്നു. പൂർവാധികം ശക്തിയോടെ ബാഴ്‌സ മുന്നോട്ട്.
ഏറെ നിർണായകമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പാദത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബാഴ്‌സയെ നന്നായി തളച്ച ചെൽസിയുടെ പ്രകടനം നമ്മൾ ആരും മറന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും അന്നത്തെ എവേ ഗോൾ എന്ന അനുകൂല്യം ബാഴ്‌സക്ക് ഉണ്ടായിരുന്നു. എങ്കിലും ആ ആനുകൂല്യത്തിൽ കടിച്ചുതൂങ്ങാതെ തങ്ങളുടെ യഥാർത്ഥ കളി പുറത്തെടുക്കാൻ ഉറച്ചാണ് വൽവേർദേ ടീമിനെ സജ്‌ജമാക്കിയത്. നമ്മൾ എല്ലാവരും ആഗ്രഹിച്ചത് പോലെ ഡെമ്പേലെയും ഇനിയേസ്റ്റയെയും ഉൾപ്പെടുത്തി 4 – 3 – 3 ഫോർമേഷനിൽ തങ്ങളുടെ സ്വാഭാവിക കളി പുറത്തെടുക്കാൻ ആണ് ബാഴ്‌സ തീരുമാനിച്ചത്.
ഒരു പക്ഷെ നമ്മളെല്ലാം ഞെട്ടിയ ഒരു തുടക്കമാണ് ഇന്നലെ ലഭിച്ചത്. പതിയെ തുടങ്ങിയ മത്സരം കേവലം രണ്ട് മിനിറ്റ് പിന്നിട്ടതോടെ തന്നെ ആവേശത്തിലെത്തി. വലതു വിങ്ങിൽ മെസ്സിയും ഡെമ്പേലെയും സുവാരസും ചേർന്ന് നടത്തിയ വൺ ടച് നീക്കത്തിനൊടുവിൽ വെറും 8 ഡിഗ്രി എന്ന ടൈറ്റ് ആംഗിളിൽ നിന്ന് ചെൽസി കീപ്പർ കോർട്ടുവയെ നട്ട്മെഗ്ഗ് ചെയ്തുകൊണ്ട് മെസ്സി ഗോൾ നേടുമ്പോൾ മത്സരത്തിന് പ്രായം കേവലം രണ്ട് മിനിറ്റും എട്ട് സെക്കൻഡും മാത്രം .മെസ്സി ആ ഗോൾ നേടുന്നതിനിടയിൽ ചെൽസി പന്തിൽ തൊട്ടതു കേവലം രണ്ടു തവണ മാത്രം. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ബാഴ്‌സ ആനുകൂല്യം വർധിപ്പിച്ചിരുന്നു. പക്ഷെ ഒരു ഗോൾ വഴങ്ങിയതോടെ കൂടുതൽ ഉണർവോടെ കളിക്കുന്ന ചെൽസിയെ ആണ് കളത്തിൽ കണ്ടത്. എത്രയും വേഗം ഗോൾ മടക്കി മത്സരത്തിൽ തിരിച്ചെത്താൻ ചെൽസി കിണഞ്ഞു ശ്രമിച്ചപ്പോൾ ബാഴ്‌സ ചെറുതായെങ്കിലും ഒന്ന് ഉലഞ്ഞു. അതിവേഗ കളിക്കാരുള്ള ചെൽസി വിങ്ങുകളിലൂടെ ആക്രമണം ശക്തമാക്കി. വലതു വിങ്ങിൽ ഈഡൻ ഹസാഡ് നടത്തിയ ഒരു നീക്കം ഗത്യന്തരമില്ലാതെ മഞ്ഞ കാർഡ് വഴങ്ങിയാണ് റോബർട്ടോ തടഞ്ഞത്. പക്ഷെ കൂടുതൽ ആക്രമിക്കാൻ മുതിർന്നാൽ ബാഴ്‌സ പിന്നെയും പ്രഹരിക്കും എന്ന കാര്യം ചെൽസി ഒരു നിമിഷത്തേക്ക് മറന്നു എന്ന് തോന്നുന്നു. മൈതാനമധ്യത്തിൽ നിന്നും സെസ്‌ക് ഫാബ്രിഗാസിൽ നിന്നും റാഞ്ചിയെടുത്ത പന്തുമായി മെസ്സി മുന്നോട്ട് കുതിച്ചു. ഒരു ഡിഫെൻസിവ് പോസ്ചറിൽ അല്ലാതിരുന്ന ചെൽസി ഡിഫെൻസ് അപകടം മണത്തു മെസ്സിയെ ഏതു വിധേനെയും തടയാൻ ശ്രമിച്ചു. രണ്ട് ടാക്ലിങ്ങുകളിൽ നിന്നും ഒഴിഞ്ഞുമാറി അതിവേഗം മെസ്സി ചെൽസി ബോക്‌സിന് തൊട്ടു വെളിയിൽ എത്തി. കൃത്യമായി ഫോർവേർഡ് റൺ നടത്തിയ സുവാരസിന് മെസ്സി പന്ത് കൈമാറുമെന്ന് ചെൽസിയും, നമ്മളും, ലോകവും വിശ്വസിച്ചപ്പോൾ മെസ്സി പക്ഷെ മറ്റൊരു ഓപ്‌ഷനു സാധ്യത നോക്കുകയായിരുന്നു. ഫാർ പോസ്റ്റിന് മുൻപിലേക്ക് മെസ്സി കണ്ണ് പായിച്ചപ്പോൾ ആ മനസ്സ് വായിച്ചെന്നോണം ഡെമ്പേലെ അവിടേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു. ചെൽസി ബോക്‌സിന് കുറുകെ മെസ്സി നൽകിയ ഒരു പാസ് ഒന്ന് തടഞ്ഞിട്ടു ഡെമ്പേലെ ഉതിർത്ത ഒരു വെടിയുണ്ട കണക്കെയുള്ള ഒരു കിടിലൻ ഷോട്ട്, കോർട്ടുവയുടെ കൈകളിൽ സ്പർശിച്ചു കൊണ്ട് ചെൽസിയുടെ വലയിൽ. !!! ബാഴ്‌സക്കായി ഡെമ്പേലേയുടെ ആദ്യ ഗോൾ. നാളിത്രയായി നമ്മൾ കാത്തിരുന്ന ഒരു ഗോൾ, 140 മില്യൺ വിലയുള്ള ഒരു ഗോൾ. ഏതൊരു യുവതാരത്തെ പോലെയും ടീമുമായി ഇണങ്ങാൻ സമയമെടുത്തപ്പോൾ തന്റെ നേർക്ക് ആവശ്യത്തിലധികം വിമർശനമുന്നയിച്ചവരെ നിശബ്ദമാക്കിയ ഒരു തകർപ്പൻ ഗോൾ. കേവലം ഇരുപത് മിനിറ്റിൽ തന്നെ ബാഴ്‌സ രണ്ടടി മുന്നോട്ട് കയറിയിരിക്കുന്നു. അതിടെ കൂടുതൽ ആക്രമിച്ചു കളിക്കാൻ ചെൽസി നിർബന്ധിതരായി . ഇരുവിങ്ങുകളിലൂടെയും അവർ ഇരച്ചുകയറി ഗോളുകൾക്ക് ശ്രമിച്ചിരുന്നെങ്കിലും സമയോചിതമായി ഇടപെടലോടെ ബാഴ്‌സ ഡിഫെൻസ് അതെല്ലാം നിർവീര്യമാക്കി. ഒപ്പം മുന്നേറ്റത്തിൽ നിന്നും തിരികെ വന്നു ഡെമ്പേലെയും മെസ്സിയുമടക്കമുള്ളവർ ഒന്നിച്ചു നിന്ന് പ്രധിരോധിച്ചതോടെ ബാഴ്‌സ കരുത്തരായി. ഇടയിൽ വന്ന ചില ഷോട്ടുകൾ ടെർ സ്റ്റീഗൻ എന്ന മതിൽ തകർക്കാൻ മാത്രം പോന്നവയായിരുന്നില്ല. ഇടവേളക്ക് തൊട്ടു മുൻപ് ചെൽസിയുടെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് ആശ്വാസമായി.
ഇനി മത്സരത്തിലേക്ക് തിരികെയെത്തണമെങ്കിൽ രണ്ട് ഗോളുകൾ തിരികെ അടിക്കണമെന്ന ഉത്തമബോധ്യത്തോടെ തന്നെയാണ് ചെൽസി കളത്തിലേക്ക് തിരികെയെത്തിയത്. അതിന്റെ ഫലവും കാണാമായിരുന്നു. കനത്ത ആക്രമണം അഴിച്ചുവിട്ട ചെൽസി കളി ആകെ പ്രക്ഷുബ്ധമാക്കി. അൽപ്പം പരിഭ്രമിച്ച ബാഴ്‌സ സ്ഥിരമായി പോസെഷൻ നഷ്ടമാക്കാനും ആരംഭിച്ചു. ഒരു വേള ഗോളിലേക്ക് നീങ്ങുകയായിരുന്ന ചെൽസിയുടെ നീക്കം ഡെമ്പേലേയുടെ കിടിലൻ ടാക്ലിങ്ങിലൂടെയാണ് ബാഴ്‌സ തടഞ്ഞത്. ഏതു ടീമുകൾക്ക് എതിരെ എന്നതുപോലെയും ഈ പ്രതിസന്ധി ഘട്ടത്തെ ബാഴ്‌സ മികച്ച രീതിയിൽ തന്നെ തരണം ചെയ്‌തു . പന്ത് ഹോൾഡ് ചെയ്തു മത്സരത്തിന്റെ ടെമ്പോ കുറച്ച ബാഴ്‌സ ചെൽസിയെ പിന്നെയും തളർത്തി. ഇടയിൽ സുവാരസിന് ലഭിച്ച വൺ ഓൺ വൺ വിത് കീപ്പർ എന്ന സാഹചര്യം മുതലാക്കാൻ കഴിയാതെ പോയത് ആകെ നിരാശപ്പെടുത്തി. പക്ഷെ ചെൽസിയുടെ നെഞ്ചിലെ അവസാനത്തെ ആണിയും അടിക്കാൻ മെസ്സി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇടതു വിങ്ങിൽ ചെൽസിയുടെ പാസ് കട്ട് ചെയ്തു യോർദി ആൽബ നടത്തിയ മുന്നേറ്റം ബോക്‌സിന് മുൻപിൽ സുവാരസിന് നൽകി. പന്ത് സ്വീകരിച്ച സുവാരസ് അത് മധ്യനിരയിൽ നിന്നും കയറി വരികയായിരുന്ന മെസ്സിക്ക് നൽകി, പന്തുമായി ബോക്സിന്റെ വലതു മൂലയിലേക്ക് നീങ്ങിയ മെസ്സി, തന്റെ കരുത്തായ ഇടങ്കാല് കൊണ്ട് ഒരു ഷോട്ടുതിർത്തപ്പോൾ കോർട്വ പിന്നെയും നിഷ്പ്രഭമായി. ലോകോത്തര കീപ്പർ ആയ കോർട്ട്വയെ ലോകത്തിനു മുൻപിൽ പിന്നെയും പരിഹാസ്യനാക്കി വീണ്ടും ഒരു നട്ട്മെഗ്ഗ് ഗോൾ. ബാഴ്‌സ മത്സരം പിടിച്ചെടുത്ത നിമിഷങ്ങളായിരുന്നു അത്. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് അറിഞ്ഞിട്ടും ചെൽസി തങ്ങളാലാവും പൊരുതി. പക്ഷെ ഉംറ്റിറ്റിയും പീക്കെയും ചേർന്ന് നയിച്ച പ്രതിരോധം പിളർക്കാൻ പക്ഷെ ആ നീക്കങ്ങൾക്ക് ശക്തിയുണ്ടായിരുന്നില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ചെൽസി പരാജയം സമ്മതിച്ചിരുന്നു.
ഏറെ സന്തോഷമേകിയ ഒരു മത്സരമായിരുന്നു അത്. ടീം നമ്മുടെ എല്ലാ ശക്തിയും കാണിച്ച മത്സരം. മെസ്സിയുടെ ഇരട്ട ഗോളുകൾ , ഡെമ്പേലെയുടെ കന്നി ഗോൾ, അതും ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ ഒരു ബുള്ളെറ്റ് ഷോട്ട്, എല്ലാത്തിനുമുപരി ബാഴ്‌സയുടെ അടുത്ത റൗണ്ടിലേക്കുള്ള മുന്നേറ്റം. എന്തുകൊണ്ടും ലോകമെമ്പാടുമുള്ള കൂളെസിന് ആഹ്ലാദാരവങ്ങൾ നൽകിയ ഒരു മത്സരമായിരുന്നു. ഇന്നത്തെ ടീം ലൈൻ അപ്പ് മുതൽ ബാഴ്‌സയുടെ തീരുമാനങ്ങൾ ശരിയാണെന്നു മത്സരം കാണിച്ച തന്നു. എവേ ഗോൾ എന്ന ആനുകൂല്യത്തിൽ പിടിച്ചു നിൽക്കാതെ തങ്ങളുടെ കളി കളിക്കാൻ തീരുമാനിച്ചത് തന്നെയാണ് ശരി. ചെൽസിയുടെ ഒരേ ഒരു ഗോൾ മതി എവേ ഗോൾ എന്ന ആനുകൂല്യം അപ്രസക്തമാവാൻ. അതുകൊണ്ട് തന്നെ ഇന്നലെ കാമ്പ് നോവിൽ ഗോൾ നേടുക ബാഴ്‌സയുടെ ലക്ഷ്യമായിരുന്നു. അത് മെസ്സിയും ഡെമ്പേലെയും ചേർന്ന് ഭംഗിയായി നിർവഹിച്ചു. ഡെമ്പേലെ ആദ്യ റൗണ്ടിൽ വരുമ്പോഴുണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളെ പറ്റി നമ്മൾ ഇന്നലെ ചർച്ച ചെയ്തിരുന്നു. മുൻനിരയിൽ കൂടുതൽ വൈഡ് ആയി നിൽക്കുന്ന ഡെമ്പേലെ മെസ്സിക്ക് കൂടുതൽ ഫ്രീഡം നൽകും. ഒപ്പം ആത്മവിശ്വാസം കൈവരിച്ച ഡെമ്പേലെ കൂടുതൽ അവസരങ്ങൾ ഒരുക്കും. ഇത് രണ്ടും ഇന്നലെ കണ്ടിരുന്നു. മെസ്സിയുടെ ആദ്യഗോളിന് ഡെമ്പേലേക്കും സുവാരേസിനും ഒരുപോലെ പങ്കുണ്ട്. ഡിഫൻഡർമാരാൽ വളയപെട്ട് നിൽക്കുന്ന സാഹചര്യത്തിലും ഇരുവരും നൽകിയ ആ വൺ ടച് പാസുകൾ അവർ തമ്മിൽ രൂപപ്പെട്ട് വരുന്ന കെമിസ്ട്രി കാണിച്ചുതരുന്നു. ആക്രമണത്തിൽ ഡെമ്പെലേയുടെ സാന്നിധ്യം ഗുണം ചെയ്യുമെങ്കിലും വലത് വിങ്ങിൽ ഡിഫൻസിന് അത് പ്രശ്നമാകുമോയെന്ന ആശങ്ക ഇന്നലെ ഞങ്ങൾ പങ്കു വെച്ചിരുന്നു. പക്ഷെ അതിനുള്ള മറുപടിയുമായാണ് ടീം ഇന്നലെ എത്തിയത്. ഡെമ്പേലെയെ തന്നെ പ്രതിരോധത്തിനും ഉപയോഗിക്കുക. ചെൽസിയുടെ പക്കൽ ബോൾ ലഭിക്കുമ്പോഴൊക്കെ ഡെമ്പേലെ ബാഴ്‌സ ബോക്സിലെ പ്രധിരോധ നിരക്കാരിൽ ഒരാളായി. അതിവേഗം മുന്നേറുന്ന ചെൽസി കളിക്കാർ മൂലം റോബർട്ടോ പലപ്പോഴും ആയാസപ്പെട്ടപ്പോൾ രക്ഷക്കെത്തിയത് ഡെമ്പേലെ ആയിരുന്നു.
മെസ്സി ഗോളുകൾ നേടി ബാഴ്‌സയെ മുന്നോട്ട് നയിച്ചപ്പോൾ ഗോൾ വഴങ്ങാതെ കാത്ത ഡിഫെൻസ് അതേ പ്രശംസയർഹിക്കുന്നു . നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫെൻസ് കാഴ്ചവെക്കുന്ന ടീം ആയ ബാഴ്‌സ, ഇന്നലെ ഡിഫൻസിൽ മാസ്മരിക പ്രകടനമാണ് കാഴ്ചവെച്ചത്. ഉംറ്റിറ്റിയും പീക്കെയും മുന്നിൽ നിന്ന് നയിച്ചപ്പോൾ മറ്റുള്ളവർ മികച്ച സപ്പോർട്ട് ആണ് നൽകിയത്. എല്ലാവരും ചേർന്ന് ഒത്തുപിടിച്ചപ്പോൾ ഒരു പർവതമായിരുന്നു ബാഴ്‌സ ഡിഫൻസ്. അപൂർവ്വമായി വന്നിരുന്ന ശ്രമങ്ങൾ സ്റ്റീഗനും തടഞ്ഞപ്പോൾ ചെൽസിക്ക് മറുപടിയില്ലാതായിപ്പോയി. സാധാരണ നമുക്ക് ലഭിക്കുന്ന അത്രയും അവസരങ്ങൾ ഇന്നലെ ലഭിച്ചില്ല എന്നത് സത്യമാണ്. പക്ഷെ ലഭിച്ചപ്പോഴൊക്കെ അത് ഗോളാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു അതുകൊണ്ട് തന്നെയാണ് മികച്ച ഒരു സ്‌കോറിൽ അനായാസേന നമ്മൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നതും.
വ്യക്തിഗത പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ എല്ലാവരും മികച്ചു നിന്നു എന്ന് പറയാം. എന്തുകൊണ്ടാണ് താൻ ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് അറിയപ്പെടുന്നത് എന്ന് മെസ്സി വീണ്ടും കാണിച്ചു തന്നിരിക്കുന്നു. മെസ്സിയുടെ വൈഭവം ഈ മത്സരത്തിന്റെ ഗതി അമ്പേ മാറ്റിയിരിക്കുന്നു. മത്സരത്തിന് മുൻപ് കാമ്പ് നോവിൽ കാണികൾ തങ്ങളുടെ രാജാവിനായി ഉയർത്തിയ ബാനറിന്, ആ രാജാവ് തക്കതായ പ്രതിഫലവും നൽകിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച പിറന്ന മകന് സമ്മാനമായി രണ്ട് ഗോളുകൾ, അതിൽ ഒന്ന് കരിയറിലെ ഏറ്റവും വേഗത്തിൽ നേടിയ ( രണ്ട് മിനിറ്റ് എട്ട് സെക്കൻഡ് ) ഗോൾ, രണ്ടാം ഗോളിലൂടെ ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ, അതും ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്നും. നമിച്ചു !!!
ഇതിനകം ആരാധകരുടെ പ്രീതി നേടിക്കഴിഞ്ഞ ഡേമ്പേലെ, ബാഴ്‍സയുമായി ഇഴുകിച്ചേർന്ന് വരുന്നു എന്ന് തെളിയിച്ച ഒരു മത്സരമായിരുന്നു ഇന്നലെ. തന്റെ കാലിബർ ഇനി ലോകം കാണാൻ പോകുന്നെ ഉള്ളൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതിമനോഹരമായ റോസ് ബുള്ളറ്റ് ഗോൾ, ഒപ്പം ആ ടാക്ലിങും, ഇത് രണ്ടും മതി നമ്മുടെ മനം നിറക്കാൻ, ഒപ്പം പറയാതെ വയ്യ അവശ്യ സമയങ്ങളിൽ ഡിഫൻസിൽ കാഴ്ച വെച്ച പ്രകടനങ്ങളും. പന്ത് അധികം നഷ്ടപ്പെടുത്തുന്നു എന്ന കാര്യം കൂടി ഇനി കുറക്കേണ്ടതുണ്ട്. കൂടുതൽ അനുഭവസമ്പത് കൈവരിക്കുന്നതോടെ അതും മെച്ചപ്പെടും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. സുവാരസിനെ കുറിച്ച് സമ്മിശ്രമായ പ്രതികരണമാണ്. കുറച്ചു കൂടി മെച്ചപ്പെടാം. ഇതിൽ കൂടുതൽ അദ്ദേഹത്തിന് ചെയ്യാനാകും എന്ന് നമുക്ക് ഉറപ്പുണ്ട്. ഏതു പിഴവിനും ശക്തമായ ശിക്ഷ നൽകാൻ കഴിയുന്ന സുവാരസിനെ ആണ് നമുക്ക് വേണ്ടത്.
മധ്യനിരയിൽ പ്രായം തളർത്താത്ത പോരാളി ഇനിയേസ്റ്റ നമുക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. ലൈൻ അപ്പിൽ അദ്ദേഹത്തിന്റെ പേര് കണ്ടാൽ തന്നെ നമ്മുടെ ടെൻഷൻ പകുതി കുറയുന്നു. സാധാരണ മത്സരങ്ങളിൽ നിന്നും വിഭിന്നമായി ഇന്നലെ അദ്ദേഹത്തിന്റെ ഭാഗം കുറവായിരുന്നു എന്ന് തോന്നി. ഇന്നലെ ഡെമ്പേലെയെ ഉപയോഗിച്ച് വലത് വിങ്ങിൽ കൂടുതൽ ആക്റ്റീവ് ആയതു കൊണ്ട് തോന്നിയതായിരിക്കാം, എങ്കിലും കിട്ടിയ അവസരങ്ങളിൽ എല്ലാം നമ്മളെ ആവേശത്തിലെത്തിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. സുവാരസിന് നൽകിയ ആ ബാക്ക് ഹീൽ, ഉഫ്ഫ് ..!!!! ഡോണിനോടൊപ്പം ബുസിയും റാക്കിയും ചേർന്ന് മധ്യനിര നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു. മധ്യത്തിലൂടെ ചെൽസിക്ക് കാര്യമായ ഭീഷണി ഉയർത്താനായില്ല എന്നത് കൊണ്ടാണ് അവർ കൂടുതൽ വിങ്ങിലൂടെ ലക്‌ഷ്യം വെച്ചിരുന്നത്. ഡോണിനും ബുസിക്കും ഏറ്റ പരിക്ക് എത്ര വലുതാണ് എന്ന് കാര്യം വ്യക്തമല്ല, കാര്യമായ പരിക്ക് ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
മുന്നേറ്റത്തെ പോലെ ഏറെ പ്രശംസ അർഹിക്കുന്നവരാണ് ഡിഫൻസും. ചെൽസിയുടെ ഏതു ആക്രമണത്തിലും തകരാതെ നിൽക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അത്രമേൽ മികച്ച പ്രകടനം നടത്തിയത് കൊണ്ടാണ്. ഉംറ്റിറ്റി, പീക്കെ എന്നിവരെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഇല്ല. ” ചെൽസി ഇന്ന് ഗോൾ അടിക്കാൻ പോകുന്നില്ല, അത്ര തന്നെ ” എന്ന മനോഭാവത്തോടെയാണ് രണ്ട് പേരും നിന്നിരുന്നത്. ഒരുനിലക്കും ചെൽസിക്ക് അവസരങ്ങൾ നൽകാൻ ഇരുവരും അനുവദിച്ചില്ല. ഒപ്പം ഇടത് വിങ്ങിൽ മാസ്മരിക പ്രകടനമാണ് ആൽബയും പുറത്തെടുത്തത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ നിറഞ്ഞാടിയ കളിക്കാരൻ. പേസ് കിടിലൻ. ഇന്റർസെപ്ഷൻസ് എല്ലാം മികച്ചത് തന്നെ. പകരക്കാരുടെ റോളിൽ എത്തിയവർ എല്ലാം തങ്ങളുടെ റോളുകൾ ഭംഗിയോടെ ചെയ്തു. ഗോമസിനെ ആഹ്ലാദാരവങ്ങളോടെ വരവേറ്റ കാമ്പ് നോവ് മനസ്സിൽ ഒരായിരം സന്തോഷം നിറച്ചു. ഒപ്പം വിദാലും പൗളിഞ്ഞോയും. മൂന്ന് പേരും ആ സമയത് ടീമിന് ആവിശ്യമായ ഡിഫൻസീവ് കവർ നൽകി. പൗളീഞ്ഞോയുടെ ഒരു ഹെഡ്ഡർ നിർഭാഗ്യവശാൽ ഗോൾ നഷ്ടമായത് മാത്രമാണ് അൽപ്പമെങ്കിലും നിരാശപ്പെടുത്തിയത്. മത്സരം വിജയിച്ചു നിൽക്കുമ്പോൾ ആ ശ്രമങ്ങൾ നഷ്ട്ടമായതിൽ പരിഭവവുമില്ല.
അങ്ങനെ ആധികാരിക ജയത്തോടെ നമ്മൾ ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ഏഴ് ടീമുകളാണ് നമ്മളെ കാത്തു അവിടെയുള്ളത്. ഏതു ടീമുമാകട്ടെ, അവരെ നേരിടനുള്ള ത്രാണി ഇന്ന് നമുക്കുണ്ട്. വരും ദിവസങ്ങളിൽ നടക്കാൻ പോകുന്ന നറുക്കെടുപ്പിനൊടുവിൽ നമ്മുടെ എതിരാളികളെ അറിയാം. അത് അറിഞ്ഞാൽ പിന്നെ ക്വാർട്ടർ ഫൈനൽ മത്സരത്തിനായുള്ള കാത്തിരിപ്പാണ്. പരിക്കേറ്റ ബുസ്‌ക്വറ്സും ഇനിസ്റ്റയും പരിക്കിനെ തൃണവത്കരിച്ച് പൊരുതിയ പീക്കെയും അതിനു മുൻപ് സജ്ജരാവേണ്ടതുണ്ട്. ആ മത്സരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്, കാത്തിരുന്നു കാണാം.
മറ്റൊരു കാര്യം കൂടി, വർഷങ്ങൾക്ക് മുൻപ് നമ്മുടെ എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ ഒരു ചിത്രമുണ്ട്.2012 ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ശേഷം, ബാഴ്‌സയുടെ ഡ്രസിങ് റൂമിൽ വിഷണ്ണനായി ഇരിക്കുന്ന മെസ്സിയും, ഇനിയേസ്റ്റയും, പുയോളും. അവരുടെ കണ്ണുകൾ കലങ്ങിയിരുന്നു. മുഖത്തെ പ്രസാദം വറ്റിയിരുന്നു. തോൽവിയുടെ നിരാശ ലോകം കാണാതിരിക്കാൻ മെസ്സി മുഖം മറച്ചിരുന്നു. അന്ന് മുതൽ ഒരു തിരിച്ചടിക്കായി കാത്തിരുന്നവരാണ് നമ്മൾ.ഒടുവിൽ ആറ് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ ലഭിച്ചപ്പോൾ നമ്മൾ ആകാംക്ഷയോടെ കാത്തിരുന്ന ഒരു നിമിഷമായിരുന്നു ഇന്നലത്തേതു. അന്ന് നിറകൺകളോടെ കളം വിട്ട മെസ്സിയും ഇനിയേസ്റ്റയും ഇന്ന് അതേ മൈതാനത്തു അതേ ലീഗിൽ ചെൽസിയെ തിരികെ പറഞ്ഞയച്ചിരിക്കുന്നു. ചില കാര്യങ്ങൾ അങ്ങനെയാണ്, മനസ്സിൽ അങ്ങനെ ആഴത്തിൽ പതിഞ്ഞു കിടക്കുംI, ഒടുവിൽ ഒരുനാൾ സമയവും സന്ദർഭവും ഒത്തുവരുമ്പോൾ അതിന് അർഹിക്കുന്ന മറുപടി നൽകുകയും ചെയ്യും.
#RETARD
© www.culesofkerala.com
