• Follow

ബാഴ്‌സലോണയും ആർതുർ ഡീലും

  • Posted On June 27, 2020

ബാഴ്‌സലോണ തങ്ങളുടെ മധ്യനിരയിലെ പ്രമുഖ യുവസാന്നിധ്യമായ ആർതുറിനെ പ്യാനിച്ന് പകരമായി യുവന്റസിന്‌ നൽകുന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളും ചർച്ചകളും ഫുട്ബോൾ ലോകത്ത്‌ പറന്ന് നടക്കുകയാണ്‌. എന്ത്‌ കൊണ്ടാണ് ബാഴ്‌സ ബോർഡ് ഈ കൈമാറ്റത്തിന് ശ്രമിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.

ആർതുർ – പ്യാനിച് ഡീൽ ഇരു കൂട്ടർക്കും സാമ്പത്തികമായി ലാഭകരമായ ഒരു കൈമാറ്റമാണ്‌. ബാഴ്‌സലോണ ബോർഡ്‌ നിലവിൽ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാൻ വേണ്ടിയാണ്‌ ആർതുറിനെ കരുവാക്കുന്നത്‌. എങ്ങനെയെന്ന് വ്യക്തമാക്കാം.

80 മില്യൺ യൂറോക്കാണ്‌ ആർതുറിനെ ബാഴ്‌സ യുവന്റസിന്‌ നൽകാനൊരുങ്ങുന്നത്‌. പ്യാനിച് 70 മില്യൺ യൂറോക്ക്‌ പകരം ബാഴ്‌സയിലെത്തും. തങ്ങളുടെ യുവ താരത്തെ യുവന്റസിന്‌ കൈമാറുന്നതിലൂടെ 10 മില്യണിന്റെ മാത്രം ലാഭമാണ്‌ ബാഴ്‌സക്കുണ്ടാവുക എന്ന് തോന്നിക്കുമെങ്കിലും ഇരു ക്ലബുകൾക്കും 60 മില്യൺ യൂറോയോളം ലാഭം നൽകുന്ന കച്ചവടം ആണിത്‌.

ഫുട്ബോൾ ക്ലബുകൾ ഒരു താരത്തെ വിൽക്കുന്നതും വാങ്ങുന്നതും ഒരേ രീതിയിൽ അല്ല നോക്കിക്കാണുന്നത്‌. ഒരു താരത്തെ വിൽക്കുമ്പോൾ ലഭിക്കുന്ന തുക അതേ സമയം തന്നെ അക്കൗണ്ടിൽ ചേർക്കും. എന്നാൽ ഒരു താരത്തെ വാങ്ങുമ്പോൾ ഉള്ള ചിലവ്‌ താരത്തിന്റെ കോൺട്രാക്റ്റിലെ വർഷങ്ങളിലേക്ക്‌ തുല്യമായി വിഭജിക്കാറാണ്‌ പതിവ്‌. അതിനാൽ തന്നെ താരത്തെ വാങ്ങുന്ന ചിലവ് മൊത്തമായി രേഖപ്പെടുത്തില്ല. പ്ലയർ അമോർറ്റൈസേഷൻ എന്നാണിത്‌ അറിയപ്പെടുന്നത്‌. ഓരോ കളിക്കാരനും ഓരോ ആസ്തി ആയി കണക്കാക്കപ്പെടുന്നത്‌ കൊണ്ടാണ്‌ ക്ലബുകൾ ഇങ്ങനെ ചെയ്യുന്നത്‌.

ആർതുറിനെ 30 മില്യൺ യൂറോക്ക്‌ ആറ്‌ വർഷത്തെ കരാറിലാണ്‌ ബാഴ്‌സ വാങ്ങിയത്‌. അതിനാൽ തന്നെ ആനുവൽ അമോർറ്റൈസേഷൻ 5 മില്യൺ യൂറൊയാണ്‌. അതായത് ഓരോ വർഷവും 5 മില്യൺ ചിലവിൽ രേഖപ്പെടുത്തും. കരാറിലെ രണ്ട്‌ വർഷം കഴിഞ്ഞതിനാൽ ഇനി 20 മില്യൺ ആണ്‌ അക്കൗണ്ടിൽ ആർതുറിന്റെ വില. അതിനാൽ തന്നെ 80 മില്യൺ യൂറോക്ക്‌ ആർതുറിനെ യുവന്റസിന്‌ കൈമാറിയാൽ ബാഴ്‌സക്ക്‌ അക്കൗണ്ടിംഗ്‌ കാഴ്ചപ്പാടിൽ 60 മില്യൺ ലാഭം ലഭിക്കും.

2016 ൽ യുവന്റസ്‌ പ്യാനിച്നെ ടീമിലെത്തിച്ചത്‌ 35 മില്യൺ യൂറോക്കായിരുന്നു. അഞ്ച്‌ വർഷത്തെ കരാറാണ്‌ താരം ഒപ്പിട്ടത്‌. അതിനാൽ തന്നെ താരത്തിന്റെ ആനുവൽ അമോർട്ടൈസേഷൻ 7 മില്യണായിരുന്നു. രണ്ട് വർഷത്തോടെ ബാക്കി ഉള്ളത് 21 മില്യനായി മാറി. 2018ൽ യുവന്റസ്‌ പ്യാനിച്ന്റെ കരാർ രണ്ട് വർഷം കൂടി നീട്ടി. അതിനാൽ തന്നെ ബാക്കി ഉള്ള 21 മില്യൺ 5 വർഷത്തേക്ക്‌ കൂടി വിഭജിക്കപ്പെട്ട്‌ ആനുവൽ അമോർട്ടൈസേഷൻ 4.2 മില്യണായി. രണ്ട്‌ വർഷം കൂടി കഴിഞ്ഞതോടെ അക്കൗണ്ടിൽ പ്യാനിച്ന്റെ വില 13 മില്യണാണ്‌. അങ്ങനെ നോക്കുകയാണെങ്കിൽ പ്യാനിച്നെ ബാഴ്‌സക്ക്‌ 70 മില്യൺ യൂറോക്ക്‌ നൽകിയാൽ യുവന്റസിന്‌ ലാഭം 57 മില്യൺ യൂറോയാണ്‌. അതായത്‌ 70 മില്യണിൽ നിന്ന് യുവന്റസ്‌ പ്യാനിച്ന് മുടക്കിയ തുകയിൽ ബാക്കി ഉള്ള 13 മില്യൺ കുറച്ചത്‌. അതിനാൽ തന്നെ ഇരുതാരങ്ങളുടേയും കൈ മാറ്റത്തിൽ 10 മില്യണിന്റെ മാത്രം വ്യത്യാസമെ ഉള്ളൂ എങ്കിലും രണ്ട്‌ ക്ലബുകൾക്കും 60 മില്യണോടടുത്ത്‌ ലാഭം ലഭിക്കുന്ന ബിസിനസ്‌ ആണ്‌ നടക്കാൻ പോകുന്നത്‌. യുവ താരത്തെ വിട്ടു കൊടുക്കുന്നതിന്‌ ഇതൊന്നും ഒരു ന്യായീകരണം ആവില്ലെന്ന് മാത്രം.

പക്ഷെ, എന്ത്‌ കൊണ്ടാണ്‌ ബാഴ്‌സലോണ ഇപ്പോൾ ഇങ്ങനെ ഒരു ട്രാൻസ്ഫറിന്‌ ശ്രമിക്കുന്നത്‌? ക്ലബിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നതിനേക്കാൾ ബോർഡ്‌ അംഗങ്ങളുടെ താൽപര്യങ്ങൾക്ക്‌ വേണ്ടിയാണ്‌ ഈ ഡീൽ. ഇത്‌ വിശദീകരിക്കാൻ കുറച്ച്‌ ചരിത്രം കൂടി അറിയേണ്ടതുണ്ട്‌.

1990 ൽ സ്പെയിനിലെ ഒട്ടു മിക്ക ക്ലബുകളേയും സ്പോർട്സ്‌ കോർപ്പറേഷനുകൾ ആക്കി മാറ്റിയിരുന്നു. അന്ന് സാമ്പത്തികമായി ലാഭത്തിൽ മുന്നോട്ട്‌ പോയിരുന്ന ക്ലബുകളെ മാത്രം പൂർവ്വ സ്ഥിതിയിൽ തുടരാൻ അനുവദിച്ചു. ബാഴ്‌സലോണ, റയൽ മാഡ്രിഡ്‌, ഒസാസുന, അത്‌ലറ്റിക്‌ ബിൽബാവോ എന്നീ ക്ലബുകൾക്കാണ്‌ ഇതിന്‌ അനുവാദം ലഭിച്ചത്‌.

ഈ ക്ലബുകൾ ലാഭത്തിൽ തന്നെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നത്‌ ഉറപ്പാക്കാനായി ഒരു നിയമം കൂടെ ഉണ്ടാക്കിയിരുന്നു. ക്ലബിന്റെ ബോർഡ്‌ അംഗങ്ങൾ ഒരു വർഷത്തെ ബജറ്റിന്റെ 15% തുക മുൻകൂട്ടി ഗ്യാരന്റി ആയി നൽകണമെന്ന നിയമമാണ്‌ നടപ്പിലാക്കിയത്‌. മുൻ സീസണുകളിൽ ക്ലബുകൾ അടുത്ത വർഷത്തെ ബജറ്റിന്റെ 15 ശതമാനത്തേക്കാൾ ലാഭം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഈ ഗ്യാരന്റി സമർപ്പിക്കേണ്ട ആവശ്യമില്ല.

2010 മുതൽ ബാഴ്‌സയെ നയിക്കുന്നത്‌ നിലവിലുള്ള ബോർഡാണ്‌. അന്ന് മുതൽ 2019 വരെ ബാഴ്‌സലോണ 192 മില്യൺ ലാഭം ആണ്‌ ഉണ്ടാക്കിയത്‌. 2019/20 സീസണിൽ ബാഴ്‌സയുടെ ചിലവ്‌ കണക്ക്‌ കൂട്ടിയത്‌ 1007 മില്യണാണ്‌. അതിന്റെ 15% എന്നത്‌ 151 മില്യണായിരുന്നു. അത്‌ ലാഭത്തിലും കുറവായതിനാൽ ബോർഡിന്‌ ഒന്നും ഗ്യാരന്റി ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിലവിൽ കോവിഡ്‌ 19 സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം ക്ലബിന്‌ 150 മില്യൺ അധികം നഷ്ടപ്പെടുമെന്നാണ്‌ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്‌. 192 മില്യണിൽ നിന്ന് 150 മില്യണോളം നഷ്ടപ്പെടുമ്പോൾ അടുത്ത സീസണിലേക്കുള്ള ചിലവിന്റെ 15% തുക പുതുതായി ഗ്യാരന്റി ചെയ്യേണ്ടി വരും. അത്‌ ബോർഡ്‌ അംഗങ്ങൾ വ്യക്തിപരമായി കണ്ടെത്തി നിക്ഷേപിക്കേണ്ട തുകയാണ്‌. 2020/21 സീസണും നഷ്ടത്തിൽ അവസാനിച്ചാൽ അതിന്റെ തുകയും ബോർഡ്‌ അംഗങ്ങൾ കണ്ടെത്തി അടക്കേണ്ടി വരും.
ഈ ഒരു പ്രതിസന്ധി മറികടക്കാനാണ്‌ ക്ലബ്‌ ആർതുർ ഡീലിനായി ശ്രമിക്കുന്നത്‌. പക്ഷെ, ബോർഡ്‌ അംഗങ്ങളുടെ താൽപര്യമാണ്‌ ഇവിടെ സംരക്ഷിക്കപ്പെടുന്നതെന്ന് മാത്രം.

ക്ലബും ആരാധകരും ഒരുപാട്‌ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന താരമാണ്‌ ആർതുർ. ചാവിക്ക്‌ പകരക്കാരനായാണ്‌ താരത്തെ ബാഴ്‌സയിലെത്തിച്ചത്‌. തൊട്ടടുത്തുള്ള പ്രതിസന്ധികൾ മറികടക്കാനായി ക്ലബിന്റെ യുവ താരത്തെ വിട്ടു കൊടുക്കുന്നത്‌ ഒരിക്കലും ക്ലബിന്റെ ഭാവി ശോഭമനമാക്കില്ല.

References https://twitter.com/DianaKristi…/status/1276111185352458240…

https://twitter.com/SwissRamble/status/1276039133396373504…

©www.culesofkerala.com