ന്യൂയോർക്കിലേക്ക് വിരുന്നെത്തിയ എൽ ക്ലാസിക്കൊ !
എൽ ക്ലാസികൊ അനുഭവത്തെ അതേ പടി ന്യൂയോർക്കിൽ എത്തിക്കാൻ ലാ ലിഗയും ബെയ്ൻ സ്പോർട്സും എഫ്.സി.ബാഴ്സലോണയും ചേർന്ന് നടത്തിയ നീക്കം വൻ വിജയമായി. മൂവായിരത്തിലധികം വരുന്ന ആരാധകർക്കായി ഒരു വമ്പൻ ഹാൾ പ്രത്യേക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയിരുന്നു. ക്യാമ്പ് നൂവിലിരുന്ന കളി കാണുന്ന അതേ അനുഭത്തെ ആവിഷ്കരിക്കുന്നതിനായി യു.എസിലുള്ള കറ്റാലൻ ജനങ്ങൾ എല്ലാവരും എത്തിച്ചേർന്നു. അവരുടെ സാന്നിധ്യത്തോടൊപ്പം കറ്റാലൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂടെ ചേർന്നപ്പോൾ ലഭിച്ച കാറ്റാലോണിയൻ അന്തരീക്ഷം മറക്കാനാവാത്ത അനുഭവമായി മാറിയെന്മ് സംഘാടകർ വിശ്വസിക്കുന്നു.
ന്യൂയോർക്കിലെ 230 ഫിഫ്ത് അവന്യുവിൽ എത്തിച്ചേർന്നവരെ എഫ്.സി.ബാഴ്സലോണ പൂക്കളും പുസ്തകങ്ങളും സമ്മാനിച്ച് സ്വാഗതം ചെയ്തു. കറ്റാലൻ ജനത ബഹുമാനിച്ചിരുന്ന അവരുടെ രക്ഷാധികാരി സെയ്ന്റ് ജോർഡിയുടെ പിറന്നാൾ ഇപ്രകാരം ആണ് കറ്റാലൻ ജനത ആഘോഷിക്കുന്നത്. സെയ്ന്റ് ജോർഡി ദിനവും എൽ ക്ലാസിക്കൊയും ഒരേ ദിനം ആയതിനാലാണ് ഇത്തരം സമ്മാനങ്ങൾ നൽകി ആഘോഷങ്ങൾ നടത്തി. യു.എസിലുള്ള വിവിധ കറ്റാലൻ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ക്ലബിന്റെ പ്രതിനിധിയായി ബാഴ്സലോണയുടെ പ്രതിരോധ ഭടനായിരുന്ന ഇറ്റാലിയൻ താരം ജിയാൻലൂക്ക സാംബ്രോട്ട ന്യൂയോർക്കിൽ എത്തി. ലാ ലിഗയുടെ യു.എസിലുള്ള പ്രതിനിധി റയൽ മാഡ്രിഡ് ഇതിഹാസം റൗളും അവിടെയെത്തി. ഇരുവരുടെയും സാന്നിധ്യം ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. ക്ലബ് നേടിയ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ ട്രോഫികളോടൊപ്പം ആരാധകർക്ക് ചിത്രങ്ങൾ എടുക്കാനും മറ്റുമുള്ള അവസരവും ഒരുക്കിയിട്ടുണ്ടായിരുന്നു. ബാഴ്സ ഇതിഹാസങ്ങളുടെ മ്യൂറൽ പെയിന്റിങുകളും തയ്യാറാക്കിയിരുന്നു. ലയണൽ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളിൽ ബാഴ്സലോണ ഈ മൽസരത്തിൽ വിജയം നേടുകയതോടെ ആരാധകർക്ക് എന്നെന്നും ഓർത്ത് വയ്ക്കാൻ ഒരു രാത്രിയായി ഇത് മാറി.