• Follow

മാച്ച് പ്രിവ്യൂ – ബാഴ്സലോണ vs വിയ്യറിയൽ

  • Posted On May 9, 2018

ലീഗ് അതിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്നു. കിരീടം ഇതിനകം തന്നെ നമ്മൾ ഉറപ്പിച്ചു. ഇനി വലിയ ലക്ഷ്യങ്ങൾ ഒന്നും മുന്നിൽ ഇല്ല. പക്ഷെ, മറ്റൊരു വലിയ നേട്ടം നമ്മളെ കാത്തിരിപ്പുണ്ട്. അജയ്യരായ ഒരു ലീഗ് സീസൺ. ഇന്ന് നമ്മൾ അതിലേക്കു മറ്റൊരു ചുവട് എടുത്തു വെക്കുകയാണ്.
ഒരു യൂറോപ്യൻ പ്രാധിനിത്യം നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് ഇന്നു രാത്രി, ക്യാമ്പ് നൗവിൽ ‘യെല്ലോ സബ്മറൈൻസ്’ ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിന് വേണ്ട സ്ഥാനങ്ങൾ ഇതിനകം നിര്ണയിക്കപ്പെട്ടു കഴിഞ്ഞു. അതിനാൽ, യൂറോപ്പ എന്ന അവരുടെ ലക്ഷ്യത്തിനു അവർക്കു 3 പോയിന്റുകൾ ആവശ്യമാണ്. നമുക്ക് അധികം ആയാസമുണ്ടാവില്ലെങ്കിലും, അവർ തീർച്ചയായും ഒരു പോരാട്ടത്തിന് ആവും ഇറങ്ങുക.
സെർജി റോബെർട്ടോ സസ്പെൻഷൻ നേരിടുന്നതിനാൽ നെൽസൺ സെമെഡോ ആവും റൈറ്റ് ബാക്ക് ആയി ഇറങ്ങുക. അവസാന മത്സരത്തിൽ, വളരെയധികം സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലും, സമചിത്തതയോടെ, മികച്ച പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അടുത്ത സീസണിൽ കൂടുതൽ സമയവും സ്റ്റാർട്ടിങ് സ്പോർട്ടും അദ്ദേഹം അർഹിക്കുന്നുണ്ട്.
ശാരീരികമായി, രണ്ട് ദിവസങ്ങൾക്ക് മുൻപ് എൽ ക്ലാസിക്കോ കളിച്ചതിന്റെ ക്ഷീണം, ടീമിനെ സംബന്ധിച്ചു വലിയ ആശങ്കയാണ്. കളിക്കാർ സ്വാഭാവികമായും തളർന്നിരുക്കുന്നു. അവരിൽ നിന്ന് കഠിനമായ എന്തെങ്കിലും ആവശ്യപ്പെടുന്നത് ശരിയല്ല. അജയ്യരായ സീസൺ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നത് കണക്കിലെടുക്കുമ്പോൾ, ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. ഒരു സമനില പോലും ഇന്ന് നല്ല റിസൾട്ട്‌ ആണ്.
ബ്ലോഗ്രാന കുപ്പായത്തിൽ അവസാന ദിവസങ്ങൾ ചിലവിടുന്ന ആന്ദ്രെസ് ഇനിയസ്റ്റ, പൂർണമായി ഫിറ്റ് ആകാത്തതിനാൽ സ്റ്റാർട്ട്‌ ചെയ്യാൻ സാധ്യത ഇല്ല. കുട്ടീന്യോ ആ ജോലി ഏറ്റെടുക്കും. അദ്ദേഹത്തോടൊപ്പം, 4-3-3 ഫോർമേഷനിൽ ഡംബെലെയേ വലതു വിങ്ങിൽ പ്രതീക്ഷിക്കാം. ഞാൻ വ്യക്തിപരമായി ഉറ്റു നോക്കുന്ന ഒരു കാര്യം, ഉസ്മാനും സെമെഡോയും ചേർന്ന് വലതു വിങ്ങിൽ നടത്താൻ പോകുന്ന പ്രകടനം ആണ്. അവരുടെ സ്ഫോടനാത്മകമായ വേഗത, ആ വിങ്ങിൽ എതിരാളികൾക് വലിയ തലവേദനകൾ സൃഷ്ടിക്കും. മെസ്സിക്ക് മിഡിൽ സ്വതന്ത്രനാകാൻ ഇത് വഴി അവസരം ഒരുങും.
അമിത പ്രതീക്ഷകൾ ഒഴിവാക്കുന്നതാണ് നല്ലത്. നമ്മൾ പ്രതീക്ഷിക്കുന്ന പോലെ മത്സരം മനോഹരമാകണമെന്നില്ല. ഒരു വിജയത്തോടെ നമ്മൾ മുന്നേറുമെന്ന് പ്രതീക്ഷിക്കാം.

ലാ ലീഗ: റൗണ്ട് 34
വേദി : ക്യാമ്പ് നൗ
സമയം: 11:30 PM (IST)
തത്സമയം: Sony Ten 2 / HD

©www.culesofkerala.com

  • SHARE :