മാച്ച് റിവ്യൂ – ബാഴ്‌സലോണ 5 – 1 വിയ്യറയൽ
||
ബാഴ്‌സയുടെ അപരാജിത കുതിപ്പ് തുടരുന്നു ⚡
ടെമ്പേലെയുടെ ദിനം, ഇന്നലത്തെ മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ട്ടം. പതിയെ ടീമുമായി ഇണങ്ങി വരുന്ന ഇരുപതുകാരൻ, നൈസർഗ്ഗിക പ്രതിഭകളുടെ ശേഖരം തന്റെ പക്കൽ എത്രമാത്രം ഉണ്ടെന്നു ലോകത്തെ കാണിച്ചുകൊടുക്കാൻ തുടങ്ങുന്നു. ഡെമ്പേലെയുടെ ഇരട്ട ഗോളുകളും മെസ്സി, കുട്ടീഞ്ഞോ, പൗളിഞ്ഞോ എന്നിവരുടെ ഗോൾ മികവിലും വിയ്യ റയലിനെതിരെ ബാഴ്‌സയ്ക്ക് 5-1 എന്ന മികച്ച വിജയം.
പതിവ് ശൈലി വിട്ടു 4-3-3 ഫോർമേഷനുമായാണ് ടീം ഇന്നലെ ഇറങ്ങിയത്. ഏറ്റവും വലിയ പ്രത്യേകത സുവാരസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നത് തന്നെയാണ്. അത് പോലെ ലീഗിൽ സ്ഥിരമായി എത്തുന്ന സ്റ്റീഗന് പകരം സില്ലിസൺ, റാക്കിയും സൈഡ് ബെഞ്ചിലാണ് ഇടം നേടിയത്. പകരം കുട്ടീഞ്ഞോ ലെഫ്റ്റ് വിങ്ങറുടെ റോളിലും പൗളിഞ്ഞോ റാക്കിക്ക് പകരമായും കളത്തിലെത്തി . ഡെമ്പേലെ റൈറ്റ് വിങ് സ്ഥാനം നേടിയപ്പോൾ മെസ്സി ഫാൾസ് നയൻ റോളിലാണ് എത്തിയത്. ലാലിഗ ചാമ്പ്യന്മാരെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് വിയ്യാറയൽ സ്വീകരിച്ചത്. ഒപ്പം ലോകമാതൃദിനത്തോടനുബന്ധിച്ചു ബാഴ്‌സ കളിക്കാർ തങ്ങളുടെ മാതാവിന്റെ നാമം അണിഞ്ഞെത്തിയ ജേഴ്‌സിയും ധരിച്ചു കളത്തിലെത്തിയത് അവിസ്മരണീയമായി.
ആദ്യ നിമിഷം മുതൽ ബാഴ്‌സയായിരുന്നു കളിയിലെ മേധാവിത്വം കൈവശം വെച്ചത്. 4-3-3 ഫോർമേഷൻ കളിയിൽ വിഡ്ത് നന്നായി ഉപയോഗിക്കാൻ ഇന്നലെ കഴിഞ്ഞു. കൂടുതലും നീക്കങ്ങൾ വലതുവിങ്ങിലൂടെയാണ് ബാഴ്‌സ നെയ്തത്. മികച്ച ഫൂട്ട്വർക്കുകൾ നടത്തുന്ന ഡെമ്പേലെയും സെമെഡോയും വലത് വിങ്ങിൽ ചേർന്നപ്പോൾ മികച്ച നീക്കങ്ങൾ പിറവിയെടുത്തു. ഇടതു വിങ്ങിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കുട്ടീഞ്ഞോക്ക് മികച്ച പിന്തുണ നൽകാൻ ഡിന്യേക്കും ഇനിയേസ്റ്റക്കും സാധിച്ചപ്പോൾ ഇടതുവിങ്ങും സജീവമായി. ഡെമ്പേലെയുടെ മികച്ച നീക്കത്തിനൊടുവിലാണ് ആദ്യ ഗോൾ പിറന്നത്. മധ്യനിരക്കടുത്തു നിന്ന് ഡെമ്പേലെ നടത്തിയ മികച്ച റണ്ണിനൊടുവിലിൽ ഡെമ്പേലെ ഫാർ പോസ്റ്റ് ലക്ഷ്യം വച്ച് നിറയൊഴിച്ചെങ്കിലും കീപ്പർ സേവ് ചെയ്തു. പക്ഷെ ഓടിയെത്തിയ കുട്ടീഞ്ഞോ ഒരു റീബൗണ്ടിലൂടെ ഗോൾ നേടി. കേവലം അഞ്ച് നിമിഷങ്ങൾക്കകം ബാഴ്‌സ ലീഡുയർത്തി. ഇത്തവണ ഇടതുവിങ്ങിൽ ഇനിയേസ്റ്റ നൽകിയ പന്ത് ഡിന്യേ പോസ്റ്റിന് മുൻപിൽ പൗളിഞ്ഞോക്ക് നൽകിയപ്പോൾ ഒരു ടാപ്പ് ഇൻ ഫിനിഷ്. തുടർന്നും പന്ത് ബാഴ്‌സ കൈവശം വെച്ചെങ്കിലും അടുത്ത ഗോളിനായി ആദ്യപകുതിയുടെ അന്ത്യനിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. ഇടതുവിങ്ങിൽ പന്തുമായി ബോക്‌സിന് പുറത്തു മെസ്സി അകത്തുകയറാൻ ശ്രമിച്ചെങ്കിലും പക്ഷെ ഫലം കണ്ടില്ല. തുടർന്ന് മെസ്സി പന്ത് ഇനിയേസ്റ്റക്ക് തിരികെനൽകിയപ്പോൾ മെസ്സി ബോക്സിലേക്ക് കടക്കാനുള്ള ഉദ്യമത്തിൽ നിന്നും പിൻവാങ്ങുകയാണെന്നു ഏവരും കരുതി. പക്ഷെ ഇനിയേസ്റ്റക്ക് പന്ത് നൽകിയ ശേഷം മെസ്സി പൊടുന്നനെ മുൻപോട്ട് കുതിച്ചു. മെസ്സിയുടെ മനസ്സ് മറ്റാരേക്കാളും അറിയുന്ന ഇനിയേസ്റ്റ, ഉയർത്തി നൽകിയ പന്ത് വിയ്യാറയൽ ഡിഫെൻസിന് മുകളിലൂടെ പറക്കുമ്പോൾ വിയ്യാറയൽ താരങ്ങൾ അന്തംവിട്ട് നിൽക്കുകയായിരുന്നു.കൃത്യമായി മെസ്സിയുടെ കാൽക്കീഴിലേക്കെത്തിയ പന്ത് ഒരു മികച്ച ടച്ചോടെ മെസ്സി വലയിലാക്കി. ഇനിയേറെ നാൾ ഈ കാഴ്ചകൾ കാണാനാകില്ല എന്ന സങ്കടം നമ്മുടെ മനസ്സിലേറുമ്പോൾ മത്സരം ഇടവേളക്ക് പിരിഞ്ഞു.
രണ്ടാം പകുതി കൂടുതൽ അപ്രമാദിത്വം ബാഴ്‌സയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചെങ്കിലും നിരാശരായി. അൽപ്പം അലസത വന്ന മത്സരത്തിൽ കൂടുതൽ മികച്ച നീക്കങ്ങൾ ബാഴ്‌സയിൽ നിന്നും കണ്ടില്ല. അതിന്റെ ഫലവുമായി ഒരു ഗോൾ വഴങ്ങുകയും ചെയ്തു. ഒരു 3 – 1 സ്‌കോറിൽ മത്സരം തീരുമെന്ന ധാരണ നമുക്കിടയിൽ പടർന്നു. പക്ഷെ അവസാനത്തോടടുക്കാറായപ്പോൾ വൽവെർദേ സബ്സ്റ്റിട്യൂഷനുകൾക്ക് മുതിർന്നു. ഇനിയേസ്റ്റ, ബുസി , പീക്കെ എന്നിവരെ പിൻവലിച്ചു സുവാരസ് , റാക്കി , മിന എന്നിവർ കളത്തിലെത്തി. റാക്കിയുടെ വരവ് കളിയുടെ ഗതിയെ കാര്യമായി ബാധിച്ചു. വിയ്യാറയലിന്റെ നീക്കങ്ങളെ മുളയിലേ നുള്ളിയ റാക്കി, ബാഴ്‌സയുടെ നീക്കങ്ങളുടെ കടിഞ്ഞാണും കൈയ്യിലെടുത്തു. എൺപത്തിയേഴാം മിനിറ്റിൽ റാക്കി വഴി തന്നെ നാലാം ഗോളും ബാഴ്‌സ നേടി. വലതു വിങ്ങിൽ ഒരു വിങ്ങറുടെ പാടവത്തോടെ രണ്ട് എതിർ താരങ്ങളെ നിഷ്പ്രഭരാക്കി റാക്കി നടത്തിയ റൺ കണ്ട് വിയ്യാറയൽ താരങ്ങൾ ആശയക്കുഴപ്പത്തിൽ നിന്നപ്പോൾ, അവസരം മുതലെടുത്തു ബോക്സിലേക്ക് ഓടിയെത്തിയ ഡെമ്പേലെക്ക് ഒരു അനായാസ ടാപ് ഇൻ ഗോളിന് ഒരു ഒരു പാസ് നൽകേണ്ട ചുമതല മാത്രമേ റാക്കിക്ക് അവശേഷിച്ചിരുന്നുള്ളൂ. അതോടെ മത്സരം അവസാനിക്കുമെന്ന് കരുതിയെങ്കിലും ട്വിസ്റ്റുകൾ ഇനിയും ബാക്കിയുണ്ടായിരുന്നു. അവസാന നിമിഷത്തിൽ വിയ്യാറയലിനു അനുകൂലമായ കോർണറിൽ നിന്നും വിയ്യാറയൽ ഉതിർത്ത ഷോട്ട്, യെറി മിനയുടെ ദേഹത്ത് സ്പർശിച്ചു ചെന്നെത്തിയത് മധ്യനിരക്കടുത്തു ഡെമ്പേലെയുടെ കാൽക്കീഴിൽ. മികച്ച പേസും ടെക്‌നിക്കും കൈവശമുള്ള ഡെമ്പേലെയുടെ മികച്ച ഒരു റൺ അവിടെ നിന്നും ആരംഭിച്ചു. ഒപ്പം വലതുഭാഗത്തു മെസ്സിയും. തടയാൻ വന്ന ഓരോ ഡിഫൻഡർമാരെയും ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു കുതിച്ച ടെമ്പെലെ മുൻപിൽ അവസാനമെത്തിയത് ഗോൾകീപ്പർ. ഒരുപക്ഷെ മെസ്സിക്ക് പാസ് നൽകുമെന്ന് ഒരുമാത്ര എല്ലാവരും കരുതിയപ്പോൾ ഡെമ്പേലെയുടെ പദ്ധതി മറ്റൊന്നായിരുന്നു. തടയാൻ വന്ന കീപ്പറുടെ മുകളിലൂടെ അദ്ദേഹം ഉതിർത്ത ഒരു ഒരു ചിപ്പ്, പതിയെ ആഴ്നിറങ്ങിയത് ഗോൾ പോസ്റ്റിലേക്ക്. മികച്ച ഒരു മത്സരത്തിന് അതിമനോഹരമായ അന്ത്യം കുറിക്കാൻ ആ ഗോളോടെ സാധിച്ചു.
മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ ഏറെ സംതൃപ്തി നൽകിയ ഒരു മത്സരം. ഫോർമേഷൻ മുതൽ മികച്ച തീരുമാനങ്ങൾ. 4-3-3 നൽകുന്ന വിഡ്ത് അപാരമാണ്. ഡെമ്പേലെയെ പോലെ ഒരു കളിക്കാരൻ ഉള്ളപ്പോൾ പരമാവധി അത് ഉപയോഗപ്പെടുത്താൻ നമുക്കാവണം. അതുപോലെ ഇടതു വിങ്ങിൽ കുട്ടീഞ്ഞോ നൽകിയ ചലനങ്ങളും മത്സരത്തിൽ ഇരുവിങ്ങുകളും കൂടുതൽ ഉപയോഗപ്രദമാക്കാൻ ബാഴ്‌സക്ക് കഴിഞ്ഞു. ഒപ്പം ഇനിയേസ്റ്റയുടെ സാന്നിധ്യം ചില മാന്ത്രിക നിമിഷങ്ങളും സമ്മാനിച്ചു. അധികം ഭീഷണി നേരിടേണ്ടി വന്നില്ലെങ്കിലും മധ്യനിര സ്വതവേ കാഴ്ചവെക്കുന്ന പ്രകടനം നടത്തി. രണ്ടാം പകുതിയിൽ കുറച്ചു നേരത്തൊഴികെ ബാക്കി എല്ലായ്പ്പോഴും മത്സരം നിയന്ത്രിച്ചത് നമ്മുടെ മിഡ്ഫീൽഡ് ആയിരുന്നു.
പ്രതിരോധം നന്നായി തന്നെ കളിച്ചു. സെമെഡോയും ഡിന്യേയും ഇരുവിങ്ങുകളിലും മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നു. സെന്റർ ബാക്കുകൾ അവരുടെ കർത്തവ്യവും നിർവഹിച്ചു. സ്റ്റീഗന്റെ അഭാവത്തിൽ ലീഗിൽ സ്ഥാനം ലഭിച്ച സില്ലിസൺ മികച്ച പ്രകടനം കാഴ്ചവെച്ചു. വഴങ്ങിയ ഗോൾ അദ്ദേഹത്തിന്റെ കഴിവിനുമപ്പുറമായിരുന്നു.
വ്യക്തിഗത പ്രകടനങ്ങളിലേക്ക് വരികയാണെങ്കിൽ ഡെമ്പേലെയുടെ മികവ് ഏറെ കണ്ട മത്സരം എന്ന് പറയാം. ഒരു ഇരുപതുകാരന് അത്യാവശ്യമായിരുന്ന ആത്മവിശ്വാസം നേടിയെടുക്കുന്നതിന് തെളിവുകൾ ഇന്നലെ കാണാം. കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ അത്യാവശ്യമായ ആത്മവിശ്വാസം കൈവരിച്ച ഒരാളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. റണ്ണുകൾ അതിമനോഹരം, കൃത്യസമയത്തു തൊടുക്കുന്ന ഷോട്ടുകൾ, ടീമുമായി കൂടുതൽ ഇണങ്ങിച്ചേർന്ന കളി. ഭാവിയിൽ തനിക്ക് എന്തൊക്കെ ചെയ്യാനാകും എന്നതിന്റെ സൂചനകൾ ഡെമ്പേലെ കാഴ്ചവെക്കാൻ തുടങ്ങുന്നു. മികച്ച സപ്പോർട്ടുമായാണ് മെസ്സിയും കളിച്ചത്. ഫാൾസ് നയൻ റോൾ പതിവ് രീതിയിലെത്തിയില്ലെങ്കിലും മെസ്സിയുടെ പ്രതിഭ ഏതു പൊസിഷനിലും എന്തെങ്കിലും നൽകാൻ പര്യാപ്തമാക്കും. റാക്കിയുടെ അഭാവം മൈതാനമധ്യത്തിലൂടെയുള്ള നീക്കങ്ങൾ കുറച്ചെങ്കിലും ഇടത് വലത് വിങ്ങുകളിൽ മികച്ച പ്രകടനം നടത്തിയ ഡെമ്പേലെയും കുട്ടീഞ്ഞോയും വിങ്ങുകൾ വഴിയുള്ള നീക്കങ്ങൾക്ക് ഉണർവ്വ് പകർന്നു. പിന്നെ ഇനിയേസ്റ്റയുടെ പാസിൽ പിറന്ന ഗോൾ..❣ മുൻപേ പറഞ്ഞത് പോലെ കുട്ടീഞ്ഞോ തന്റെ റോൾ നന്നാക്കി. ഡിന്യേയുമായി ചേർന്ന് നല്ല നീക്കങ്ങൾ. വരും സീസണിൽ ടീമിന്റെ അഭിവാജ്യഘടകമാണ് അദ്ദേഹം. ഇന്നലെ അൽപ്പസമയം കളിച്ചെങ്കിലും ഒരു സ്‌ട്രൈക്കറുടെ ഡ്യൂട്ടിയെക്കാൾ സുവാരസ് ചെയ്തത് മെസ്സിക്കും ഡെമ്പേലെക്കും വേണ്ടി ഒരു സപ്പോർട്ടിങ് റോൾ ആണ്. അത് മനോഹരമായി ചെയ്തിട്ടുണ്ട്. ഇത്തരം ചെറിയ മാറ്റങ്ങൾ അത്യാവശ്യമാണ്. കളിയുടെ ഭാഗമായി എല്ലാ റോളും സ്വായത്തമാക്കുന്നത് ഗുണം ചെയ്യും.
ഇനിയേസ്റ്റയുടെ മാസ്റ്റർക്ലാസ് പാസുകൾ കണ്ട മറ്റൊരു മത്സരം കൂടിയായിരുന്നു ഇന്നലത്തേതു. രണ്ട് ഗോളുകൾക്ക് വഴിതുറക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ മാന്ത്രിക പാസുകൾക്ക് ആയിരുന്നു. നാളെ അദ്ദേഹത്തിന്റെ അഭാവത്തിൽ ഇനി അത്തരം നീക്കങ്ങൾ പുനർജനിക്കില്ല എന്ന ദുഖസത്യം നമ്മൾ തിരിച്ചറിയുന്നു. ബുസി തന്റെ പതിവ് രീതിയിൽ കളിച്ചപ്പോൾ പൗളിഞ്ഞോ മുൻമത്സരങ്ങളിൽ നിന്നും മെച്ചപ്പെട്ടു. അധികം മൈനസ് പാസുകൾ നൽകാതെ നോക്കിയിട്ടുണ്ട്. സമയോചിതമായ ഗോളും. നമ്മുടെ മധ്യനിരയിൽ റാക്കിയുടെ സ്ഥാനം വീണ്ടും കാണിച്ചുതരാൻ ഇന്നലത്തെ മത്സരത്തിനായി. രണ്ടാം പകുതിയിലെ വിയ്യാറയലിന്റെ ഉണർവ്വ് റാക്കിയുടെ വരവോടെ അപ്രത്യക്ഷമായി. ഡെമ്പേലെക്ക് നൽകിയ അസിസ്റ്റ് കിടിലൻ.
പിൻനിര നന്നായി തന്നെ കളിച്ചു. എങ്കിലും വഴങ്ങിയ ഗോൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ചുരുക്കം ചില സമയങ്ങളിൽ ചെറിയ രീതിയിലുള്ള മിസ്അണ്ടർസ്റ്റാന്ഡിങ് എന്ന് സംശയം തോന്നി. ദുർബലമെങ്കിലും വന്ന ഷോട്ടുകൾ മികച്ച രീതിയിൽ തന്നെ സില്ലിസൺ തടഞ്ഞു. പകരക്കാരനായി എത്തിയ മിന, ചുരുങ്ങിയ സമയത്തും മികച്ച നീക്കങ്ങൾ നടത്തിയാണ് കളം വിട്ടത്.
അങ്ങനെ നമ്മുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇനി കേവലം രണ്ട് മത്സരങ്ങൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതേ പ്രകടനം ആവർത്തിക്കുകയാണെങ്കിൽ ഒരു മത്സരം പോലും തോൽക്കാതെ ലീഗ് നേടുന്നു എന്ന ചരിത്രം നമ്മുടെ പേരിലേക്ക് എഴുതിച്ചേർക്കാൻ നമുക്ക് കഴിയും. ആ ചരിത്ര നിമിഷത്തിനായി കാത്തിരിക്കാം.
#RETARD
©www.culesofkerala.com