മാച്ച് റിവ്യൂ – ബാഴ്സലോണ 0 – 0 ഗെറ്റാഫെ
ഈ സീസണിൽ കാംപ് ന്യൂവിലെ ഏറ്റവും വിഷമകരമായ സായാഹ്നങ്ങളിൽ ഒന്ന്. ഈ സീസണിൽ ആദ്യമായി, നമ്മുടെ ഹോം ഗ്രൌണ്ടിൽ സ്കോർ ചെയ്യാൻ നമ്മൾ പരാജയപ്പെട്ടു.
ആദ്യമായി, കാമ്പ് ന്യൂവിൽ ബാഴ്സലോണയ്ക്ക് വേണ്ടി ആദ്യ ലാ ലിഗ മത്സരത്തിന് ഇറങ്ങിയ യെറി മിനക്ക് അഭിനന്ദനങ്ങൾ. 90 മിനിറ്റ് തികച്ചു കൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പ്രായവും പരിചയസമ്പത്തും കണക്കിലെടുത്താൽ ടീമിനു വേണ്ടി നല്ല പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ക്രോസ്സുകൾ തടുക്കാനും ടാക്കിൾ ചെയ്യാനും ഒട്ടും മടിച്ചാലും. വിജയ ഗോൾ ആയേക്കാവുന്ന രണ്ട് ക്രോസുകളിൽ ഹെഡ് ഉതിർക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നമുടെ ഡിഫെൻസിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഏരിയൽ എബിലിറ്റി ഒരു ആസ്തിയായിരിക്കും. പങ്കാളി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഡിന്യേ അതിശയകരമായ പ്രതിരോധ പ്രകടനങ്ങൾ നടത്തി. ഇതിന് മുൻപ് ആ റോൾ കൈകാര്യം ചെയ്തതിനേക്കാൾ ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമിതമായ പ്രതിരോധ മനോഭാവത്തിനും ടീമിന് ആക്രമണത്തിൽ വേണ്ട സംഭാവന നല്കാത്തതിനും ഏറെ പഴി കേട്ടിട്ടുണ്ട് അദ്ദേഹം. എന്നാൽ ഇന്നലെ പരീക്ഷണാത്മക ബാക്ക്ലൈനിൽ പ്രതിരോധം സുരക്ഷിതമാക്കി നിർത്തുന്നതിൽ ഈ ശൈലി അനുകൂലഘടകമായി വന്നു.
ടീം മുഴുവനായും തളർന്നത് പോലെ തോന്നിച്ചു. നമ്മൾ ഭയന്നത് പോലെ തളർച്ചയും മത്സരങ്ങളുടെ ആധിക്യവും ടീമിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. 3 ദിവസം മുൻപ് നടന്ന സെമി ഫൈനൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഓരോ മൂന്നു ദിവസത്തിലും 100% നൽകുക എന്നത് ടീമിനെ സംബന്ധിച്ചു അസാധ്യമായ കാര്യമാണ്. 39 ദിവസങ്ങൾക്കുള്ളിൽ, 12 കളികൾ ആണ് ടീം കളിച്ചത്. ഇത് പ്രകടനത്തെ തീർച്ചയായും ബാധിക്കും.
ഗോളിൽ നിന്ന് നമ്മെ അകറ്റി നിർത്തിയ ഗേറ്റഫേയുടെ പ്രതിരോധത്തിന് അഭിനന്ദനങ്ങൾ. അവർ നമുക്ക് ഒട്ടും സ്പേസ് അനുവദിച്ചില്ല. നമ്മുടെ സ്വാഭാവിക പാസിങ് ലൈനുകൾ മികച്ച പൊസിഷനിംഗോടെ തടയാൻ അവർക്ക് സാധിച്ചു. ഡെംബലെയുടെ വരവോടെ നമ്മൾ വിങ്ങുകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.
ഡെംബെലയ്ക്ക് ഒരു മോശം സായാഹ്നം ആയിരുന്നു ഇന്നലത്തേത്. ടീമിൽ ഉചിതമായ സമയത്ത് ഇഴകിച്ചേരാൻ കഴിയാത്തതിനാൽ നമുക്ക് അദ്ദേഹത്തിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കാനാവില്ല. ഒന്ന് രണ്ടു തവണ പന്ത് നഷ്ടപെടുത്തിയതുൾപ്പടെ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും ഇപ്പോഴും ഒരു പ്രതീക്ഷയുടെ വെളിച്ചം ഉണ്ട്. സുവാരസിന് ഒരു മനോഹരമായ ക്രോസ്സ് നൽകിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കൗട്ടീഞ്ഞോകും മോശം ദിവസമായിരുന്നു ഇന്നലെ, നിർണായക പൊസിഷനുകളിൽ വെച്ചു അദ്ദേഹം പന്തു നഷ്ടപ്പെടുത്തുന്നത് കാണാമായിരുന്നു.
മുൻ വലൻസിയാ ഷോട്ട് സ്റ്റോപ്പർ ഗ്വാഷ്യയും നമ്മളെ തടഞ്ഞു നിർത്തുന്നതിൽ വിജയിച്ചു. മിന, സുവാരസ്, കുട്ടീന്യോ എന്നിവരുടെ മികച്ച ഷോട്ടുകൾ അയാൾ തടുത്തകറ്റി. രണ്ടാം പകുതിയിൽ, നമ്മുടെ കളി മെച്ചപ്പെട്ടപ്പോൾ അദ്ദേഹം അവസരത്തിനൊത്തു ഉയർന്നു.
7 ദിവസത്തിനുള്ളിൽ 4 പോയിന്റ് നഷ്ടമായി. എന്നാൽ വിഷമിക്കേണ്ടതില്ല. നമുക്ക് 7 പോയിന്റിന്റെ മുൻതൂക്കം ഉണ്ട്. കിരീടപോരാട്ടത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നമുക്ക് ഇപ്പോൾ ചില പോയിന്റുകൾ നഷ്ടപ്പെടുത്താൻ കഴിയും. ഐബാറിനോടുള്ള മത്സരത്തിന് മുൻപ് ടീമിന് ഒരാഴ്ച വിശ്രമം ഉണ്ട്. പുത്തൻ ഉണർവും ആശയങ്ങളും ആയി നമ്മൾ തിരിച്ചുവരും.
©Penyadel Barca Kerala