• Follow

മാച്ച് പ്രിവ്യു – ഗെറ്റാഫെ vs ബാഴ്‌സലോണ

  • Posted On September 16, 2017

ലാലിഗ റൌണ്ട് 4
കൊളീസിയം അൽഫോൻസോ പെരെസ് – ഗെറ്റാഫെ
ഇന്ത്യൻ സമയം വൈകീട്ട് : 07 : 45
തത്സമയം

അങ്ങനെ ബാഴ്‌സ ലാലീഗയിലേക്ക് തിരികെയെത്തുകയാണ്. ചാമ്പ്യൻസ് ലീഗിലെ തുടക്ക മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയം ഉയർത്തിയ ആത്മവിശ്വാസത്തോടെയാണ് ബാഴ്‌സ ഗെറ്റാഫെയെ നേരിടാൻ വിമാനം കയറിയിരിക്കുന്നത്. വൽവെർദേയുടെ കീഴിൽ ആത്മവിശ്വാസം വീണ്ടെടുത്ത് തുടങ്ങുന്ന കളിക്കാരും ബാഴ്‌സയും ഇന്നും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. നിലവിൽ ലാലിഗയിൽ ഇത് വരെ നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ച ബാഴ്‌സ, ഇന്ന് ആ നില കൂടുതൽ ഭദ്രമാക്കാനാണ് ശ്രമിക്കുന്നത്.

കളിയിൽ ബാഴ്‌സയ്ക്ക് മുൻതൂക്കമുണ്ട് എന്നത് നേരാണ് . പക്ഷെ ഫുട്ബാൾ പോലെ ഒരു പ്രവചനാതീതമായ കളിയിൽ മുൻതൂക്കങ്ങൾക്കൊ മുൻവിധികൾക്കോ സ്ഥാനമില്ല. തൊണ്ണൂറു നിമിഷങ്ങളിൽ ആരാണോ മികച്ചു നിൽക്കുകയും ഗോൾ നേടുകയും ചെയ്യുന്നത് അവരാണ് വിജയികളാവുന്നതു. അത് തന്നെയാണ് മത്സരത്തിന് മുൻപ് കോച് വൽവെർദേ വ്യക്തമാക്കിയത്. ഗെറ്റാഫെയുടെ മികച്ച സെറ്റ് പീസുകൾ എന്നും ഭീഷണിയുയർത്തുന്നതാണ്. പൊതുവിൽ ബാഴ്‌സ സെറ്റ് പീസുകളിൽ വളരെ പിറകിലാണ് താനും. (കഴിഞ്ഞ മത്സരങ്ങളിൽ മെച്ചപ്പെട്ടിട്ടുണ്ട് ). അത് കൊണ്ട് തന്നെ ശക്തമായ ഒരു മത്സരം പ്രതീക്ഷിച്ചാണ് ബാഴ്‌സ ഗെറ്റാഫെയിലേക്ക് എത്തിയിരിക്കുന്നത്.

ഒരു പക്ഷെ ഇന്ന് ബാഴ്‌സ ആദ്യ ഇലവനിൽ സാരമായ മാറ്റങ്ങൾക്ക് ശ്രമിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ഏകദേശം ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെയാണ് ഇറക്കിയതെങ്കിൽ ഇന്ന് ഒരു പക്ഷെ ആ മത്സരങ്ങളിൽ സബ്സ്റ്റിട്യൂട്ട് ആയവരെ ആദ്യ ഇലവനിൽ പരിഗണിച്ചേക്കും. ഒരു എവേ മത്സരം ആയതിനാൽ വൽവേർദേ തന്റെ ഫേവറൈറ്റും കുറച്ചു കൂടി ഡിഫെൻസിവ് ആയതുമായ 4 – 2 – 3 – 1 ഫോർമേഷൻ ഉപയോഗിക്കാൻ സാധ്യതയേറെയാണ്. അങ്ങനെയാണെങ്കിൽ പൊളിഞ്ഞോ ഒരു പക്ഷെ ആദ്യമായി ബാഴ്‌സയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കാം. ഒപ്പം ഇനിയേസ്റ്റക്ക് പകരം റോബർട്ടോയും വന്നേക്കും. പ്രായമേറിത്തുടങ്ങുന്ന ഇനിയേസ്റ്റയെ പ്രധാന മത്സരങ്ങളിൽ ഉപയോഗിക്കേണ്ടതിനാൽ ഇത്തരം മത്സരങ്ങളിൽ അദ്ദേഹത്തെ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത് . മധ്യനിരയിൽ മാത്രമല്ല പ്രതിരോധത്തിലും മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. ഉംറ്റിറ്റിക്ക് പകരം മഷറാനോ വന്നേക്കും. കഴിഞ്ഞ ഏറെ മത്സരങ്ങളായി ഉംറ്റിറ്റി മുഴുവൻ സമയവും കളത്തിലുണ്ട് . ആവശ്യമായ വിശ്രമവും റൊട്ടേഷനും നടത്തിയില്ലെങ്കിൽ കളിക്കാരനും ടീമിനും ഭാവിയിൽ അത് ദോഷകരമായി ഭവിച്ചേക്കാം.

മുന്നേറ്റത്തിൽ ഇന്ന് ഡെമ്പെലെയേ സ്റ്റാർട്ട് ചെയ്യിക്കാനാണ് സാധ്യത. കൂടുതൽ മത്സര പരിചയം അദ്ദേഹത്തിന് അത്യാവശ്യമാണ്. അതോടൊപ്പം ഡ്യൂലേഫോയെ സബ് ആയി ഇറക്കിയേക്കും. മെസ്സിയെയും സുവരെസിനെയും മാറ്റാൻ സാധ്യതയില്ല.

മൂന്ന് പോയിന്റുകൾ. അതാണ് ഇന്ന് നമ്മൾ ലക്‌ഷ്യം വെക്കുന്നത്. അത് ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസവും. കഴിഞ്ഞ സീസണിൽ എന്ന പോലെ അനാവശ്യമായി കൂടുതൽ റൊട്ടേഷൻ നടത്തി മത്സര ഫലം എതിരാകില്ല എന്ന് വിശ്വസിക്കാം. വലിയ ഒരു സ്‌ക്വാഡ് നമുക്ക് ഉണ്ട്. എല്ലാ കളിക്കാരെയും മികച്ച രീതിയിൽ ഉപയോഗിച്ചാൽ ഈ ടീം ലോകോത്തരമാകും എന്നതിൽ തർക്കമില്ല.

©Penyadel Barca Kerala

  • SHARE :