• Follow

മാച്ച് പ്രിവ്യു ബാഴ്‌സലോണ vs ഐബർ

  • Posted On September 19, 2017

ലാലിഗ റൌണ്ട് 5
കാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 01:30
തത്സമയം : Sony Ten 2
ലാലിഗയിൽ ഇത് വരെ നടന്ന മത്സരങ്ങളിൽ എല്ലാം സമ്പൂർണ്ണമായ വിജയവുമായി ബാഴ്‌സ അടുത്ത മത്സരം നേരിടാനെത്തുന്നു. ഇന്ന് രാത്രി ഐബറിനെയാണ് ബാഴ്‌സ സ്വന്തം തട്ടകത്തിൽ നേരിടുന്നത്. ലാലിഗയിൽ നിലവിലുള്ള മുൻകൈ ഇനിയും ഉറച്ചതാക്കാൻ ലക്ഷ്യമിട്ടാണ് ബാഴ്‌സ ഇറങ്ങുന്നത്. ഐബർ ആകട്ടെ നാല് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും രണ്ട് തോൽവിയുമായി പതിമൂന്നാം സ്ഥാനത്താണ് ഇപ്പോൾ. എന്നും ബാഴ്‌സയുടെ ശക്തികേന്ദ്രമായ കാമ്പ് നോവിൽ വച്ച് നടക്കുന്ന മത്സരമായതിനാൽ ബാഴ്‌സക്ക് ഈ മത്സരത്തിൽ പ്രതീക്ഷകൾ ഏറെയാണ്.
ഏതാനും ദിവസങ്ങളുടെ ഇടവേളയിൽ നടക്കുന്ന മത്സരം എന്നതാണ് ഞങ്ങളെ അൽപ്പം ശങ്കയിലാക്കുന്നത്.കഴിഞ്ഞ മത്സരം നടന്നിട്ട് ഇന്നേക്ക് മൂന്നാം ദിവസം മാത്രമാണ്. അതിശക്തമായ ഒരു ബെഞ്ച് ഇല്ലാത്ത ബാഴ്‌സക്ക് ആദ്യ ഇലവനിൽ ഏകദേശം ഒരേ ലൈൻ അപ്പുമായി തന്നെയാണ് ഇറങ്ങേണ്ടി വരുന്നത്. പരമാവധി സബ്സ്റ്റിട്യൂഷൻ മൂന്നെണ്ണമായതിനാൽ എല്ലാവർക്കും അർഹിക്കുന്ന വിശ്രമം നൽകാൻ കഴിയുന്നുമില്ല. തളരാതെ പിടിച്ചു നിൽക്കാൻ ടീമിന് കഴിയുന്നുണ്ട്. ആർക്കും പരിക്ക് പറ്റാതെ സീസണിലുടനീളം ടീം മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നത്തെ മത്സരം ഒരു വിജയം തന്നെയാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഒരു അനായാസ വിജയം ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും നമ്മുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ പ്രതീക്ഷകൾ ഏറെയാണ്. ശക്തമായ ഒരു എവേ മത്സരം വിജയത്തോടെ പൂർത്തിയാക്കിയത് ടീമിന് വലിയ ഒരു ഉണർവ്വാണ്‌. ഒപ്പം സാഹചര്യങ്ങൾക്കൊത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിപുണത ദൃശ്യമാക്കിയ കോച്ചും നമുക്ക് ഉണ്ട്. എന്താണ് ടീമിന് യഥാർത്ഥത്തിൽ വേണ്ടതെന്നു വ്യക്തമായി അറിയാവുന്ന അദ്ദേഹം കൃത്യമായ സമയങ്ങളിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തി ഫലം ടീമിന് അനുകൂലമാക്കുന്നു. കഴിഞ്ഞ മത്സരത്തിന്റെ ഫലങ്ങൾ അതിനു ഒരു ഉദാഹരണമാണ്.
ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ഡെമ്പെലെ,അർദ ടുറാൻ, ഗോമസ് , പാക്കോ, ഉംറ്റിറ്റി എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ഡെമ്പെലേക്ക് പരിക്കേറ്റതിനാൽ കഴിഞ്ഞ മത്സരങ്ങളിൽ പരീക്ഷിച്ച MSD ത്രയം ഇന്നുണ്ടാകില്ല. പകരം ഡെലൂഫെ കളത്തിലിറങ്ങും. സീസൺ ആരംഭം മുതൽ ഇദ്ദേഹം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. കൂടുതൽ മത്സരങ്ങളിലെ പരിചയം കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിന് സഹായിക്കുമെന്ന് ഉറപ്പാണ്. പാക്കോയും ഇല്ലാത്തതിനാൽ സുവാരസ് തന്നെയാകും ഇന്ന് സ്‌ട്രൈക്കർ ജോലി ചെയ്യുന്നത്. ഇന്ന് അദ്ദേഹം ഫോമിലേക്ക് തിരികെയെത്തുമെന്നു കരുതാം. മധ്യനിരയിൽ അൽപ്പം മാറ്റങ്ങൾ ഇന്നുണ്ടാകുമെന്നു കരുതുന്നു. ഇനിയേസ്റ്റയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. അർഹിക്കുന്ന വിശ്രമം അദ്ദേഹത്തെ പോലെ ഉള്ള വെറ്ററൻ താരങ്ങൾക്ക് നിൽക്കണം. പകരം ആ പൊസിഷനിൽ ഡെനിസ് സുവാരസ് ഇറങ്ങും. റാകിറ്റിച്ചിനും ബുസ്കെറ്റിസിനും വിശ്രമം നൽകണമെന്ന ആവിശ്യം വളരെ വലുതാണെങ്കിലും മൊത്തത്തിൽ മധ്യനിരയിൽ അഴിച്ചുപണി നടത്തുമോ എന്ന് വ്യക്തമല്ല. പെട്ടന്നൊരു ദിവസം മധ്യനിര മൊത്തത്തിൽ ഉടച്ചു വാർത്താൽ, പ്രകടനത്തെ അത് സാരമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ സെർജി റോബർട്ടോയും പൊളിഞ്ഞോയും ടീമിൽ ഇടം പിടിക്കും.
പ്രതിരോധത്തിൽ ആൽബ, പിക്വെ, മാഷെ, സെമെഡോ സഖ്യം ഉണ്ടാകാനാണ് സാധ്യത. ഏറെ നാളായി എല്ലാ മത്സരവും കളിക്കുന്ന ഉംറ്റിറ്റിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഒപ്പം മാഷെ ടീമിൽ തിരിച്ചെത്തിയിട്ടുമുണ്ട്. കഴിഞ്ഞ മത്സത്തിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന സെമെഡോ ഇന്ന് റൈറ്റ് ബാക്ക് സ്ഥാനത്തു തിരിച്ചെത്തുമെന്ന് കരുതുന്നു. അലീഷ് വിദാൽ ടീമിൽ ഉണ്ടെങ്കിലും റൈറ്റ് ബാക്ക് ആയി എത്താൻ സാധ്യത കുറവാണ്. ഗോൾ വല കാക്കാൻ ടെർ സ്റ്റീഗൻ തന്നെ എത്തും. മൂന്ന് പോയിന്റ്, അതാണ് ഇന്നും നമ്മുടെ ലക്ഷ്യം . മികവാർന്ന പ്രകടനത്തിലൂടെ ഇന്ന് ടീം ലാലിഗയിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ഭദ്രമാക്കും എന്ന് കരുതാം.
©Penyadel Barca Kerala

  • SHARE :