മാച്ച് പ്രിവ്യു – ബാഴ്‌സലോണ vs അത്ലറ്റിക്കോ മാഡ്രിഡ്
അങ്ങനെ ഇടവേളക്ക് ഒരു ഇടവേള. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഉണ്ടായിരുന്ന രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ലീഗ് മത്സരങ്ങൾ പുനരാംഭിക്കുന്നു. അടുത്ത ഇടവേളക്ക് മുൻപായി ലഭിച്ച മൂന്നാഴ്ചത്തെ സമയത്തിൽ ഒട്ടേറെ മത്സരങ്ങൾ കളിച്ചു തീർക്കാനുള്ളതിനാൽ വരാനിരിക്കുന്നത് തിരക്കേറിയ കുറച്ചു ദിവസങ്ങൾ. ലീഗിലെ സ്ഥാനമാനങ്ങൾ മാറിമാറിയാൻ ഏറ്റവും സാധ്യത കൂടുതലുള്ള സമയമാണ് ഇനി വരാൻ പോകുന്നത്. കടുത്ത ഷെഡ്യൂളിൽ മത്സരങ്ങൾ വരുമ്പോൾ ക്ഷീണവും പരിക്കും ഒരു പക്ഷെ കളിക്കാരെ അലട്ടിയേക്കാം. എങ്കിലും കൃത്യമായ റൊട്ടേഷനിലൂടെ ഇതിനു ഒരു പരിധി വരെ പരിഹാരം കാണാം എന്ന പ്രതീക്ഷയിലാണ് നമ്മൾ.
ഒരു ഇടവേളക്ക് ശേഷം ഒരു കടുത്ത മത്സരം. അതാണ് ഇന്നത്തെ മത്സരത്തിന്റെ സ്ഥിതിവിശേഷം. എന്നും ഇടവേള ബാഴ്‌സലോണക്ക് തലവേദനയാണ്. ഓരോ ബ്രെക്കിനും ശേഷമുള്ള കളികൾ എന്നും മോശം റിസൾട്ട് ആണ് നൽകിയിട്ടുള്ളത്. ഇത്തവണയാകട്ടെ മത്സരം കരുത്തരായ അത്ലറ്റികോക്ക് എതിരെയും. തന്റെ ബെസ്റ്റ് ഇലവനെ ഇനിയും കണ്ടെത്താൻ കഴിയാത്ത വൽവെർദേക്ക് ഒരു അഗ്നിപരീക്ഷണം കൂടിയാണ് ഇന്നത്തെ മത്സരം. ഇത് വരെയുള്ള ലീഗിലെ അജയ്യത തീർത്തും ഭാഗ്യം മാത്രമല്ലെന്ന് അദ്ദേഹത്തിന് ഇന്ന് തെളിയിക്കണം. അദ്ദേഹം ഒരു മികച്ച കോച്ചും, തങ്ങൾ ഒരു മികച്ച ടീമും ആണെന്ന് ബാഴ്‌സലോണക്ക് തെളിയിക്കണമെങ്കിൽ അൽപ്പം കരുത്തരായ എതിരാളികളോട് ഏറ്റുമുട്ടേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു മികച്ച അവസരമാണ് ഇന്ന്.
നമ്മുടെ ടീമിനെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസമാണ് ഞങ്ങൾക്ക്. പ്രധാന കളിക്കാർ എല്ലാവരും തന്നെ ലഭ്യമാണ്. അവസാന മത്സരത്തിൽ പരിക്കിലായിരുന്ന ഇനിയേസ്റ്റ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബുസ്കെറ്റ്സിനു പരിക്കേറ്റെന്ന അഭ്യൂഹം ഇതിനിടെ പരന്നെങ്കിലും അദ്ദേഹവും ടീമിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. നമ്മുടെ പ്രധാന കളിക്കാർ എല്ലാവരും തന്നെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഏതാണ്ട് മുഴുവൻ സമയവും കളിച്ചിട്ടുണ്ട്. അത് കൊണ്ട് കഴിഞ്ഞ ഇടവേളയിലും ആവിശ്യത്തിന് വിശ്രമം ലഭിച്ചിട്ടില്ല എന്നത് ഒരു മൈനസ് മാർക്ക് ആണ്. പക്ഷെ എതിർ ടീമിലെ കളിക്കാരുടെയും സ്ഥിതിയും സമമാണ്. അത് കൊണ്ട് ഇന്നത്തെ മത്സരത്തിൽ ഇക്കാര്യം ഒരു ഘടകമായി പരിഗണിക്കാൻ കഴിയില്ല.
മികച്ച ഫോമിലുള്ള ഡെനിസ് സുവാരസ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. എങ്കിൽ മെസ്സി – സുവരേസ് – ഡെനിസ് സുവാരസ് എന്നിങ്ങനെയുള്ള ഒരു മുന്നേറ്റമായിരിക്കാം ഉണ്ടാകുന്നത് . അല്ലെങ്കിൽ ഡെനിസ് സുവാരസിനെ മധ്യനിരയിൽ കണ്ടേക്കാം. പരിക്കിലായിരുന്നതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി കളിക്കാതിരുന്ന ഇനിയേസ്റ്റ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയണം. എങ്കിലും അദ്ദേഹത്തെ പോലെ ഒരാൾക്ക് അതൊന്നും പ്രശ്നമാകില്ല. ഇന്നത്തെ പോലെയുള്ള പ്രധാന മത്സരങ്ങളിൽ അദ്ദേഹത്തിന്റെ കഴിവും പരിചയസമ്പന്നതയും ബാഴ്‌സക്ക് അത്രയേറെ അത്യാവശ്യവുമാണ്.ആദ്യ ഇലവനിൽ റാക്കിയും , പിന്നീട് പകരക്കാരനായി പൊളിഞ്ഞോയും കളിക്കളത്തിൽ എത്താൻ സാധ്യതയുണ്ട്. അത്ലറ്റിക്കോ പോലെയുള്ള കരുത്തരായ എതിരാളികളുടെ മടയിൽ കളികളിക്കാൻ ചെല്ലുമ്പോൾ പൊളിഞ്ഞോയെ പോലെയുള്ള ഗോൾ സ്കോറിങ് മിഡ് ഫീൽഡർമാരുടെ സാന്നിധ്യം ഗുണകരമാണ്. അത് പോലെ ഇന്ന് സെമെഡോ റൈറ്റ് ബാക്ക് സ്ഥാനത്തെത്താനാണ് സാധ്യത. ഒരു ഇടവേളക്ക് ശേഷം വരുന്നതിനാൽ ടീമിന്റെ ഫസ്റ്റ് ഇലവനെ പ്രവചിക്കാൻ എളുപ്പമല്ല. എങ്കിലും നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്‌ക്വാഡിനെയായിരിക്കും ഇന്ന് രംഗത്തിറക്കുക.
ആദ്യമേ പറഞ്ഞത് പോലെ ഇതുവരെയുള്ള മികച്ച പ്രകടനം കേവലം ഭാഗ്യമായിരുന്നില്ല എന്ന് തെളിയിക്കേണ്ടത് ടീമിന്റെ ഉത്തരവാദിത്വമാണ്. നിലവിൽ സ്വപ്നതുല്യമായ തുടക്കമാണ് ടീമിന് ലഭിച്ചിരിക്കുന്നത്. മികച്ച ഒരു പ്രകടനത്തിലൂടെ ടീം ഇന്ന് ആ നില കൂടുതൽ ഭദ്രമാക്കും എന്ന് കരുതുന്നു. മികച്ച ഒരു മത്സരത്തിനായി കാത്തിരിക്കാം.
|| ലാലിഗ റൌണ്ട് 8 ||
വേദി : വാന്റ മെട്രോപ്പോളിറ്റാനോ – മാഡ്രിഡ്
ഇന്ത്യൻ സമയം രാത്രി : 12:15
തത്സമയം : TEN 2
©Penyadel Barca Kerala