• Follow

ബാഴ്‌സ സ്റ്റുഡിയോ നിർമ്മിക്കുന്ന ആനിമേറ്റഡ് സീരീസ്  – ടാലന്റ് എക്സ്പ്ലൊറേഴ്‌സ്

  • Posted On May 27, 2020

സോണി മ്യുസിക് ലാറ്റിൻ ഐബീരിയയുമായി സഹകരിച്ചു ബാഴ്‌സ ഓഡിയോവിഷ്വൽ ഫാക്ടറി നിർമ്മിക്കുന്ന സീരീസിന് ശബ്ദം നൽകുന്നത് സോണി മ്യുസിക്കിന്റെ പ്രശസ്തരായ അന്താരാഷ്ട കലാകാരന്മാരാണ്.

അതുല്യമായ വിനോദ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരാധകരുമായി സംഗീതവും കായികവും ബന്ധിപ്പിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും എഫ്സി ബാഴ്‌സലോണ സോണി മ്യൂസിക് ലാറ്റിൻ ഐബീരിയയുമായി ഒരു തന്ത്രപരമായ കരാറിൽ ഒപ്പുവച്ചു. പ്രശസ്ത ശബ്ദകലാകാരൻ എസ്റ്റോപ്പ സംഗീതം നല്‍കിയ  ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിൽ  ടാലന്റ് എക്സ്പ്ലോറേഴ്സ് പ്രധാന കഥാപാത്രങ്ങളായ മാക്സ്, റോക്ക്, ലിൻഡ എന്നിവരെ നമുക്കു പരിചയപ്പെടുത്തി തരുന്നു. ഇവര്‍ ഒരു ടൂര്‍ണമെന്റില്‍ ബാഴ്സയെ പ്രധിനിധീകരിച്ചു പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികളെ തേടാനായി ലോകമെമ്പാടും സഞ്ചരിക്കുകയും പ്രത്യേക കഴിവുകളുള്ള  മാർക്കോ, ഹാവോ, ഐഷ, ലിലി തുടങ്ങിയ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്നു.

എഫ്‌സി ബാഴ്‌സലോണയുടെ എല്ലാ ഓഡിയോവിഷ്വൽ ഉള്ളടക്കങ്ങളുടെയും ഉത്പാദനം, വിതരണം എന്നിവ കേന്ദ്രീകരിക്കുകയും ആരാധകർക്ക് യഥാർത്ഥവും, ഗുണനിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ബാഴ്സ എന്ന ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുന്നതിനും, ക്ലബിനായി പുതിയ വരുമാനം ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള  തീരുമാനമാണ് ബാഴ്‌സ സ്റ്റുഡിയോ. നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തിറക്കിയ 2018/18 സീസണിലെ ഫസ്റ്റ് ടീം കളിക്കാരുടെ ദൈനംദിന ജീവിതത്തെ പിന്തുടർന്ന ഡോക്യുമെന്ററി സീരീസ് “മാച്ച്ഡേയുടെ” ആദ്യ സീസണിന്റെ മികച്ച വിജയത്തിന് ശേഷം ലാ മാസിയയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്  ആൽബർട്ട് എസ്പിനോസ തിരക്കഥ രചിച്ച ആദ്യത്തെ സാങ്കൽപ്പിക പരമ്പര അനാച്ഛാദനം ചെയ്തതിൽ  ബാഴ്സ സ്റ്റുഡിയോക്ക്  അഭിമാനിക്കാം .

ടാലന്റ് എക്സ്പ്ലോറേഴ്സ് എന്ന കാർട്ടൂൺ സീരീസ് പ്രധാനമായും  കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണ്.  പ്രത്യേകിച്ചും 5 നും 9 നും ഇടയിൽ പ്രായമുള്ള കുട്ടികൾ. കാർട്ടൂൺ സീരീസുകള്‍ കുട്ടികളിൽ മൂല്യങ്ങളുടെ കൈമാറ്റത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു എന്ന തിരിച്ചറിവും അവരുടെ മനുഷ്യവികസനത്തിന്റെ പ്രധാന ഘട്ടം തുടങ്ങുന്ന ഈ പ്രായത്തില്‍ കായിക ലോകത്തെക്കുറിച്ചും ബാഴ്സയെക്കുറിച്ചും അറിയാനും കായിക വിനോദത്തിന് സാമൂഹികമായി നേടാൻ കഴിയുന്നതെന്തെന്ന് രസകരവും വിനോദപ്രദവുമായ രീതിയിൽ കാണിക്കാനും, മൈതാനത്തിനകത്തും പുറത്തും വിനയം, പരിശ്രമം, അഭിലാഷം, ബഹുമാനം, ടീം വർക്ക് എന്നിവ ഫലങ്ങൾ നേടുന്നതിനുള്ള ഉപകരണങ്ങളാണെന്ന് കാണിക്കുന്നതിനും ഈ സീരീസ് വളരെയധികം പ്രാധാന്യം നൽകുന്നു,

മികവുറ്റവരും പരിചയസമ്പന്നരുമായ കൂട്ടാളികൾ

ഗുണനിലവാരമുള്ള ഉൽ‌പ്പന്നം  ഉറപ്പ് നൽകുന്നതിനായി ബാഴ്സ സ്റ്റുഡിയോ, ടാലന്റ് എക്സ്പ്ലോറേഴ്സ് എന്ന ഈ സീരീസില്‍, ആനിമേഷൻ ലോകത്തെ അനുഭവസമ്പന്നരായ,  മികവിന്റെ പര്യായങ്ങളായ കമ്പനികളുമായും, ആളുകളുമായി കൈകോര്‍ത്തിരിക്കുന്നു. സോണി മ്യൂസിക് ലാറ്റിൻ ഐബീരിയയിലെ ഏറ്റവും മികച്ച അന്തർദ്ദേശീയ കലാകാരന്മാരായ മുനോസ് സഹോദരന്മാര്‍, എസ്റ്റോപ എന്നിവരുടെ ഗാനങ്ങളുടെ ശബ്‌ദട്രാക്ക് ഇതിൽ പ്രദർശിപ്പിക്കും. ഇവരുടെ ഹിറ്റുകളിലൊന്ന് ടീസറിൽ ഉപയോഗിക്കാൻ അനുയോജ്യമാക്കി മാറ്റിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ പാക്കോ ലാറ്റോറെ (ബാഴ്സ സ്റ്റുഡിയോയുടെ ഡയറക്ടർ), സോണി മ്യൂസിക് ഐബീരിയയിലെ മീഡിയ കണ്ടന്റ് ഡയറക്ടർ സെർജി റീറ്റ് എന്നിവരാണ് പദ്ധതിയെ നയിക്കുന്നത്. ആനിമേഷൻ വ്യവസായത്തിലെ പരിചയസമ്പന്നരായ രണ്ട് സ്റ്റുഡിയോകളുമായി സഹകരിച്ചാണ് ആദ്യത്തെ ടീസർ വികസിപ്പിച്ചത്: കറ്റാലൻ നിർമ്മാണ കമ്പനിയായ ടോമാവിസിയൻ, കമ്പ്യൂട്ടർ ആനിമേഷനിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ കമ്പനിയായ മാഗ ആനിമേഷൻ സ്റ്റുഡിയോ തുടങ്ങിയവർ ആഗോള വിനോദ വിപണിയിൽ മത്സരിക്കുന്നതിന് ആവശ്യമായ ഉയർന്ന നിലവാരമുള്ള 3 ഡി കാര്‍ട്ടൂണ്‍ സീരീസുകള്‍ നിർമിക്കാമെന്ന് ഉറപ്പ് നൽകുന്നു.

സ്പെയിനിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ചലച്ചിത്രവും 2009 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സ്പാനിഷ് ഭാഷാ ചിത്രവുമായ പ്ലാനറ്റ് 51, മോർട്ടഡെലോ, ഫയൽമോൺ: മിഷൻ ഇംപ്ലൂസിബിൾ (2014 ലെ ഗൊയ അവാര്‍ഡ്‌ നേടിയ കാര്‍ട്ടൂണ്‍ ചിത്രം) തുടങ്ങിയ സിനിമകളുടെ സംവിധായകൻ ജോർജ്ജ് ബ്ലാങ്കോ ആണ് ടാലന്റ് എക്സ്പ്ലോറേഴ്സിന്റെ സംവിധായകൻ.  പാരാമൗണ്ട് പിക്ചേഴ്സിനും ദി വാൾട്ട് ഡിസ്നി കമ്പനിയ്ക്കുമായി ഡിസ്നിയുടെ ടാർസൻ, ബ്രദർ ബിയർ, ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം തുടങ്ങിയ ആനിമേറ്റഡ് സിനിമകളിലും, ടീന്‍ ടൈറ്റൻസ് സീരീസുകളിലും, ഗോറില്ലസ് ഇൻ ദി മിസ്റ്റ്, ദി ആഡംസ് ഫാമിലി തുടങ്ങിയ പരമ്പരാഗത സിനിമകളിലും  പ്രവര്‍ത്തിച്ചിട്ടുള്ള ഓസ്കാർ നോമിനിയാണ് തിരക്കഥാകൃത്ത് ടാബ് മര്‍ഫി.

ടാലന്റ് എക്സ്പ്ലോറിന്റെ ആദ്യ സീസൺ രണ്ട് ഫോർമാറ്റുകളിലായി വരും. പതിനൊന്ന് മിനിറ്റ് എപ്പിസോഡുകൾ പരമ്പരാഗത പ്ലാറ്റ്ഫോമുകളിലും  കൂടാതെ രണ്ട് മിനിറ്റ് എപ്പിസോഡുകൾ YouTube പോലുള്ള ഡിജിറ്റൽ ചാനലുകളിലും വിതരണം ചെയ്യും. ഇതുപോലുള്ള പ്രൊഡക്ഷനുകൾ പൂർത്തിയാകാൻ സാധാരണയായി 18 മുതൽ 24 മാസം വരെ എടുക്കുന്നതിനാൽ, ആദ്യ എപ്പിസോഡുകൾ 2021 ലെ വേനൽഅവധിക്കാലത്ത് പ്രദർശിപ്പിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.പദ്ധതിയുടെ ആദ്യ ഘട്ടം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഇന്ന് നമ്മുടേതിന് സമാനമായ ഒരു ലോകത്ത് ജീവിക്കുന്ന പക്ഷെ മനുഷ്യരും മൃഗങ്ങളും സമൂഹത്തിൽ ഒന്നിച്ചുനിൽക്കുന്ന ഒരു ലോകത്തെ പറ്റിയാണ് കഥ ഒരുങ്ങുന്നത്. ഫുട്ബോൾ, ബാഴ്സ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു കഥാ സന്ദർഭം ബൈബിളിന്റെ നിർവചനത്തോടുകൂടി വികസിപ്പിചെടുത്തിരിക്കുന്നു.

ടാലന്റ് എക്സ്പ്ലോറർമാർക്കുള്ള ഒരു സാങ്കൽപ്പിക പ്രപഞ്ചം

മാക്സ് (ക്യാപ്റ്റൻ), 15 വയസ്സുള്ള ആൺകുട്ടി; റോക്ക് (സ്വർണ്ണഹൃദയമുള്ള ഒരു വലിയ കരടി), ലിൻഡ (സാങ്കേതിക വിദഗ്ദ്ധയായ പൂച്ചക്കുട്ടി) എന്നിവരാണ് എഫ്‌സി ബാഴ്‌സലോണ ടാലന്റ് എക്‌സ്‌പ്ലോറർമാരും പരിശീലകരും. അതുല്യമായ കഴിവുകള്‍ ഉള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ  അടുത്ത തലമുറയിലെ  ഫുട്ബോൾ താരങ്ങളെ കണ്ടെത്താനുള്ള ദൌത്യത്തില്‍ ആണിവര്‍.  ഈ ദൌത്യത്തില്‍ തിരഞ്ഞെടുക്കപ്പെടാന്‍ ഭാഗ്യമുണ്ടായാല്‍ ആ കുട്ടിക്ക് ആറ് ആഴ്ചത്തെ സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. ഇതുവഴി എല്ലാവരും ഒരുമിച്ച് പരിശീലനം നേടുകയും യൂത്ത് കപ്പിൽ ബാഴ്സയെ പ്രതിനിധീകരിക്കുന്ന ടീമിൽ സ്ഥാനം നേടാൻ ശ്രമിക്കുകയും ചെയ്യുന്നു.

മാർക്കോ (10 വയസുള്ള കറ്റാലൻ ആൺകുട്ടി), ഹാവോ (8 വയസ്സുള്ള ചൈനീസ് പയ്യൻ), ആയിഷ ( 9 വയസുള്ള എത്യോപ്യന്‍ പെണ്‍കുട്ടി), ലിലി (6 വയസ്സ് മാത്രം പ്രായമുള്ള ഒരു അമേരിക്കൻ പെൺകുട്ടി) എന്നിവരെ ബാഴ്സ സ്കൌട്ടുകള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ  വെച്ച് കണ്ടെത്തുന്നു. ഇവര്‍ കായിക വിനോദത്തിലൂടെ അവരുടെ ഫുട്ബോൾ കഴിവുകൾ രസകരവും ക്രിയാത്മകവും വിനോദപ്രദവുമായ രീതിയിൽ വികസിപ്പിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങള്‍ (ടീം വർക്ക്, സ്പോർട്സ്മാൻഷിപ്പ് മുതലായവ) കൂടി അവർ പഠിക്കുന്നു. ജയമായാലും , തോല്‍വിയായാലും ആൺകുട്ടികളും പെൺകുട്ടികളും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നു. ഇതാണ് ഈ സീരീസിന്‍റെ കഥാതന്തു. ടാലന്റ് എക്സ്പ്ലോറേഴ്സില്‍ മറ്റു പ്രധാന കഥാപാത്രങ്ങളും ഉള്‍പ്പെടും അതോടൊപ്പം ഈ സീരീസുമായി ബന്ധപ്പെട്ടു  ആകർഷകമായ ഗാഡ്‌ജെറ്റുകളും അവതരിപ്പിക്കും.

എഫ്‌സി ബാഴ്‌സലോണ ഡിജിറ്റൽ ഏരിയയുടെ ഉത്തരവാദിത്തമുള്ള ബോർഡ് അംഗം ഡൈഡാക് ലീയുടെ വാക്കുകളിലേക്ക് . “ബാഴ്സ സ്റ്റുഡിയോ ഇതിനുമുന്‍പ് പരീക്ഷിക്കാത്ത  ഫിക്ഷന്‍, ആനിമേഷന്‍ തുടങ്ങിയ മേഘലകളില്‍ക്കൂടി അതിന്റെ മീഡിയ കാറ്റലോഗ് ഏകീകരിക്കുന്നത് തുടരുകയാണ്. ടാലന്റ് എക്സ്പ്ലോറർമാരുടെ ഈ പ്രോജക്റ്റ്, പുതിയ ഡിജിറ്റൽ പദ്ധതിയുടെ പ്രീമിയം ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ക്ലബിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും അതില്‍ ആരാധകരെ പ്രധാനകേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നു. ഈ ഓഡിയോവിഷ്വൽ ഉള്ളടക്കം ഉപയോഗിച്ച് ഞങ്ങൾക്ക് ഏറ്റവും പ്രായം കുറഞ്ഞ ആരാധകരിലേക്കും എത്തിച്ചേരാനാകും.  കുട്ടികളില്‍  ശ്രദ്ധ കേന്ദ്രീകരിക്കാത്ത  ഫുട്ബോൾ ലോകത്തെയും, വ്യവസായത്തെയും അതിന്‍റെ വിനോദത്തെയും ക്ലബ്ബിന്റെ വിശകലനത്തിനുള്ള ഒരു പ്രതികരണം കൂടിയാണിത്. കുട്ടികളെയും നമ്മള്‍ കണക്കിലെടുക്കേണ്ടതാണ്, കാരണം അവർ ഭാവിയിലെ ആരാധകരാണ്”.

“ലോകത്തിലെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായ സോണി മ്യൂസിക് ലാറ്റിൻ ഐബീരിയയുമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ബാഴ്സ സ്റ്റുഡിയോയ്ക്ക് വലിയ സംതൃപ്തിയുണ്ട്, ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ കഴിഞ്ഞ വേനൽക്കാലത്ത് ഒപ്പുവച്ച കരാറിന്റെ ഫലമാണ് ഈ പ്രോജക്റ്റ്. അത് കായികരംഗത്തെയും സംഗീതത്തെയും ഒന്നിപ്പിക്കുന്നു. ടാലന്റ് എക്സ്പ്ലോറേഴ്സ് ശബ്‌ദട്രാക്ക് ഈ സീരീസിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമില്ല. ആനിമേഷൻ സീരീസിൽ വിപുലമായ പരിചയമുള്ള പ്രൊഫഷണലുകളുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് ക്ലബിനെ സംബന്ധിച്ച് വളരെ പ്രധാനപെട്ട ഒന്നാണ്”

“കാർട്ടൂണുകൾ പോലുള്ള ശ്രേണിയില്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെ ഓഡിയോവിഷ്വൽ ഉള്ളടക്കം വികസിപ്പിക്കുന്നതിന്  ബാഴ്സ സ്റ്റുഡിയോയെ ഈ പ്രോജക്റ്റ് സഹായിക്കുന്നു. കളിക്കാരിൽ നിന്നോ യഥാർത്ഥ ജീവിതത്തില്‍  നിന്നോ വ്യത്യസ്തമായ  ഒരു പുതിയ Intellectual Property(IP) സൃഷ്ടിക്കാൻ ക്ലബിന് കഴിയുമെന്നാണ് ഇത്‌കൊണ്ട് അർത്ഥമാക്കുന്നത് . ഈ  പുതിയ ആനിമേറ്റഡ് സീരീസ് എഫ്‌സി ബാഴ്‌സലോണയുടേതാണ്. ബാഴ്സ സ്റ്റുഡിയോ, ആനിമേഷൻ സീരീസ് മേഖലയെ വിപുലമായി വിശകലനം ചെയ്യുകയും, ലോകത്തിലെതന്നെ  മികച്ച കാർട്ടൂൺ നിർമ്മാതാക്കൾക്ക് തുല്യമായി ഉയർന്ന നിലവാരമുള്ള ഒരു ഉൽപ്പന്നം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു. ”

സോണി മ്യൂസിക് ലാറ്റിൻ ഐബീരിയയിലെ ചെയർമാനും സിഇഒയുമായ അഫോ വെർഡെയുടെ പ്രസ്താവന

“സോണി മ്യൂസിക് ലാറ്റിൻ ഐബീരിയ അതിശയകരമായ ‘ടാലന്റ് എക്സ്പ്ലോറര്‍’ എന്ന ഈ സീരീസില്‍ പങ്കാളികളാകുന്നതിൽ അഭിമാനിക്കുന്നു. ഇതു ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ആദ്യത്തെ  പ്രോജക്റ്റ് ആണ്. ബാഴ്‌സലോണയുമായുള്ള തന്ത്രപരമായ പങ്കാളിത്തം സംഗീതവും കായികവുമായി ബന്ധപ്പെട്ട അതുല്യമായ വിനോദം സൃഷ്ടിക്കുന്നതിനായി ഞങ്ങളെ സഹായിക്കുന്നു.  ഈ സംയുക്ത സംരംഭത്തിൽ പങ്കെടുക്കാൻ ആവേശഭരിതരായ ഞങ്ങളുടെ റോസ്റ്ററിൽ നിന്നുള്ള സൂപ്പർതാരങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വന്തം “എസ്റ്റോപ്പ” ഈ ടീസറിന്റെ ഭാഗമാണ്, ഈ സീരീസിനായി ശബ്‌ദട്രാക്ക് നിർമ്മിക്കുന്നതിന് ഞങ്ങൾ കൂടുതൽ മികച്ച ആർട്ടിസ്റ്റുകളുമായി  പ്രവർത്തിക്കും. ഇത് ഒരു തുടക്കം മാത്രമാകുന്നു”.

Content and Image Courtesy: www.fcbarceloana.com
Translation Ⓒ  www.culesofkerala.com