ബാഴ്സലോണയുടെ ആദ്യ കിരീടം – ഒരു തിരിഞ്ഞു നോട്ടം
ഒറ്റ സീസണിൽ 6 കിരീടങ്ങൾ നേടിയ എഫ്.സി. ബാഴ്സലോണയുടെ ആദ്യ കിരീടം ഏതായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടൊ..?
പിൽക്കാലത്ത് അനേകം കിരീടങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട ബാഴ്സയുടെ ഷോക്കേസിലെത്തിയ ആദ്യ കിരീടം ക്ലബ്ബിന്റെ മൂന്നാം വയസ്സിലായിരുന്നു, കോപ്പ മക്കായ.
സീസണിലെ നാല് സൗഹൃദ മൽസരങ്ങളിൽ മൂന്നും ജയിച്ച് കൊണ്ടാണ് ബാഴ്സ തങ്ങളുടെ ആദ്യ കോപ മക്കായ മൽസരത്തിന് ഇറങ്ങുന്നത്. ഹിസ്പാനിയ, ക്ലബ്ബ് യൂണിവേഴ്സിറ്ററി, കാറ്റാലാ എഫ് സി, എസ്പ്യനോൾ എന്നിവയായിരുന്നു കിരീടപോരട്ടത്തിൽ അവരുടെ എതിരാളികൾ. ബോലോഗ്രാനയുടെ ഫൈനൽ റൗണ്ടിലേക്കുള്ള കുതിപ്പ് തീർത്തും ആധികാരികാമായിരുന്നെന്ന് പറയാതെ വയ്യ.
കളിച്ച 8 മൽസരങ്ങളിൽ ഹിസ്പാനയോട് 2-4 എന്ന സ്കോറിന് വിജയിച്ച മൽസരത്തിൽ വഴങ്ങിയ 2 ഗോൾ മാത്രമാണ് ആകെ വഴങ്ങിയത്. അടിച്ചത്, 7.5 എന്ന ശരാശരിയിൽ 60 എണ്ണവും. എസ്പന്യോളിനെതിരെ 7- 0 ജയത്തോടെയാണ് ബാഴ്സ ജൈത്രയാത്ര തുടങ്ങിയത്. രണ്ടാം മൽസരത്തിൽ ക്ലബ്ബ് യൂനിവേഴ്സിറ്ററിയെ 8-0 ത്തിനും തകർത്തു.
ഫെബ്രുവരി അവസാനം കാറ്റലാ എഫ് സിയോട് 12 ഗോൾ അടിച്ചു കൂട്ടിയ ബാഴ്സ മാർച്ച് 23 നും അവരെ വെറുതെ വിട്ടില്ല. 15 ഗോളുകളാണ് ബോളോഗ്രാന കാറ്റലാൻ വലയിൽ കയറ്റിയത്!!. അവരുടെ ഏറ്റവും വലിയ പരാജയമായിരുന്നു അത്. ഉഡോ സ്റ്റെയിൻബർഗ്ഗ് ആറും ഗാമ്പർ, ലീസ്ക് എന്നിവർ ഹാട്രിക്ക് വീതവും പാർസ്സൻസ് ഇരട്ടഗോളും നേടിയ മൽസരത്തിൽ അവസാന ഗോൾ ക്വിറന്റെയുടെ വകയായിരുന്നു.
തങ്ങളുടെ ആദ്യ കിരീടം നേടാൻ ഒരു ടീമിന് ഇതിലും മികച്ചൊരു മാർഗ്ഗമുണ്ടെന്ന് തോന്നുന്നില്ല.!