• Follow

ബാഴ്സ ഫെമിന – ബാഴ്‌സയുടെ സ്വന്തം ചുണക്കുട്ടികൾ

  • Posted On January 19, 2017

ബാഴ്‌സ ഇന്ന് വിശ്വവിഖ്യാതമായ ഒരു ക്ലബ് ആണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ആരാധകരുള്ള ബാഴ്‌സ, ഇന്ന് ലോകഫുട്ബാളിൽ അജയ്യരായി നിലകൊള്ളുന്നു. എന്തിനേറെ പറയുന്നു ആയിരക്കണക്കിന് മൈലുകൾക്കിപ്പുറത്തു, മറ്റൊരു ദേശത്തു, മറ്റൊരു സംസ്കാരത്തിൽ, ഭാഷയിൽ ജീവിക്കുന്ന നമ്മൾ ഒരു കുടുംബം പോലെ ബാഴ്‌സയെ കാണുന്നുവെങ്കിൽ അവർ എത്രമാത്രം ജനഹൃദയങ്ങളിലേക്ക് ഇറങ്ങിചെന്നവർ ആണെന്ന് ഊഹിക്കാമല്ലോ. ബാഴ്‌സയുടെ ഫുട്ബാൾ ടീമിനാണ് ഇന്ന് ലോകത്തു ഏറ്റവും പ്രശസ്തി. ലോകോത്തര താരങ്ങൾ പലകുറി കളിച്ച, ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന ആ ടീം കോടിക്കണക്കിനു ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒപ്പം തന്നെ ബാഴ്‌സയുടെ അതിപ്രശതമായ ലാമാസിയ അക്കാഡമിയും , ജുവനൈൽ ടീമും നമുക്ക് സുപരിചിതമാണ്. പക്ഷെ പിന്നെയും ശാഖകളുള്ള ഈ ബാഴ്‌സ കുടുംബത്തിനെക്കുറിച്ചു നമ്മൾ ഇനിയുമേറെ അറിയാനിരിക്കുന്നു. അതിൽ ഒരു വിഭാഗമാണ് ബാഴ്‌സ ഫെമിന. ബാഴ്‌സയുടെ വനിതാ ടീം ആണ് ഇവർ. ആലങ്കാരികമായി പറയുകയാണെങ്കിൽ ബാഴ്‌സയുടെ പെൺപുലികൾ.

1988 ൽ ആണ് ബാഴ്‌സ ഫെമിന രൂപീകരിക്കുന്നത്. 1899 ൽ സ്ഥാപിതമായ ബാഴ്‌സക്ക് , ഒരു വനിതാ ഫുട്ബാൾ ടീം രൂപപ്പെടുത്താൻ നൂറിനടുത്തു വർഷങ്ങൾ വേണ്ടി വന് എന്നത് അതിശയോക്തി ഉള്ള കാര്യമാണ്. പക്ഷെ കാലാകാലങ്ങളായി ഫുട്ബാളിൽ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തിന്റെ ഒരു ഫലമായിരിക്കും അത്. കരുത്തരായ പുരുഷന്മാരുടെ കളി കൂടുതൽ മെച്ചപ്പെട്ടത് കൊണ്ടാകാം, കൂടുതൽ ആകർഷണവും അതിനായിരുന്നു. വൈകിയാണെങ്കിലും ഒരു വനിതാ ടീം തുടങ്ങാൻ തീരുമാനിച്ചത് അഭിനന്ദനീയം തന്നെ. കേവലം 29 വർഷത്തെ ചരിത്രമുള്ള ഈ ടീം ഇന്ന് ലോകത്തിലെ മികച്ച വനിതാ ടീമുകളിൽ ഒന്നായി മാറിയെങ്കിൽ അതിശയോക്തി ഇല്ല. കാരണം അവർ പ്രധിനിതീകരിക്കുന്നതു ബാഴ്‌സയെ ആണ്. ഉയർച്ചയിലും താഴ്ച്ചയിലും എന്നും വിജയം മാത്രം സ്വപ്നം കാണുന്ന ബാഴ്‌സയുടെ രക്തം തന്നെയാണ് ഇവരുടെ സിരകളിൽ.

തുടങ്ങിവച്ച നാളുകൾ മുതൽ വിജയത്തോടെയായിരുന്നു ഫെമിനി ടീമിന്റെ തുടക്കം. സ്പാനിഷ് വനിതാ പ്രിമേറ ലീഗിന് തുടക്കം കുറിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ഫെമിനി ടീം, ആദ്യ വർഷങ്ങൾ വിജയങ്ങളോടെ മുന്നോട്ട് നീങ്ങി. 1993 വരെ തുടർച്ചയായ വിജയങ്ങൾ സ്പാനിഷ് വനിതാ കോപ കിരീടം നേടുകയും രണ്ടു വട്ടം റണ്ണർ അപ്പ് ആവുകയും ചെയ്തു ഈ കാലഘട്ടത്തിൽ. പക്ഷെ പിന്നീട് പലപ്പോഴും മോശം പ്രകടനത്തിലായ ടീം പിന്നീട് ലീഗിൽ അവസാന സ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തുകയും രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.

2000 ന് ശേഷം, സ്പാനിഷ് വനിതാ ലീഗ് , സൂപ്പർലിഗാ ഫെമിനാ എന്ന രീതിയിൽ പുതുക്കിയെങ്കിലും ബാഴ്‌സക്ക് പ്ലേയ്‌ ഓഫുകൾ കളിക്കേണ്ടതായി വന്നു. അങ്ങനെ 2004 ൽ പ്ലേയ് ഓഫ് വഴി വീണ്ടും മുൻനിര ലീഗിലെത്തിയെങ്കിലും കേവലം മൂന്നു വർഷം മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ. മികച പ്രകടനം കാഴ്ചവെക്കാനാവാതെ ടീം, 2007 ൽ വീണ്ടും തരംതാഴ്ത്തൽ നേരിട്ടു .പക്ഷെ തൊട്ടടുത്ത വര്ഷം തന്നെ ലീഗിൽ തിരിച്ചെത്തിയ ടീം, അടിമുടി മാറിയിരുന്നു. ഒരു ശരാശരി ടീം എന്നതിൽ നിന്നും പിന്നീടുള്ള വർഷങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ അവർ നിലയുറപ്പിച്ചു. 2011 ൽ എസ്പാന്യോളിനെ തോൽപ്പിച്ചു കൊണ്ട് രണ്ടാം ലീഗ് കിരീടം നേടിയ ടീം, തൊട്ടടുത്ത വർഷം 94 പോയിന്റ് എന്ന റെക്കോർഡ് പോയിന്റിൽ ആദ്യമായി നാഷണൽ ചാമ്പ്യൻസ് കിരീടവും സ്വന്തമാക്കി. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ചാമ്പ്യൻസ് ലീഗിന് ടീം അർഹരാവുകയും ചെയ്തു. ആദ്യ റൗണ്ടിൽ തന്നെ ആഴ്‌സണലിനോട് തൊട്ടു പുറത്തായെങ്കിലും സ്പാനിഷ് ലീഗിൽ ടീമിന്റെ ജൈത്രയാത്ര തുടർന്നു . 2013 ൽ കിരീടം നിലനിർത്തിയ ടീം, ആഴ്ചകൾക്കുള്ളിൽ റയൽ സരഗോസയെ തോൽപ്പിച്ചു കൊണ്ട് നാഷണൽ കപ്പ് വീണ്ടും നേടുകയും സ്പാനിഷ് ഡബിൾ കിരീടം നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ ടീം ആയി മാറുകയും ചെയ്തു. 2013 ൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതായിരുന്നു ടീമിന്റെ യൂറോപ്യൻ മത്സരങ്ങളിലെ മികച്ച പ്രകടനം.

ഈ അടുത്തകാലത്തായി വളരെ മികച്ച പ്രകടനം ആണ് ടീമിൽ നിന്നും കാണുന്നത്. മെസ്സിയെയും സാവിയെയും ഇനിയേസ്റ്റയെയും എല്ലാം അനുസ്മരിപ്പിക്കുന്ന പ്രകടനം നമ്മൾ കാണുന്നു. സീനിയർ ടീമിന്റെ കേളീ മികവ് ഇവിടെയും ദൃശ്യമാണ്. കാരണം രണ്ടും ടീമും പിന്തുടരുന്നത് ബാഴ്‌സയുടെ പുസ്തകങ്ങളാണ്, കേളീ ശൈലിയാണ്. അപ്പോൾ ഇവർ അത്ഭുദങ്ങൾ കാണിക്കുന്നതിൽ അതിശയോക്തിയില്ല. ഇനിയുമേറെ മുന്നോട്ട് പോകാൻ നിങ്ങൾക്കാകട്ടെ. ബാഴ്‌സയുടെ നാമം ഇനിയുമേറെ ഉയരങ്ങളിലേക്ക് നിങ്ങൾ ഉയർത്തട്ടെ എന്ന ആശംസകളോടെ ടീം കൂളെസ് ഓഫ് കേരള .

  • SHARE :