• Follow

ബാർസ – ചെൽസി : ഒരു പുനർവിചിന്തനം

  • Posted On December 16, 2017

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി ബാഴ്സയും ചെൽസിയും ചാമ്പ്യൻസ് ലീഗ് നോകൗട്ട് റൗണ്ടിൽ ഏറ്റുമുട്ടുന്നു. മുൻപ് പലതവണ ബാഴ്സയും ചെൽസിയും ഏറ്റു മുട്ടിയപ്പോളും വാശിയേറിയ പല മത്സരങ്ങൾക്കും നമ്മൾ സാക്ഷ്യം വഹിച്ചതാണ്. പക്ഷെ കുപ്രസിദ്ധി കൊണ്ട് എപ്പോഴും എടുത്തു പറയപ്പെടുന്ന ഒരു മത്സരമാണ് 2008-09 സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ. ബാഴ്‌സലോണയുടെ മതിപ്പിന് ഇത്രയേറെ ഭംഗം വരുത്തിയ മറ്റൊരു മത്സരം ഉണ്ടോ എന്ന് സംശയമാണ്. “യുവേഫയ്ക്ക് ആവർത്തിച്ചുള്ള ഇംഗ്ലീഷ് ഫൈനലുകളിൽ താല്പര്യം ഇല്ലാത്തത് കൊണ്ട് മത്സരം അട്ടിമറിച്ചു”, “ബാഴ്സലോണ റഫറിമാരെ വിലയ്ക്കെടുത്തു” എന്നിങ്ങനെ ഒരുപാട് ആരോപണങ്ങൾ അന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇന്നും കേൾക്കുന്നു. നമുക്ക് അനുകൂലമായ ഏകപക്ഷീയമായ തീരുമാനങ്ങൾ ആയിരുന്നു ആ മത്സരത്തിൽ മുഴുവനും, എന്ന് കരുതുന്ന കൂളെസ് പോലുമുണ്ട്. ഈ ഒരവസരത്തിൽ ഈ ആരോപണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെ പറ്റി വിശദമായ ഒരു അവലോകനം ആവശ്യമാണെന്ന് ഞങ്ങൾക്കും തോന്നുന്നു.

ഒരു ബാഴ്സ ഫാൻ പേജ് ആയതിനാൽ ഞങ്ങളുടെ വീക്ഷണങ്ങളിൽ പക്ഷപാതം ഉണ്ട് എന്ന ആരോപണം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ ലിങ്കുകൾ തെളിവായി നൽകുന്നു. ലേഖനം വായിച്ചിട്ട് അവ പരിശോധിച്ച് ബോധ്യമായതിന് ശേഷം മാത്രം ആരോപണങ്ങൾ ഉന്നയിക്കുക.
—————————————————–
ആദ്യ പാദം – ബാഴ്സലോണ vs ചെൽസി
കണക്കുകൾ:
Attempts on target : 6-1
Attempts off target : 12-2
Possession : 70.5 – 29.5
Corners : 10-2
Fouls committed : 7-20
Yellow cards : 2-2
—————————————————–

ബാഴ്‌സലോണയുടെ ആധിപത്യം കണ്ട ഒരു കളിയായിരുന്നു ഇത്. ചെൽസിയുടെ പ്രതിരോധ നിരയും പീറ്റർ ചെക്ക് എന്ന ഗോളിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇതും നമ്മുടെ ഫിനിഷിങിലെ പോരായ്മയും ചേർന്നപ്പോ സ്കോർ നില 0-0 ആയി കളി അവസാനിച്ചു. കുപ്രസിദ്ധമായ രണ്ടാം പാദം കാരണം ഈ മത്സരം എല്ലാവരും മറന്നു. പക്ഷെ ഈ കളിയിലെ മൂന്ന് സംഭവങ്ങൾ ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്നു.

1] 43ആം മിനുറ്റ് : ഇനിയെസ്റ്റ നൽകിയ ത്രൂ ബോൾ സ്വീകരിച്ച് ഏറ്റൂ ബോക്സിലേക്ക് ഓടി കയറുന്നു. പക്ഷെ റഫറി ഓഫ്‌സൈഡ് വിളിക്കുന്നു. ഇത് ഓഫ്‌സൈഡ് അല്ലായിരുന്നു എന്ന് റീപ്ലേകളിൽ വ്യക്തമാണ്. ഇത് ഒരു മികച്ച ഗോൾ അവസരമായിരുന്നു.

2] 74ആം മിനുറ്റ് : ബോക്സിനുള്ളിൽ വെച്ച് ഏറ്റൂ നൽകിയ പാസ്സ് സ്വീകരിച്ച് ഹെൻറി ഗോളിലേക്ക് തിരിയുന്നു. പക്ഷെ ചെൽസി ഡിഫൻഡർ ബോസിൻഗ്വ അദ്ദേഹത്തെ വലിച്ച് താഴെ ഇടുന്നു. പക്ഷെ പെനാൽറ്റി വിളിക്കുന്നില്ല. ഇവിടെ വ്യക്തമായ ഒരു ഗോൾ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. അവിടെ ഒരു പെനാൽറ്റിയും ബുക്കിങ്ങും ലഭിക്കേണ്ടതുമായിരുന്നു.

3] 84ആം മിനുറ്റ് : മെസ്സിക്ക് പാസ് നൽകിയ ശേഷം വൺ-ടു കളിക്കുന്നതിന് ഇനിയെസ്റ്റ മുന്നിലേക്ക് ഓടി കയറുന്നു. പക്ഷെ പന്തിനടുത്ത് എത്തും മുൻപ് ബല്ലാക്കിന്റെ കൈമുട്ട് അദ്ദേഹത്തിന്റെ മുഖത്തു പതിയുന്നു. പക്ഷെ റഫറി ഫൗൾ വിളിക്കുന്നില്ല. മുന്നേ ഒരു മഞ്ഞ കാർഡ് ലഭിച്ച ബലാക്കിന് ഇവിടെ റെഡ് കാർഡ് ആവേണ്ടതായിരുന്നു. അത് വഴി രണ്ടാം പാദവും അദ്ദേഹത്തിന് നഷ്ടമായേനെ.

മുഴുവൻ സമയവും നമുക്ക് മേൽകൈ ഉണ്ടായിരുന്ന ഒരു മത്സരത്തിനെതന്നെ മാറ്റി മറിച്ചേക്കുമായിരുന്ന മൂന്ന് തീരുമാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒരു തീരുമാനം റഫറി ശെരിയായി എടുത്തിരുന്നെങ്കിൽ കളിയുടെ ഫലം ചിലപ്പോൾ മറ്റൊന്നായേനെ. ഒരു ഗോൾ വഴങ്ങുകയോ ഒരു കളിക്കാരനെ നഷ്ടമാവുകയോ ചെയ്തതിന് ശേഷം പെപ്പിന്റെ ബാഴ്സയോട് കളിക്കുക എന്നത് എത്ര പ്രയാസകരമാണ് എന്ന് എല്ലാവർക്കും അറിയാം. അപ്പോഴേക്കും മത്സരം റഫറി നശിപ്പിച്ചിരുന്നു. പക്ഷെ ആരും അത് ശ്രദ്ധിച്ചില്ല. എല്ലാവരും കണ്ടത് ചെൽസിയുടെ നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രതിരോധം പെപ്പിന്റെ ബാഴ്‌സയെ പിടിച്ചു കെട്ടിയ മത്സരമായിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങൾ അവരുടെ പണി നന്നായി ചെയ്തു.

First leg highlights: https://www.youtube.com/watch?v=0iGTtlk1-Zo

—————————————————–
രണ്ടാം പാദം : ചെൽസി 1-1 ബാഴ്സലോണ (അഗ്രിഗേറ്റ് 1-1. എവേ ഗോൾ ആനുകൂല്യത്തിൽ ബാഴ്സ ഫൈനലിലേക്ക്)

കണക്കുകൾ:
Attempts on target : 4-1
Attempts off target : 5-8
Possession : 29.1 – 70.9
Corners : 6-6
Fouls committed : 16-17
Yellow cards : 4-3
Red cards : 0-1
—————————————————–
കുപ്രസിദ്ധമായ ആ മത്സരം. പെനാൽറ്റി ആകുമായിരുന്ന ചെൽസിയുടെ നാല് അവസരങ്ങൾ നോർവീജിയൻ റഫറി ടോം ഹെന്നിംഗ് ഓവ്റെബോ നിഷേധിച്ചു. അനെൽകയെ “ഫൗൾ” ചെയ്തതിന് അബിദാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. വിവാദപരമായ തീരുമാനങ്ങളിലേക്ക് ഒന്ന് നോക്കാം.

1] മെസ്സി-ബല്ലാക്ക്. ചെൽസി ബോക്സിനുള്ളിൽ വെച്ച് മെസ്സി ഫ്ലിക്ക് ചെയ്ത പന്ത് ബല്ലാക്കിന്റെ കൈയിൽ തട്ടുന്നു. പക്ഷെ എന്റെ അഭിപ്രായത്തിൽ അതൊരു പെനാൽറ്റി അല്ല. അതിന്റെ കാരണം പിന്നീട് വിശദീകരിക്കാം.

2] ആൽവെസ്-മലൂദ. പന്തുമായി കുതിച്ച മലൂദയെ ആൽവെസ് പിന്തുടരുന്നു. അപകടകരമായി ബോക്സിനുള്ളിലേക്ക് കുതിച്ച മലൂദയെ ആൽവെസ് ഫൗൾ ചെയ്യുന്നു. ബോക്സിന് തൊട്ടു വെളിയിൽ റഫറി ഫ്രീകിക്ക് നൽകുന്നു. അതൊരു പെനാൽറ്റി തന്നെ ആയിരുന്നു എന്നത് സത്യമാണെങ്കിലും എടുക്കാൻ പ്രയാസമുള്ളൊരു തീരുമാനം ആയിരുന്നു അത്. ബോക്സിന് പുറത്തുവെച്ചാണ് ഫൗൾ തുടങ്ങിയത്. മലൂദ ബോക്സിന് ഉള്ളിലേക്ക് എത്തുന്നത് വരെ അത് തുടർന്നു. മുൻ പ്രീമിയർ ലീഗ് റഫറി ഡെർമോട് ഗാലഹർ ഇതിനെ അവലോകനം ചെയ്ത് പറഞ്ഞത് ആ പെനാൽറ്റി അനുവദിക്കാത്തതിന് റഫറിയെ കുറ്റപ്പെടുത്താൻ കഴിയില്ല എന്നാണ്.

3] അബിദാൽ-ദ്രോഗ്‌ബ. ലാമ്പാർഡ് ബോക്സിനുള്ളിലേക്ക് പൊക്കി നൽകിയ പന്ത് ദ്രോഗ്ബയ്ക്ക് ലഭിക്കുന്നു. അബിദാൽ ദ്രോഗ്ബയെ വലിച്ച് വീഴ്ത്തുന്നു. പന്ത് വാൽഡസ് എടുക്കുന്നു. ഷർട്ട് വലിച്ചു എന്നത് തന്നെ പെനാൽറ്റി നൽകാൻ ഉതകുന്ന കുറ്റമാണ്. ഒരുപക്ഷേ ഒരു നാട്യക്കാരൻ (ഡൈവർ) എന്ന ദ്രോഗ്ബയുടെ ചീത്തപ്പേര് ആയിരിക്കണം ആ പെനാൽറ്റി നിഷേധിക്കാൻ റഫറിയെ പ്രേരിപ്പിച്ചത്. പക്ഷെ എന്തുകൊണ്ടും അതൊരു പെനാൽറ്റി തന്നെ ആയിരുന്നു.

4] അബിദാലിന്റെ ചുവപ്പ് കാർഡ്. ചെൽസി ഗോൾകീപ്പർ പീറ്റർ ചെക്ക് നീട്ടിയടിച്ച പന്ത് ദ്രോഗ്ബ ഹെഡ് ചെയ്ത് അനെൽകെയ്ക്ക് നീട്ടുന്നു. സ്വന്തം കാലിൽ തട്ടിതടഞ്ഞ് അദ്ദേഹം വീഴുന്നു. റഫറി അബിദാലിന് ചുവപ്പ് കാർഡ് നൽകുന്നു. ചാടുന്നതിനിടയിൽ ദ്രോഗ്ബ കാലുയർത്തി പിക്കെയെ ചവിട്ടുന്നതും, അനെൽക സ്വയം തട്ടി വീഴുന്നതും റിപ്ലേകളിൽ വ്യക്തമാണ്. അതൊരു ചുവപ്പ്കാർഡ് പോയിട്ട് ഫൗൾ പോലുമായിരുന്നില്ല. അതേ സമയം ദ്രോഗ്ബയ്ക്ക് പിക്കെയെ സ്റ്റ്ഡ്സ് വെച്ച് ചവിട്ടിയതിന് ശിക്ഷ ലഭിക്കേണ്ടതായിരുന്നു.

5] പിക്കെ ഹാൻഡ് ബോൾ. ബോക്സിനുള്ളിൽ അനെൽക ഫ്ലിക്ക് ചെയുന്ന പന്ത് പിക്കെയുടെ കയ്യിൽ തട്ടുന്നു. റഫറി പെനാൽറ്റി വിളിക്കുന്നില്ല. ഒരു സംശയവുമില്ല. അതൊരു പെനാൽറ്റി തന്നെ ആയിരുന്നു.

6] ഏറ്റൂ ഹാൻഡ് ബോൾ. സ്കോർ നില 1-1 ആയിരുന്നു. എവേ ഗോൾ ആനുകൂല്യത്തിൽ ബാഴ്സ ഫൈനലിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു. ബല്ലാക്ക് ഗോൾ പോസ്റ്റിലേക്ക് തൊടുത്ത പന്ത്, അങ്ങോട്ട് ഓടി അടുക്കുകയായിരുന്ന ഏറ്റുവിന്റെ കൈയിൽ തട്ടുന്നു. റഫറി കളി തുടരാൻ പറയുന്നു. ഏറ്റുവിന്റെ കൈ സ്വാഭാവികസ്ഥാനത്ത് അല്ലാത്തത് കൊണ്ട് ഇതൊരു പെനാൽറ്റി ആണ് എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ “കൈയിന്റെ സ്ഥാനം കൊണ്ട് മാത്രം തെറ്റ് നടന്നു എന്ന് വിധിക്കാനാവില്ല” എന്നാണ് കളിയുടെ നിയമങ്ങൾ പറയുന്നത്. (FIFA Laws of the game. Page 113. Point 3).

https://www.fifa.com/…/…/81/42/36/lawsofthegame_2011_12e.pdf

പന്ത് വളരെ വേഗത്തിൽ ആയിരുന്നു എന്നതും, പന്ത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഏറ്റുവിന് അറിയാൻ മാർഗം ഇല്ലായിരുന്നു എന്നതും (പന്തിന് മുഖം തിരിച്ചാണ് അദ്ദേഹം ഓടി വന്നത്) കണക്കിലെടുക്കുമ്പോൾ അതൊരു ശരിയായ തീരുമാനം തന്നെയാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ആദ്യ പാദത്തിൽ ബല്ലാക്കിന്റെ ഹാൻഡ് ബോൾ നിഷേധിച്ച തീരുമാനം ശെരിയായിരുന്നു എന്ന് ഞാൻ പറഞ്ഞത്.

Second leg highlights: https://www.youtube.com/watch?v=1IrbMMzGMWA&t=3s

—————————————————–
കളിയുടെ ഗതിയെ മാറ്റിയെക്കാമായിരുന്ന 4 തീരുമാനങ്ങളാണ് ബാഴ്സയ്ക്ക് റഫറി രണ്ട് പാദങ്ങളിലുമായി നിഷേധിച്ചത്. ചെൽസിക്ക് നിഷേധിക്കപ്പെട്ടത് 3 തീരുമാനങ്ങൾ. (3-0 & 1-3) പക്ഷെ ആദ്യ പാദവും അബിദാലിന്റെ ചുവപ്പ് കാർഡും പാടെ നിരാകരിച്ച് ഇതിനെ ഒരു പകൽ കൊള്ളയായി ചിത്രീകരിക്കാൻ ആണ് ഇംഗ്ലീഷ് ആരാധകരും മാധ്യമങ്ങളും എന്നും ശ്രമിക്കുന്നത്. കളി നശിപ്പിച്ചത് റഫറിമാർ ആണെന്നും ഭേദപ്പെട്ട റഫറിയിങ് ഉണ്ടായിരുന്നു എങ്കിൽ കളിയുടെ ഗതി മാറിയേനെ എന്നു ഞങ്ങളും സമ്മതിക്കുന്നു. പക്ഷെ ഇത് കള്ളക്കളി ആണെന്ന് ആരോപിക്കുന്നത് അടിസ്ഥാന രഹിതമാണ്. അവർ പറയുന്നത് പോലെ ഇത് കള്ളക്കളി ആണെന്ന് തന്നെ കരുതിയാലും, ചെൽസി ലീഡ് ചെയ്യുന്ന സമയത്ത് എന്തിന് റഫറി ആബിദാലിനെ പറഞ്ഞയക്കണം ? ഇതുപോലെ കളവ് ചെയ്യണം എന്ന് യുവേഫയും ബാഴ്സയും തീരുമാനിച്ചിരുന്നു എങ്കിൽ അതിന് പറ്റിയ വേദി ഹോം മത്സരം ആയിരുന്നു. എന്നാൽ വിരോധാഭാസം എന്ന് പറയട്ടെ, ബാഴ്സയ്ക്ക് എതിരായ മൂന്ന് തീരുമാനങ്ങൾ ഉണ്ടായത് ആ മത്സരത്തിലാണ്.

ബാഴ്സയ്ക്കെതിരെ കള്ളക്കളി ആരോപിക്കുന്നവർ ഒരിക്കലും 2005ൽ ടെറിയുടെ വിജയ ഗോളിന് (നാലാം ഗോൾ) വേണ്ടി വാൽഡസിനെ കർവാല്യോ ഫൗൾ ചെയ്തത് ഓർക്കില്ല. മൂന്നാം ഗോളിലേക്ക് നയിച്ച നീക്കത്തിൽ ഏറ്റുവിനെ ഫൗൾ ചെയ്താണ് ടെറി പന്ത് കൈക്കലാക്കിയത്. 9ആം മിനുട്ടിൽ സ്കോർ 1-0 ആയിരിക്കുമ്പോൾ മക്കലേലെ ഇനിയെസ്റ്റയുടെ തുടയിൽ ബൂട്ട് ഉയർത്തി ചവിട്ടിയത് റഫറി ശ്രദ്ധിച്ചതുപോലും ഇല്ല. അത് നിസംശയം ചുവപ്പ് കാർഡ് ലഭിക്കേണ്ട ഫൗൾ ആയിരുന്നു. ഈ തീരുമാനങ്ങളിൽ ചിലതെങ്കിലും അനുകൂലമായിരുന്നെങ്കിൽ ബാഴ്സ ആ മത്സരം ജയിച്ചേനെ. ആ മത്സരം ചെൽസി ജയിച്ചത് കൊണ്ട് “നീതിയുടെ കാവൽ മാലാഖകൾ” അതിനെതിരെ ശബ്ദിക്കുന്നത് നമ്മൾ കേട്ടില്ല. വീഡിയോ കമന്റ് ബോക്സിൽ. ( https://twitter.com/TheCataIanGia…/status/741400593105719296 )

ഓവർബോയുടെ ഒരു മോശം ദിവസമായിരുന്നു 2009ലെ ആ മത്സരം എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ അന്ന് നമുക്കെതിരായും തീരുമാനങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം ആളുകൾ സൗകര്യപൂർവം മറന്ന് നമുക്ക് അനുകൂലമായി വന്ന തീരുമാനങ്ങൾ ഭൂതക്കണ്ണാടിവെച്ച് വലുതാക്കുന്നു. അതേ, മറ്റെല്ലാ ടീമുകളെയും പോലെ നമുക്കും ചിലപ്പോൾ റഫറിയുടെ ആനുകൂല്യങ്ങൾ കിട്ടാറുണ്ട്. അത്പോലെ നമുക്ക് പ്രതികൂലമായും തീരുമാനങ്ങൾ ഉണ്ടാവാറുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കും മുൻപ് കുറച്ച് ഗവേഷണം നടത്തി വസ്തുതകൾ പരിശോധിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഗോൾ ലൈൻ ടെക്നോളജി, VAR പോലെയുള്ള സാങ്കേതിക വിദ്യകൾ റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം തെറ്റുകൾ കുറയ്ക്കും എന്ന് ഉറപ്പാണ്. എങ്കിലും കളിയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ ഇവ നടപ്പിലാക്കുക എന്നതാണ് ശരിയായ വെല്ലുവിളി.

ഇത്തരം ലേഖനങ്ങൾ പോസ്റ്റ് ചെയ്ത് വിവാദങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ വാർത്തകളും വിവരങ്ങളും അടങ്ങുന്ന പോസ്റ്റുകൾ ഇടാനാണ് ഞങ്ങൾക്ക് താല്പര്യം. പക്ഷെ ഈയിടെയായി വീണ്ടും ആളുകൾ നമ്മുടെ ക്ലബിനെ താഴ്ത്തികെട്ടാൻ ആ 2009ലെ മത്സരം ഉയർത്തികൊണ്ട് വരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ലേഖനം ഇടാൻ ഞങ്ങൾ നിർബന്ധിതർ ആയിരിക്കുകയാണ്. ശെരിക്കും നടന്നത് എന്താണെന്ന് ആളുകൾ അറിയണം എന്ന് ഞങ്ങൾക്ക് തോന്നി. ലേഖനം വായിക്കുന്നവർ വിഡിയോകൾ കൂടി കണ്ടിട്ട് കമന്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു. മാന്യമായ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.

©Penyadel Barca Kerala

  • SHARE :