നൂകാമ്പ് സാഗരത്തിൽ മഞ്ഞ മുങ്ങിക്കപ്പലെത്തുമ്പോൾ …
വിയ്യാറയലിന്റെ മഞ്ഞപ്പടയോട് ഇന്ന് നൂകാമ്പിൽ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ എന്താവും കറ്റാലന്മാരുടെ മനസിൽ? ലൂയിസ് എന്രികെയുടെ ബാർസലോണയാണ് ലാ ലിഗയിലെ ഏറ്റവും മികച്ച ആക്രമണ നിര. ലാറ്റിനമേരിക്കൻ ത്രയത്തോടൊപ്പം പാകൊ അൽക്കാസർ കൂടെ ഗോൾ കണ്ടെത്തി തുടങ്ങിയിരിക്കുന്നു. ഫ്രാൻ എസ്ക്രിബയുടെ വിയ്യാറയൽ അഞ്ചാം സ്ഥാനത്താണ്. ഇതിനേക്കാൾ ബാർസയെ ഭയപ്പെടുത്തുന്ന ഘടകം അവർ ലാ ലിഗയിലെ ഏറ്റവും കടുത്ത പ്രതിരോധനിരയാണെന്നതാണ്.
അത്ലറ്റികൊ മാഡ്രിഡിനു ശേഷം ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമാണ് വിയ്യാറയൽ. 35 മൽസരങ്ങളിൽ കേവലം 28 ഗോൾ മാത്രമാണ് അവർ വഴങ്ങിയത്. മറുവശത്ത് ടെർ സ്റ്റീഗൻ നയിക്കുന്ന ബാർസ പ്രതിരോധ നിരയും മിന്നുന്ന ഫോമിലാണ്. കേവലം 33 ഗോൾ മാത്രമാണ് 35 മൽസരങ്ങളിൽ ബാഴ്സ വഴങ്ങിയത്. സമോറ ട്രോഫി പേരിലാക്കാൻ ഒരുങ്ങുന്ന ടെർ സ്റ്റീഗൻ കാക്കുന്ന കോട്ടയാണ് വിയ്യാറയലിനു ഭേദിക്കേണ്ടത്.
യൂറോപ്പ ലീഗ് സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് വിയ്യാറയലും സോസിദാദും തമ്മിൽ. കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ ബാർസയ്ക്കും ഇന്ന് വിജയിച്ചേ തീരൂ. അതിനാൽ ഇന്നത്തെ മൽസരം അതിഥികൾക്കും ആതിഥേയർക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്.