അസിസാറ്റ് ഓഷോല – അറിയാതെ പോകുന്ന മാണിക്യം
പലപ്പോഴും വനിതാ കായിക താരങ്ങൾ ഏറെ നിർഭാഗ്യവതികൾ ആണെന്ന് തോന്നിയിട്ടുണ്ട്. പുരുഷമേധാവിത്വം പ്രകടമായി കണ്ട കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും വ്യതിചലിച്ചു കായിക വിനോദങ്ങൾ വനിതകൾക്കും പ്രാധാന്യം നൽകി തുടങ്ങിയെങ്കിലും, സമൂഹം അവരുടെ കഴിവുകൾക്കും നേട്ടങ്ങൾക്കും പ്രാധാന്യം നൽകിത്തുടങ്ങി എന്ന് തോന്നുന്നില്ല. പുരുഷ കായികതാരങ്ങളോട് കിടപിടിക്കുന്ന ഒരു പറ്റം നേട്ടങ്ങൾ നേടിയ പലരും നമ്മുടെ ആരാധക മനസ്സുകളിൽ സ്ഥിരസാന്നിദ്ധ്യം നേടുന്നില്ല. അഞ്ചോ പത്തോ വയസ്സ് മാത്രമുള്ള കുരുന്നു പ്രതിഭകളുടെ ഒരോ ചലനങ്ങളും സൂക്ഷ്മമായി പഠിച്ചു നാളെ അവൻ എവിടെയെത്തും എന്ന് പ്രവചിക്കുന്ന നമ്മൾ, വനിതാ താരങ്ങൾക്ക് അതേ പരിഗണന നൽകുന്നുണ്ടോ എന്ന് ഒരിക്കലെങ്കിലും ആത്മപരിശോധന നടത്തി നോക്കൂ. മനപ്പൂർവ്വമല്ലെങ്കിലും നമ്മൾ അറിയാതെ പാഴാക്കുന്നത് ഒരുപറ്റം മികച്ച കായികതാരങ്ങളുടെ മികവിനെയാണ്. അത്തരത്തിൽ നമ്മൾ അറിയാതെ പോകുന്ന ഒരു മാണിക്യമാണ് നൈജീരിയൻ വനിതാ ഫുട്ബോളർ അസിസാറ്റ് ഓഷോല.
നാല് തവണ ആഫ്രിക്കൻ ഫുട്ബോളർ പട്ടം നേടിയ താരം, 2014 വനിതാ U-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം, ടോപ് സ്‌കോറർ.. ഓഷോലയുടെ കഴിവിനെ പറ്റി വിവരിക്കാൻ ഇതിലധികം എന്ത് വേണം ? ഒരുപക്ഷെ ലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ താരങ്ങളിൽ ഒരാൾ. അത്തരത്തിലുള്ള ഒരാൾ ഇന്ന് ബാഴ്‌സ ഫെമിനി ടീമിന്റെ നെടുനായകത്വം വഹിക്കുമ്പോൾ നമ്മൾ അറിയാതെ പോകുക എന്നത് ലജ്ജാവഹം തന്നെയാണ്. ഈ അടുത്ത കാലത്താണ് ഓഷോല കാറ്റാലൻ മണ്ണിൽ കാല് കുത്തിയതെങ്കിലും ബാഴ്‌സ ഫെമിനി ടീമിന്റെ അഭിവാജ്യ ഘകടമായി മാറാൻ ഈ യുവതാരത്തിനു ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
നൈജീരിയയിലെ FC റോബോ, റിവേഴ്‌സ് ഏയ്ഞ്ചൽസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചു തുടങ്ങിയ ഓഷോലയുടെ തലവര തെളിയുന്നത് ഇംഗ്ലീഷ് ഫുട്ബോളിലെ അതികായരായ ലിവർപൂളിന്റെ വനിതാ ടീമിലേക്കുള്ള ക്ഷണത്തോടെയാണ്. അന്നത്തെ ലിവർപൂൾ ലേഡീസ് മാനേജർ ഓഷോലയെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് എന്നാണ്. ശുഭപ്രതീക്ഷയോടെയാണ് ആ യുവതാരം 2015 ൽ ലിവർപൂളിലേക്കെത്തിയത്. പക്ഷെ പരിക്ക് അലട്ടിയ ആ വർഷങ്ങളിൽ ലിവർപൂളിനായി കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി എന്നുള്ളത് വിധിയാകാം. മുൻവർഷത്തെ ചാമ്പ്യന്മാരായ ലിവർപൂൾ ഏഴാം സ്ഥാനത്തേക്ക് പതിച്ചപ്പോൾ ആഴ്‌സണലിലേക്ക് കൂടുമാറ്റം. കേവലം ഒരു സീസണ് ശേഷം ചൈനീസ് ക്ലബ് ആയ ഡാലിയൻ ക്വാഞ്ചിയൻ എഫ്. സിയിലേക്ക് മാറി. ക്ലബ് കരിയറിലെ മുന്നേറ്റം ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് വർഷത്തെ ചൈനീസ് ജീവിതത്തിൽ 20 കളികളിൽ നിന്നും 23 ഗോളുകൾ നേടി ശ്രദ്ധയാകർഷിച്ചു തുടങ്ങി. അതോടെ ഓഷോല ബാഴ്‌സയുടെ ശ്രദ്ധയിൽ പെട്ടു.
ഏതാനും മാസങ്ങൾ നീണ്ടു നിൽക്കുന്ന സീസൺ അന്ത്യം വരെയുള്ള കാലയളവിലേക്ക് 2019 ജനുവരിയിലാണ് ഓഷോല ലോൺ അടിസ്ഥാനത്തിൽ ബാഴ്‌സയുടെ മണ്ണിലേക്കെത്തുന്നത്. ഏവരെയും ഞെട്ടിച്ചു കൊണ്ട് ഏഴു മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുമായി ഓഷോല വരവറിയിച്ചു. സ്വപ്നസമാനമായ കുതിപ്പ് നടത്തിയ ഫെമിനി ടീം വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ശക്തരായ ലിയോണിനോട് പൊരുതിതോറ്റപ്പോൾ ബാഴ്‌സ നേടിയ ഒരേഒരു ഗോളും ഓഷോലയുടെ ബൂട്ടിൽ നിന്നായിരുന്നു. ലോൺ എന്നത് ഒരു ട്രാൻസ്ഫർ ആക്കി മാറ്റാൻ ബാഴ്‌സക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൂന്ന് വർഷത്തെ കരാറിൽ ഈ മിടുക്കി ബാഴ്‌സയുടെ സ്വന്തമായി.
ബാഴ്‌സ ഫെമിനിയെ ഫോളോ ചെയ്യുന്ന ഏതൊരാൾക്കും ഈ സീസണിൽ ടീം നടത്തുന്ന വന്യമായ കുതിപ്പിനെ കുറിച്ച് അറിയാം. മികച്ച പോയിന്റ് ലീഡും വൻ ഗോൾ ശരാശരിയുമായി ടീം തോൽവിയറിയാതെ അജയ്യരായി മുന്നേറ്റം തുടരുകയാണ്. അതിന് കാർമികത്വം വഹിച്ചുകൊണ്ട്, 19 കളികളിൽ നിന്നും 20 ഗോളുമായി ഓഷോല മുൻപന്തിയിൽ തന്നെയുണ്ട്. സീസണിൽ ഇനിയങ്ങോട്ടുള്ള ടീമിന്റെ പ്രതീക്ഷയും ഈ ഇരുപത്തിയഞ്ചുകാരിയിലാണ്. ഒരു പക്ഷെ പുരുഷ ഫുട്ബാളിൽ നമ്മൾ ആഘോഷപൂർവം കൊണ്ടാടുന്ന കണക്കുകൾ തന്നെയല്ലേ ഇത് ? പക്ഷെ ഈ നേട്ടങ്ങളെ കാണുന്നവരും അഭിനന്ദിക്കുന്നവരും തുലോം കുറവെന്നത് നമ്മുടെ പിഴവാണെന്നത് അംഗീകരിക്കാതെ വയ്യ.ലിംഗസമത്വം ഉന്നമിടുന്ന നമ്മൾ തുടങ്ങേണ്ടത് ഇവരെ അഭിനന്ദിക്കുന്നതിൽ നിന്നും, അവർക്ക് അർഹമായ അംഗീകാരങ്ങൾ നൽകുന്നതിൽ നിന്നുമാണ്. മാറുന്ന കാലഘട്ടത്തിൽ ആ സാഹചര്യം അധികം വൈകാതെ സംജാതമാകും എന്ന് കരുതാം.
കഴിഞ്ഞ തവണ കൈയെത്തും ദൂരത്തു നഷ്ടമായ കിരീടം ഇത്തവണ ബാഴ്‌സയുടെ മണ്ണിലേക്ക് തിരികെ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തോടെ ഫെമിനി ടീം പോരാടുകയാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടം സ്പാനിഷ് മണ്ണിലേക്കെത്തിക്കാൻ അവർ പോരാടുകയാണ്. ഒപ്പം മുൻവർഷങ്ങളിൽ നമുക്ക് നഷ്ടമായതൊക്കെ തിരികെ പിടിക്കാൻ അവർ ശ്രമിക്കുകയാണ്. അവർക്ക് വേണ്ടി മുൻപന്തിയിൽ നിന്ന് ഓഷോലയും പോരാടുകയാണ്. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും നേട്ടങ്ങൾ ഏറെ സ്വന്തമാക്കാൻ ഈ പോരാളിക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.