• Follow

ആഴ്‌സൺ വെങ്ങർ – ദി ഗെയിം ചെയ്‌ഞ്ചർ

  • Posted On July 28, 2019

ഫെർഗിയുടെ ചുവന്ന ചെകുത്താന്മാർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വാഴുന്ന കാലഘട്ടമായിരുന്നു അത്. 1996 ലെ ശരത് കാലത്തു ആയിരുന്നു ആഴ്‌സണൽ തങ്ങളുടെ പുതിയ കോച്ചിനെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ആഴ്‌സൺ വെങ്ങർ; എക്കണോമിക്സിൽ ഡോക്ടറേറ്റ് ഉള്ള ഒരു കായിക വ്യക്തിയുടെ രൂപ ഭാവങ്ങൾ ഇല്ലാത്ത, ഒരു കോളേജ് പ്രൊഫസറിന്റെ രൂപഭാവം ഉള്ള ജപ്പാനിലെ കോച്ചിങ് പരീക്ഷണം കഴിഞ്ഞു വരുന്ന മൃദുഭാഷി, ചരിത്രപ്രാധാന്യമേറിയ ആഴ്‌സണൽ ക്ലബ്ബിന്റെ സാരഥ്യമേറ്റെടുത്ത് കണ്ടു പലരും മൂക്കിൽ കൈവെച്ചു. പ്രീമിയർ ലീഗിലെ പുതുയുഗ പിറവിയായിരുന്നു അത് എന്ന് അന്നാരും മനസ്സിലാക്കിയിരുന്നില്ല.

അദ്ദേഹത്തിന്റെ വരവ് ആഴ്‌സണൽ താരങ്ങൾ പോലും ഉൾക്കൊണ്ടില്ല. ആഗോളവത്കരണത്തിനും മുമ്പേ ഇംഗ്ലീഷ് കേന്ദ്രീകൃതമായ വിദേശ കളിക്കാരുടെയോ കോച്ചുകളുടെയോ എണ്ണം നന്നേ കുറഞ്ഞ ഇംഗ്ലീഷ് സംസ്കാരത്തിന്റെ തനിപ്പകർപ്പായ പ്രീമിയർ ലീഗിലേക്ക് ഒരു ഫ്രഞ്ചുകാരൻ വന്നിട്ടെന്തു കാര്യം എന്നായിരുന്നു ആഴ്‌സണൽ ക്യാപ്റ്റൻ ടോണി ആഡംസ് ചോദിച്ചത്. ജപ്പാനിൽ കളിപഠിപ്പിച്ച ആൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കുറിച്ചു എന്തറിയാം എന്ന് ഫെർഗുസൺ കളിയാക്കി ചോദിച്ചു. എന്നാൽ വർഷങ്ങൾ നീണ്ട ഫുട്ബോൾ വൈരത്തിനാണ് താൻ വിത്തിടുന്നത് എന്ന് ഫെർഗുസൺ മനസ്സിലാക്കിയിരുന്നില്ല. തന്റെ വിപ്ലവകരമായ ചിന്തകൾക്കൊപ്പം ആഴ്‌സണലിന്റെ ഫുട്ബോൾ സംസ്കാരത്തെ അടിമുടി മാറ്റിയതോടെ എണ്ണം പറഞ്ഞ ക്ലാസിക് പോരാട്ടങ്ങൾക്ക് ഹൈബറിയും ഓൾഡ് ട്രാഫൊർഡും സാക്ഷിയായി. കൊണ്ടും കൊടുത്തും പല്ലും നഖവും ഉപയോഗിച്ച് ഫെർഗിയും വെങ്ങേറും കളത്തിനു പുറത്തും കളത്തിലും പോരാടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഒറ്റയാന്റെ അശ്വമേധം നടന്നു കൊണ്ടിരുന്ന പ്രീമിയർ ലീഗ് ശക്തമായ കിരീട പോരാട്ടങ്ങൾക്ക് വേദിയായി. സ്ഥാനമേറ്റെടുത്തു രണ്ടാം സീസണിൽ തന്നെ വെങ്ങർ പ്രീമിയർ ലീഗ് കിരീടം ഹൈബറിയിലെത്തിച്ചു. 1997 മുതൽ 1999 വരെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ആഴ്‌സണൽ പോരാട്ടത്തിൽ ഒരിക്കൽ മാത്രമാണ് വെങ്ങേറിന്റെ ടീം പരാജയമടഞ്ഞത് എന്നത് അക്കാലങ്ങളിൽ ആഴ്‌സണൽ ‘ആശാന്റെ’ കീഴിൽ എത്രത്തോളം വളർന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രീമിയർ ലീഗ് ചരിത്രത്തിലെ മൂന്നാമത്തെ വിദേശ കോച്ച് ആയിട്ടാണ് വെങ്ങർ സ്ഥാനമേറ്റെടുക്കുന്നത്. അന്ന് ആർസെനലിലും ഇംഗ്ലീഷ് ക്ലബ്ബുകളിലും പൊതുവെ ഉണ്ടായിരുന്നതു മദ്യത്തിലും നിശാ പാർട്ടിയിലും അധിഷ്ഠിതമായ ഒരു സംസ്കാരം ആയിരുന്നു. വെങ്ങർ ആദ്യമായി ചെയ്തത് തന്റെ കളിക്കാരുടെ ജീവിതത്തിനു കടിഞ്ഞാൺ ഇടുകയായിരുന്നു. ട്രൈനിങ്ങിലും അദ്ദേഹം സമൂലമായ മാറ്റങ്ങൾ വരുത്തി. മണിക്കൂറുകൾ നീളുന്ന പരിശീലന സെഷനു പകരം കടുത്ത പരിശീലന മുറകളുള്ള ചെറിയ പരിശീലന സെഷനുകൾ ആക്കി മാറ്റി. ബര്ഗറുകൾക്കും ചിപ്സുകൾക്കും ഒക്കെ ഡ്രസിങ് റൂമിൽ നിരോധനം ഏർപ്പെടുത്തി. അതിനു പകരം പാസ്തയും മറ്റും തീന്മേശകളിൽ സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ പുതുപുത്തൻ രീതികൾ ആഴ്‌സണൽ കളിക്കാർക്ക് തുടക്കത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, പലരും ആ നീരസം പരസ്യമായി തന്നെ പ്രകടിപ്പിച്ചു. എന്നാൽ മൃദുഭാഷിയായ അദ്ദേഹത്തിന്റെ സൗഹൃദം നിറഞ്ഞ പെരുമാറ്റം പതിയെ ആഴ്‌സണൽ താരങ്ങൾക്കിടയിൽ അദ്ദേഹത്തിന് വിശ്വാസം നേടിക്കൊടുത്തു. എപ്പോഴും തമാശ പറയുന്ന, തന്നെക്കുറിച്ചുള്ള നര്മസംഭാഷണങ്ങൾ പോലും ആസ്വദിക്കുന്ന പ്രൊഫെസറോട് ആത്മാർത്ഥമായ ആത്മബന്ധം കളിക്കാർക്കിടയിൽ രൂപപ്പെട്ടു. ആശാനും കുട്ടികളുമായുള്ള ഡ്രസിങ് റൂമിലെ സ്നേഹബന്ധം കളിക്കളത്തിലും പ്രകടമായതോടെ ആഴ്‌സണലിന്റെ സുവർണ യുഗം അവിടെ ആരംഭിക്കുകയായിരുന്നു.

വെങ്ങർ ഫുട്ബോൾ കാല്പനികതയുടെ പതാകവാഹകനായിരുന്നു. ഫുട്ബോൾ എന്നാൽ ജയിക്കുന്നതിനോടൊപ്പം കാണികളെ ആസ്വാദനത്തിന്റെ പരകോടിയിൽ എത്തിക്കണമെന്ന് വിശ്വസിച്ച അദ്ദേഹം, താൻ ഏറെ ആരാധിക്കുന്ന ബാഴ്സലോണയിലും യോഹാൻ ക്രൈഫിന്റെ ഫുട്ബോൾ തത്ത്വചിന്തയിലും നിന്നു പ്രോചോദനം ഉൾക്കൊണ്ട് ഒരു സുന്ദര ഫുട്ബോൾ ശൈലി ആഴ്‌സണലിൽ രൂപപ്പെടുത്തി. ‘ഹിറ്റ് ആൻഡ് റൺ’ ശൈലി ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കി വാണിരുന്ന കാലഘട്ടത്തിൽ ഇംഗ്ലീഷ് ഫുട്ബോളിന് അപരിചതമായ കാല്പന്തുകളി തത്വശാസ്ത്രവുമായി കാണികളുടെ സിരയിൽ തീപടർത്തി, ഇംഗ്ലീഷ് കോട്ടകൾ ഒന്നാന്നായി വെങ്ങേറും പടയാളികളും കീഴടക്കി തുടങ്ങി.

ആർസെനലിന്റെ കിരീട നേട്ടത്തിലെ ഏറ്റവും മധുരതരമായ ആദ്ധ്യായം 2003-2004 കാലഘട്ടത്തിൽ ആയിരുന്നു. ഗോൾ കീപ്പർ യെൻസ് ലീമാൻ മുതൽ ഇതിഹാസ താരം ഡെന്നിസ് ബെർഗ്കാമ്പും തിയറി ഹെന്രിയും അടങ്ങിയ പ്രതിഭാധനരായ ഒരു പിടി താരങ്ങളുമായി ഇറങ്ങിയ ആഴ്‌സണലിനു എതിരാളികൾ ഇല്ലായിരുന്നു. ഗോൾ വഴങ്ങാൻ സോൾ കാംപെല്ലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര മടി കാണിക്കുകയും അസാധ്യമായ ആംഗിളിൽ നിന്ന് പോലും ബെർഗ്കാമ്പും ഹെന്രിയും ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ടീമായ ഇൻവിൻസിബിൾ അവിടെ പിറക്കുകയായിരുന്നു. കളിയഴകിനൊടൊപ്പം കൃത്യതയും നിറഞ്ഞതോടെ ഒരു കളി പോലും തോൽക്കാതെ നൂറ്റിപതിനാറു വർഷങ്ങൾക്കു മുമ്പ് പ്രെസ്റ്റണ് നോർത്ത് രചിച്ച ചരിത്രം ആഴ്‌സണൽ ആവർത്തിച്ചു.

വെങ്ങർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് കാലെടുത്തു വച്ചപ്പോൾ ഒരു സെമി പ്രൊഫഷണൽ രൂപം മാത്രം ആയിരുന്നു പ്രീമിയർ ലീഗിന് ഉള്ളതു. വെങ്ങേറിന്റെ വിപ്ലവകരമായ ആശയങ്ങൾ ആഴ്‌സണലിനെ മാത്രമല്ല, പ്രീമിയർ ലീഗിനെയും പൂർണാർത്ഥത്തിൽ മാറ്റുകയായിരുന്നു. വെങ്ങറിന്റെ വിജയം പ്രീമിയർ ലീഗിലേക്ക് വിദേശ കോച്ചുകളുടെയും വിദേശ ശൈലിയുടെയും കുടിയേറ്റത്തിനു വഴിയൊരുക്കി. അദ്ദേഹത്തിന്റെ ഭക്ഷണ രീതികളും പരിശീലന സംബ്രദായങ്ങളും മറ്റു കോച്ചുകൾ അനുകരിച്ചു. കളിക്കാരുടെ ശാരീരിക ക്ഷമത വർധിച്ചു. പ്രീമിയർ ലീഗിന്റെ വളർച്ചക്ക് വെങ്ങർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വെങ്ങർ വിരമിച്ചപ്പോൾ പെപ്പിന്റെ പ്രതികരണം തന്നെ അതിലേക്കുള്ള ചൂണ്ടുപലക ആണ്. ‘പ്രീമിയർ ലീഗ് അതിന്റെ പൂർണ വളർച്ച സംഭരിച്ചതു വെങ്ങർ ഉള്ളതു കൊണ്ട് ആണ്’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രീമിയർ ലീഗിന്റെ സമൂലമായ മാറ്റങ്ങൾക്കു നാന്ദി കുറിച്ച അദ്ദേഹത്തിന് പതിയെ പതിയെ പ്രീമിയർ ലീഗ് അതിന്റെ മറ്റൊരു ചക്രവാളത്തിലേക്ക് കാൽ വെച്ചപ്പോൾ അത് തിരിച്ചറിയാനായില്ല എന്നത് ചരിത്രത്തിന്റെ വിരോധാഭാസം ആവും! ക്ലബ് ഫുട്ബോൾ ടീവി സംപ്രേക്ഷണത്തിലൂടെ ലോകം മുഴുവൻ വ്യാപിക്കുകയും ലണ്ടനിലെയും ബാഴ്സലോണയിലെയും മാഞ്ചെസ്റ്ററിലെയും ആളുകൾ എങ്ങനെ തങ്ങളുടെ ടീമിനെ നെഞ്ചിലേറ്റി നടക്കുന്നുവോ അത് പോലെ ആഫ്രിക്കയിലെയും ഏഷ്യയിലെയും ആളുകൾ നെഞ്ചിലേറ്റാൻ തുടങ്ങിയ കാലഘട്ടമായിരുന്നു അത്. ഫുട്ബോളിന്റെ അമൂല്യമായ വിപണന സാധ്യത അറിഞ്ഞു വമ്പൻ മുതലാളിമാർ തങ്ങളുടെ കച്ചവടക്കണ്ണു ഫുട്ബോളിൽ പതിപ്പിക്കുകയും ക്ലബ്ബുകൾ വാങ്ങിക്കൂട്ടുകയും അതിനു മേൽവിലാസമുണ്ടാക്കാൻ ലോകോത്തര കളിക്കാരെ ടീമിലെടുക്കയും ചെയ്തു, സമൂലമായ പരിണാമതിലിലേക്കു ഫുട്ബോൾ നീങ്ങുകയും ചെയ്തപ്പോൾ വെങ്ങർ ആ മാറ്റങ്ങൾ കാണാതെ പിന്തിരിഞ്ഞു നിന്നു. ഫുട്ബോളിനെ ഒരു കച്ചവടകണ്ണോടു കൂടി നോക്കി കാണാൻ ആഗ്രഹിക്കാതെ അദ്ദേഹം തന്റെ തനത് രീതികൾ പിന്തുടർന്നു. ആഴ്‌സണൽ ക്ലബ് ഹൈബാരിയിൽ നിന്നും എമിരേറ്റ്സ് സ്റ്റേഡിയത്തിലേക്ക് പറിച്ചു നട്ടതിന്റെ ഭാഗമായി വന്ന സാമ്പത്തിക പ്രതിസന്ധി അതിനു ആക്കം കൂട്ടി എന്നും പറയാം. ലോകോത്തര താരങ്ങളൊന്നായി ആഴ്‌സണൽ നിന്നും പോയി തുടങ്ങി. പുതു കളിക്കാരെ ആകർഷിക്കാൻ പറ്റാതായി, പുത്തൻ പണക്കാരായ ചെൽസിയോടും സിറ്റിയോടും ഒന്നും പിടിച്ചു നില്ക്കാൻ പറ്റാതെ ആയി, വമ്പൻ തോൽവികൾ അഭിമുഖീകരിച്ചു തുടങ്ങി പതിയെ പതിയെ ഓരോ സീസണിലും കടുത്തു കൊണ്ടിരുന്ന കിരീട പോരാട്ടങ്ങളിൽ നിന്നും അകലാൻ തുടങ്ങി ആഴ്‌സണൽ. സുവർണ കാലവും ഇൻവിൻസിബിലും സുന്ദരമായ ഓർമ്മകൾ മാത്രമായി അവശേഷിച്ചു.

പ്രീമിയർ ലീഗ് ചരിത്രത്തിലെ മാത്രമല്ല ലോക ചരിത്രത്തിലെ മികച്ച കോച്ചുമാരിൽ ഒന്നായി ആണു വെങ്ങേർ കണക്കാക്കപ്പെടുന്നത്. ഫുട്ബോൾ ചരിത്രത്തിന്റെ സുവർണ ഏടുകളിൽ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും അത് പ്രീമിയർ ലീഗിന്റെ ഘടനയെ എത്രത്തോളം മാറ്റി മറിച്ചെന്നുള്ളതും എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കൻ ഫ്രാൻസിലെ റൈൻ നദിക്കരയോട് ചേർന്ന് കിടക്കുന്ന തന്റെ സുന്ദര ഗൃഹത്തിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം എത്രയും പെട്ടെന്ന് പരിശീലകൻ ആയോ സ്പോർട്ടിങ് ഡയറക്ടർ ആയോ ഫുട്ബോളിൽ വീണ്ടും കാണാനാവട്ടെ എന്നാശംസിക്കുന്നു!

#AEGON
©www.culesofkerala.com

  • SHARE :